Friday, December 28, 2012

പുതുവര്‍ഷ പ്രതിജ്ഞകള്‍

പുതുവര്‍ഷ പ്രതിജ്ഞകള്‍

പുതു വര്ഷം പിറക്കുന്നു 
ശപഥം ഞാനെടുത്തീടും,
ഇനിമേലില്‍  ഒരു നാളും
പുകവലി ഇല്ലേയില്ല.
ഒരു ബീഡി, ചെറു ബീഡി
അതുപോലും തൊടില്ലല്ലോ  

അറിയുക, മാരകമാം
അനവധി രോഗങ്ങളീ  
പുകവലി ഹേതുവായി
നമുക്കുണ്ടാകാം. 
ഇനി യൊരു പുക പോലു
മെടുക്കില്ല കട്ടായം.
തൊടില്ല, ഞാന്‍ കഴിക്കില്ല 
മദ്യമെന്ന വിഷം തെല്ലും .


പുതു വര്ഷം പിറക്കുന്നു
ശപഥം ഞാനെടുത്തീടും
ഇനിമേലില്‍  ഒരു നാളും

ലഹരി ഞാന്‍ തൊടില്ലല്ലോ 

പുതു വര്‍ഷ പ്രതിജ്ഞകള്‍
പലവുരു ശ്രമിച്ചിട്ടും
കഴിഞ്ഞില്ല, കഴിയില്ല 

പാലിച്ചീടാനെളുതാമോ .


പുതു വര്‍ഷ പിറവിയില്‍ 
പതിവായി ചിലരൊക്കെ   
പ്രതിജ്ഞകളെടുക്കുന്നു
ദൃഡമായിട്ടത്,പിന്നെ 
തകര്‍ക്കുന്നു സാഘോഷം.
ചരിത്രമിതാവര്‍ത്തിപ്പൂ .

തകര്‍ക്കുവാനല്ലെന്നാകില്‍
പ്രതിജ്ഞകള്‍ക്കെന്തു വില  
തകര്‍ത്താലല്ലേ വീണ്ടും
പ്രതിജ്ഞയെടുക്കാനാവൂ.. 

   

Wednesday, December 26, 2012

സുദര്‍ശന ചക്രവുമായ്‌വീണ്ടും എത്തിടുമോ കൃഷ്ണന്‍


സുദര്‍ശന ചക്രവുമായ്‌ വീണ്ടും   
എത്തിടുമോ കൃഷ്ണന്‍

ചക്രം,  
ചക്രമാണല്ലോ
എല്ലാ
അതിക്രമങ്ങള്‍ക്കും
ഹേതു.
ചക്രമില്ലാതായാല്‍
നമ്മള്‍
ചക്രശ്വാസം വലിക്കും.

ചക്രം,
സുദര്‍ശനമാം ചക്രം
ചക്രമായുധമാക്കി,
പാര്‍ത്ഥസാരഥി,
കൃഷ്ണന്‍,
വിഷ്ണുവിന്നവതാരം
ദുഷ്ടനിഗ്രഹം 
പാരില്‍.
ഇഷ്ടമാം വിനോദം
പൂര്‍ത്തിയാക്കീ 
പോയി ..


ചക്രവര്‍ത്തികള്‍
തീര്‍ത്തും
നിഷ്കാസിതരായി
പകരം 
വക്ര ബുദ്ധിയേറും  
വിക്രമന്മാര്‍ 
വന്നു 
ജനകീയരായി വന്നു

ക്ഷേമമെന്നതിനു 
പകരം 
ക്ഷാമമുണ്ടാക്കും
വിരുതര്‍ 
ജനദ്രോഹികള്‍ 
ഭരിച്ചു  
മുടിച്ചു വാണിടുന്നു 

എല്ലാറ്റിനും വില 
കൂട്ടിടുന്നു നിത്യം 
വിലയില്ലാതതെന്ത് ?
വോട്ടു ചെയ്യും 
കഴുത.
പൊതുജനമാം കഴുത. 
നമ്മള്‍ പാവം 
ജനമോ
വിലകെട്ടവരായി 
മാറി. 

ചക്രം 
വാരി കൂട്ടി
"സ്വിസ് ബാങ്കില്‍" 
നിക്ഷേപം
കൂട്ടി  വച്ചിടാനായ് 
കൂട്ടിടു ന്നു,
വിലകള്‍.

നിത്യവുമിവര്‍ 
കൂട്ടും 
അവശ്യ വസ്തു
വിലകള്‍.
വിലകള്‍കൂടി നമ്മള്‍ 
വലയുന്നത് കാണാന്‍ 
കണ്ണില്ലാതവരോര്‍ത്തോ  
ചത്വരങ്ങള്‍
"തഹ്രിര്‍ ചത്വരങ്ങള്‍"
 പാരില്‍ 
കാട്ടിടുന്ന മാര്‍ഗം
ആര്‍ക്കുമന്യമല്ല.
ഭരണാ ധിപന്മാര്‍
നിങ്ങള്‍  
ഓര്‍ത്തിടുകില്‍  നന്ന് . .

ചക്ര ധാരി കൃഷ്ണന്‍  
ചക്രവുമായ്‌വീണ്ടും 
ദുഷ്ടരെ തകര്‍ക്കാന്‍
സുദര്‍ശന ചക്രവുമായ്‌ 
വീണ്ടും 
എത്തിടുമോ കൃഷ്ണന്‍?


Tuesday, December 25, 2012

ശവം തീനി പക്ഷികള്‍

       ശവം തീനി പക്ഷികള്‍ 

വരളുന്നു, ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .

ജന്മം കൊടുത്തവന്‍ പോലും,പിശാചിന്‍
ജന്മമെടുക്കുന്നു,പിന്നെ താന്‍ ജന്മമേകിയ  
തന്‍റെ കുഞ്ഞിനെ കൂട്ടുകാരൊത്തു കൊത്തി
കീറുന്നു ,ശവംതീനി പക്ഷിയെ പോല്‍.

കൂടെ പഠിക്കും സഹപാഠിയെ പ്രേമിച്ചു
കാമ പേക്കൂത്ത് നടത്തി നശിപ്പിച്ചു,
ആത്മഹത്യാ മുനമ്പിലേക്കെത്തിക്കും
"കാമ്പസ്"പ്രണയ ദുരന്ത കഥകളില്‍
വില്ലന്‍റെ വേഷങ്ങളേറുന്നനുദിനമര-
ങ്ങേറുന്നു നാടകമിന്നും തുടര്‍ച്ചയായ് .

ഗുരുവിന്‍ മുഖംമൂടിയണിയുമധമരാം  
മനുഷ്യകീടങ്ങള്‍ നാടെങ്ങും പടരുന്നു.
ശിഷ്യരാമിളംമൊട്ടുകള്‍ കരളുന്നു 
പുഴുകുത്തേല്പിച്ചവര്‍ നശിപ്പിച്ചീടുന്നു.   

അരുമ പെണ്‍കുഞ്ഞിനെ വാണിഭചരക്കായി  
അമ്മമാര്‍പോലും ചന്തയില്‍ വില്‍ക്കുന്നയ്യോ 
മാടിനെ കശാപ്പിനു വില്‍ക്കുന്നലാഘവത്തില്‍  
നാടിനെ നടുക്കുന്ന പെണ്‍ വാണിഭം നടത്തുന്നു .

വരളുന്നിതെന്‍ചിന്താസരണി,യിതെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ടെന്‍ 
മനമൊരു നെരിപ്പോടായ്  നീറിടുന്നു.

കത്രികയേ:നമ:

 കത്രികയേ:നമ:

കത്രികയെ  നമ: കത്രികയേ :നമ:
കത്രികയില്ലെന്ന് വന്നാലെത്രയോ ജന്മമിന്നും
"ചൊവ്വദോഷം"തൊട്ടുള്ള,പാപ നക്ഷത്രം തീണ്ടി 
ചൊവ്വില്ലാതെയാക്കാം പെണ്‍കുട്ടികളുടെ ഭാവി.  

പാപ ദോഷം തീണ്ടും പൂമാനിനിമാര്‍ തന്‍റെ  
പാണിഗ്രഹണമേകാന്‍ പാരിലേവര്‍ക്കും പേടി.
അതിനു കണ്ടോരുപാധി, അചിരേണനടപ്പാക്കി
ഇഷ്ടനാളില്‍താന്‍ ജനനം, കത്രിക തന്‍ പ്രയോഗം.

സീസറല്ലേ പ്രഥമ "സിസ്സേരിയനതായി"തീര്‍ന്നു. 
സീസറിന്‍റെയും അന്ത്യം  ദാരുണമായതില്ലേ?

