Tuesday, December 5, 2023

സപ്തതി

 സപ്തതി

ഒന്ന്, രണ്ടു, മൂന്ന്
സാറ്റ് കളി തുടങ്ങാം
കണ്ണടച്ചു നില്ക്കാം
നൂറുവരേയെണ്ണാം
പത്തുവരേയെണ്ണി
ഒളിച്ചൊന്നുനോക്കി
കൺ ചിമ്മുന്നതുപോൽ
ബാല്യമെങ്ങോയൊളിച്ചൂ

അടുത്തപത്തിൽ നിന്നും
എടുത്തു ചാടിയെത്തി
കൗമാരകാലം
പിന്നിട്ടു വേഗം
അനാഗതശ്‌മശ്രു
കരിയാൽ മിനുക്കീ
യുവകോമളൻ ഞാൻ
തലയൊന്നുയർത്തി
പലകുറിനോക്കി
പ്രതിബിംബം നന്ന്

മുപ്പതിലെത്തും
മുൻപേ വന്നെത്തീ
മുനികന്യയൊരുവൾ
മമവാമഭാഗേ,
മധുവിധു കാലം
കൊതി തീരും മുൻപേ
അവനിങ്ങു വന്നു
അവകാശിയായി .

അരുമയായൊരുവൾ
കിശോരിയായെത്തി
അവർക്കൊപ്പം കണ്ടു
ജീവിതമാസ്വാദ്യം

കാലമാം രഥത്തിൻ
ചക്രമങ്ങുരുണ്ടു
പഞ്ചാംഗത്താളിൽ
ജന്മദിനം പലതായി
ഇന്നിവിടെത്തീ
സപ്തതി നിറവിൽ
സത് പുത്രനായി ,
സത് പതിയായി,
മുത്തച്ഛനായി
മുജ്ജന്മ പുണ്യം

കളി തുടർന്നോളൂ,
എണ്ണിത്തുടങ്ങൂ
നൂറെത്തിയാലേ
കൺ തുറക്കാവൂ

മുന്നേറി നീയീ
ജീവിതപന്ഥാവിൽ
ജേതാവിനെപ്പോൽ !
നിൻ ജൈത്രയാത്ര
നിർവൃതിയോടെ
കണ്ടവർ ഞങ്ങൾ
നൽകുന്നൊരായിരം
ആശംസാപ്പൂക്കൾ !









അത്തം


അത്തം പിറന്നൊരു കൊച്ചു പെണ്ണേ
ചിത്തം തെളിഞ്ഞു ചിരിക്കൂ പെണ്ണേ
പെണ്ണത്തം പൊന്നത്തമെന്നാണ് ചൊല്ല് 
അത്തം നാൾ സ്ത്രീകൾക്കുത്തമം താൻ
പുത്രസമ്പത്തേറി നിങ്ങൾ ഭൂവിൽ 
ഉത്തമസ്ത്രീരത്‌നമായി വാഴും

കവിത

 


കവിത രചിക്കാൻ കരവിരുതല്ലാ
കാവ്യാത്മകമാം ഭാവന വേണം
ഭാവനവേണമതിനൊപ്പംതന്നെ
ഭാഷയിൽ നല്ലവഗാഹംവേണം
ഭാഷയതങ്ങനെ ഭേഷായെഴുതാൻ
ഭോഷനെനിക്കവഗാഹമതുണ്ടോ?
അക്ഷരങ്ങൾ അമ്മാനമാടുവാൻ
അല്പമെങ്കിലും വ്വ്യുല്പത്തിവേണ്ടയോ
അക്ഷരങ്ങൾ പദങ്ങളാകുമ്പോൾ
അവയർത്ഥപൂർണ്ണമാതാകണം നിജം
അർത്ഥസമ്പുഷ്ഠമീയക്ഷരങ്ങളെ
കൃത്യമായങ്ങടുക്കിയെഴുതുവാൻ
വൃത്തശാസ്ത്രനിപുണനാവണം
വൃത്തമെന്നതൊട്ടറിയുകില്ലെങ്കിൽ
വ്യർത്ഥമാകില്ലാ, താളമുണ്ടെങ്കിൽ
താളവും സ്വരലയവുമുണ്ടെങ്കിൽ
താവക രചന കവിതയായ് വരും
താമരപ്പൂ സമാന മോഹിതം..

Monday, December 4, 2023

പാഞ്ചാലീ ശപഥം


അഷ്ടലക്ഷ്മിയാം വിജയലക്ഷ്മിതന്നംശമായ്
അഗ്നിയിൽ നിന്നുയർന്നുവന്ന ദേവിയാൾ
ദ്രുപതരാജശപഥപൂർത്തീകരണത്തിനായ് 
ദ്രൗപതി,പാർത്ഥന്റെ പ്രതിശ്രുതവധുവായി. 

ഭിക്ഷയായ് കിട്ടിയതൊന്നിച്ചുതുല്യമായ്
ഭക്ഷിക്കുവാനമ്മചൊന്നതിനാലല്ലോ
ഇഷ്ടപത്‌നിയായ്പാണ്ഡവർക്കേവർക്കും 
ശിക്ഷപോലെ കൃഷ്ണ, പാഞ്ചാലിയായത്രേ!

