ജീവിതം എന്ന അത്ഭുതം...
അരി കയറ്റിവരുന്ന ലോറിയുടെ സൗകര്യമനുസരിച്ച് മാത്രം കീമോതെറാപ്പി ചെയ്ത ഒരാള്‍....
ഓരോ കോഴ്‌സ് കീമോതെറാപ്പിക്കും ഇടയ്ക്കുള്ള സമയപരിധി പൊതുവെ ഇരുപത്തൊന്ന് ദിവസമാണ്.ചില അസുഖങ്ങളുടെ സവിശേഷത അനുസരിച്ച് അതിന് മാറ്റം വരാറുണ്ട്. ഒരു കോഴ്‌സ് കീമോതെറാപ്പി കഴിഞ്ഞുപോകുമ്പോള്‍ അടുത്ത കോഴ്‌സിനുള്ള ദിവസവും നിശ്ചയിച്ചാണ് എല്ലാവരും പോവുക.
ഇരുപത്തൊന്ന് ദിവസത്തെ കണക്ക് കണിശമായി നോക്കുവാന്‍ പലപ്പോഴും കഴിഞ്ഞു എന്നു വരില്ല. പല ദിക്കുകളില്‍ നിന്നും വരുന്നവര്‍ . വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ . നിരവധി പ്രാരാബ്ധങ്ങളുള്ളവര്‍. പലരുടേയും കാര്യത്തില്‍ അതുകൊണ്ടുതന്നെ ഇഞ്ചക്ഷന്‍ ദിവസത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരാറുണ്ട്. മരുന്നിന്റെ ഫലത്തില്‍ കുറവ് വരാത്തതരത്തിലുള്ള ചില വിട്ടുവീഴ്ചകള്‍ .
പക്ഷേ, അരി കയറ്റിവരുന്ന ഒരു ലോറിയുടെ സൗകര്യമനുസരിച്ച് മാത്രം കീമോതെറാപ്പിയുടെ കോഴ്‌സ് നിശ്ചയിക്കേണ്ടിവന്നു എനിക്ക്; അബ്ദുവിനുവേണ്ടി. അടുത്ത കോഴ്‌സിനുള്ള തീയതി തീരുമാനിക്കുമ്പോള്‍ അബ്ദു പറയും.
'അയ്യോ സാറേ ആ ദിവസം പറ്റില്ല.അന്ന് ഈ റൂട്ടിലേക്ക് അരികൊണ്ട് വരണില്ല. ഒരു നാലീസം കൂടി കഴിഞ്ഞിട്ടാണെങ്കില്‍ സൗകര്യമായിരുന്നു.'
എത്ര നിര്‍ബന്ധിച്ചിട്ടും കാര്യമില്ല.അബ്ദുവിന് ഒന്നും പ്രശ്‌നമല്ല. ഇഞ്ചക്ഷന്റെ ദിവസം നീണ്ടുപോകുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞാലും കുലുക്കമില്ല. അരിവണ്ടി വരാത്തതിന് ഞാനെന്തു ചെയ്യും എന്ന ഭാവം . അബ്ദുവിന്റെ രോഗത്തിന്റെ രൂക്ഷതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ പിന്നെ കൂടുതല്‍ നിര്‍ബന്ധിക്കില്ല. അബ്ദു പറഞ്ഞ തീയതിക്ക് ഇഞ്ചക്ഷന്‍ എഴുതികൊടുക്കും. അരിവണ്ടിയുടെ സമയക്രമമെങ്കിലും മുടങ്ങാതിരിക്കട്ടെ.
അബ്ദുവിന് ലിംഫോമയായിരുന്നു. ലിംഫ് ഗ്രന്ഥികളിലെ ക്യാന്‍സര്‍ . വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന രോഗം. അബ്ദുവിന്റെ കാര്യത്തില്‍ എനിക്ക് പ്രതീക്ഷ കുറവായിരുന്നു.