 
 കത്രികയേ :നമ: ചിരം കത്രികയേ നമ:  
       

Sunday, December 23, 2012

മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും


മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും 


"മുത്തമേകിനിന്‍റെ ഗുരുവെ കാട്ടിത്തന്നാല്‍
മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞുംതരാം"
ഒട്ടുമേ മനസാക്ഷികുത്തല്‍ കൂടാതെതന്നെ
പെട്ടന്ന് സമ്മതിച്ചു, നിഷ്ക്രമിച്ചല്ലൊ, യൂദാസ്..
ശരവേഗത്തിലോടിയെത്തിനാന്‍ ഗുരുനല്കും
"പെസ്സഹ" ഭക്ഷിക്കുവാന്‍ കൂട്ടരോടൊത്തു കൂടി
പ്രസന്ന വദനനായ്  ഗുരുവിന്‍ സവിധത്തില്‍
പ്രശംസനീയനായ കാര്യസ്ഥനായി നിന്നു.
മുഖം മൂടിയാലെ,തന്നുള്ളിലെ,കാപട്യത്തെ,
മറയ് ക്കാന്‍ കഴിഞ്ഞവന്‍,മിടുക്കന്‍ തന്നെയല്ലേ ?

ഗത്സെമെൻ തോട്ടം തന്നില്, പ്രാര്ഥനാ നിരതനായ്,

ഗദ്ഗദ കണ്ടൻ യേശു,ശിഷ്യരോടോത്തു നില്ക്കെ,  
"ഗുരുവേ സ്വസ്തി"യെന്ന്,സാദരം ചൊല്ലിയവൻ
ഗുരുവിൻ മൂര്ധാവിലന്നന്ത്യചുബനമേകി,  
അന്ധനായവൻ,വെള്ളിക്കാശിന്റെ തിളക്കത്തിൽ
ബന്ധിതനാക്കി, ഗുരുനാഥനാം യേശുവിനെ.

യൂദാസുകള്‍, മുഖം മൂടിയണിഞ്ഞു നടപ്പവര്‍

ആദരം നേടീടുന്നു മാന്യരായിവിടെന്നും   

Friday, December 14, 2012

ഉദകക്രിയ

 ഉദകക്രിയ

മണലൂറ്റുക,ഊറ്റിയെടുക്കുക
പുഴയുടെ മാറ് പിളര്‍ന്നും
മണലൂറ്റുക,ഊറ്റിയെടുക്കുക,
പുഴയുടെ സിരകള്‍തകര്‍ക്കുക.
ജലസ്രോതസ്സുകള്‍ പാടെ വറ്റി-
വരണ്ടൊരു പുഴയുടെ മരണം
ഘോഷിച്ചുദകക്രിയകള്‍ ചെയ്‌വൂ .
നമ്മള്‍ഉദകക്രിയകള്‍ ചെയവോര്‍.  
 

മാനവ ജനതതി, യുഗ,യുഗങ്ങളായ്
ജനി,മൃതികള്‍തേടിയലഞ്ഞിതെന്‍
തീരം തീര്‍ത്ത വിശാല തടങ്ങളില്‍.
മാനവ സംസ്കൃതി പൊട്ടിമുളച്ചതും
നട്ടുനനച്ചതും,ഒന്നിനു പത്തായി
നൂറിന്നു നൂറു മേനി വിളഞ്ഞതും
പത്തായാത്തില്‍ ഭദ്രമായ്‌ കാത്തതും
അധിനിവേശത്തിന്‍റെയാര്‍പ്പു വിളി-
ച്ചെത്തി,പലരുമാ സംസ്കൃതി തട്ടി -
യെറിഞ്ഞതും,പുത്തനാം സംസ്കാരം
കെട്ടിയേല്‍പ്പിച്ചതും കണ്ടു ഞാന്‍.


പിന്നെയുമിവിടെ ശക്തരാംകൂട്ടരൊത്തു  
വന്നധികാരം കയ്യാളി,യവര്‍ വീണ്ടും 
ശ്രമിച്ചൂ ചരിത്രം തിരുത്തികുറിക്കുവാന്‍ 
തടസ്സം നിന്നൊരു ജനപഥങ്ങളെ കൊടും 
തടവിലിട്ടതും,കൊല നടത്തി,തകര്‍ത്തു 
മുന്നേറി"യിസങ്ങള്‍"തന്‍ വേലിയേറ്റ  
മുയര്‍ത്തിക്കാട്ടിയ സംസ്കാരരഹിത
നവലോകംപടച്ചിടുന്നതും ഞാന്‍കണ്ടു.

തലതല്ലി ഞാന്‍ കരഞ്ഞിതെന്നാലും, 
തടസ്സമൊക്കെയും തകര്‍ത്തു മുന്നേറി
യൊഴുകി,യോട്ടുമേ തളരാതെ തന്നെ 
തളര്‍ന്ന നിങ്ങള്‍ക്കു തെളിനീരേകിടാന്‍ 
ജലസംപുഷ്ടയായ്നിറഞ്ഞുനിന്നവ-
ളരുമയാമെന്നെയറുകൊല ചെയ്യാന്‍ 
മടിച്ചിടാത്തവര്‍കുലം മുടിക്കുന്ന 
കുല ദ്രോഹികള്‍,മനുഷ്യാധമന്മാര്‍.

    


  

Thursday, December 13, 2012

തബല


 

തബല
അകം പൊള്ള യെങ്കിലും, 
അതിലൊരു മാന്ത്രികവിരല്‍
തൊട്ടു,മെല്ലെ,തലോടി,സ്പര്‍ശന 
സുഖം പകരുന്ന കാല മണയു-
മൊരു വേളയില്‍, പ്രിയകര 
രാഗ, ലയ,താളം ചേര്‍ന്നൊരു 
മധുര മധുരമാം ഗാനനിര്‍ദ്ധരി-
യൊഴുകുന്നീ വികൃതിയു-
മബലയുമായൊരു തബലയാം 
കിന്നരകന്യക തന്നന്തരംഗത്തില്‍ 
നിന്നുമേതോ മുജ്ജന്മ സുകൃതി
തന്നുള്‍ പുളകംവിരിയും,നറു -
മലരിന്‍ സൌരഭ്യ സൗഗന്ധമായ് .

മിന്നാമിന്നികള്‍

 മിന്നാമിന്നികള്‍


 
   
       

 







അര്‍ക്കന്‍ വിതറുന്നൊരാദിത്യശോഭയെ
നേര്‍ത്തോരിരുട്ടിന്‍ കരിമ്പടത്താല്‍ മൂടി 
തീര്‍ത്തും മറയ്ക്കുവാനന്തി മയങ്ങിടാന്‍ 
കാത്തിരിപ്പൂ സന്ധ്യയന്നും,പതിവുപോല്‍  ..

അര്‍ക്കനിതാഴിയില്‍ മുങ്ങുന്ന നേര -
മിരുട്ടിന്‍വല,രാത്രി,വീശിയെറിഞ്ഞുവോ? .    
അംബരമാകെയിരുട്ടിന്‍വലക്കുള്ളില്‍
നൊമ്പരമേറ്റുള്ളം പിടയുന്നതു കണ്ടു  
നീളെ,നഭസില്‍മെല്ലെ തെളിയുന്നു,
നക്ഷ്ത്രകണ്ണുള്ളോരായിരം കന്യമാര്‍. 

നക്ഷത്രകണ്ണുള്ള സുന്ദരിമാരെല്ലാം 
തന്‍വലക്കുള്ളിലകപ്പെടുത്തീടുവാന്‍  
തത്ര പ്പെടുന്നൊരു രാത്രിയാം ഭീഭല്‍സ
രാക്ഷസ രാജനെത്തെല്ലുമേ, കൂസാതെ
വെല്ലുവിളിക്കുന്നുമിന്നിയും,മങ്ങിയും
മിന്നി,ത്തെളിഞ്ഞുമീകേവല പ്രാണികള്‍,
മിന്നാമിന്നികള്‍,. മഞ്ജുള ഗാത്രികള്‍..... .    













Thursday, December 6, 2012

നിറവിന്റെ നേരോര്‍മ







നിറവിന്റെ നേരോര്‍മ


വരളുന്നെൻ ചിന്താ സരണിയിന്നെൻ  മനം    വരളുന്നോരൂഷര,ഭൂമിയായി.
തളരുന്നിതെന്‍ ദേഹം,വെയിലത്ത് വാടുന്ന 
തളിരിളംചീര തന്‍ തണ്ടുപോലെ .
നിറയുന്ന കണ്ണുനീര്‍,കവിയുന്ന കണ്ണുകള്‍
കരകവിഞ്ഞൊഴുകുന്നൊരരുവികളായ്. 
കരകവിഞ്ഞൊഴുകുന്ന ദുഃഖമാം പ്രളയത്തെ 
ചിറകെട്ടി നിര്‍ത്തുവാന്‍ കഴിയുന്നില്ല. 
മറയുന്നിതെന്നോര്‍മ്മ, മറയുന്നിതന്തിയില്‍ 
മറുകര തേടുന്ന സൂര്യനെപ്പോല്‍.
മറവി തന്‍ മാറാപ്പില്‍ നിന്നുമിടെയ്ക്കിടെ
നിറവിന്റെ നേരോര്‍മയായ് നീ വരും.

