Friday, December 28, 2012

പുതുവര്‍ഷ പ്രതിജ്ഞകള്‍

പുതുവര്‍ഷ പ്രതിജ്ഞകള്‍

പുതു വര്ഷം പിറക്കുന്നു 
ശപഥം ഞാനെടുത്തീടും,
ഇനിമേലില്‍  ഒരു നാളും
പുകവലി ഇല്ലേയില്ല.
ഒരു ബീഡി, ചെറു ബീഡി
അതുപോലും തൊടില്ലല്ലോ  

അറിയുക, മാരകമാം
അനവധി രോഗങ്ങളീ  
പുകവലി ഹേതുവായി
നമുക്കുണ്ടാകാം. 
ഇനി യൊരു പുക പോലു
മെടുക്കില്ല കട്ടായം.
തൊടില്ല, ഞാന്‍ കഴിക്കില്ല 
മദ്യമെന്ന വിഷം തെല്ലും .


പുതു വര്ഷം പിറക്കുന്നു
ശപഥം ഞാനെടുത്തീടും
ഇനിമേലില്‍  ഒരു നാളും

ലഹരി ഞാന്‍ തൊടില്ലല്ലോ 

പുതു വര്‍ഷ പ്രതിജ്ഞകള്‍
പലവുരു ശ്രമിച്ചിട്ടും
കഴിഞ്ഞില്ല, കഴിയില്ല 

പാലിച്ചീടാനെളുതാമോ .


പുതു വര്‍ഷ പിറവിയില്‍ 
പതിവായി ചിലരൊക്കെ   
പ്രതിജ്ഞകളെടുക്കുന്നു
ദൃഡമായിട്ടത്,പിന്നെ 
തകര്‍ക്കുന്നു സാഘോഷം.
ചരിത്രമിതാവര്‍ത്തിപ്പൂ .

തകര്‍ക്കുവാനല്ലെന്നാകില്‍
പ്രതിജ്ഞകള്‍ക്കെന്തു വില  
തകര്‍ത്താലല്ലേ വീണ്ടും
പ്രതിജ്ഞയെടുക്കാനാവൂ.. 

   

Wednesday, December 26, 2012

സുദര്‍ശന ചക്രവുമായ്‌വീണ്ടും എത്തിടുമോ കൃഷ്ണന്‍


സുദര്‍ശന ചക്രവുമായ്‌ വീണ്ടും   
എത്തിടുമോ കൃഷ്ണന്‍

ചക്രം,  
ചക്രമാണല്ലോ
എല്ലാ
അതിക്രമങ്ങള്‍ക്കും
ഹേതു.
ചക്രമില്ലാതായാല്‍
നമ്മള്‍
ചക്രശ്വാസം വലിക്കും.

ചക്രം,
സുദര്‍ശനമാം ചക്രം
ചക്രമായുധമാക്കി,
പാര്‍ത്ഥസാരഥി,
കൃഷ്ണന്‍,
വിഷ്ണുവിന്നവതാരം
ദുഷ്ടനിഗ്രഹം 
പാരില്‍.
ഇഷ്ടമാം വിനോദം
പൂര്‍ത്തിയാക്കീ 
പോയി ..


ചക്രവര്‍ത്തികള്‍
തീര്‍ത്തും
നിഷ്കാസിതരായി
പകരം 
വക്ര ബുദ്ധിയേറും  
വിക്രമന്മാര്‍ 
വന്നു 
ജനകീയരായി വന്നു

ക്ഷേമമെന്നതിനു 
പകരം 
ക്ഷാമമുണ്ടാക്കും
വിരുതര്‍ 
ജനദ്രോഹികള്‍ 
ഭരിച്ചു  
മുടിച്ചു വാണിടുന്നു 

എല്ലാറ്റിനും വില 
കൂട്ടിടുന്നു നിത്യം 
വിലയില്ലാതതെന്ത് ?
വോട്ടു ചെയ്യും 
കഴുത.
പൊതുജനമാം കഴുത. 
നമ്മള്‍ പാവം 
ജനമോ
വിലകെട്ടവരായി 
മാറി. 

