Monday, December 18, 2017

കുടുക്കത്തുപാറ ഇക്കോടൂറിസം പദ്ധതി

കുടുക്കത്തുപാറ ഇക്കോടൂറിസം പദ്ധതി


"മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല" എന്ന പഴഞ്ചൊല്ലിൽ പതിരില്ല!

കാരണം വിനോദസഞ്ചാരത്തിനായി വീഗാലാൻഡ്  തുടങ്ങിയ കൃത്രിമസഞ്ചാരകേന്ദ്രങ്ങൾ നിരവധി തവണ സന്ദർശിക്കാൻ മടികാട്ടാത്ത നാം പ്രകൃതികനിഞ്ഞനുവദിച്ചുനൽകിയ ശാന്തസുന്ദരമായ നമ്മുടെ ആരണ്യസങ്കേതങ്ങൾ കാണാൻ കൂട്ടാക്കാറില്ല എന്നത് തന്നെ .അത്തരത്തിലുള്ള ശാന്തസുന്ദരമായ വനസൗകുമാര്യമാണ് കുടുക്കത്തുപാറ ഇക്കോടൂറിസം മേഖല.

(" വനസ്മരണകൾ" എന്ന ഒരു ഉപപാഠ പുസ്തകം എന്റെ ചേട്ടൻ കറിയാച്ചന്  പഠിക്കാനുണ്ടായിരുന്നത് ഞാൻ വായിച്ചിരുന്നു അന്ന് മുതൽ കാനനസഞ്ചാരത്തിൽ എനിക്ക് പ്രിയമേറിയിരുന്നെങ്കിലും ആദ്യമായി അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞത് എന്റെ സുഹൃത്തുക്കളായ ശാസ്ത്രജ്ഞർ ശ്രീ ജോൺ മത്തായി,ശ്രി.ജി ശങ്കർ എന്നിവരോടൊത്ത് അച്ചൻകോവിൽ വനങ്ങളിൽ ഒരു പഠന പര്യവേഷണയാത്രയിൽ പങ്കെടുത്തപ്പോഴാണ് പിന്നീട് മറയൂർ ,കാന്തല്ലൂർ എന്നീ വനമേഖലകളിലും അവരോടൊത്ത് പോയിട്ടുണ്ട്  താനും


എന്നെ സംബന്ധിച്ച് എന്റെ അമ്മയുടെ നാടായ അഞ്ചലിൽ നിന്നും ഒട്ടും ദൂരെയല്ലാത്തതും എന്റെ അമ്മയുടെ ചാർച്ചക്കാരായിട്ടുള്ളചില കുടുംബങ്ങൾ താമസമാക്കിയിട്ടുള്ളതുമായ (ചണ്ണപ്പേട്ട മാർതോമസ്‌കൂളിന്റെയും കേരളത്തിന്റെയും അഭിമാനമായി അന്തർസംസ്ഥാന കായികമേളയിൽ റിക്കാർഡോടെ ജാവലിൻത്രോയിൽ സ്വർണ്ണ മെഡൽ നേടിയ ഷീല മാത്യു എന്ന എന്റെ കസിനെ ഈയവസരത്തിൽ ഓർക്കുന്നു )  ചണ്ണപ്പേട്ടയിലെ ആനക്കയത്തിനടുത്തുള്ള ഈ പ്രദേശം സന്ദർശിക്കുന്നതിന് നിമിത്തമായത് മുഖപുസ്തക സൗഹൃദങ്ങളുടെ സമ്മർദ്ദമാണ്. ."ചോനായി സായിപ് എന്നു ഞങ്ങൾ വിളിക്കുന്ന അലക്സ് ചോനായിയും "ഭായി" എന്ന് ഞങ്ങൾ വിളിക്കുന്ന എസ്  എം എൻ പ്രദീപും ,എന്റെ തുണയും ഊർജ്ജവുമായി എന്നോടൊപ്പമുണ്ടെന്നുള്ള ധൈര്യമാണ് ശാരീരികപരിമിതികൾ വകവയ്ക്കാതെ ഈ എഴുപതാംവയസിൽ കുടുക്കത്തു പാറ കയറുവാൻ എനിക്ക് ശക്തിയേകി,പ്രേരകമായത്.