നിറകതിര്‍ചിന്നും മദ്ധ്യാഹ്ന സൂര്യനെ, 
ഗ്രഹണം വിഴുങ്ങുന്ന പോലെയല്ലോ
നിറയൗവ്വനത്തിന്റെ പൂര്‍ണിമയില്‍നിന്നും
മരണം നിന്നെയും കൊണ്ടുപോയി .

കരിയുന്നു മുകുളങ്ങൾ  ഗ്രീഷ്മാമായാൽ , വീണ്ടും 
വിരിയുന്നു പുതു വര്‍ഷ പുളകങ്ങളായ്.
പ്രിയതമേ, നീ വന്നു,ചിരി തൂകിയെന്‍ മന 
മുകുരത്തിലതുപോല്‍ തെളിഞ്ഞിടില്ലേ ?




   

Tuesday, December 4, 2012

ലഹരി റീ ലോടെഡ്‌ (Lahari Re-loaded)

ലഹരി 
വാറ്റും മദ്യം മുഴുവനും 
കുപ്പിയിലതാക്കി,
യതിന്റെ കൂടെ,
കരള്‍വാട്ടും,
കരളിനെനീറ്റും,
മാരകമാംവിഷംകലര്‍ത്തി,
ഫോറിന്‍ലിക്കര്‍ 
ജോണി വാക്കര്‍തന്നുടെ 
ലേബല്‍ചാര്‍ത്തി,
പുതുമയോടുടനെ തന്നെ
ജോറില്‍,ബാറില്‍കൂട്ടുംകൂടി 
രസിപ്പവര്‍ക്ക്,പെഗ്ഗുകളായി നല്‍കും .

ഏറ്റം ഭോഷന്മാരായ 
ചിലരവരൊത്തുകൂടി,
പാട്ടും പാടി,പിന്നെ 
നാറ്റം കൂടിയ ചില 
വാക്കുകളുച്ചരിച്ചു 
തമ്മില്‍ തല്ലുകൂടി 
പിന്നെ ഏറ്റം കഷ്ടതയോടെ 
കുടിച്ച വിലയേറിടുംമദ്യമെല്ലാം,
ഒരൊറ്റ വായില്‍ 
ഏറ്റംനീളം കൂടിയ"വാളിനാ"
ലഭിഷേകം ചെയ്‌വാൻ 
മടിയൊട്ടുംകാട്ടിടായ്ക.

Monday, December 3, 2012

മാമ്പഴം



മാമ്പഴം 

അന്ന്  
"അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ  
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍കൊതിച്ചിട്ടീ
ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ "


മാമ്പഴം 
(ഒരു പാഠഭേദം )
ഇന്ന് 
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തന്‍കണ്ണുകളില്‍ തുളുമ്പി ബാഷ്പാങ്കുരം.

നാലുപാടുമുള്ള വീടുകള്‍ തകര്‍ത്തവര്‍
നാട്ടിലങ്ങുടനീളം ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കി
അമ്മ തന്‍ മണി ക്കുട്ടനുറങ്ങും തൊടിക്കവര്‍
കോടികള്‍ വില നല്‍കി വാങ്ങുവാന്‍ വന്നെങ്കിലും
തന്നുണ്ണി കുഞ്ഞിന്‍ദേഹം അന്ത്യവിശ്രമം കൊള്ളും
പൊന്നു പോലുളള മണ്ണ് വില്‍ക്കുവാന്‍ ശ്രമിച്ചില്ല .
തൊടിയില്‍ അമ്മ നട്ടു, മരങ്ങള്‍ പലതരം
പതിവായ്‌ പരിചരിച്ചവയെ വലുതാക്കി .
കാവുപോല്‍ പരിശുദ്ധം, ചെറുതായോരു 
കാനനം, മനോഹരം,കുളങ്ങള്‍,കിളികളും 
അണ്ണാറക്കണ്ണന്‍മാരും തുള്ളുന്നൊരിടമാകും  
നന്ദനവാടി തന്നെ കുഞ്ഞിനായമ്മ നല്‍കി.
നാട്ടിലെയൊരെയൊരു പച്ച തന്‍ തുരുത്തല്ലോ 
കൂട്ടിനായെത്തിയവര്‍ ഉണ്ണിതന്‍ ചങ്ങാതികള്‍ 
ഉണ്ണികള്‍ വലുതായെന്നറിയാതമ്മ ചൊല്ലും
"തല്ലു കൊള്ളും നിങ്ങള്‍ പൂങ്കുല തല്ലിയെന്നാല്‍"

അങ്കണ തൈ മാവില്‍ നിന്നായിരം കനി വീഴ്കെ 
അമ്മ തന്‍ കണ്ണുകളില്‍ തുളുമ്പി ബാഷ്പ ധാര .

Sunday, December 2, 2012

വിധി


          വിധി 
കരിയെഴുതിയ നയനങ്ങള്‍
മിഴിയിണയില്‍ സ്വപ്‌നങ്ങള്‍
കനവുകളില്‍ തെളിയുന്നു
മധുരതരം ജീവിതം ..

സുകൃതമയം ജീവിതം
സൂര്യന്റെ തേജസ്സായി
ഒളിവീശിനിന്നപ്പോള്‍
മുഖ കമലം വിടരുന്നു .
മണിമുത്തായ് തേന്‍തുള്ളി.
കിനിയുന്നു നറുമലരില്‍,

തേന്‍ തുള്ളികള്‍തേടി വരും 
കരി വണ്ടുകള്‍ മുരളുന്നു
കരി വണ്ടുകള്‍ പലരായി
മധു തേടി വന്നപ്പോള്‍
അരുമപ്പൂ വിടരാതെ
മുറിവേറ്റു കൊഴിയുന്നോ ?.

വിടരുവാന്‍, നറുമണം
തൂകി വിടരുവാന്‍,
ഒരുമിച്ചോരൂഞ്ഞാലിലാടാന്‍,
പരിമൃദുപവനനോടൊത്തു 
പരിലസിച്ചീടുവാന്‍,
പരിമളം തേടി വന്നൊരു 
കാറ്റിനോടൊരു വാക്കു 
മിണ്ടുവാന്‍ പോലുംകഴിയാതെ, 
കൊഴിയാനായ്,ഗതിവന്നൊരു 
പെണ്പൂവേ,പൊന്‍ പൂവേ...
നീചഭ്രമരങ്ങള്‍ ഭീതി വിതക്കുമീ 
ലോകത്തിലാരുമേ,വരുമെന്ന് 
കരുതേണ്ട,വരികില്ലയാരാരും,
നിന്‍മാനം കാത്തീടാന്‍,
നിന്നെ സംരക്ഷിക്കുവാന്‍..
വിധിയെന്നു ചൊല്ലിടുമ -
വരെല്ലാം തടിതപ്പും..

("മാവു പൂത്തു മണം പാറി
വണ്ടു വന്നു തേന്‍ കുടിച്ചു
കണ്ടു നിന്നു  തടിയന്മാര്‍ 
മിണ്ടിയില്ല  മടിയന്മാര്‍. ")

Wednesday, November 28, 2012

താഴം പൂവേ താലോലം പൂവേ

 താഴം പൂവേ താലോലം പൂവേ

താഴം പൂവേ താലോലം പൂവേ
താഴത്തെ കാട്ടിലെക്കെന്തിനു വന്നു
കാമബാണങ്ങളിലൊന്നായി മാറാന്‍
കാമിച്ചു, ഞാന്‍ പോയി കാമനെതേടി.
കൂട്ടിന്നു വന്നൊരു ഗന്ധര്‍വനെന്നെ
പാട്ടിലാക്കി,വാനില്‍ ചുറ്റിനടന്നു.
പാതി വഴിക്കവനെന്നെ തഴഞ്ഞു
പാട്ടും പാടി പറന്നങ്ങു പോയി 

ഖിന്ന,ഞാന്‍ താഴേക്കു വന്നിടും നേരം
ഖിന്നതയാര്‍ന്ന ബ്രഹ്മാവിനെ കണ്ടു.
ശിവപാദം തേടിയലഞ്ഞ മഹാവിഷ്ണു
ശിവശീര്‍ഷ ദര്‍ശി ബ്രഹ്മാവിന്‍റെ, സാക്ഷി
കള്ളത്തരം ചൊല്ലിയെന്നതിനാല്‍ ഞാന്‍ 

കൊള്ളരുതാത്തവളെന്നു ശപിച്ചു.   
അന്നു തൊട്ടിന്നോളം  ഞാനേകയായി 
വന്നു പെട്ടീ ക്കൈത മുള്ളിന്റെയുള്ളില്‍
പൂജയ്കെടുക്കാതെ പരിത്യക്തയായി 
ആജീവനാന്തം  കഴിയുന്നു ഞാനും. .   
    