ചക്രം 
വാരി കൂട്ടി
"സ്വിസ് ബാങ്കില്‍" 
നിക്ഷേപം
കൂട്ടി  വച്ചിടാനായ് 
കൂട്ടിടു ന്നു,
വിലകള്‍.

നിത്യവുമിവര്‍ 
കൂട്ടും 
അവശ്യ വസ്തു
വിലകള്‍.
വിലകള്‍കൂടി നമ്മള്‍ 
വലയുന്നത് കാണാന്‍ 
കണ്ണില്ലാതവരോര്‍ത്തോ  
ചത്വരങ്ങള്‍
"തഹ്രിര്‍ ചത്വരങ്ങള്‍"
 പാരില്‍ 
കാട്ടിടുന്ന മാര്‍ഗം
ആര്‍ക്കുമന്യമല്ല.
ഭരണാ ധിപന്മാര്‍
നിങ്ങള്‍  
ഓര്‍ത്തിടുകില്‍  നന്ന് . .

ചക്ര ധാരി കൃഷ്ണന്‍  
ചക്രവുമായ്‌വീണ്ടും 
ദുഷ്ടരെ തകര്‍ക്കാന്‍
സുദര്‍ശന ചക്രവുമായ്‌ 
വീണ്ടും 
എത്തിടുമോ കൃഷ്ണന്‍?


Tuesday, December 25, 2012

ശവം തീനി പക്ഷികള്‍

       ശവം തീനി പക്ഷികള്‍ 

വരളുന്നു, ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .

ജന്മം കൊടുത്തവന്‍ പോലും,പിശാചിന്‍
ജന്മമെടുക്കുന്നു,പിന്നെ താന്‍ ജന്മമേകിയ  
തന്‍റെ കുഞ്ഞിനെ കൂട്ടുകാരൊത്തു കൊത്തി
കീറുന്നു ,ശവംതീനി പക്ഷിയെ പോല്‍.

കൂടെ പഠിക്കും സഹപാഠിയെ പ്രേമിച്ചു
കാമ പേക്കൂത്ത് നടത്തി നശിപ്പിച്ചു,
ആത്മഹത്യാ മുനമ്പിലേക്കെത്തിക്കും
"കാമ്പസ്"പ്രണയ ദുരന്ത കഥകളില്‍
വില്ലന്‍റെ വേഷങ്ങളേറുന്നനുദിനമര-
ങ്ങേറുന്നു നാടകമിന്നും തുടര്‍ച്ചയായ് .

ഗുരുവിന്‍ മുഖംമൂടിയണിയുമധമരാം  
മനുഷ്യകീടങ്ങള്‍ നാടെങ്ങും പടരുന്നു.
ശിഷ്യരാമിളംമൊട്ടുകള്‍ കരളുന്നു 
പുഴുകുത്തേല്പിച്ചവര്‍ നശിപ്പിച്ചീടുന്നു.   

അരുമ പെണ്‍കുഞ്ഞിനെ വാണിഭചരക്കായി  
അമ്മമാര്‍പോലും ചന്തയില്‍ വില്‍ക്കുന്നയ്യോ 
മാടിനെ കശാപ്പിനു വില്‍ക്കുന്നലാഘവത്തില്‍  
നാടിനെ നടുക്കുന്ന പെണ്‍ വാണിഭം നടത്തുന്നു .

വരളുന്നിതെന്‍ചിന്താസരണി,യിതെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ടെന്‍ 
മനമൊരു നെരിപ്പോടായ്  നീറിടുന്നു.

കത്രികയേ:നമ:

 കത്രികയേ:നമ:

കത്രികയെ  നമ: കത്രികയേ :നമ:
കത്രികയില്ലെന്ന് വന്നാലെത്രയോ ജന്മമിന്നും
"ചൊവ്വദോഷം"തൊട്ടുള്ള,പാപ നക്ഷത്രം തീണ്ടി 
ചൊവ്വില്ലാതെയാക്കാം പെണ്‍കുട്ടികളുടെ ഭാവി.  

പാപ ദോഷം തീണ്ടും പൂമാനിനിമാര്‍ തന്‍റെ  
പാണിഗ്രഹണമേകാന്‍ പാരിലേവര്‍ക്കും പേടി.
അതിനു കണ്ടോരുപാധി, അചിരേണനടപ്പാക്കി
ഇഷ്ടനാളില്‍താന്‍ ജനനം, കത്രിക തന്‍ പ്രയോഗം.

