Thursday, October 30, 2014

ആറ്റു വാള

ആറ്റിലൊരു വാള കണ്ടു
വാള  പിടിക്കാൻ
വള്ളിക്കു പോയി
വള്ളി ചുറ്റിപ്പിടഞ്ഞു വീണു
കള്ളിയവൾ   കണ്ടു നിന്നേ......













പുതു മഴ പെയ്തു തോടുകളിലും പുഴകളിലും നല്ല ഒഴുക്കുള്ള സമയത്ത് ഒഴുക്കിനെതിരെ നീന്തി വരുന്ന ഒരു ശുദ്ധ ജല മത്സ്യമാണ്

ആറ്റു വാള . "കാശിനെട്ടു" എന്ന മലയാള മൊഴി "കാഷ്യുനട്ട്" എന്നാക്കിയതുപോലെ സായിപ്പ് നമ്മുടെ ആറ്റു വാളയെയും മാറ്റി വാളഗോ ആറ്റു (wallago attu)എന്ന ഇന്ഗ്രീസ് പേരിലാക്കിയെന്നു കഥ

വളരെ വലുപ്പം വയ്ക്കുന്ന ആറ്റു വാളക്ക് ഏതാണ്ട് 2.5 മീറ്റർ വരെ നീളവും 30 കിലോ തൂക്കവും വരെയുണ്ടാകാം .ശരിക്കും ഒരു മാംസാഹാരപ്രിയനായ ഇതിനെ ചൂണ്ടയിൽ ജീവനുള്ള ചെറിയ തവള,മറ്റു മത്സ്യങ്ങൾ ഇവയെ കോർത്തിട്ടു ആറ്റിന് കുറുകെ വെള്ളത്തിൽ വലിച്ചുകെട്ടിയ ചൂണ്ടകൾ ഉപയോഗിച്ച് പിടിച്ച്ചുരുന്നതായി ഞാൻ ഓർക്കുന്നു .

വല വീശിപ്പിടിച്ചപ്പോൾ വല വലിച്ചെടുക്കുമ്പോൾ വലയുടെ തൊടു വളയഭാഗത്തേക്ക് ശക്തിയായി കുതിച്ചെത്തിയപ്പോൾ വലക്കാരനു നെഞ്ചില ഇടി കിട്ടി ബോധരഹിതനായി എന്നൊരു കഥയും ഞാൻ കേട്ടിട്ടുണ്ട്

വളരെ രുചികരമായ ആറ്റുവാളക്കറി പണ്ട് മദ്ധ്യതിരുവിതാങ്കൂറിലെ കൃസ്ത്യാനികളുടെ കല്യാണ സദ്യക്ക് വിശിഷ്ട വിഭവം ആയിരുന്നത്രെ (ആറ്റുവാളത്തലക്കറി ഈ ഭാഗങ്ങളിലെ കള്ളുഷാപ്പുകളിലും ഇഷ്ട വിഭവം ആയിരുന്നു. )


വരാൽ (ബ്രാൽ )




















വരാൽ (ബ്രാൽ )

"കുളത്തില്‍ ഇമ്മിണി വെല്യ ബ്രാല്‍ (വരാല്‍) ഉള്ളപ്പോള്‍ വട്ടുടിയെ ആര്‍ക്കു വേണം?!" 

ഈ നാടൻ ചൊല്ലിലെ ബ്രാൽ അല്ലെങ്കിൽ വരാൽ നമ്മുടെ ഉൾനാടൻ

ജലാശയങ്ങളില്‍ പരക്കെ കണ്ടു വരുന്നതും Channa Striata. എന്ന ശാസ്ത്ര

നാമവുമുള്ള ഒരു മത്സ്യമാണ്.

വരാൽ ബ്രാല്‍, വ്രാല്‍, കണ്ണന്‍, കൈച്ചില്‍ എന്നിങ്ങനെ വിവിധ

വിളിപ്പേരുകളിൽ ഇവ പ്രാദേശികമായി അറിയപ്പെടുന്നു.

ഏകദേശം മൂന്ന് കിലോതൂക്കം വരെ വലുതാകും  ഈ മത്സ്യം.