  

കാര്‍ത്തിക ദീപങ്ങള്‍


കാര്‍ത്തിക ദീപങ്ങള്‍ 


ആകാശ മുറ്റത്തോരായിരം ദീപങ്ങള്‍
ആരാരുമറിയാതെ തെളിയിച്ചതാരോ
അമ്പിളി പെണ്ണു തന്‍ വീട്ടുമുറ്റത്ത്
കാര്‍ത്തിക ദീപം തെളിയിച്ചതല്ലേ?            

മഹേശ്വരനാം  മഹാ ദീപത്തില്‍നിന്നും
വൃശ്ചികമാസത്തിന്‍കാര്‍ത്തിക നാളില്‍
ആറുപൊന്‍ദീപം കൊളുത്തിയുണ്ടായത്രേ 
ആറുമുഖമുള്ള ശൈവ കുമാരന്‍.

ആറു പേരപ്സര കന്യകമാരവര്‍
ശരവണ പൊയ്കയില്‍ നീന്തിതുടിപ്പവര്‍
പോറ്റിവളര്‍ത്തിയ കാര്‍ത്തികേയനാം
ശൈവ കുമാരന്‍ ശ്രീമുരുകേശന്‍ തന്‍
ജന്മ നാളായിടും വൃശ്ചിക കാര്‍ത്തിക
നന്‍മ തെളിയും പുണ്യ ദിനമല്ലോ   

Tuesday, November 27, 2012

കാലവും ശീലവും

കാലവും ശീലവും
ചക്രം
വെറുമൊരു  ചക്രം
ചക്രത്തിന്മേല്‍ ഉരുണ്ടു നീങ്ങും 

രഥം .

ചക്രം വച്ചൊരു രഥം
രഥത്തില്‍ പൂട്ടിയോരശ്വം     
അശ്വ രഥ്രത്തില്‍ കുതിച്ചു പായും
മര്‍ത്യന്‍ 


വിശ്വം
വിശാലമായൊരു വിശ്വം  
വിശ്വം വെല്ലും ജേതാവാകും
മര്‍ത്യന്‍
മര്‍ത്യപുരോഗതിയെളുപ്പമാക്കിയ  

ചക്രം
ചക്രം
കാല ചക്രം
ചക്രം തിരിയുവതൊപ്പം മാറും
കാലം
കാലം മാറുവതൊപ്പം മാറും
കോലം
കാലോം മാറി ,കോലോം മാറി

പക്ഷെ     
ശീലം  

ശീലം മാറ്റാതെന്തിഹ നമ്മള്‍ചെയ്യും.
ശീല്ക്കുട തന്‍ ശീല മാറും 

പോലെ
ശീലം 
നമ്മുടെ ശീലം, 
നമ്മുടെ ശീലം മാറ്റുകയത്ര-
നിസ്സാരമതാണോ? 

Friday, November 23, 2012

മാ നിഷാദാ"


 മാ നിഷാദാ"

വിഷുപ്പക്ഷി തന്‍ പാട്ട്
കേള്‍ക്കാത്ത പുലരിയും   
വിഷുക്കണി കണ്ടുണരാന്‍
മടിക്കുന്ന  ബാല്യവും   
ഉറച്ചൊന്നു പെയ്യാന്‍
വിതുമ്പുന്ന  വര്‍ഷവും
പതുക്കെയെന്‍ മലയാള-
തനിമയില്ലാതെയായ്..

വയലുകളെല്ലാം
വനങ്ങളായ്‌ മാറിയോ?
ഉയരുന്ന ഫ്ലാറ്റുകള്‍
നിറയും വനങ്ങളായ്‌.

ഒരു ചില്ല പോലുമി
ല്ലില്ലിവിടില്ല,       
ഒരുകിളിക്കുഞ്ഞിനു
ചേക്കേറിടാന്‍...
ഒരുചില്ല തേടിയലയു-
മൊരമ്മക്കിളിയുടെ 
വേദനയാരറിവൂ.. 

മനുജന് പാര്‍ക്കുവാ-
നംബരചുംബിയാം
നിലയങ്ങള്‍ തീര്‍ക്കും
തിരക്കില്‍ നാമേവരും  
കിളികള്‍ തന്‍ രോദന  
നിനദം ശ്രവിക്കുമോ ?

"മാ നിഷാദാ" എന്ന്
ശപിച്ചിടാന്‍ ത്രാണി
യേറുന്ന മാമുനിയില്ലല്ലോ?

"കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും"
അപ്പോളിവിടെ നമുക്കില്ല
താരില്ല, തളിരില്ല ,പൂവില്ല
പൂത്താലമേന്തും വസന്തമില്ല
ഈ മലയാളക്കര തന്നേ
നമുക്കന്യമാകും ദിനം
അനതി വിദൂരമായകലെയല്ല.  
  

Tuesday, November 20, 2012

ചിത്തിര പൈങ്കിളി പെണ്ണേ,

    ചിത്തിര പൈങ്കിളി പെണ്ണേ, 

പൂത്തിരിപോലുള്ള പുഞ്ചിരിയുമായ് , 
ചിത്തിര പൈങ്കിളിപെണ്ണേ,വരികില്ലേ?  
കാത്തിരിപ്പൂ കൂട്ടിലമ്മക്കിളിയിന്നും  
കാട്ടില്‍ മുഴങ്ങും കൂ.. ഹൂ.. വിളിയുമായ്..
*    *    *   *   *   *   *      *     *     * "
മഞ്ഞുകാലം മരം കോച്ചും തണുവുമായ്..
വന്നു ചേര്‍ന്നല്ലോ,ഞാൻ ചൂട് പകര്‍ന്നിടാം... 
എന്നരികില്‍ നിന്നു പോവരുതെന്‍, കുഞ്ഞേ 
വന്നിരിക്കൂ,കൂട്ടിലൊന്നിച്ചിരുന്നിടാം...
മുട്ടിയുരുമ്മിയിരുന്നെന്നാലീകൂട്ടി-
ലിത്തിരിചൂടു പകര്ന്നു ഞാൻ തന്നീടാം.. 

കാട്ടിലെമ്പാടും കെണിയുമൊരുക്കിയാ- 
വേട്ടക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നറിയുക,
രാക്ഷസ മാനസര്‍ നിന്നെ പിടിച്ചെന്നാല്‍ 
രക്ഷിച്ചിടാനാര്‍ക്കുമാകില്ലെന്നോര്‍ക്കൂ.നീ ..
ശാട്യം വെടിഞ്ഞു നീ  പൊന്കുഞ്ഞേയീകൂട്ടിൽ   
ശാന്തമായ് വന്നു ശയിക്കുക പൈങ്കിളീ". 

ചിത്തിര പൈങ്കിളി, ചിങ്കാരി പൈങ്കിളി 
ഇത്തിരി കോപമാര്‍ന്നിഥം മൊഴിഞ്ഞത്രേ, 
"നിസ്തുലമാകുമീ കാനനത്തിൻ  ഭംഗി,
വിസ്തരിച്ചൊന്നു ഞാന്‍  കണ്ടു മടങ്ങിടാം"
മറുവാക്കു കേൾക്കാന്‍ കാത്തിരിക്കാതവള്‍ 
വെറുതെയലഷ്യമായ്,മെല്ലെ,പറന്നുപോയ്‌

വന്നില്ല, നേരമിരുട്ടിവെളുത്തിട്ടും 
വര്‍ണക്കിളിക്കുഞ്ഞു,ചിത്തിര പൈങ്കിളി. 
കാനനച്ചോലതന്‍ തീരത്തു കണ്ടുവോ ?
കഴുകന്‍ ചവച്ചിട്ട കിളിതന്നിളം മേനി. 

കണ്ടവരുണ്ടോയെന്‍ ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും തിരയുന്നു. 
കണ്ടവരുണ്ടോയെന്‍,ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും കരയുന്നു.

കാട്ടിൽ മുഴങ്ങും കൂ ഹൂ വിളിയുമായ്      
അമ്മക്കിളിയിന്നും തേങ്ങി പറക്കുന്നു  

Sunday, November 18, 2012

ലോകനീതി

  
        ലോകനീതി

മൂവന്തിനേരത്ത്, മുന്നാഴിപ്പൂവുമായ്
ചേമന്തിപ്പെണ്‍കൊടി മാല കോര്‍ത്തു. 
കോവിലില്‍ വച്ചെന്നും കിന്നരിച്ചീടുന്ന 
കോമള രൂപനെ ധ്യാനിച്ചവള്‍,
പൂമാലയേന്തിതന്‍ മാരനേയും തേടി,
കാവിലെ കോവിലില്‍കാത്തു നിന്നു.

മാരന്‍ കനിഞ്ഞില്ല,മാലയും വാങ്ങീല 
പ്രേമാര്‍ദ്ര,മാന്‍പേട സിംഹിയായി. .
കോപകലുഷിത,പൂമാല പൊട്ടിച്ചു
താരാപഥം തന്നിലേക്കാഞ്ഞെറിഞ്ഞു. .