സീസറല്ലേ പ്രഥമ "സിസ്സേരിയനതായി"തീര്‍ന്നു. 
സീസറിന്‍റെയും അന്ത്യം  ദാരുണമായതില്ലേ?

 
 കത്രികയേ :നമ: ചിരം കത്രികയേ നമ:  
       

Sunday, December 23, 2012

മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും


മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും 


"മുത്തമേകിനിന്‍റെ ഗുരുവെ കാട്ടിത്തന്നാല്‍
മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞുംതരാം"
ഒട്ടുമേ മനസാക്ഷികുത്തല്‍ കൂടാതെതന്നെ
പെട്ടന്ന് സമ്മതിച്ചു, നിഷ്ക്രമിച്ചല്ലൊ, യൂദാസ്..
ശരവേഗത്തിലോടിയെത്തിനാന്‍ ഗുരുനല്കും
"പെസ്സഹ" ഭക്ഷിക്കുവാന്‍ കൂട്ടരോടൊത്തു കൂടി
പ്രസന്ന വദനനായ്  ഗുരുവിന്‍ സവിധത്തില്‍
പ്രശംസനീയനായ കാര്യസ്ഥനായി നിന്നു.
മുഖം മൂടിയാലെ,തന്നുള്ളിലെ,കാപട്യത്തെ,
മറയ് ക്കാന്‍ കഴിഞ്ഞവന്‍,മിടുക്കന്‍ തന്നെയല്ലേ ?

ഗത്സെമെൻ തോട്ടം തന്നില്, പ്രാര്ഥനാ നിരതനായ്,

ഗദ്ഗദ കണ്ടൻ യേശു,ശിഷ്യരോടോത്തു നില്ക്കെ,  
"ഗുരുവേ സ്വസ്തി"യെന്ന്,സാദരം ചൊല്ലിയവൻ
ഗുരുവിൻ മൂര്ധാവിലന്നന്ത്യചുബനമേകി,  
അന്ധനായവൻ,വെള്ളിക്കാശിന്റെ തിളക്കത്തിൽ
ബന്ധിതനാക്കി, ഗുരുനാഥനാം യേശുവിനെ.

യൂദാസുകള്‍, മുഖം മൂടിയണിഞ്ഞു നടപ്പവര്‍

ആദരം നേടീടുന്നു മാന്യരായിവിടെന്നും   

Friday, December 14, 2012

ഉദകക്രിയ

 ഉദകക്രിയ

മണലൂറ്റുക,ഊറ്റിയെടുക്കുക
പുഴയുടെ മാറ് പിളര്‍ന്നും
മണലൂറ്റുക,ഊറ്റിയെടുക്കുക,
പുഴയുടെ സിരകള്‍തകര്‍ക്കുക.
ജലസ്രോതസ്സുകള്‍ പാടെ വറ്റി-
വരണ്ടൊരു പുഴയുടെ മരണം
ഘോഷിച്ചുദകക്രിയകള്‍ ചെയ്‌വൂ .
നമ്മള്‍ഉദകക്രിയകള്‍ ചെയവോര്‍.  
 

മാനവ ജനതതി, യുഗ,യുഗങ്ങളായ്
ജനി,മൃതികള്‍തേടിയലഞ്ഞിതെന്‍
തീരം തീര്‍ത്ത വിശാല തടങ്ങളില്‍.
മാനവ സംസ്കൃതി പൊട്ടിമുളച്ചതും
നട്ടുനനച്ചതും,ഒന്നിനു പത്തായി
നൂറിന്നു നൂറു മേനി വിളഞ്ഞതും
പത്തായാത്തില്‍ ഭദ്രമായ്‌ കാത്തതും
അധിനിവേശത്തിന്‍റെയാര്‍പ്പു വിളി-
ച്ചെത്തി,പലരുമാ സംസ്കൃതി തട്ടി -
യെറിഞ്ഞതും,പുത്തനാം സംസ്കാരം
കെട്ടിയേല്‍പ്പിച്ചതും കണ്ടു ഞാന്‍.


