Thursday, July 25, 2013

ആട്ടിൻ കൂട്ടവും ചെന്നായും

ആട്ടിൻ കൂട്ടവും ചെന്നായും 

ഒരു മനോഹരതാഴ്വാരത്തിൽ 
ഒരു ചെന്നായ് മെല്ലെ വന്നു പെട്ടു
വിശന്നു പരവശനായ ചെന്നായ് 
പശിയടക്കാനാവാതെ,തന്റെ
പരിസരമാകെ തിരഞ്ഞു നോക്കി. 
അവിടതാ കുറ്റിചെടികൾക്കുള്ളിൽ 
അലയുന്നോരേകനാമാട്ടിൻ കുട്ടി.
"കാക്കയും വന്നു മാമ്പഴവും വീണു" 
കാട്ടിലെ ചെന്നായ്ക്കാശ മൂത്തു.
കൊതിയേറി,നൊട്ടിനുണഞ്ഞവനോ 
ചതിയുടെ പദ്ധതിയലോചിച്ചു
മനസ്സിലവൻ കരുക്കൾ നീക്കി.
അരുമകുഞ്ഞാടിനെ സൗമ്യമായ്
മാടിവിളിച്ചവനോതിയല്ലോ,
"വരിക,കുഞ്ഞാടെയെന്നരികിൽ
വരിക,നീയൊട്ടുമേ പേടിക്കാതെ,
പുതിയ മേച്ചിൽപുറം തേടി മേലിൽ
അലയേണ്ട നീയൊപ്പം വന്നാൽ മതി,
ഞാൻ നിന്നെ കൊണ്ടുപോയ് കാട്ടിത്തരാം 
തളിരിളംപുല്ലുള്ള  താഴ്വാരങ്ങൾ "
(മേനിയനങ്ങാതെ സമ്പാദിക്കാൻ
പൂതിയേറും മനുഷ്യരെപ്പോൽ
തട്ടിപ്പിൻ വലയിൽ ചെന്നു ചാടും
വകതിരിവില്ലാത്ത മർത്യരെപോൽ )
അതു കേട്ടിട്ടാർത്തിയോടാട്ടിൻ കുട്ടി 
ചെന്നായോടൊപ്പം ചെന്നുവല്ലോ?
പോകും വഴിയ്കവർ കണ്ടുമുട്ടി
തള്ളയാടും കൂടെ മുട്ടനാടും.
ആട്ടിൻ കൂട്ടത്തെ കണ്ട ചെന്നായ്
നാട്ട്യങ്ങളൊക്കെ വെടിഞ്ഞുവല്ലോ?
സടകുടഞ്ഞുഗ്രമാം ഭാവത്തോടെ
അലറിവിളിച്ചവൻ ചാടിയല്ലോ,
തള്ളയാടൊട്ടുമേ കൂസലെന്യേ,
ചെന്നായോടിങ്ങനെ ചൊല്ലിയത്രെ,
"വേണ്ട,വിരട്ടീടാൻ നോക്കിടേണ്ട,
പണ്ടു നീ കേട്ട കഥകളിലെ
ഭീരുക്കളല്ലിന്നീയാട്ടിൻ കൂട്ടം 
"ന്യൂജനറേഷൻജനുസ്'" ഞങ്ങൾ
ഭീതിയില്ലാത്തൊരു കൂട്ടരത്രെ"
ഇത്ഥം പറഞ്ഞിട്ടവരൊത്തുചേർന്നു
കുത്തിയുംശക്തിയായ് തൊഴിച്ചും
ആട്ടിപ്പായിച്ചു ചെന്നായെ ദൂരെ.
ആടുകൾ തന്നുടെ ശൌര്യം കണ്ടു,
പ്രാണനും കൊണ്ടുസൃഗാലനോടി.
(പഞ്ചതന്ത്രം കഥകൾക്കൊരു
പുതിയ ഭാഷ്യമവർ വിരചിച്ചല്ലോ)




Tuesday, July 2, 2013

ദൈവത്തിന്റെ സ്വന്തനാട് ?


ദൈവത്തിന്റെ സ്വന്തനാട് ? 

ചുര മാന്തിയെത്തുന്നു 
മൂരി ശൃംഗാരത്തിൻ
ദുരമൂത്തു നാട്ടിൽ 
പകൽ മാന്യന്മാർ.
അവരുടെ ചെയ്തികൾ
കണ്ടു മുഖംപൊത്തി-
ക്കരയുകയല്ലാതെ 
നാമെന്തു ചെയ്യും  .

കാമശരമേറ്റു 
മഹേശ്വരൻ പോലും 
കാമപരവശനായ്  
മാറിയില്ലേ? രതീ- 
ദേവിയെ മോഹിച്ചില്ലേ?  
കാമനുണർന്നാലേതു 
മാമനും വീഴുമല്ലോ 
തെറ്റാത്തവർ പാടെ 
തെറ്റിപ്പോയെന്നുംവരാം ..  