താരാപഥം തന്നില്‍ മിന്നുന്ന മാണിക്യം
താരമോ ചേമന്തി പെണ്ണിന്‍ പൂവോ ?  
ആകാശ ഗംഗയില്‍ നീരാടാനെത്തിയ
ആതിരചന്ദിരന്‍ സംശയിപ്പൂ .  
 
പൂമാല ചൂടുവാനാവേശ,മോഹിതന്‍
പൂന്തിങ്കള്‍ തോണി തുഴഞ്ഞിതെത്തി
താരാപഥത്തിലെ ചേമന്തി
പ്പൂക്കളെ 
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
 
ചന്ദ്രന്റെ മാറില്‍കളങ്കമെന്നോതി നാം
ചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തി
പ്പൂവു കളങ്കമായ് കാണുമീ 
ലോകനീതിന്യായ,മന്യായമല്ലേ  ?

പഴമൊഴി മുത്തുകള്‍

പഴമൊഴി മുത്തുകള്‍

പഠിച്ചതല്ലേ, പാടാന്‍ കഴിയൂ,
വിധിച്ചതല്ലേ ലഭിക്കയുള്ളൂ..
കൊതിച്ചതെല്ലാം ലഭിക്കുമെന്നാല്‍,
ശ്രമിച്ചിടാന്‍ നാം മിനക്കെടുമോ? 

തെളിച്ച വഴി താന്‍ നടന്നിടേണം 
ഒളിച്ചു മാറുക, സ്വയ രക്ഷക്കായ്‌.
ചതിച്ചിടുന്നവര്‍ തന്‍ സഹവാസം
ഒഴിച്ചു നമ്മള്‍ മുന്നേറീടുക . 

ഒഴുക്കുവെള്ളം കുടിക്കയാകാം ,   
ഒഴുക്കിനെതിരെ നീന്തുകയരുത്.
പഴുത്ത കായ്കള്‍ ഭക്ഷിച്ചീടാം,
പുഴുത്തുവെന്നാല്‍ വര്‍ജ്ജിക്കേണം  .

നിനച്ച കാര്യം നിവൃത്തിയാകാന്‍
നിറുത്തിടാതെ ശ്രമിച്ചിടേണം.   
ചെറുത്തു നിന്നാല്‍ കരുത്തു നേടാം 
മറിച്ചിതായാല്‍ മാനം പോകും.

ഒരിക്കല്‍ നേടിയോരനുഭവ പാഠം
മരിക്കുവോളം മറന്നിടായ്ക.
മറന്നുവെന്നാല്‍ വീണ്ടും നമ്മള്‍
പിറന്നു വീണൊരു ശിശു പോലല്ലോ?  
        

Tuesday, November 6, 2012

ഭസ്മാസുര കഥ യോര്‍ക്കം

 ഭസ്മാസുര കഥയോര്‍ക്കാം 

അണു, അത് നല്‍കും  

തനിയൂര്‍ജ്ജം, ചെറുതാണോ?
അനു, അനു നിമിഷം, 

പുകയുന്നോ,ജന മനസ്സില്‍? 
അണുശക്തി, ശരിയായി, 

വിനിയോഗം ചെയ്യാഞ്ഞാല്‍
വരലബ്ധി നേടിയ ഭസ്മാസുര, 
കഥ യോര്‍ക്കാം..
അണുശക്തി നിലയങ്ങള്‍, 
പല നാടും മതിയാക്കി.
അത് നമ്മുടെ രാജ്യത്തില്‍ 

ഇനിയെന്തിനു, ചിന്തിക്കൂ 
വികസിത രാജ്യങ്ങള്‍ 

പുറം തള്ളും കാര്യങ്ങള്‍ 
നാമെന്തിനു നമ്മുടെ 

തലയില്‍ താന്‍ പേറുന്നു.
നമ്മുടെ ജനത തന്‍ 

ജീവന് വിലയില്ലേ ?
ഭോപാല്‍ ദുരന്തത്തിന്‍, 

ഭീകര ദൃശ്യങ്ങള്‍ 
വേഗംമറന്നീടാ-
നാവുമോ,സഹജരെ. 
കൂടംകുളത്തിലെ 
ആണവ നിലയങ്ങള്‍ 
കൂട്ടകുരുതി തന്‍,
ചിതയായി മാറുമോ? 

മരീചിക

                        മരീചിക 


കോറിയിട്ടല്ലോ, നിന്‍ മുഖശ്രീയെഴും ചിത്രം
നീറുന്നൊരോര്‍മകളാം നാരായമെന്‍ മനസ്സില്‍ 
പ്രേമ പാരവശ്യത്താലേ,മോഹിതനെന്‍റെ മുന്നില്‍ 
നീയൊരു മരീചികയായെന്നുമേ,യകലത്തില്‍.
നിന്നിലേക്കടുക്കുവാനാവതില്ലാതെ ഞാനോ 
മനം നീറിയീമരുഭൂവിലേകനായലയുന്നു

ഹേമന്തം പകര്‍ന്നൊരു കുളിരിലലിഞ്ഞു നീ
മോഹപ്പക്ഷിയായ് വന്നെന്‍ മനസ്സില്‍ കൂടു കൂട്ടി.
വാസന്തം വരുന്നൊരു കാലവും കാത്തു നമ്മള്‍
കോകില യുഗ്മങ്ങളായ് പ്രേമഗീതികള്‍ പാടി.

കാതരേ ചൊല്ലുകില്ലേ,എന്തിനായകന്നു നീ ?  
പാതിമെയ്യാകാമെന്ന്, പണ്ട് നീ പറഞ്ഞില്ലേ?
ആയിരം കിനാവുകള്‍ അന്ന് നാം കണ്ടതല്ലേ ?
താരിളം ലതയായ് നീ വന്നെന്നില്‍ പടര്‍ന്നില്ലേ ?
എന്നുള്ളം നിറഞ്ഞു നിന്നൊരു പൂനിലാവേ,
എന്തിനു നീ പോയ്‌ മറഞ്ഞൂ കാര്‍മേഘത്തില്‍.
പുഞ്ചിരിപ്പാല്‍നിലാവായണയൂ പ്രിയ സഖീ
പുഷ്കലമായീടട്ടെ നമ്മുടെ സ്വപ്നമെല്ലാം

Sunday, November 4, 2012

ജീവിത ശൈലി മാറ്റിയെടു ക്കാം


     ജീവിത ശൈലി മാറ്റിയെടുക്കാം 

മില്ലേനിയം ഘോഷിച്ചിട്ടു,
ദശകങ്ങള്‍ കഴിഞ്ഞിട്ടും 
ഇല്ല,നമ്മള്‍,പുരോഗതി

 നേടിയിട്ടില്ല.
 ചില കാര്യം നേടുവാനായ്, 

ഇനിയും 
നാം മുന്നേറണം 
പൊതുജനാരോഗ്യകാര്യം
 പറയാനുണ്ടോ? 
  "രണ്ടായിരാമാണ്ടോടെ,

 പൂര്‍ണാരോഗ്യം
 ജനങ്ങള്‍ക്ക്‌" 
 മുഴങ്ങിയ മുദ്രാവാക്യം 
ഓര്‍മയിലില്ലേ ?
 ജനങ്ങള്‍ക്ക്‌ മുഴുവനും

പൂര്‍ണാരോഗ്യം 
നേടാന്‍, നമ്മള്‍
ശരിയായി ചില കാര്യം
 ശീലിച്ചിടേണം. 
പോഷകമൂല്യമേറും 

ആഹാരം നാം 
ഭക്ഷിക്കേണം 
പോഷിപ്പിക്ക,ശരീരത്തെ
 വ്യായാമ ത്താലെ,
രോഗം വരാതിരിക്കുവാന്‍, 

കരുതലെടുത്തീടേണം,
പ്രതിരോധ കുത്തി വെയ്പ്പു -
മെടുത്തീടേണം.
രോഗം വന്നാല്‍ 
ചികിത്സിച്ചു ഭേദമാക്കാന്‍, 
മരുന്നുകള്‍
ലോപമെന്യേ, കഴിക്കേണം, 
മുറപ്രകാരം.
വീടുമതിന്‍, പരിസ്സര 
പ്രദേശവു- 
മെന്നുമെന്നും,
മോടിയായി സൂക്ഷിക്കാന്‍ 
കഴിഞ്ഞിടേണം. 
പാതവക്കില്‍ മാലിന്യ-
ങ്ങളെറിയുവാന്‍ 
തുനിയല്ലേ?
പാതയോരം, മരം നട്ടു, 