പിന്നെയുമിവിടെ ശക്തരാംകൂട്ടരൊത്തു  
വന്നധികാരം കയ്യാളി,യവര്‍ വീണ്ടും 
ശ്രമിച്ചൂ ചരിത്രം തിരുത്തികുറിക്കുവാന്‍ 
തടസ്സം നിന്നൊരു ജനപഥങ്ങളെ കൊടും 
തടവിലിട്ടതും,കൊല നടത്തി,തകര്‍ത്തു 
മുന്നേറി"യിസങ്ങള്‍"തന്‍ വേലിയേറ്റ  
മുയര്‍ത്തിക്കാട്ടിയ സംസ്കാരരഹിത
നവലോകംപടച്ചിടുന്നതും ഞാന്‍കണ്ടു.

തലതല്ലി ഞാന്‍ കരഞ്ഞിതെന്നാലും, 
തടസ്സമൊക്കെയും തകര്‍ത്തു മുന്നേറി
യൊഴുകി,യോട്ടുമേ തളരാതെ തന്നെ 
തളര്‍ന്ന നിങ്ങള്‍ക്കു തെളിനീരേകിടാന്‍ 
ജലസംപുഷ്ടയായ്നിറഞ്ഞുനിന്നവ-
ളരുമയാമെന്നെയറുകൊല ചെയ്യാന്‍ 
മടിച്ചിടാത്തവര്‍കുലം മുടിക്കുന്ന 
കുല ദ്രോഹികള്‍,മനുഷ്യാധമന്മാര്‍.

    


  

Thursday, December 13, 2012

തബല


 

തബല
അകം പൊള്ള യെങ്കിലും, 
അതിലൊരു മാന്ത്രികവിരല്‍
തൊട്ടു,മെല്ലെ,തലോടി,സ്പര്‍ശന 
സുഖം പകരുന്ന കാല മണയു-
മൊരു വേളയില്‍, പ്രിയകര 
രാഗ, ലയ,താളം ചേര്‍ന്നൊരു 
മധുര മധുരമാം ഗാനനിര്‍ദ്ധരി-
യൊഴുകുന്നീ വികൃതിയു-
മബലയുമായൊരു തബലയാം 
കിന്നരകന്യക തന്നന്തരംഗത്തില്‍ 
നിന്നുമേതോ മുജ്ജന്മ സുകൃതി
തന്നുള്‍ പുളകംവിരിയും,നറു -
മലരിന്‍ സൌരഭ്യ സൗഗന്ധമായ് .

മിന്നാമിന്നികള്‍

 മിന്നാമിന്നികള്‍


 
   
       

 







അര്‍ക്കന്‍ വിതറുന്നൊരാദിത്യശോഭയെ
നേര്‍ത്തോരിരുട്ടിന്‍ കരിമ്പടത്താല്‍ മൂടി 
തീര്‍ത്തും മറയ്ക്കുവാനന്തി മയങ്ങിടാന്‍ 
കാത്തിരിപ്പൂ സന്ധ്യയന്നും,പതിവുപോല്‍  ..

അര്‍ക്കനിതാഴിയില്‍ മുങ്ങുന്ന നേര -
മിരുട്ടിന്‍വല,രാത്രി,വീശിയെറിഞ്ഞുവോ? .    
അംബരമാകെയിരുട്ടിന്‍വലക്കുള്ളില്‍
നൊമ്പരമേറ്റുള്ളം പിടയുന്നതു കണ്ടു  
നീളെ,നഭസില്‍മെല്ലെ തെളിയുന്നു,
നക്ഷ്ത്രകണ്ണുള്ളോരായിരം കന്യമാര്‍. 

നക്ഷത്രകണ്ണുള്ള സുന്ദരിമാരെല്ലാം 
തന്‍വലക്കുള്ളിലകപ്പെടുത്തീടുവാന്‍  
തത്ര പ്പെടുന്നൊരു രാത്രിയാം ഭീഭല്‍സ
രാക്ഷസ രാജനെത്തെല്ലുമേ, കൂസാതെ
വെല്ലുവിളിക്കുന്നുമിന്നിയും,മങ്ങിയും
മിന്നി,ത്തെളിഞ്ഞുമീകേവല പ്രാണികള്‍,
മിന്നാമിന്നികള്‍,. മഞ്ജുള ഗാത്രികള്‍..... .    













