Saturday, March 22, 2014

ഇലക്ഷൻ മാമാങ്കം

ഇലക്ഷൻ മാമാങ്കം

ഉറങ്ങീ നിള ശാന്തമായ് 
ഉണങ്ങീ നിണപ്പാടുകൾ 
കഴിഞ്ഞൂ മാമാങ്കപ്പെരുമകൾ!
തുടങ്ങീ പുതിയൊരു മാമാങ്കം....

മുഴങ്ങീ മാമാങ്ക പെരുമ്പറ
ഇലക്ഷൻ വീണ്ടും വരവായി 
നിരന്നൂ ചാവേറുകൾ വീറോടെ
നടുങ്ങീ നാടും നാട്ടാരും ..........

കൊടിയ പാരിസ്ഥിതിക പ്രശ്നമാം 
കൊടി,തോരണ,ഫ്ലക്സ് ബോർഡുകൾ 
ഉയർന്നൂ തെരുവോരം നീളെ  
വലഞ്ഞൂ വഴിയാത്രക്കാർ  നമ്മൾ 

കവലകളിൽ കോളാമ്പി മൈക്കുകൾ 
കർണ്ണപുടങ്ങൾ തകരുന്നൂ  
കണ്ണല്ലാത്തതെന്തും  പൊന്നാക്കും 
പൊണ്ണൻ നേതാവിൻ വാഗ്ദാനം 
പോഴന്മാർ ജനം കേൾക്കുന്നൂ
ആവേശഭരിതരാകുന്നൂ 
ഉന്മാദം പൂണ്ടു വിളിക്കുന്നൂ 
നമ്മുടെ പാർട്ടി സിന്ദാബാദ്... 

എണ്ണത്തിൽ പാർട്ടികൾ പെരുകുന്നൂ  
തെരുവ് നായ് പെറ്റുപെരുകും പോൽ 
പേപിടിച്ചെങ്ങുമലയുന്നൂ 
ജനമാകെ പേടിച്ചോടുന്നൂ....  

നായ്കൾക്ക് വന്ധീകരണം പോൽ 
പാര്ട്ടികൾ തന്നെണ്ണം കുറച്ചീടാൻ 
നാട്ടിൽ വ്യവസ്ഥയുണ്ടാക്കി 
പാവം ജനത്തെ രക്ഷിക്കൂ...... 

Thursday, March 13, 2014

ഓണത്തിനിടയിൽ ഒരു പുട്ടുകച്ചവടം

ഓണത്തിനിടയിൽ ഒരു
പുട്ടുകച്ചവടം

ഓണത്തിനിടയിൽ പുട്ടുകച്ചവടം
എന്ന ചേല്ക്കൊരാലോചന
എൻ മനസിലുദിക്കുന്നൂ......

"ടോട്ടൽ തട്ടിപ്പു"മായി
പുതിയ വ്യവസായ
സംരംഭം തുടങ്ങണം
കമ്പനിയൊന്നുന്നുടനെ
വൈകാതെ തുടങ്ങണം

ചൂലുകൾ നിര്മ്മിക്കുന്ന
കമ്പനി തുടങ്ങണം
ഓഹരി ചന്തയിൽ
കാളകൾ കുതിച്ചിടും...

എത്രയുണ്ടാക്കിയാലും
ചൂലുകൾ തികയാതെ
വന്നിടും രാജ്യത്താകെ
ഡിമാണ്ട് കൂടീടുമ്പോൾ
വിലയും കൂട്ടി വില്ക്കാം
ഇലക്ഷൻ അടുത്തില്ലേ?

എത്രയുണ്ടാക്കിയാലും
വിറ്റുപോയ് തീർന്നീടുമേ...
കോടികൾ കൊയ്തീടാമേ,
ലാഭത്തിൻ വിഹിതമായ്‌...

"സൌരോര്ജ്ജ കമ്പനികൾ
മോഡലായ്‌ കാണുന്നില്ലേ "
കൂട്ടുകാരാരെങ്കിലും
ഉണ്ടെങ്കിൽ സുസ്വാഗതം!

പുലർകാലത്ത് കണ്ട
സ്വപ്നങ്ങൾ ഫലിക്കില്ലേ?
സ്വപ്നത്തെ നമുക്കൊരു
യാഥാർത്യമാക്കീടെണ്ടേ..
വരുവിൻ കൂട്ടുകാരെ!
അണി ചേർന്നിടൂ നിങ്ങൾ
ഈ പുതിയ വ്യവസായം
പുഷ്കലമാക്കീടാമേ .....