സദാ ചിരിച്ച് തമാശപറയുന്ന അബ്ദുവിന്റെ മുഖത്ത് ഒരമ്പതുകാരന്റെ ഭാവമൊന്നും ഉണ്ടായിരുന്നില്ല. ഒരു കൗമാരപ്രായക്കാരന്റെ ചടുലതയും കുസൃതിയുമായിരുന്നു അബ്ദുവില്‍ നിറഞ്ഞിരുന്നത്. ഒ.പി.യില്‍ ഉച്ചത്തില്‍ തമാശ പറഞ്ഞ് അബ്ദു ചിരിക്കും. സിസ്റ്റര്‍മാര്‍ക്കൊക്കെ വലിയ നേരമ്പോക്കായിരുന്നു അബ്ദുവിന്റെ സംസാരം. ഓരോ തവണ വരുമ്പോഴും തമാശ കലര്‍ന്ന എന്തെങ്കിലും വിശേഷം പറയാനുണ്ടാകും അബ്ദുവിന്. അബ്ദുവിന്റെ സാന്നിദ്ധ്യം തന്നെ ആരിലും ഉന്മേഷം ഏറ്റുമായിരുന്നു.
ആലുവായിലെ പേരുകേട്ട ഒരു അരിവില്പന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു അബ്ദു. ഭാര്യയും കുട്ടികളുമായി ആലുവയില്‍ത്തന്നെ താമസം.
സ്വന്തം രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചൊക്കെ അബ്ദുവിന് അറിയാമായിരുന്നു.പക്ഷേ, അതിന്റെ പരിഭ്രാന്തിയൊന്നും അബ്ദുവിന്റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല.ചിരിച്ചുകൊണ്ട് മരണത്തെ കാത്തിരിക്കുന്ന ഒരാള്‍ എന്ന് എനിക്ക് തോന്നി.നിശ്ശബ്ദസാന്നിദ്ധ്യം പോലെ മറ്റൊരു ചിരി അബ്ദുവിനെ ചൂഴ്ന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
രാത്രി ആലുവയില്‍നിന്നും വരുന്ന ലോറിയില്‍ അരിച്ചാക്കുകള്‍ക്കുമേലെ അബ്ദു കയറിക്കിടക്കും. ഒപ്പം ജോലിചെയ്യുന്ന വേറെയും പണിക്കാരുണ്ടാവും കൂടെ. രാവിലെ നേരത്തെ കീമോതെറാപ്പിക്ക് തയ്യാറായി അബ്ദു ആശുപത്രിയില്‍ എത്തും. പലപ്പോഴും ഒറ്റയ്ക്കാണ് വരാറുള്ളതെങ്കിലും ഇടയ്‌ക്കൊക്കെ ഒരു സുഹൃത്തിനേയും ഒപ്പം കൂട്ടും. ആശുപത്രി വിട്ട പോകുന്നതുവരെ ആ സുഹൃത്തും കൂടെയുണ്ടാകും. മുന്നൂറ് കിലോമീറ്ററോളം അരിച്ചാക്കുകള്‍ക്കുമേലെ കിടന്നു വന്നതിന്റെ ക്ഷീണമൊന്നും അബ്ദുവിനെ കണ്ടാല്‍ തോന്നില്ല.
ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ ആദ്യത്തെ അന്തേവാസി എന്ന ബഹുമതിയും അബ്ദുവിനുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു അബ്ദുവിന്റെ കീമോതെറാപ്പി. കോഴ്‌സ് കഴിയുമ്പോഴേക്കും തീവ്രമായ മരുന്നുകളുടെ താഡനമേറ്റ് അബ്ദു അവശനായിട്ടുണ്ടാകും. മരുന്ന് തീരുന്ന ദിവസം തന്നെ തിരിച്ചുപോകാന്‍ അബ്ദു തിരക്കുകൂട്ടും. വിറയാര്‍ന്ന കാലുകളില്‍ ഒരന്യഭാരം പോലെ സ്വന്തം ശരീരം പേറി ഇടറിനില്‍ക്കുന്ന അബ്ദുവിനെ കാണുമ്പോള്‍ ഞാന്‍ പറയും:
' ഇന്നിപ്പോ തിരക്കുപിടിച്ച് പോകേണ്ട അബ്ദു. ഒരു ദിവസം കൂടി കിടന്ന് കുറച്ച് ഐ.വി.ഫ്‌ളൂയിഡ്‌സ് എടുത്തിട്ട് പോകാം. ക്ഷീണമൊന്ന് മാറട്ടെ.'