Thursday, December 6, 2012

നിറവിന്റെ നേരോര്‍മ







നിറവിന്റെ നേരോര്‍മ


വരളുന്നെൻ ചിന്താ സരണിയിന്നെൻ  മനം    വരളുന്നോരൂഷര,ഭൂമിയായി.
തളരുന്നിതെന്‍ ദേഹം,വെയിലത്ത് വാടുന്ന 
തളിരിളംചീര തന്‍ തണ്ടുപോലെ .
നിറയുന്ന കണ്ണുനീര്‍,കവിയുന്ന കണ്ണുകള്‍
കരകവിഞ്ഞൊഴുകുന്നൊരരുവികളായ്. 
കരകവിഞ്ഞൊഴുകുന്ന ദുഃഖമാം പ്രളയത്തെ 
ചിറകെട്ടി നിര്‍ത്തുവാന്‍ കഴിയുന്നില്ല. 
മറയുന്നിതെന്നോര്‍മ്മ, മറയുന്നിതന്തിയില്‍ 
മറുകര തേടുന്ന സൂര്യനെപ്പോല്‍.
മറവി തന്‍ മാറാപ്പില്‍ നിന്നുമിടെയ്ക്കിടെ
നിറവിന്റെ നേരോര്‍മയായ് നീ വരും.

നിറകതിര്‍ചിന്നും മദ്ധ്യാഹ്ന സൂര്യനെ, 
ഗ്രഹണം വിഴുങ്ങുന്ന പോലെയല്ലോ
നിറയൗവ്വനത്തിന്റെ പൂര്‍ണിമയില്‍നിന്നും
മരണം നിന്നെയും കൊണ്ടുപോയി .

കരിയുന്നു മുകുളങ്ങൾ  ഗ്രീഷ്മാമായാൽ , വീണ്ടും 
വിരിയുന്നു പുതു വര്‍ഷ പുളകങ്ങളായ്.
പ്രിയതമേ, നീ വന്നു,ചിരി തൂകിയെന്‍ മന 
മുകുരത്തിലതുപോല്‍ തെളിഞ്ഞിടില്ലേ ?




   

Tuesday, December 4, 2012

ലഹരി റീ ലോടെഡ്‌ (Lahari Re-loaded)

ലഹരി 
വാറ്റും മദ്യം മുഴുവനും 
കുപ്പിയിലതാക്കി,
യതിന്റെ കൂടെ,
കരള്‍വാട്ടും,
കരളിനെനീറ്റും,
മാരകമാംവിഷംകലര്‍ത്തി,
ഫോറിന്‍ലിക്കര്‍ 
ജോണി വാക്കര്‍തന്നുടെ 
ലേബല്‍ചാര്‍ത്തി,
പുതുമയോടുടനെ തന്നെ
ജോറില്‍,ബാറില്‍കൂട്ടുംകൂടി 
രസിപ്പവര്‍ക്ക്,പെഗ്ഗുകളായി നല്‍കും .

ഏറ്റം ഭോഷന്മാരായ 
ചിലരവരൊത്തുകൂടി,
പാട്ടും പാടി,പിന്നെ 
നാറ്റം കൂടിയ ചില 
വാക്കുകളുച്ചരിച്ചു 
തമ്മില്‍ തല്ലുകൂടി 
പിന്നെ ഏറ്റം കഷ്ടതയോടെ 
കുടിച്ച വിലയേറിടുംമദ്യമെല്ലാം,
ഒരൊറ്റ വായില്‍ 
ഏറ്റംനീളം കൂടിയ"വാളിനാ"
ലഭിഷേകം ചെയ്‌വാൻ 
മടിയൊട്ടുംകാട്ടിടായ്ക.

Monday, December 3, 2012

മാമ്പഴം



മാമ്പഴം 

അന്ന്  
"അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ  
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍കൊതിച്ചിട്ടീ
ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ "


മാമ്പഴം 
(ഒരു പാഠഭേദം )
ഇന്ന് 
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തന്‍കണ്ണുകളില്‍ തുളുമ്പി ബാഷ്പാങ്കുരം.