വിസ്മയദൃശ്യമായി പ്രകൃതി കാത്തുസൂക്ഷിച്ചിരിക്കുന്നതും അധികം അറിയപ്പെടാത്തതുമായ വിനോദ സഞ്ചാര കേന്ദ്രമാണ് കുടുക്കത്ത് പാറ.

കൊല്ലം ജില്ലയിൽ, പത്തനാപുരം താലൂക്കിൽ, അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ടയ്ക്കടുത്ത്,ആനക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരുവിനോദസഞ്ചാരകേന്ദ്രമാണ്‌,  പുനലൂർ ഫോറസ്റ്റ്  ഡിവിഷനിലെ,അഞ്ചൽറെയ്ഞ്ചിന് കീഴിലുള്ള കുടുക്കത്തുപാറ ഇക്കോടൂറിസം പദ്ധതി .
കുടുക്കത്ത് പാറയ്ക്ക് 840 അടിയിലധികം  ഉയരമുണ്ട്. മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തുനിന്ന് ഏറെ ദൂരം വനത്തിലൂടെ സഞ്ചരിക്കണം. പാറയുടെ മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്.  അതിനടുത്തായി ഒരു തടയണയും, കാവും ഗുഹയുമുണ്ട് (സായിപ്പ് ഗുഹ). സാഹസികയാത്രാ തല്പരനായ ഒരു സായിപ്പ് ഇവിടെ ഒരു ഗുഹയിൽ കുറച്ചുകാലം വസിച്ചിരുന്നത്രേ, അതാണ്‌ "സായിപ്പ് ഗുഹ".

മന്വന്തരങ്ങളുടെ പഴക്കമുള്ള കുടുക്കത്തുപാറയ്ക്കു നമ്മുടെ ഇതിഹാസകഥകളുമായും ബന്ധമുണ്ട്.

സീതാപഹരണത്തെ തടഞ്ഞ ജടായുവിനെ രാവണൻ വെട്ടിയെങ്കിലും താഴെ ജടായുപ്പാറയിലേയ്ക്ക് വീഴുന്നതിനു മുൻപ്, ചെറുത്തുനിന്ന ജടായു രാവണന്റെ കൈയ്യിൽ നിന്ന് വാൾകൊത്തി തെറിപ്പിച്ചത്രേ! രാവണന്റെ വാൾവീണതാണ് ഈ കുടുക്കത്തുപാറയായി മാറിയത്  .വാളകം,വെട്ടിക്കവല,കരവാളൂർ എന്നീ സമീപസ്ഥലനാമങ്ങൾക്കും ഈ ഐതീഹ്യങ്ങളുമായി ബന്ധമുണ്ടാകാം .
കൊട്ടാരക്കരയ്ക്കടുത്തുള്ള വാളകം  -ആനക്കയം റൂട്ടിലോടുന്ന ഒരു പ്രൈവറ്റ് ബസും ഞങ്ങൾ ഇവിടെ കാണുകയുണ്ടായി, (കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തു ആനക്കയം.എന്ന പേരിൽ ഒരു ഗ്രാമപഞ്ചായത്തുണ്ട് താനും )

 ഞായറാഴ്ച ഒരുമണിയോടുകൂടി ഞങ്ങൾ കാനനയാത്ര തുടങ്ങി. അല്പം വെള്ളവും പഴവർഗ്ഗങ്ങളും കൈയ്യിൽ കരുതുന്നത് നന്ന് ,ക്ഷീണമകറ്റാൻ സഹായകമാകും. സമൃദ്ധമായ ഭക്ഷണം കഴിച്ചാൽ മുകളിലേയ്ക്കുള്ള കയറ്റം ദുഷ്കരമാകും.
ഞങ്ങൾ കുടിയ്ക്കാൻ വെള്ളം പോലും കരുതിയിരുന്നില്ല അതൊരു പരിമിതിയായി .എന്നിരുന്നാലും സാധാരണയായി വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ കണ്ടുവരുന്നതുപോലെ പ്ലാസ്റ്റിക് കവർ ,പ്ളാസ്റ്റിക് ബോട്ടിൽ മാലിന്യം ഇവിടെ കണ്ടില്ല.  അതൊരു നല്ല കാര്യമായി എനിക്ക് തോന്നി . 