ഒരു വലിയ തമാശ കേട്ടതുപോലെ അവന്‍ ചിരിക്കും.
'എന്റെ സാറേ ക്ഷീണം മാറാന്‍ നിന്നാലേ അരി വണ്ടി അതിന്റെ പാട്ടിനുപോകും. ഇഞ്ചക്ഷന്‍ കഴിയുന്ന ദിവസം നോക്കിയിട്ടാണ് ഇവിടേക്കുള്ള ട്രിപ്പ് വെച്ചിട്ടുള്ളത്. അത് തെറ്റിയാല് നമ്മുടെ പണി മുടങ്ങിപോകും സാറേ.'
നിവര്‍ന്നു നടക്കാന്‍ വയ്യാത്തത്ര തളര്‍ച്ചയുണ്ടെങ്കിലും അബ്ദു നില്‍ക്കില്ല. സുഹൃത്തിന്റെ തോളില്‍ കൈയിട്ട് കാലുകള്‍ വലിച്ചുവെച്ച് നടക്കും. താങ്ങിനുവേണ്ടി വീണ്ടും വീണ്ടും അമര്‍ത്തിപിടിക്കുന്ന കൈവിരലുകള്‍ ബലം ചോര്‍ന്ന് വിറച്ചുകൊണ്ടേയിരിക്കും.
രാത്രി ഒഴിഞ്ഞ ലോറിയില്‍ ആകാശത്തേക്കു നോക്കി മലര്‍ന്നുകിടക്കുന്ന അബ്ദുവിനെ ഞാന്‍ ഓര്‍ക്കും. അബ്ദു അപ്പോഴും ചിരിക്കുകയായിരിക്കുമോ? നക്ഷത്രങ്ങള്‍ തെളിയാത്ത കറുത്ത ആകാശം അബ്ദുവിനെ വിട്ടൊഴിയാതെ കൂടെത്തെന്നെ സഞ്ചരിക്കുന്നുണ്ടാവും. തലയ്ക്കു മുകളില്‍ നിവര്‍ത്തിപിടിച്ച ഇരുട്ടിന്റെ കുടയ്ക്കു താഴെ ഇരുന്ന് ഒരിക്കലെങ്കിലും അബ്ദു സ്വയമറിയാതെ കരഞ്ഞിട്ടുണ്ടാകുമോ?
ഒന്നും ഓര്‍ക്കാന്‍ ത്രാണിയില്ലാതെ ഞാന്‍ ഇരിക്കും.മുഴങ്ങുന്ന ഒരു ചിരിക്കുവേണ്ടി അടൂത്ത അരിലോറിയുടെ ദിവസം വരെ കാത്തിരിക്കും.
അബ്ദുവിന്റെ മായാത്ത ചിരിയും തളരാത്ത മനസ്സും തന്നെ ഒടുവില്‍ ജയിച്ചു. അതിശയിക്കുമ്പോലെ അബ്ദുവിന്റെ അസുഖം മാറി. പൂര്‍ണ്ണമായി സുഖപ്പെട്ടു എന്നറിഞ്ഞപ്പോഴും അബ്ദു പഴയതുപോലെ ചിരിച്ചു. അതൊക്കെ എനിക്ക് നേരത്തെ അറിയാമായിരുന്നു സാറേ എന്ന ഭാവത്തോടെ.
അവസാനത്തെ പരിശോധനയും കഴിഞ്ഞ് പോകാന്‍ നേരം ഞാന്‍ പറഞ്ഞു:
'അസുഖം മാറി എന്ന് വെച്ച് ഇനി ആശുപത്രിയില്‍ വരാതിരിക്കരുത്. എല്ലാമാസവും ചെക്കപ്പിന് വരണം. കുറേക്കാലത്തേയ്ക്ക് ഒന്നും മുടക്കരുത്. മരുന്നെടുത്തിരുന്നതുപോലെ നിര്‍ബന്ധമാണ് ഇതും.'