സാധാരണ കുളങ്ങൾ, തോടുകൾ ,തുടങ്ങിയ ജലാശയങ്ങളിലെ വെള്ളം

വറ്റിക്കുമ്പോഴാണ്  ഇവയെ കൂടുതലായി ലഭിക്കുന്നത്. ചെളിയിൽ പൂണ്ടു

കിടക്കുന്നതിനും മാസങ്ങളോളം ചെളിയില്‍ ജീവിക്കാനും  ഇവയ്ക്കു് കഴിയും

.ഇതിന്റെ ശരീരത്തിൽ വഴുവഴുപ്പുള്ള ദ്രാവകം നല്കുന്ന ഈർപ്പം

നിലനിൽക്കുന്നിടത്തോളം കാലം കരയിലും ഏറെ നേരം കഴിയാൻ

പ്രാപ്തമായ രീതിയിലാണ് ഇതിന്റെ ശ്വസനേന്ദ്രിയങ്ങൾ.
"
വരാൽ പാർപ്പുകൾ" എന്ന് വിളിക്കപ്പെടുന്ന  കുഞ്ഞുങ്ങള്‍ക്ക് ചുവപ്പ്

നിറമാണ്.ചെറിയ ചെമ്പു സൂചികൾ വെള്ളത്തിൽ വിതറിയത് പോലെയുള്ള

ഈ കുഞ്ഞുങ്ങൾക്ക്‌ കാവലായി എപ്പോഴും അതിന്റെ മാതാ പിതാക്കൾ

 ജാഗ്രതയോടെ   സമീപത്തുണ്ടാകും .ഈ പ്രത്യേകത നിമിത്തം ഇവയുടെ വംശ

വർധനവിന്റെ തോത് വളരെ കൂടുതലാണ്.


വരാലിന്റെ തന്നെ കുടുംബത്തില്‍ ചേറുമീന്‍ അഥവാ പുള്ളിവരാല്‍ (Channa

marulius)[3], വാക (Channa micropeltes) എന്നിവയും ജലാശയങ്ങളില്‍ കണ്ടു

വരുന്നു..

വരാലിന്റെ കുടുംബത്തിൽ പെട്ട  വിവിധ തരം മത്സ്യങ്ങളുടെ വിവരം താഴെ

ചേര്ക്കുന്നു

ചേറുമീന്‍ അഥവാ പുള്ളിവരാല്‍ (Channa marulius)[3], വാക (Channa micropeltes) ,

പുലിവാക, (Channa diplogramma)  ശരീരത്തിൽ കൂടുതൽ പുള്ളികൾ ദൃശ്യമാണ്

ഇവയൊക്കെ സമാനമായ കറുത്ത നിറമുള്ളവയും  ഇവയുടെ വയർ ഭാഗത്ത്

വെളുത്ത പുള്ളികൾ നിറഞ്ഞവയുമാണ് . താരതമ്യേന വലിപ്പത്തിൽ ചെറിയ

വരാലുകൾക്ക് മഞ്ഞകലർന്ന നിറമായിരിക്കും.

വരാൽ പൊതുവെ രുചികരവും പ്രിയങ്കരവുമായ മീനാണ്

 ഉണക്കി അച്ചാറിട്ടു കൂടുതൽ കാലം ഉപയോഗിക്കാനും കഴിയും

ഇതിനു ഔഷധഗുണവുമുണ്ട്.ആസ്തമ ചികിത്സക്കുള്ള പച്ചമരുന്നു വരാൽ

കുഞ്ഞിന്റെ വായിൽ വച്ചാണ് ജീവനോടെ വിഴുങ്ങുന്നത്.  


വട്ടുടി ,വട്ടാൻ,പൊട്ടൻ (Channa orientalis ) എന്നൊക്കെ അറിയപ്പെടുന്ന മീൻ

കാഴ്ചയിൽ വരാലിന്റെ സാദൃശ്യമുള്ളതാണെ ങ്കിലും  ഭക്ഷ്യയോഗ്യമായി

കരുതപ്പെടുന്നവയല്ല.

Wednesday, October 29, 2014

കല്ലേമുട്ടി


















"


അക്കുത്തിക്കുത്താന വരമ്പേൽ കല്ലേ മുട്ടി,കരിംകുട്ടി" എന്ന കളി ബാല്യത്തിൽ

ഒരിക്കലെങ്കിലും കളിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.

ഈ കളിയിലെ കഥാ പാത്രമായ കല്ലെമുട്ടിയെ ക്കുറിച്ചു ചില കാര്യങ്ങൾ

അറിയാൻ ശ്രമിക്കാം

നമ്മുടെ ജാലാശയങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരു മത്സ്യമാണ് കല്ലേ മുട്ടി.