Tuesday, March 11, 2014

മട്ടുപ്പാവിലെ കൃഷി

ചിത്രം 1 ചാണകം
ചിത്രം 4 മണ്ണ്
ചിത്രം 3 പഴയ കൃഷിയുടെ ജൈവാവശിഷ്ടങ്ങൾ
ചിത്രം 2 ചെടിച്ചട്ടികൾ ,ഗ്രോ ബാഗുകൾ

ആദ്യമായി മണ്ണ് അല്പദിവസങ്ങൾ വെയിലത്ത് നന്നായി ഉണക്കിയെടുത്താൽ ചില കീടാണുക്കളെ നശിപ്പിക്കാൻ സാധിക്കും .

അതിനുശേഷം ഉണക്കിപ്പൊടിച്ച ചാണകം ,കോഴിക്കാരം ,ചാരം എന്നിവ ചേർത്തിളക്കി ഇടക്കിടെ വെള്ളം നനച്ചു കൊടുക്കുന്നു.ഇങ്ങനെ കുറച്ചു ദിവസം ഇട്ടിരുന്നാൽ പുല്ലുകൾ, കളകൾ എന്നിവ മുളച്ചു വരുന്നത് നശിപ്പിച്ചു
കളയുന്നതിനും ചാണകം കോഴിക്കാരം ഇവയിൽ നിന്നുളവാകുന്ന വിനാശകരമായ  വാതകങ്ങൾ  നഷ്ടപ്പെടുന്നതിനും സഹായിക്കും അൽപം കുമ്മായം കൂടി ചേർക്കുന്നതും നല്ലാതാണ് .

അതിനുശേഷം ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും അടിയിൽ ചകിരി ,കരിയില പൊടിച്ചതും നിരത്തി അതിനു മുകളിൽ ആവശ്യത്തിനു മണ്ണ് നിറച്ചു ,വേപ്പിൻ പിണ്ണാക്ക്‌ കൂടി ചേർത്തിളക്കിയാൽ നന്ന് .വേപ്പിൻ പിണ്ണാക്ക് ജൈവ വളവും
ഒപ്പം കീടനാശിനിയും കൂടിയാണ് .

വിത്തുകൾ ,നേരിട്ടോ  നേരത്തെ മുളപ്പിച്ച് തയ്യാറാക്കിയിട്ടുള്ള തൈകളോ നടാവുന്നതാണ്.പാവൽ ,പയർ വെണ്ട തുടങ്ങിയവയുടെ വിത്തുകൾ നേരിട്ടും ചീര,മുളക്‌,വഴുതന ,തക്കാളി   തുടങ്ങിയവയുടെ തൈകൾ നടുന്നതുമാണ് നല്ലത്.

Saturday, March 8, 2014

ഗിരിശൃംഗങ്ങൾ

ഗിരിശൃംഗങ്ങൾ 

മലയുടെയുന്നതി കാണുമ്പോളതിൻ
നെറുകയിലൊന്നു  ചവിട്ടാൻ മോഹം
നിറയും മനസിൻ മോഹമതല്ലേ?
നമ്മുടെ അഭ്യുന്നതിക്ക് നിദാനം..  

മാമുനിമാരവർ താപസരാകാൻ
മാമല തന്നിൽ ശാലകൾ തീർത്തു
"മാ നിഷാദ" മാമുനി ചൊല്ലീ
ആദിമ കവിത പിറവിയെടുത്തൂ...

കാർഷികസംസ്കൃതി രൂപമെടുത്തൂ
കാനന ശോഭന താഴ്വാരത്തിൽ
പാരസ്പര്യമെന്നൊരു നിയമം
പാരിൽ പ്രകൃതി കനിഞ്ഞു നല്കി  

മലയുടെ മുലകൾ ചുരത്തിയൊഴുക്കി
തെളിനീർ നിറയും അരുവികളെങ്ങും
പുളകിതമായൊരു പുളിനങ്ങളിലോ
മാനവ സംസ്കൃതി പുഷ്കലമായി.

കാലം മാറീ മാനവനവനുടെ
ശീലം കെട്ടു,ദുരകളുമേറി
ഗിരിശൃംഗങ്ങളിലേറിയ മനുജൻ
ഗരിമാവേറിയഹങ്കാരികളായ്
ഗിരിശൃംഗങ്ങൾ വെട്ടി നിരത്തി
തരിശുഭൂമിയാതാക്കി മലകൾ..

കന്യാവനങ്ങളും പുണ്യ നദികളും
ഉന്മൂലനം ചെയ്തൂഷരമായ്  ഭൂമി
ഉന്മത്തനായ മാനവൻ ഇപ്പോഴും
ഉണ്മതേടിയലയുന്നു ഭൂവിതിൽ