മോടിയാക്കിടാം.  
പോളിത്തീന്‍ ബാഗുകളെ 

കഴിവതുമൊഴിവാക്കൂ 
 ചാക്ക്സഞ്ചിയെടുത്തീടാം . 
പകരമായി. 
വെള്ളം കെട്ടി കിടക്കുന്ന-
തൊഴിവാക്കാന്‍ 
ശ്രദ്ധിക്കേണം
വെള്ളം കെട്ടി  കിടന്നാലോ 
കൊതുകുണ്ടാകാം.   
കൊത്കും, ഈച്ചകളും,
എലികളും 
പെരുകിയാല്‍ 
മാരകമാം രോഗം നാട്ടില്‍ 
സംക്രമിച്ചീടും.
ഡെന്‍ഗുപ്പനി,ചിക്കുന്‍‌ഗുന്യ,

എലിപ്പനി,
എന്നുവേണ്ടമുഴങ്ങുന്നൂ,
ജനങ്ങള്‍ തന്‍, 
മരണമണി.
    എയിഡ്സ് രോഗത്തെപോലും,

ഭീതിയെന്യേ-
യൊഴിവാക്കാം,
മൂല്യമേറും ലൈന്ഗീക
ജീവിതത്താലെ..
      ലഹരി വസ്തുക്കളെല്ലാംതന്നെ,

            കാളകൂടവിഷമല്ലോ?              
പാടെ,നമ്മളവയൊക്കെ,

വര്‍ജ്ജിച്ചീടേണം
രോഗങ്ങളെ ചെറുത്തീടൂ,
പ്രിയരകും ജനങ്ങളെ
രോഗികളെ ഒരിക്കലും 

ശപിച്ചീടല്ലേ  ?
 രോഗങ്ങളെ ചെറുക്കുവാനുതകുന്ന 
രീതിയില്‍ നാം
ജീവിത ശൈലി തന്നെ 

മാറ്റിയെടുക്കൂ..             

(ഇന്ന് ലോകാരോഗ്യ ദിനം എല്ലാവര്ക്കും ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു )

          
       
   
     
        

Friday, November 2, 2012

നഗര വികസനം


  
നഗര വികസനം

അനന്തപുരിയുടെ 

വീഥികളില്‍

അരികു ചേര്‍ന്നരുമയായ് 

നിന്നിരുന്നു

അഴകുറ്റ ചോലമരങ്ങള്‍ 

നീളെ

അലസമായ്‌ ചാമരം 

വീശി നിന്നു.

ചെറുതായ നഗരം 

വലുതായപ്പോള്‍

നഗര വികസനം 

മുന്നില്‍ കണ്ട്

പുതുപുത്തന്‍ പദ്ധതീ 

രൂപരേഖ

നഗരസഭ തന്നില്‍ 

ചര്‍ച്ചയായി.

വീഥികള്‍ വിസ്തൃതമാ-

ക്കിടേണം 

കോടാലി വയ്ക്കു,
മരങ്ങളാകെ

വെട്ടിമാറ്റിയെന്നാല്‍, 

കിട്ടുമല്ലോ

"വെട്ടുമേനി"യായി 

പത്തുപണം.

ഉടനെയൊരു 
കുട്ടി-

നേതാവിന്റെ 
തലയിലോരാശയം 
പൊന്തിവന്നു

വലുതായ വീഥിതന്‍ 

കവലതോറും

നമ്മുടെയമ്പോറ്റി 

നേതാക്കള്‍ തന്‍

പൂര്‍ണകായ 

പ്രതിമവെയ്ക്കാം

ഈര്‍ക്കി
ല്‍,പാർട്ടി തൻ 
നേതാക്കള്‍ക്കും    

പാര്‍ക്കുണ്ടാക്കി, 
പ്രതിമ വെയ്ക്കാം .

കിളികള്‍ക്ക് ചേക്കേറാ
ൻ  
ചില്ലയില്ല,      

മരമായ, മരമൊക്കെ 

വെട്ടിമാറ്റി

പകരം പ്രതിമകള്‍ 

നാട്‌ നീളെ,

പുതിയ പരിഷ്കാരം 

കേമമായി .

മരമൊന്നു വെട്ടിയാല്‍ 

കീശവീര്‍ക്കും

പ്രതിമ സ്ഥാപിച്ചാലും 

കീശവീര്‍ക്കും

വെടിയൊന്നു,കിളി രണ്ട് 

കയ്യിലാക്കാം

നഗര വികസനം തിരു- 

തകൃതിയായ്

ത്വരിതമായ് നാട്ടില്‍ 

നടന്നിടട്ടെ

ജനനന്മ മാത്രം 

നമുക്കു പഥ്യം

അറിയുക, നിങ്ങള്‍ 

പരിസ്ഥിതിക്കാര്‍

വെറുതെ തടസ്സമായ് 

നില്‍ക്കരുതേ ...
 
പൂമരമോരോന്നായ് 
വെട്ടി മാറ്റാൻ 
രാഷ്ട്രീയകോമരം 
കലിതുള്ളി 
   നില്‍ക്കയല്ലേ ?

Thursday, November 1, 2012

. നിന്റെയിഷ്ടം പോലെ ഭവിക്കട്ടെ....

നിന്റെയിഷ്ടം പോലെ ഭവിക്കട്ടെ....

കല്ലിനും പുല്ലിനും
മാമര ചാര്‍ത്തിനും
കല്ലോല മാലിയ്ക്കും
വാര്‍മഴവില്ലിനും
നെല്ലോമല്‍ പൈങ്കിളി, 
നല്ലോണ തുമ്പിക്കും
നല്ലൊരു വര്‍ണങ്ങള്‍
ശോഭകള്‍ നല്‍കിടും,
    നന്മ സ്വരൂപനും     
ചിന്മയനുമാകും 
ശ്രീയേശു നാഥനാം 
നല്ലയിടയന്റെ 
കൂട്ടം,തെറ്റിയലഞ്ഞ 
കുഞ്ഞാട് ഞാന്‍  
കാണാതെ പോയൊരു
കുഞ്ഞാടാമെന്നെ നീ 
മാപ്പുനല്‍കിയെന്നും  
ചേര്‍ത്തു നിര്‍ത്തേണമേ..
നിന്റെ കൃപാവരമെന്നും 
ചൊരിഞ്ഞെന്നെ   
  നിന്റെ  രാജ്യത്തിന്ന-     
വകാശിയാക്കണേ ...
നീയാണ് സത്യവും,
ജീവനും, മുക്തിയും. 
 നിന്റെയിഷ്ടം പോലെ     
തന്നെ ഭവിക്കട്ടെ....

മലയാള മാമാങ്കം

       മലയാള മാമാങ്കം   
ഒരു പാട്ട് പാടുവാന്‍ ആവതില്ലെങ്കിലും
പ്രകൃതിയെ നോവിക്കും കാഴ്ച കണ്ടാല്‍
ഒരുമിന്നല്‍പ്പിണറായിട്ടവിടെയെത്തും
പരിക്ഷീണിതയെങ്കിലും സുഗത ടീച്ചര്‍
പ്രകൃതി സംരക്ഷക, ടീച്ചറെ കൂട്ടാതെ
മലയാള മാമാങ്കമാര്‍ക്ക് വേണ്ടി ?
ഒരുപറ്റം ബ്യുരോക്രാട്ടുകളവര്‍കൊട്ടും
താളത്തില്‍ തുള്ളുന്ന മന്ത്രിമാരും  
ചേര്‍ന്നോരുക്കുന്നോരീ വേതാള മാമാങ്കം
അവതാളമാക്കുന്നി താര്‍ക്കു വേണ്ടി?  
ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞെന്നാലും "സുഗത പക്ഷി "      

Tuesday, October 30, 2012

കഷ്ടകാലം മാറ്റിടാന്‍ , വിത്തമന്ത്രി കനിയുമോ?

കഷ്ടകാലം മാറ്റിടാന്‍   
വിത്തമന്ത്രി കനിയുമോ? 

മാളോരേ ,ഞാനൊരു 
ഇ പി എഫ്,പെന്ഷനെറാ  
പെന്‍ഷ നായ് , കിട്ടുവ
തെത്രയെന്നറിയുമോ?
എഴുന്നൂറു രൂഭയാ
ചില്ലറ കാശാണോ?
മുപ്പതിലേറെ വര്‍ഷം 
സര്‍ക്കാരിന്‍സേവകന്‍ഞാന്‍ 
പെന്‍ഷനായടുത്തൂനും
കാത്തു കാത്തിരിപ്പായി    .
"അഞ്ചേകാല്‍എന്ന് 
തമ്പുരാനോതിയോ "
"അഞ്ചേകാല്‍എന്നു
  താന്‍കേട്ടിതടിയനും   
"ഉണ്ടോ കാലെന്നു പണ്ടു 
പണ്ടാല"ചോദിച്ചപോല്‍ 
ഇന്നും ചോദിച്ചീടുന്ന 
പണ്ടാല മാരേറുന്നൂ
ഇ പി എഫ് ട്രസ്ടിമാരായ് 
വിലസുന്നവരുടെ 
താളത്തിനൊപ്പം തുള്ളും  
സര്‍ക്കരിതറിയേണം 
വിത്തെടുത്തു കുത്തിയും
വോട്ടു ബാങ്ക് കാത്തിടും
വിത്ത മന്ത്രി യറിയുമോ
ഞങ്ങളുടെ  ദൈന്യത.
ക്ഷേമ പെന്‍ഷന്‍എന്നത്
     ഔദാര്യമല്ലെന്നോര്തിടൂ      
രാജനെക്കാള്‍ മുന്തിയ
രാജ ഭക്തരായിടും 
ഇ .പി.എഫ്.ട്രസ്ടികളെ
മാറ്റി നിര്‍ത്തി ഞങ്ങടെ
കഷ്ടകാലം മാറ്റിടാന്‍   
വിത്തമന്ത്രി കനിയുമോ?