ഫോറസ്റ്റ് ഓഫീസിൽ  നിന്നും പ്രവേശനാനുമതിയ്ക്കുള്ള പാസ്‌ എടുത്തു (ഒരാൾക്ക്  20 രൂപയും ഇതിനു പുറമെ ഇരുചക്ര വാഹനത്തിനും കാർ, വാൻ എന്നിവയ്ക്ക്  വേറെ നിരക്കിലും) കാട്ടിനുള്ളിലേക്ക്‌ കടന്നു. ഒരു വലിയ കാറിനു കഷ്ടിച്ച് പോകാനേ കഴിയൂ. പാതയുടെ മദ്ധ്യത്തിലെ കല്ലുകളിൽ തട്ടാതെ, ഭായിയുടെ നിര്ദ്ദേശാനുസൃതം, ചോനായി സായിപ്പ് സാരഥിയായി ഞങ്ങൾ കാനനപ്പാതയിലൂടെ ഏതാണ്ട് രണ്ടു കിലോമീറ്റർ കാറിൽ യാത്രതുടർന്നു.

തുടക്കത്തിൽ വഴിയുടെ ഇരുവശങ്ങളിലും സോഷ്യൽ ഫോറെസ്റ്ററി എന്ന വിഡ്ഢി പ്രസ്ഥാനത്തിന്റെ ശ്രമഫലമായി  അക്കേഷ്യ ,യൂക്കാലിപ്‌റ്റസ്‌ മരങ്ങൾ ധാരാളമായി കണ്ടു. "ഗ്വാളിയർ റയൺസിനും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിക്കും നൽകാനായി കച്ചവട താല്പര്യത്തോടെ നട്ടു വളർത്തി, മോണോകൾച്ചർ പ്ലാന്റേഷനിലൂടെ കാടിന്റെ ജൈവ വൈവിധ്യത്തെ നശിപ്പിക്കാൻ ഫോറസ്റ്റ് അധികൃതരും അതിനു ഓശാന പാടിയ സർക്കാരുകളും ഈ നാടിനെ നശിപ്പിക്കുന്നതിന്റെ നോക്കുകുത്തികൾ പോലെ കാണപ്പെട്ടു ഈ മരങ്ങൾ .
വനത്തിനുള്ളിലായതിനാൽ പ്രശാന്തമായിരുന്നു ഈ ഭൂപ്രദേശം. എന്നാൽ വന്യജീവികളെ ഒന്നും തന്നെ കണ്ടതില്ല എന്ന് മാത്രമല്ല അവയുടെ സാന്നിധ്യമറിയിക്കുന്ന ശബ്ദവും കാതിൽ പതിച്ചില്ല എന്നത് ഒരത്ഭുതമായി തോന്നി
വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികൾക്കായി കരിങ്കല്ല് ആവശ്യത്തിന് തികയാതായപ്പോൾ മൂക്കുന്നിമലയിലെ പാറതുരന്നു നശിപ്പിച്ചു തുടങ്ങി . അതുപോലെ  നമ്മുടെ നാട്ടിലെ ഇത്തരം വിസ്മയാവഹമായ കരിമ്പാറക്കൂട്ടങ്ങൾക്കു ഇനി എത്ര നാൾ കൂടി നിലനില്ക്കാനാവും എന്നത് പ്രകൃതി യെ സ്നേഹിയ്ക്കുന്നവരുടെ ശ്രദ്ധയിൽ വിഷയീഭവിപ്പിക്കുവാൻ ഉതകുമെങ്കിൽ ഈ കുറിപ്പ് സഫലമെന്ന് ഞാൻ കരുതും .