കാമത്തിൻകോമരങ്ങൾ 
ഉറഞ്ഞു തുള്ളുന്നല്ലോ, 
നാടിൻ "താക്കോൽ സ്ഥാനമാം" 
ഭരണകേന്ദ്രത്തിൽ 
പോലുംകഷ്ടം .
"സമ ദൂര"ത്തിലല്ല 
"ശരി ദൂര"ത്തിൽ തന്നെ 
അവരെയകറ്റുവാൻ 
മറന്ന മന്ത്രിമാരോ 
ഉപ്പു തിന്നവരായേറെ     
വെള്ളവും കുടിക്കുന്നു.  

മാദകഭാവമാർന്നു,
വന്നെത്തിശാലീനരാം 
മോഹിനിമാരേക്കണ്ടു ,
കാമമോഹിതരായവർ ,
സചിവോത്തമനുടെ    
കിങ്കരപരിഷകൾ 
കോടികൾ തട്ടീടാൻ .
ത്താശ ചെയ്തീടുന്നു. 

ആട് ,മാഞ്ചിയം,"ടോട്ടൽ" 
തട്ടിപ്പിന്നിരയായോർ   
"പോഴന്മാർ" ചിലരിന്നും 
കെണിയിൽ വീണീടുന്നു. 
(ചൂട് വെള്ളത്തിൽ വീണ 
മാർജ്ജാരൻ തന്റെ കഥ     
മാതൃകയാക്കൂ നിങ്ങൾ 
പോഴരാം നാട്ടുകാരേ... )

ഒച്ചിഴയും പോൽ നീങ്ങും 
സർക്കാരിൻ ഗതിവേഗം  
മെച്ചമാക്കാന"തിവേഗം,
ബഹുദൂര"മെത്തീടുവാൻ , 
ഭരണശകടത്തിന്നൂർജ്ജവു -
മായെത്തി,ഫോണിൽ 
"സരിഗമ" പാടി  
കറക്കുകമ്പനിക്കാർ.  

സ്വകാര്യം,'സുതാര്യമായി' 
നാട്ടുകാരറിഞ്ഞല്ലോ,  
മോഹിനിഭാഷണത്തിൽ 
മയങ്ങിവീണോരെല്ലാം 
മോചനം പ്രതീക്ഷിച്ചു 
ജയിലിൽ കിടക്കുന്നു.   


പ്രളയക്കെടുതിയും 
ആരോഗ്യ പ്രശ്നവുമായ് 
ദുരിതമേറീ,ജനം 
പരവശരായെന്നാലും 
ഭരണ-പ്രതിപക്ഷ 
ഭേദമില്ലാതവരൊക്കെ  
നിത്യ ഹരിത- സരിത 
കോലാഹലങ്ങളുമായി 
ചാനലിൽ നിറയുന്നു .
ചർച്ചകൾ,കൊഴുക്കുന്നു.  

"ഗോഗ്വാ" വിളിയുമായ്  
തെരുവിലണികളോ 
അക്രമ സമാരാഗ്നി 
കൊളുത്തി സകലതും 
തച്ചുടച്ചവരെല്ലാം  
തകർത്തു മുന്നേറുന്നു .. 

ജ്വലിക്കും സമരാഗ്നി 
കെടുത്താൻ പണിപ്പെട്ടു   
ജലപീരങ്കിചീറ്റിച്ചെത്രയോ 
ജലം സർക്കാർ വൃഥാ 
പാഴാക്കികളയുന്നു .  

കുടിവെള്ളവും തേടി  
നെട്ടോട്ടമോടും ജനം  
ദുരിതമേറിയിന്നും 
തെരുവിലലയുന്നു. 
ഭരണ-സമരാഭാസ .
ദുരിതം പേറാൻ മാത്രം 
വിധിയുള്ളവർ  നമ്മൾ  
സഹികെട്ടലയുന്നു. 

മൂല്യം തകരുന്നോരിന്ത്യൻ 
കറൻസി പോൽ    
വിലകെട്ടവരായ   
നമ്മുടെ നേതാക്കന്മാർ .
വിളപ്പിൽശാലതൻ 
മാലിന്യത്തെക്കാളേറെ  
നാറുന്നോരഴിമതിമാലിന്യ 
കൂമ്പാരത്തിൽ പുളച്ചു 
മദിക്കുന്ന പുഴുക്കൾ 
തന്നെയല്ലേ? 

നാറ്റമേറുമശ്ലീലക്കഥയുടെ   
മേച്ചിൽപ്പുറങ്ങൾ തേടി   
വരാഹ ജന്മം പൂണ്ടെങ്ങും   
തിരഞ്ഞു നടക്കുന്നവരല്ലോ  
ന്വേഷണാല്മകമാവേശ- 
ത്വരയാർന്നൊരു നൂതന   
മാധ്യമ ലേഖകന്മാർ. 

വിഷം പോലെയുള്ള  
"വിഷയ" ദൃശ്യങ്ങൾ 
കാണിച്ചു ചാനലിൻ    
റേറ്റ് കൂട്ടാൻ നാറ്റക്ക
തന്നതിപ്രളയമൊഴുക്കി    
ഹീന- സംസ്കാരത്തിൻ 
കേദാര ഭൂമിയായി, 
കോമള ശ്യാമള കേരളം 
മാറിയെന്നോ?പണ്ട്  
മാവേലി മന്നൻ വാണ  
സ്വർഗ്ഗ തുല്യമാം നാട് ? 
ദൈവത്തിൻ സ്വന്ത നാട്.