Monday, October 29, 2012

നിനവോ കനവോ


നിനവോ, കനവോ?
നിനവിന്‍ കനവോ?
കനവിന്‍  നിനവോ?
മഴവില്‍ നിറമായ്‌..
മനസ്സില്‍ തെളിവൂ..

ഇരവോ, പകലോ?
ഇരവും പകലും 
ഇണ ചേര്‍ന്നാലേ 
ഋതുവുണ്ടാകൂ..

ശിശിരം വന്നാല്‍ 
പിറകേയെത്തും 
മധു മാസത്തിന്‍ 
മധുരം പാടും 
കോകില യുഗ്മം.

സുഖ, ദുഃഖങ്ങള്‍ 
നിറഞ്ഞതല്ലേ?
നരനീയുലകില്‍  
ജീവിത യാത്ര..

ഋതുക്കളാം, തന്‍ 
രഥത്തിലേറി
ഗമിപ്പൂ കാലം
ശര വേഗത്തില്‍
നിറുത്തിടാനായ് 
  നമുക്കിതാമോ?   

ശിശിര, വസന്തം 
നിറഞ്ഞ കാലം 
വഴികാട്ടുമ്പോള്‍
നമുക്ക് വേറെ 
വഴിയില്ലല്ലോ?
കടന്നുപോകാന്‍.  

തനുവോ, മനമോ?
മനവും തനുവും  
കനവില്‍ പോലും 
ഒരുപോലായാല്‍ 
വിടരും പൂക്കള്‍
   മരുവില്‍ പോലും.. 
കഠിനാദ്ധ്വാനം 
ചെയ്തു ഭഗീരഥൻ 

വിണ്ണിന്‍ ഗംഗയെ 
മണ്ണിലൊഴുക്കിയ   
മാതൃക തേടി 
പോവുകയെന്നാൽ  
നമ്മുടെ 
കനവുകളെല്ലാം 
നിനവായ് മാറും  

 

 












Thursday, October 25, 2012

ചാരക്കേസും ചാരന്മാരും


ചാരക്കേസും ചാരന്മാരും      

കേട്ടില്ലേ നമ്മുടെയേട്ടന് നേതാവ്  ചാട്ട 
ചുഴറ്റി,യട്ടഹാസം തുടങ്ങീ.
കുറച്ചുകാലം ചേട്ടന്‍റെ നാവു ചുരുട്ടി
മുരളിയാക്കി,ചേട്ടനതുമൂതി നടന്നൂ..
ചുരുട്ടിവച്ചനാവെടുത്തുറുമിയാക്കിയോ? 
പൂഴിക്കടകനുമായ്ചേട്ടനെത്തിപ്പോയ്.   
ചാരക്കേസിന്പൂച്ച പുറത്തു വന്നില്ലേ ?
ചാരത്തില് പൂഴ്ത്താനായാരും നോക്കേണ്ട .
പൂച്ചയ്ക്ക് മണികെട്ടിയ പെരുച്ചാഴികളെ
തട്ടിന്മേലോളിച്ചീടാന്‍ സമ്മതിക്കൂല്ല .
ചൊറിയുവാന്‍,മറ്റുള്ളോരുടെ,
മുതുകു ചൊറിയുവാന്‍,
വിധിയുള്ള നേതാവും കൂട്ടിനായെത്തി.
ചൊറിയുന്നത്‌ പരമ സുഖം,സുഖമേറിയാല്‍
ചൊറി മാറി,  പുണ്ണ് വരും, സൂക്ഷിച്ചോളൂ ..        






Wednesday, October 24, 2012

വേണ്ട വേണ്ട

വേണ്ട വേണ്ട 

വേണ്ട, വേണ്ട, സുരാംഗനീ  
തണ്ടല്‍ വേദന കലശലാ
എനിക്ക് നിന്നെ പൊക്കാന്‍ വയ്യേ....
ഓ... ഓ .....ഓയ്‌ ഹോ

ഷാരൂക് ഖാന്‍ ഒരു സുന്ദരിയെ
പൊക്കിയപോലെനിക്ക് നിന്നെ
പൊക്കാന്‍ വയ്യേ... ഓ ...    ഓ

ദൈവത്തിന്‍റെ കയ്യുകൊണ്ട്
പണ്ടൊരിക്കല്‍ ഗോളടിച്ച
കാര്യം നിങ്ങള്‍ മറന്നുകള ,നാട്ടുകാരെ
എന്‍റെ പൊന്നു നാട്ടുകാരേ ...ഓ ഓ  ...

ചെമ്മന്നൂരെ  ബോബി വന്നു
 വിളിച്ചാല്‍ പിന്നെ എനിക്കിവിടെ
വരാതിരിക്കാന്‍
പറ്റുകയില്ലെന്നരിഞ്ഞുകൂടെ
നാട്ടുകാരേ
എന്‍റെ പ്രിയ നാട്ടുകാരേ ...
 ഓ...   ഓ ....    ഓയ്‌

കറുത്ത മുത്താണീ വിജയന്‍
നിങ്ങളുടെ ഐ എം വിജയന്‍
അജയ്യനാനെ...
ഓ ... ഓ ... ഓയ്‌ ....  

വിവാ വിജയന്‍, വിവാ കണ്ണൂര്‍
വിവാ കേരള,  വിവാ ഇന്ത്യ,
വിവാ ഫുട്ബോള്‍ വിവാ വിവാ

ആരാണാ സുന്ദരി ?

ആരാണാ സുന്ദരി ? 

മാരഡോനയെ പുല്‍കിയ
നമ്മുടെ അംഗനയാരാ
കിളിമകളെ,
കൊരച്ചു കൊരച്ചു മല്യാലം
പരയുവതാരോ
അവളാനേ
സുന്ദരി തന്നുടെ യന്നേരത്തെ
ഭാവം പറയൂ,
കിളിമകളെ
മേഘം കാണും മയിലത്പോലെ
സുന്ദരി പീലി വിടര്‍ത്തീലോ
ആശ്ലേഷത്താല്‍ പുളകിതയായി
പൂവന്‍ തന്നുടെ പിട പോലെ. 
      

Monday, October 22, 2012

കേര രഹിത കേരളം നീണാള്‍ ജയിച്ചിടട്ടെ

                     കേര രഹിത കേരളം നീണാള്‍ ജയിച്ചിടട്ടെ             
                                           

               കേരളം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരം അഥവാ തെങ്ങിനെ കുറിച്ചും ഓര്‍ക്കാതിരിക്കനാവുമോ?കാരണം കേരം നിര,നിരയായി നിറഞ്ഞു നില്‍ക്കുന്നതാണല്ലോ കേരളം എന്ന ഭൂവിഭാഗം.കേരനിരകളാടും...എന്ന് അല്ഫോന്സും,കേരളം,കേരളം... എന്ന് യേശുദാസും പാട്ടിലൂടെ നമ്മെ പാട്ടിലാക്കിയ കാര്യം നാട്ടില്‍ മുഴുവന്‍ പാട്ടാണെന്ന് ഏത് മലയാളിക്കാണ് അറിഞ്ഞു കൂടാത്തത്.