അനബാസ് ടെസ്റ്റുദിനയൂസ്‌(nabas testudineus ) എന്ന  ശാസ്ത്രീയ നാമധാരിയായ

കല്ലെടമുട്ടി,

കല്ലേമുട്ടി, കരിംകുട്ടി കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേറി, കല്ലുരുട്ടി,

ചോവനെ കൊല്ലി, ചെമ്പല്ലി  ഇങ്ങനെ പ്രാദേശികമായ വിവിധ നാമങ്ങളിൽ

ഇവ അറിയപ്പെടുന്നു.


ശുദ്ധ ജല മത്സ്യമാണെങ്കിലും വെള്ളം തീര്ത്തും  വറ്റിയ ചെളിക്കുണ്ടുകളിൽ

പോലും കഴിയാൻ സാധിക്കുന്ന ഇവയ്ക്കു   അന്തരീക്ഷ വായുവിൽ

നിന്ന്നേരിട്ട്  ശ്വസിക്കുവാൻ പര്യാപ്തമായതിനാലും  അതിന്റെ ബലമുള്ള

മുള്ള് നിറഞ്ഞ പാർശ്വ ചിറകുകളുടെ സഹായത്താൽ  കരയിലൂടെ പോലും

ഏറെ ദൂരം സഞ്ചരിച്ചു സമീപസ്ഥമായ മറ്റൊരു ജലാശയത്തിൽ

എത്തിച്ചേരുവാനും കഴിയുന്നു.


ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ

കണ്ടുവരുന്ന കല്ലെമുട്ടിക്കു ഏതാണ്ടു  20 സെന്റീമീറ്റർ വരെ നീളമുണ്ടാകം .

ശരീരത്തിന്റെ മുകളിലും താഴെയുമായി ബലമേറിയ മുള്ളുകളുടെ ഒരു

നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമോ മഞ്ഞ കലർന്ന പച്ച നിറമോ

 ശരീരത്തിനുണ്ടാവാം.

 കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും

കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു.


പണ്ട് ചൂണ്ടയിൽ വെറും തുമ്പപ്പൂ കൊരുത്തു പോലും ഞാൻ ഇവയെ

പിടിച്ചിട്ടുണ്ട് .ചൂണ്ട താഴേക്ക്‌ വീഴ്ത്തിയാലുടനെ തന്നെ ഇവ ചൂണ്ടയിൽ

പെട്ടെന്ന് തന്നെ ചാടിപ്പിടിക്കുമായിരുന്നു.

വെള്ളപ്പൊക്കത്തിലും തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെയും

വളരുന്ന  കന്നിക്കൊളപ്പാല ,ചെന്നെല്ല്, ഇവ  കതിരാകുമ്പോൾ തുലാ മഴയിൽ

പുതു വെള്ളത്തിൽ പുളച്ചു വരുന്ന ഇവറ്റകളെ ചൂണ്ടയിൽ പിടിക്കുമ്പോൾ

വായിൽ നിന്ന് നെൽകതിരിലെ നറുമ്പാൽ  ഊറിയിരുന്നതായി ഞാൻ

ഓർക്കുന്നു.