'അതൊരു പ്രശ്‌നമല്ല സാറേ. അരിവണ്ടി ഈ റൂട്ടില് വരണോടത്തോളം കാലം ഞാന്‍ വരും.'
അബ്ദുവിന്റെ വാക്ക് ഉറച്ചതാണ്. അതുപോലെ തന്നെ ഉറച്ചതായിരുന്നു അരിവണ്ടിയുടെ ട്രിപ്പുകളും. അരിവണ്ടി എത്തുന്ന ദിവസം അബ്ദു കൃത്യം ഹാജര്‍ . മരുന്നിന്റെ ഭയമില്ലാത്തതുകൊണ്ടാവാം അബ്ദു പതിവിലും കൂടുതല്‍ തമാശകളുമായാണ് ഓരോ തവണയും എത്തിയത്. എല്ലാ മാസവും ഒ.പി.യില്‍ ചിരി മുഴങ്ങി.
അഞ്ചാറുമാസക്കാലം അബ്ദു മുടങ്ങാതെ വന്നു. പിന്നെ പെട്ടെന്ന് ഒരു ദിവസം അബ്ദുവിനെ കാണാതായി. മൂന്നാലുമാസം അടുപ്പിച്ച് കാണാതായപ്പോള്‍ എനിക്ക് അതിശയം തോന്നി. ആരെങ്കിലും വഴി അബ്ദുവിനെ ഒന്ന് അന്വേഷിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം അബ്ദു വീണ്ടും പ്രത്യക്ഷപ്പെട്ടത്. വല്ലാതെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ചെറുതായൊന്ന് ദേഷ്യപ്പെടണമെന്ന് കരുതുമ്പോഴായിരുന്നു അബ്ദു പറഞ്ഞത്:
'ഞാന്‍ ഒന്ന് സുഖമായി നടക്കുന്നത് കണ്ടപ്പോ പടച്ചവന് അസൂയ. എന്റെ കാര്യം പറഞ്ഞാല്‍ വല്യ തമാശയാണ് സാറേ. ഒന്ന് മാറുമ്പോള്‍ വേറൊന്നാ. എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു. വളരെ സീരിയസായി കിടക്കായിരുന്നു. കുറേ ദിവസം ഐ.സി.യു വിലായിരുന്നു. ആശുപത്രീന്ന് ഇറങ്ങിയിട്ട് പിന്നേം ദേഹനങ്ങാന്‍ പാടില്ലാന്ന് പറഞ്ഞു. ദേഹനങ്ങാണ്ട് അരിവണ്ടിയില്‍ കിടന്ന് വരാന്‍ പറ്റില്ലാല്ലോ.'
ചിരി അടക്കാന്‍ പാടുപെട്ടാണ് അബ്ദു സംസാരിക്കുന്നത്. ക്യാന്‍സര്‍ വന്ന് കഷ്ടി രക്ഷപ്പെട്ട ഒരാള്‍ ഹൃദ്രോഗിയായി മാറിയത് വലിയ തമാശയല്ലേ എന്ന മട്ടില്‍.അബ്ദു സിസ്റ്റര്‍മാരെ നോക്കി എന്തോ തമാശ പറഞ്ഞു. അവരെല്ലാം വിളറിയ ഒരു ചിരിയോടെ എല്ലാം കേട്ടു നില്‍ക്കുന്നു.
ഒരു വലിയ അത്ഭുതം പോലെ അബ്ദു എന്റെ മുന്‍പില്‍ ഇരിക്കുകയാണ്. അബ്ദു വാതോരാതെ പിന്നെയും വിശേഷങ്ങള്‍ പറയുന്നു. ഞാനൊന്നും മിണ്ടാതിരുന്നു. കൂടുതല്‍ വലിയ തമാശക്കാരന്‍ അബ്ദുവോ ദൈവമോ എന്നറിയാതെ.