              പോരാത്തതിന് കേരം നമ്മുടെ കല്പവൃക്ഷം എന്ന് തെറ്റ് കൂടാതെ പറയാനും എഴുതാനും ആശാന്‍ തല്ലി പഠിപ്പിച്ച കഥ മറക്കാനാവുമോ?ഓ സോറി, അകക്കണ്ണ് തുറപ്പിക്കാന്‍ ഇപ്പോഴത്തെ പിള്ളാര്‍ക്ക് ആശാന്‍ വന്നിട്ടുണ്ടാവില്ലെന്നുള്ള കാര്യം ഞാന്‍ പാടെ മറന്നു. അവര് ബാ ബാ ബ്ലാക്ക് ഷീപ് എന്ന് പറഞ്ഞാണല്ലോ "നേര്സാരി"ക്ലാസില്‍ ഉരുവിട്ട് തുടക്കം കുറിച്ചത്. (പില്‍കാലത്ത് അവര്‍ ബ്ലാക്ക് ഷീപ് ആകാതിരുന്നാലെ അതിശയമുള്ളൂ )

             അപ്പൊ എന്താണ് പറഞ്ഞു വന്നത്, ഓ കേര മാഹാത്മ്യം,തന്നെ," തന്നെ അപ്പീ,അപ്പിക്കെന്തരു? ഇപ്പളെ, ഇത്ര മറവികള്. സൂച്ചിക്കണേ  അപ്പി നമ്മടെ ലാലേട്ടന് ദോ എന്തരോ സിനിമകളില്, തന്മാത്രയോ, ആ എന്തെരെന്കിലുമാകട്ടെ ,വന്ന ഒരൂട്ടം   സൂക്കെടുണ്ടല്ലോ അപ്പീ അത് വരാതെ സൂച്ചിച്ചാല്‍ പിന്നെ ദുക്കികേണ്ട കേട്ടോ, ഞാ പറയാനുള്ളത് പറഞ്ഞു അത്ര തന്നെ "

            വീണ്ടും നമ്മള്‍ കാട് കയറി.ശങ്കരാ വീണ്ടും തെങ്ങിന്മേല്‍ കേറടാ.അങ്ങിനെ നമ്മുടെ ശങ്കരന്‍ അഗെയിന്‍ ഓണ്‍ ദി കൊക്നറ്റ് ട്രീ  അറിയാതെ പറഞ്ഞു പോയതാണേ, പൊറുക്കണേ മാളോരേ, കാരണം ഇപ്പം വന്നു വന്നു ചങ്കരന്‍ തെങ്ങിന്മേല്‍ കയറുന്നതിനും ഇറങ്ങുന്നതിനും കൂലി കൊടുക്കണമത്രേ )

ഇനി നമുക്ക് തുടരാം .

            അങ്ങിനെ ഞാന്‍ എന്ന ഈ ഞാന്‍ വീടുണ്ടാക്കി, കൂട് കൂട്ടാന്‍ തുടങ്ങിയ കാലം.ഇന്നേക്ക് ഏതാണ്ട് ഇരുപതു വര്ഷം മുന്‍പ്.  ആകെയൊള്ള ഇത്തിരിപ്പൂരം മണ്ണില്‍ പത്തു തൈ വച്ചു .സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കായ് പത്തു തിന്നാം എന്നാണല്ലോ പ്രമാണം (ഇത് കേട്ട് ഞങ്ങളുടെ "സമ്പത്ത്" എന്ന് പേരുള്ള ഒരു സുഹൃത്ത് ഒരു ദിവസ്സം "കാലത്ത്" - ഉറക്കപ്പായില്‍ നിന്നും എഴുന്നേറ്റപ്പോള്‍ - തന്നെ തെങ്ങിന്‍ തൈ നട്ട കഥയും ഓര്‍ക്കാതിരിക്കാന്‍ വയ്യേ..) അങ്ങനെ ഞാന്‍ നട്ട തെങ്ങിന്‍ തൈകള്‍ തഴച്ചു വളര്‍ന്നു.ആദ്യത്തെ ചൊട്ട വിരിഞ്ഞു. തെങ്ങിന്‍ പൂക്കുല എന്‍റെ മനസ്സിലും പൂക്കുറ്റി (റസൂല്‍ പൂക്കുട്ടിയല്ല) പോലെ വിടര്‍ന്നു .പൂക്കള്‍ കൊച്ചിങ്ങയായി, തേങ്ങയായി, .തേങ്ങ ടെറസില്‍ നിന്ന് തന്നെ അടത്തുവാന്‍ കഴിഞ്ഞു .എല്ലാവരും സന്തോഷിച്ചു.

            കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു.  കുറച്ചു കാലം കൂടി കഴിഞ്ഞു. തെങ്ങുകള്‍ വളര്‍ന്നു വലുതായി. തെങ്ങ് കേറാന്‍, തേങ്ങയടത്താന്‍ മുറ തെറ്റാതെ ചങ്കരന്‍ വന്നു കൊണ്ടിരുന്നു. ഇതിനിടെ എന്‍റെ വീടിനു ചുറ്റും പുതിയ വീടുകള്‍ പണിതു. ക്രമേണ തെങ്ങുകയറാന്‍ ആള്‍ക്കാരില്ലെന്നു വന്നു. ഉള്ളവര്‍ക്കോ റിസഷന് മുന്‍പുള്ള നമ്മുടെ "സോഫ്റ്റ്‌വെയര്‍ടെക്കികളുടെ"പത്രാസും. ഇതിനിടെ തെങ്ങിന് മണ്ഡരിപിടിച്ചു. മണ്ഡരിയെന്ന യക്ഷിയെ തുരത്താന്‍ അടവുകള്‍ പതിനെട്ടും പയറ്റിനോക്കി...രക്ഷയില്ലയാശാനെ, അവസാനം കൃഷി ശാസ്ത്രഞ്ജന്‍ പറഞ്ഞുതന്നു  ഒരു പൂഴികടകന്‍ പ്രയോഗം അതിന്‍റെ രൂപം എന്‍ഡോസള്‍ഫാന്‍. മണ്ഡരി മതിയേ എന്‍ഡോസള്‍ഫാന്‍ വേണ്ടേ എന്ന് നിലവിളിച്ചുകൊണ്ടോടി, വല്ല വിധേനയും തടി കയ്ച്ചിലാക്കി എന്‍റെ മാളോരേ.

                   മണ്ഡരി പിടിച്ച തേങ്ങ ആര്‍ക്കും വേണ്ടാതായി. തേങ്ങയുടെ വില മധ്യവര്‍ത്തി മലയാളി സമൂഹത്തിന്‍റെ  വിലയിടിയുന്ന  പോലെ നിരന്തരം താഴേക്കു ഉരുണ്ടു പോയ്കൊണ്ടിരുന്നു . തെങ്ങോലകളും വെള്ളക്കയും എന്തിന്നു തേങ്ങ പോലും കൊഴിഞ്ഞു വീഴാന്‍ തുടങ്ങി . അയലത്തുകാര്‍ പരാതിയായി. തെങ്ങ് വെട്ടി മാറ്റണമെന്ന മിനിമം ഡിമാന്ടുമായി പരാതികളുടെ പ്രവാഹം തന്നെ.അവസാനം തെങ്ങ് വെട്ടാന്‍ തന്നെ മനസില്ലാ മനസോടെ സമ്മതം മൂളി .അപ്പോള്‍ വീണ്ടും വില്ലന്‍റെ  രംഗ പ്രവേശം. വെട്ടുകൂലി തെങ്ങ് ഒന്നിന് മൂവായിരം , കയറ്റു കൂലി രണ്ടായിരം പിന്നെ നോക്ക് കൂലി ഒരായിരം അങ്ങിനെ ആറായിരം. തെങ്ങ് വച്ച കാലത്ത് എന്‍റെ  ഒരു ചങ്ങാതി  പറഞ്ഞ കാര്യം ഞാനോര്‍ത്തു പോയി അന്നദ്ദേഹം പറയുകയുണ്ടായി "ഈ തെങ്ങില്‍ നിന്നും കിട്ടുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ ചിലവാകും ഇത് വെട്ടി മാറ്റാന്‍".അന്ന് ഞാന്‍ പറഞ്ഞു "തെങ്ങ് ചതിക്കയില്ല ചങ്ങാതി "ആ സുഹൃത്തിന്‍റെ  ദീര്‍ഘ വീക്ഷണത്തിനു നമോവാകം.

                   ഇനി തെങ്ങും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ട് പോവൂല്ലിഷ്ടാ.കാരണം തെങ്ങില്ലാതെങ്ങിനെ തെങ്ങിന്മേല്‍ ചാരി നില്‍ക്കും "ചങ്കരന്‍ പിന്നേം തെങ്ങിന്മേല്" എന്ന പഴഞ്ചൊല്ലും മാറ്റി പകരം "വഞ്ചി തിരുനക്കരെ തന്നെ" എന്നാക്കിയാലോ ?

                  ഇവിടെ തെങ്ങാണോ ചതിച്ചത്, മനുഷ്യനാണോ ചതിച്ചതെന്നെനിക്ക് ബല്യ പുടീല്ല മാളോരേ പക്ഷെ, ഒരു കാര്യം തീര്‍ച്ചയാണ് ഒരേ സമയം തെങ്ങ് വയ്ക്കാനും തെങ്ങ് വെട്ടാനും സഹായിക്കുന്ന നമ്മുടെ കൃഷി വകുപ്പ് ഒന്ന് കൂടി ഊര്‍ജിത നാളികേര കൃഷി  ഗവേഷണ, നിരീക്ഷണ, പ്രോത്സാഹനം തുടങ്ങിയാല്‍ മദ്യ രഹിത കിനാശ്ശേരി എന്ന് സത്യന്‍ അന്തിക്കാടന്‍ സിനിമയിലെ  ഡയലോഗ്  പറയുന്ന ലാഘവത്തോടെ നമുക്കും പറയാം കേര രഹിത കേരളം നീണാള്‍ വാഴട്ടെ !!!!