നാലുപാടുമുള്ള വീടുകള്‍ തകര്‍ത്തവര്‍
നാട്ടിലങ്ങുടനീളം ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കി
അമ്മ തന്‍ മണി ക്കുട്ടനുറങ്ങും തൊടിക്കവര്‍
കോടികള്‍ വില നല്‍കി വാങ്ങുവാന്‍ വന്നെങ്കിലും
തന്നുണ്ണി കുഞ്ഞിന്‍ദേഹം അന്ത്യവിശ്രമം കൊള്ളും
പൊന്നു പോലുളള മണ്ണ് വില്‍ക്കുവാന്‍ ശ്രമിച്ചില്ല .
തൊടിയില്‍ അമ്മ നട്ടു, മരങ്ങള്‍ പലതരം
പതിവായ്‌ പരിചരിച്ചവയെ വലുതാക്കി .
കാവുപോല്‍ പരിശുദ്ധം, ചെറുതായോരു 
കാനനം, മനോഹരം,കുളങ്ങള്‍,കിളികളും 
അണ്ണാറക്കണ്ണന്‍മാരും തുള്ളുന്നൊരിടമാകും  
നന്ദനവാടി തന്നെ കുഞ്ഞിനായമ്മ നല്‍കി.
നാട്ടിലെയൊരെയൊരു പച്ച തന്‍ തുരുത്തല്ലോ 
കൂട്ടിനായെത്തിയവര്‍ ഉണ്ണിതന്‍ ചങ്ങാതികള്‍ 
ഉണ്ണികള്‍ വലുതായെന്നറിയാതമ്മ ചൊല്ലും
"തല്ലു കൊള്ളും നിങ്ങള്‍ പൂങ്കുല തല്ലിയെന്നാല്‍"

അങ്കണ തൈ മാവില്‍ നിന്നായിരം കനി വീഴ്കെ 
അമ്മ തന്‍ കണ്ണുകളില്‍ തുളുമ്പി ബാഷ്പ ധാര .

Sunday, December 2, 2012

വിധി


          വിധി 
കരിയെഴുതിയ നയനങ്ങള്‍
മിഴിയിണയില്‍ സ്വപ്‌നങ്ങള്‍
കനവുകളില്‍ തെളിയുന്നു
മധുരതരം ജീവിതം ..

സുകൃതമയം ജീവിതം
സൂര്യന്റെ തേജസ്സായി
ഒളിവീശിനിന്നപ്പോള്‍
മുഖ കമലം വിടരുന്നു .
മണിമുത്തായ് തേന്‍തുള്ളി.
കിനിയുന്നു നറുമലരില്‍,

തേന്‍ തുള്ളികള്‍തേടി വരും 
കരി വണ്ടുകള്‍ മുരളുന്നു
കരി വണ്ടുകള്‍ പലരായി
മധു തേടി വന്നപ്പോള്‍
അരുമപ്പൂ വിടരാതെ
മുറിവേറ്റു കൊഴിയുന്നോ ?.

വിടരുവാന്‍, നറുമണം
തൂകി വിടരുവാന്‍,
ഒരുമിച്ചോരൂഞ്ഞാലിലാടാന്‍,
പരിമൃദുപവനനോടൊത്തു 
പരിലസിച്ചീടുവാന്‍,
പരിമളം തേടി വന്നൊരു 
കാറ്റിനോടൊരു വാക്കു 
മിണ്ടുവാന്‍ പോലുംകഴിയാതെ, 
കൊഴിയാനായ്,ഗതിവന്നൊരു 
പെണ്പൂവേ,പൊന്‍ പൂവേ...
നീചഭ്രമരങ്ങള്‍ ഭീതി വിതക്കുമീ 
ലോകത്തിലാരുമേ,വരുമെന്ന് 
കരുതേണ്ട,വരികില്ലയാരാരും,
നിന്‍മാനം കാത്തീടാന്‍,
നിന്നെ സംരക്ഷിക്കുവാന്‍..
വിധിയെന്നു ചൊല്ലിടുമ -
വരെല്ലാം തടിതപ്പും..

("മാവു പൂത്തു മണം പാറി
വണ്ടു വന്നു തേന്‍ കുടിച്ചു
കണ്ടു നിന്നു  തടിയന്മാര്‍ 
മിണ്ടിയില്ല  മടിയന്മാര്‍. ")