നിദ്രാരഹിതനായ് ഞാൻ ചില രാത്രിയിൽ
കാത്തിരിക്കുന്നൊരു നേരം
പാത്തും പതുങ്ങിയുമെത്തുമെൻ ചാരേ
ചില വാക്കുകൾ ,കേകിയെപ്പോലെ,
ബന്ധിതമാക്കും ഞാൻ വർണ്ണമയൂഖത്തെ
തൂലികയാൽ തീർക്കും കൂട്ടിൽ
നേരം പുലരുമ്പോളെൻ മോഹമയൂരം
കൂട് പൊളിച്ചുപോയെന്നാലും
കൂടിന്റെയുള്ളിലെനിക്കോമനിക്കാൻ
കാണുമൊരഞ്ചാറു പീലി
ദാനമായ് കിട്ടിയോരാവർണ്ണ പീലികൾ .
മോഹമായ് നില്ക്കും മനസ്സിൽ !
മോഹമയിൽപ്പീലിത്തുണ്ടുകൾ
ചേർത്തുഞാൻ തീർക്കുന്ന
ചാരുതയാണെന്റെ കവിത !