പാഞ്ചാലീസ്വയംവരവേദിയിൽ കർണ്ണനും
പാരിഹാസ്യരായ് ഇന്ദ്രപ്രസ്ഥേയാകൗരവർ
പാഞ്ചാലിതൻ പൊട്ടിച്ചിരി കേട്ട് സുയോധനൻ
പരിഹാരാർത്ഥമുഗ്രശപഥമെടുത്തത്രേ!

ചൂതുകളിയിലാകെതോറ്റപ്പോൾ ധർമ്മജൻ 
ഏതുമില്ല,പണയമേകിടാനെന്നായപ്പോൾ 
പാതിമെയ്യായകൃഷ്ണയെപ്പോലുമവരന്ന്
ചൂതിനുപണയവസ്തുവായ് നൽകി പോൽ !

കള്ളച്ചൂതിലതിവൈഭവർ,കൗരവർ
തുള്ളിയാർത്തു ജയഭേരിയിൽ, കൃഷ്ണയെ
ഭള്ളുവിളിച്ചപഹസിച്ചെന്നതുമല്ല,വളുടെ
വെള്ളവസ്ത്രങ്ങളോരോന്നായഴിച്ചല്ലോ 

നഗ്നയാക്കപ്പെടുവതറിഞ്ഞൊരു കൃഷ്ണയോ 
ഭഗ്നയായ്‌,മാനം രക്ഷിപ്പതിന്നായവൾ
കൃഷ്‌ണാ,കൃഷ്ണായെന്നു വിലപിക്കയാൽ
കൃഷ്ണനന്നവൾക്കേകി സംരക്ഷണം

"കെട്ടഴിഞ്ഞ മുടി കെട്ടിവയ്ക്കണമെങ്കിൽ 
വെട്ടിപ്പിളർത്തണം ദുശാസനനെഞ്ചകം
നെഞ്ചകം തന്നില് നിന്നുമൊഴുകുന്ന 
ചെഞ്ചോരയെന്റെ മുടിയിൽ പുരട്ടണം"
ഇത്ഥം ശഠിച്ച പാഞ്ചാലി പ്രതികാരത്തിൻ
മൂർത്തമാം രൂപമായി ഭവിച്ചല്ലോ 
കീർത്തിതമായവൾ സ്ത്രീതന്നഭിമാന 
പാത്രമായെന്നുമാദരണീയയായ്!

Sunday, December 3, 2023

പുനഃസമാഗമം

 

ഓർമ്മകൾ ഓടിക്കളിക്കുന്നോരെൻ വീടി-

ന്നോരത്ത് ചെന്നുഞാനെൻ കിനാവിൽ.  

ആ വീടിന്നോടുഞാൻ വിടചൊല്ലിയിട്ടിന്നോ-

രാറേഴുവർഷത്തിന് മേലെയായി.


എന്തിനാണെൻ വീട് വിറ്റു ഞാൻ പോയിയ -

തെനിക്കിന്നുമജ്ഞാതമാം കാര്യമല്ലോ? 

എന്റെ ബാല്യ -കൗമാര വികൃതികൾ-

ക്കെന്നുമഭയമായ് നിന്ന വീട്. 


എൻപ്രിയഭവനമതെന്നുമെനിക്കൂർജ്ജ-

മൻപോടെയേകിയ മാതൃഗേഹം. 

വീണ്ടും ഞാനിവിടെയെത്തിയപ്പോഴയ്യോ,  

വിഷാദഭരിതമായെന്റെയുള്ളം.


വീട്‌ കാണുന്നില്ലാ,യെൻവീടില്ല,വിടതാ 

ഭീകരം! ഫ്‌ളാറ്റിന് സമുച്ചയം താൻ!

എത്രയോ നിലകളായ് കെട്ടിയുയർത്തിയ

പത്രാസുകാട്ടുന്ന വൻ നിർമ്മിതിയായ് 


കോട്ടപോൽചുറ്റുമതിൽകെട്ടിപ്പൊക്കി,നേർ-

ക്കാറ്റിന്റെപോലും ഗതിതടഞ്ഞു.  

തൊടിയിൽ നിറഞ്ഞൊരാവൃക്ഷലതാദികൾ 

അടിവേര് മാന്തിയുമില്ലാതാക്കി !


നടവഴിയും പിന്നെ നടുമുറ്റവുമമ്പേ 

അടപടലമാകെ"ടൈലു"പാകി.  

ഒരു തുള്ളിവെള്ളവും കിനിയാതീഭൂമിയെ 

മരുഭൂമിയാക്കുന്ന "തറവേല"താൻ !


ഞാൻ വളർന്നതാംഭൂമിയപ്പാടെ മാറിയോ? 

ഞാനിവിടെയുമിന്നന്യനായോ? 

എന്റെ പുനഃസമാഗമം എത്രയോദു:ഖമായ് 

എനിക്കെന്നുമതോർമ്മയിൽ നീറ്റലായി. ..