ലോക പരിസ്ഥിതി ദിനം (World Environment Day )
1972- ൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ (UNEP)ആഭിമുഖ്യത്തിൽ സ്റോക്ക് ഹോമിൽ വച്ച് ജനങ്ങളുടെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ ഒരുചർച്ചയും വിചിന്തനവും നടക്കുകയുണ്ടായി.തുടർന്ന് അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്നും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും എല്ലാ വർഷവും ജൂണ്‍ മാസം 5-നു ലോക പരിസ്ഥിതിദിനമായി ആചരിക്കുവാൻ തീരുമാനിക്കപ്പെട്ടു.
ഓരോ വർഷവും പരിസ്ഥിതി സംബന്ധിയായ ഒരു പ്രധാന വിഷയത്തെ അധികരിച്ചാണ് പരിസ്ഥിതി ദിനാചരണം നടത്തുക.
കഴിഞ്ഞ വർഷത്തെ വിഷയം "ചിന്തിക്കുക,ഭക്ഷിക്കുക, പാഴാക്കാതിരിക്കുക" എന്നതായിരുന്നു .
ഭക്ഷണം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക.ഭക്ഷണം പാഴാക്കുന്നവർ ഓർക്കുക,ചിന്തിക്കുക, നിങ്ങൾ പാഴാക്കുന്ന ഓരോ അരിമണിയും നിങ്ങളുടേതു മാത്രമല്ല,മറിച്ച് ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന നിങ്ങളുടെ സഹജീവികൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് അനുസ്മരിപ്പിക്കുക ആയിരുന്നു
ഈ വർഷം ആഗോള താപനം ,കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്രജലവിതാനം എന്നീ വിഷയങ്ങളുടെ പ്രാധാന്യവും അവ മാനവ സമൂഹത്തിന്റെ, പ്രത്യേകിച്ച് ചെറിയ ദ്വീപ സമൂഹങ്ങളിലെ നിവാസികൾക്കുളവാക്കാവുന്ന ദുരിതങ്ങളും എങ്ങനെ ലഘൂകരിക്കാം എന്നതാണ് ."സമുദ്ര ജലവിതാനം ഉയരുന്നതിനേക്കാളുപരിയായി നിങ്ങളുടെ ശബ്ദമുയരട്ടെ, അന്തരീക്ഷ മലിനീകരണത്തിനെതിരായി, തദ്വാരാ ആഗോള താപനത്തിനെതിരായി,ഉയര്ന്നു പൊങ്ങട്ടെ നിങ്ങളുടെ,നമ്മുടെ കൂട്ടായ ശബ്ദവും പ്രവൃത്തിയും എന്നതാണ് ഈ വർഷത്തേ പാരിസ്ഥിതിക സംരക്ഷണ മുദ്രാവാക്യം. അതോടൊപ്പം ഈ വർഷം ചെറിയ ദ്വീപ സമൂഹങ്ങളുടെ സംരക്ഷണാർഥം അന്തർദ്ദേശീയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാനും ഐക്യ രാഷ്ട്ര സഭ ലോക രാഷ്ട്രങ്ങളോടും ഭരണാധികാരി കളോടും ആഹ്വാനം ചെയ്യുന്നു.

No comments:
Post a Comment