അബ്ദു വീണ്ടും മുടങ്ങാതെ ചെക്കപ്പിന് വരുവാന്‍ തുടങ്ങി. കാര്‍ഡിയോളജിസ്റ്റ് കൊടുക്കുന്ന ഗുളികകള്‍ ചിലപ്പോഴൊക്കെ എന്നെ കൊണ്ടു വന്ന് കാണിക്കും. കഴിക്കുന്ന ഗുളികകളുടെ എണ്ണം പറഞ്ഞ് എന്തെങ്കിലും തമാശ പൊട്ടിക്കും.
ഒരു ദിവസം വന്നപ്പോള്‍ അബ്ദു പറഞ്ഞു:
'സാറെന്നെ വഴക്ക് പറയില്ലാന്ന് പറഞ്ഞാല്‍ ഞാനൊരു കാര്യം പറയാം.'
'എന്താ അബ്ദു കാര്യം?'
'ഏയ്,അതു പറ്റില്ല.സാറെന്നെ വഴക്കുപറയില്ലാന്ന് ഉറപ്പുപറയണം. അല്ലെങ്കില്‍ ഞാന്‍ പറയില്ല.'
ഞാന്‍ ഒരു നിമിഷം മടിച്ചു.അടുത്തത് എന്ത് പ്രശ്‌നമാണ് അബ്ദു അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു:
'ഇല്ല, കാര്യം പറയൂ.'
'ഓ, ഈ ജീവിതം വല്യേ പ്രശ്‌നാ സാറേ. ആകെ ടെന്‍ഷന്‍. നമ്മടെ കൈയിലുള്ള സൂക്കേടുകളാണെങ്കില്‍ ഒന്നും ചെറുതല്ല. ജീവിതത്തിന് ഒരു രസൂല്യ സാറേ. അതോണ്ട് ഞാനൊരു കല്യാണം കൂടി കഴിച്ചു. നമുക്കും വേണ്ടേ എന്തെങ്കിലുമൊരു നേരമ്പോക്ക്.'
എന്താ പറഞ്ഞത് എന്ന് അവിശ്വാസത്തോടെ പെട്ടെന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ഒന്നിനുമാകാതെ ഞാന്‍ അന്തം വിട്ടിരുന്നു. അബ്ദു എന്റെ മുഖത്തേക്ക് ഒരു കള്ളച്ചിരിയോടെ നോക്കുന്നു. അതിലെവിടെയോ ഒരു 'പുയ്യാപ്ലയുടെ' നാണം ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
അബ്ദു രണ്ടാമത്തെ വീടരുടെ വിശേഷങ്ങള്‍ പറഞ്ഞു. അങ്ങനെ വലിയ ആഘോഷമൊന്നും ഇല്ലാത്തതുകൊണ്ടാണ് കല്യാണത്തിന് വിളിക്കാത്തതെന്നും പറഞ്ഞു. അബ്ദു സംസാരിച്ചുകൊണ്ടേയിരിക്കുന്നു. എനിക്ക് കൂടുതല്‍ കൂടുതല്‍ അത്ഭുതങ്ങള്‍ തന്നുകൊണ്ട്.
അരിവണ്ടിയുടെ മുടക്കമില്ലാത്തതുകൊണ്ട് അബ്ദു പതിവായി ചെക്കപ്പിന് വന്നു. ഹൃദ്രോഗം ഇപ്പോള്‍ കൂടുതലായി അലട്ടുന്നില്ലെന്ന് തോന്നി. കൂടുതല്‍ ഊര്‍ജ്ജസ്വലനായതുപോലെ. മുഖം കൂടുതല്‍ ചെറുപ്പമായിരിക്കുന്നു. കരുതിവെക്കുന്ന ചില തമാശകളൊക്കെ ഇവിടെ എത്തുമ്പോഴേക്കും ഈയിടെയായി മറന്നുപോകുന്നു എന്ന് സങ്കടം പറഞ്ഞു. അന്ന് പതിവില്ലാത്തവിധം അബ്ദു വന്നയുടനെ ഒ.പി.യിലേക്ക് കടന്നു വന്നു. അബ്ദുവിന്റെ ഊഴം ആയിട്ടുണ്ടായിരുന്നില്ല.
'എനിക്കിന്ന് ഒത്തിരി തെരക്കുണ്ട് സാറേ .കാത്തിരിക്കാനൊന്നും വയ്യ. പോയിട്ട് ഒരത്യാവശ്യമുണ്ട്.'