NB ഇവ  അത്ര രുചിയുള്ള മീനല്ല,എങ്കിലും  വറുത്തുപയോഗിച്ചാൽ  നന്ന്

Tuesday, October 28, 2014

തിലോപ്പിയ



ഒരിയോക്രോമിസ് മൊസാംബികുസ് , (Oreochromis mossambicus))എന്ന ശാസ്ത്രീയ നാമത്തിലുള്ള തിലോപ്പിയ (Mozambique Mouthbroode) പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ നാട്ടിലെത്തി അതിവേഗം തന്റെ ആധിപത്യം നമ്മുടെ ജലാശയങ്ങളിൽ സ്ഥാപിച്ച ആഫ്രിക്കൻ വിദേശിയാണ്‌.
 മത്സ്യങ്ങളെക്കുറിച്ചു സാമാന്യ ജ്ഞാനമില്ലാത്ത ഉപഭോഗ്താക്കളെ "കരിമീൻ" എന്നുപറഞ്ഞ് പറ്റിക്കുവാൻ മത്സ്യ വ്യാപാരികൾ നൽകാറുള്ള ഒരു മീൻ ആണ് തിലോപ്പിയ.
ഫെയ്സ് ബുക്കിൽ കാണപ്പെടുന്ന ഫെയ്ക്ക് പ്രൊഫയിലുകൾ പോലെ യഥാർത്ഥ കരിമീനിന്റെ രുചിയോ ഗുണമോ ഭംഗിയോ ഇല്ലാത്ത വെറും ആൾമാറാട്ടക്കാരാണിവ. തിലാപ്പിയ, തിലോപ്പി സിലോപ്പി തുടങ്ങി വിവിധ പേരുകളിൽ ഇവ അറിയപ്പെടുന്നു.പല നിറത്തിലും രൂപത്തിലും തിലോപ്പിയ
കാണപ്പെടുന്നു.
ജന്മം കൊണ്ട് ആഫ്രിക്കൻ വംശജനാണ് എങ്കിലും കർമം കൊണ്ട് തനി നാടനായി മാറി ,ഏതുപ്രതികൂല  സാഹചര്യത്തിലും വളരുവാൻ കഴിവുള്ള ഈ മത്സ്യം .
ചീത്തകൾ കൊത്തി ഭക്ഷിക്കുവാൻ ഏറ്റം പ്രിയമേറുന്ന നമ്മുടെ കാക്കയെന്ന പക്ഷിയെപ്പോലെ ഇവ ജലമലിനീകരണം എത്ര  കൂടിയാലും ആ ആവാസ വ്യവസ്ഥയിലും ജീവിക്കുമെന്നതിനാൽ അഴുക്കു ചാലുകളിലും വളരും .
കൊതുകുകളുടെ ലാർവ ഭക്ഷിക്കുന്നതിനാൽ നഗരങ്ങളിലെ ഓടകളിൽ പോലും ഇവയെ വളർത്താറുണ്ട് .
അതിവേഗം ഉയർന്ന നിരക്കിൽ വംശ വർധനവ്‌ നടത്തുന്നതിനാൽ ഒരു വളർത്തു മത്സ്യമായി (ഫാം ഫിഷ്‌ ) മത്സ്യകൃഷിക്കാർ  ഇവക്കു പ്രാമുഖ്യം നൽകി വരുന്നു .ഇവ പെട്ടെന്ന് വളർന്ന്  ഒരടിയോളം നീളവും ഒരു കിലോഗ്രാം   ഭാരവും വരെ ആകാറുണ്ട് .
മറ്റു ചെറു മത്സ്യങ്ങൾക്ക് വിനാശകാരിയായ ഈ മീൻ നമ്മുടെ അണക്കെട്ടുകൾ പോലെയുള്ള ജലാശയങ്ങളിൽ ധാരാളമായി വളരുന്നു.
മലിനജലത്തിൽ വളരുമെന്നതിനാൽപൊതുവേ ഇവ മത്സ്യപ്രിയർക്കു അത്ര സ്വീകാര്യനല്ല.

Monday, October 27, 2014

ഒരുമ

 
 

കുളിരലയുയരുമൊരു ചെറു
 
കുളമതിലലഞ്ഞുവലഞ്ഞൊരു 

കുറുമ്പനുറുമ്പും, ഉറുമ്പിനു 
 
പ്രാണരക്ഷകനായൊരു പ്രാവും 
 
പ്രാവ് കൊത്തിയടർത്തിതാഴേ- 

ക്കിട്ടോരിലയതിലഭയം തേടു- 
 
മുറുമ്പും ചേർന്നാലനുകമ്പയുടെ,-
-
യൊരുമയുടെ,നിരുപമാമൊരു 
 
കഥയായ്,കഥയുള്ളൊരു 
 
സത് കഥയായ്ത്തീരും
 

പള്ളത്തി


പള്ളത്ത്യെക്കാണുമ്പോൾ
വെള്ളത്തിൽച്ചാടുന്ന 
കുള്ളത്തിപ്പെണ്ണിനെ
കണ്ടോരുണ്ടോ ?
എന്ന നാടൻ വായ്ത്താരിപ്പാട്ടിലെ പള്ളത്തിയുടെ ചില വിശേഷങ്ങൾ ഞാൻ ഇന്ന് ഇവിടെ കുറിക്കട്ടെ

കേരളത്തിലെ ജലാശയങ്ങളിൽ കണ്ടു വരുന്നതും (Etroplus suratensis )എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നമ്മുടെ വിശ്വ പ്രസിദ്ധമായ കരിമീനോട് ഏറെക്കുറെ രൂപ സാദൃശ്യവുമുള്ള (പരമാവധി വലുപ്പം 6 സെ.മീ ) ഒരു ചെറു മത്സ്യമാണ് പള്ളത്തി (Orange_chromide). മഞ്ഞ പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടു തരം പള്ളത്തികൾ കേരളത്തിൽ കണ്ടുവരുന്നു.സാധാരണക്കാരുടെ കരിമീൻ എന്ന് ഇവയെ വിശേഷിപ്പിക്കാം വറുത്തു ഉപയോഗിച്ചാൽ വളരെ രുചികരമാണ് ഈ മീനും.