'എന്ത് പറ്റു അബ്ദു? ഇന്നെന്താ അരിവണ്ടി നേരത്തേ തിരിച്ചുപോകുന്നുണ്ടോ?'
'ഏയ്, അതല്ല സാറേ ഇത് വേറൊരു കാര്യം.'
അബ്ദു പെട്ടെന്ന് ചുറ്റും നോക്കി.എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.പതുക്കെ രഹസ്യം പറഞ്ഞു:
'നമ്മടെ രണ്ടാമത്തെ കെട്ട്യോളില്ലേ, ഓളെ പ്രസവത്തിന് ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കയാണ്. ഉടനെ അവിടെത്തണം. അതോണ്ട് എന്നെ പെട്ടൊന്നൊന്ന് വിടണം സാറേ.'
വലിയൊരു ചിരി ഒതുക്കിപ്പിടിക്കാന്‍ ഞാന്‍ ആയാസപ്പെട്ടു. എത്രാമത്തെ തവണയാണ് അച്ഛനാകുന്നത് എന്ന് ഞാന്‍ അബ്ദുവിനോട് ഞാന്‍ ചോദിച്ചില്ല. സമയം കളയാതെ ചെക്കപ്പ് നടത്തി അബ്ദുവിനെ ഞാന്‍ വേഗം വിട്ടു.
പിന്നെത്തെ മാസം അബ്ദു ചെക്കപ്പിന് വന്നില്ല. പ്രസവത്തിന്റെ പ്രാരാബ്ദങ്ങളുമായി നടക്കുകയായിരിക്കുമെന്ന് ഞാന്‍ കരുതി. രണ്ടു കുടുംബത്തിലെ കാര്യങ്ങള്‍ നോക്കിത്തീര്‍ക്കുന്നതിനിടയ്ക്ക് സമയം കിട്ടിക്കാണില്ല. അടുത്ത മാസവും അതിന്റെ അടുത്ത മാസവും അബ്ദു വന്നില്ല. മാസങ്ങള്‍തന്നെ കടന്നുപോയി. അരിവണ്ടിയുടെ ഈ പ്രദേശത്തേക്കുള്ള ട്രിപ്പ് എന്നന്നേക്കുമായി നിര്‍ത്തലാക്കിയോ? ഞാന്‍ സംശയിച്ചു.
ഒട്ടും നിനച്ചിരിക്കാത്ത ഒരു ദിവസം പുതിയൊരു അത്ഭുതമായി വന്നുകയറാന്‍ പോകുന്ന അബ്ദുവിനെ ഞാന്‍ കാത്തിരുന്നു.
ഒരു ദിവസം അബ്ദുവിന്റെ സുഹൃത്ത് എന്നെ കാണുവാന്‍ വന്നു.
'ഒന്നുരണ്ടു മാസമായി ഞാന്‍ സാറിനെ ഒന്നുവന്ന് കാണണമെന്ന് വിചാരിച്ചിട്ട്. ഇവിടെ വരുമ്പോഴൊന്നും നേരം കിട്ടിയില്ല.
അയാള്‍ പെട്ടെന്ന് സ്വരം താഴ്ത്തി.
'നമ്മുടെ അബ്ദു മരിച്ചുപോയി സാറേ. ഏഴെട്ടു മാസമായി. പെട്ടെന്നൊരു ദിവസം നെഞ്ചുവേദന വന്നു. ആശുപത്രി എത്തുമ്പഴയ്ക്കും'
അയാള്‍ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടന്നു.
ചലനമറ്റ് ഞാന്‍ നിന്നു.വലിയൊരു പൊട്ടിച്ചിരി കാറ്റിലൂടെ കടന്നുപോയി.
ഞാന്‍ സ്വയം ചോദിച്ചു. 'ആരാണ് വലിയ തമാശക്കാരന്‍.'
=============
"ജീവിതം എന്ന അത്ഭുതം:- ഡോ:വി.പി.ഗംഗാധരന്റെ അനുഭവങ്ങള്‍" എന്ന പുസ്തകത്തില്‍ നിന്നും..