Etroplus maculatus. എന്ന് ശാസ്ത്ര നാമമുള്ള ഈ ഉൾനാടൻശുദ്ധ ജല മത്സ്യം അവയുടെ നിലനിൽപ്പിനെതിരായുള്ള പ്രതികൂല സാഹചര്യങ്ങളോടു വംശവർദ്ധനവിനുള്ള പ്രത്യേക സിദ്ധിയിലൂടെ അന്യം നിന്നു പോകാതെ അതിജീവിച്ചു മുന്നേറുന്നു.

ആയുർവേദ ചികിത്സയിൽ പഥ്യം പറയുമ്പോൾ പൊതുവേ മത്സ്യം വർജ്യമെന്നു പറയുമ്പോഴും വേണമെങ്കിൽ പള്ളത്തി, കൊഴുവ തുടങ്ങിയവ ഉപയോഗിക്കാമെന്ന് പറയാറുള്ളത് അവയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവുള്ളത് കൊണ്ടാവാം

ധാരാളം ലഭിക്കുമ്പോൾ ഇവ ഉണക്കമീനായി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ മത്സ്യമാണ്.

ജീവനുള്ള പള്ളത്തികളെ കവുങ്ങിൻ പാള കൊണ്ടുണ്ടാക്കിയ കൂടിൽ ഇടുമ്പോൾ അവ കിടന്നു പിടയ്ക്കുമ്പോൾ ഒരുതരം ശബ്ദം ( chaattering noise ) കേൾക്കാം പണ്ടു മുത്തശിമാർ കൊച്ചു കുട്ടികൾ കലപിലയെന്നു സംസാരിക്കുമ്പോൾ പറയാറുള്ളത് "കുത്തോംപാളയിൽ പള്ളത്തിയെ ഇട്ടതു പോലെ ശബ്ദമുണ്ടാക്കാതിരിക്കിനെടാ പിള്ളേരെ" എന്നായിരുന്നു.(
ഒരു ചൂണ്ടക്കരന്റെ ആത്മഗതംകൂടി നല്കിക്കൊണ്ട് ഈ പള്ളത്തി പുരാണം 

ഞാൻ അവസാനിപ്പിക്കട്ടെ !

കള്ളക്കൊത്തിൻ
ആശാട്ടി
പള്ളത്തി നീയൊരു
ചുള്ളത്തി....

(ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ )

Wednesday, October 8, 2014

"ശാന്തി മന്ത്രം

 ശാന്തി മന്ത്രം

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"

മഞ്ഞിന്റെ മേലാപ്പിൻ മേലേ തെളിഞ്ഞൂ
സുന്ദരമായൊരു താരകം വാനിൽ
ഉന്നതമായൊരു ദേവാവതാരം
മന്നിൽ ഭവിച്ചതു ഘോഷിതമായി....

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
ഏവമൊരാലാപം  വാനിൽ മുഴങ്ങീ...
കൂരിരുളാകെയൊഴിഞ്ഞിതു ഭൂവിൽ!

കിഴക്കൊരു നക്ഷത്രം വാനിലുദിച്ചു
പിന്തുടർന്നെത്തി ശ്രേഷ്ഠ രാജാക്കൾ    

മൂർഖനാം ഹേരോദിൻ വാക്കു മറന്നു 
പൂജ്യരാജാക്കൾ പുൽക്കൂട്ടിലെത്തി , 
പൊന്ന്, മീറ, കുന്തുരുക്കവുമൊപ്പം

തങ്ങൾ തന്മാനസം കാഴ്ചയായ് നല്കി

ലോകൈക രക്ഷകാ ശ്രീയേശുനാഥാ
ഞങ്ങളും കാഴ്ച്ചയായർപ്പിച്ചിടുന്നു
സന്തോഷ- ദുഖഭരിതമാം ഞങ്ങടെ
നിർമലമായൊരു മാനസം നാഥാ....