Sunday, August 25, 2013

ശാന്തി


ശാന്തി 

അറിവ് നല്കിടാൻ ആശാനുണ്ടാവണം 
അറിഞ്ഞ വിദ്യതൻ പൊരുളറിയണം  
അഭ്യസിക്കണം,പൊരുള് തേടണം 
അഭ്യസിച്ചോരറിവുകളാലെ,നാം 
ജ്ഞാനിയായിടും ,മാനിയായിടും   
ജ്ഞാനമുള്ളവൻ ധ്യാനിയായിടും 
ധ്യാനമേകിടും സുബോധമെപ്പൊഴും
ബോധമുള്ളവൻ  ബുദ്ധനായിടും 
പ്രബുദ്ധനായവൻ ത്യാഗിയായിടും 
ത്യാഗികൾക്കല്ലോ ശാന്തി കിട്ടുക 
ശാന്തി,ശാന്തി,യെന്നമന്ത്രണം
            ശാശ്വതമാം സൌഖ്യമേകിടും            

Wednesday, August 21, 2013

അന്യായ വിധി

  


   അന്യായ വിധി 

ന്യായ വിധിക്കായ് യേശു മഹേശൻ  
ന്യായാധിപനുടെ മുന്നിൽ നിൽപ്പൂ  
"അവനെ കൊല്ലുക,കൊല്ലുക-"
യെന്നാർത്തുവിളിപ്പൂ,പരീശന്മാർ 
പീലാത്തോസിന്നരമനമുന്നിൽ 
തടിച്ചുകൂടിയ ജനതതി കേൾക്കെ  
കൈകൾ കഴുകിയവനുരചെയ്തു  
വിശ്വപ്രസിദ്ധമായൊരു വിധിന്യായം  
"പിലാത്തോസിൻ ന്യായ വിധി "   
"കൊല്ലുകയരുത്,വിട്ടേക്കവനെ" 
ചൊല്ലീ നല്ലൊരു വിധിവാക്യം...
എഴുത്തുകാരതു കുറിച്ചതിൻ പടി 
നടത്തിയല്ലോ വിധിന്യായം .
കുറിച്ചെടുത്തവനെഴുതിയതിപ്പടി 
കൊല്ലുക,അരുത് വിട്ടേക്കല്ലേ ,
"കൊല്ലുക,അരുത് വിട്ടേക്കല്ലേ" 
അശ്രദ്ധയോടെ എഴുതിയതിൻ 
ഫലമതെത്ര കഠിനം ചിന്തിക്കൂ.... 

Sunday, August 18, 2013

വസുധൈവ കുടുംബകം

വസുധൈവ കുടുംബകം


ഹരിതമോഹനം,നയനകാമനം
ധരണി നിന്നുടെ ഭാവമത്ഭുതം.
ധവളശോഭിതം,മൌലിയുന്നതം
സാന്ദ്രമോഹനം, നീലസാഗരം.

വിടപിയുജ്ജ്വലം,വന്യ സൌന്ദര്യം.
തടിനിപൂരിതം,അമൃതമാം ജലം
മധുരസുസ്മിതം,കുസുമ കോമളം .
ശ്രവണസുന്ദരം,വിഹഗ കൂജനം

മൃദുല ഭാഷിതം, മന്ദമാരുതന്‍ .
ചടുലവാചാലം,മേഘ ഗർജ്ജിതം 
സുഫല സമ്പുഷ്ടം,തരുലതാദികള്‍
സുഖദജീവിതം,മർത്യന്നൂഴിയില്‍.

അനന്തസീമമാം വ്യോമമണ്ഡലം
അതിനുമുപരിതാന്‍ മർത്യ ഭാവന.
ഇഹ,വിനാശകം,വിത്തെറിഞ്ഞിടാന്‍
ഇനിയുമെത്തിടും ദുഷ്ടശക്തികള്‍

അവരെ നിര്‍ദ്ദയം നിഗ്രഹിച്ചിടാൻ 
അവതരിച്ചിടും ശൈവശക്തികള്‍
ശാന്തശീലരാം  വെണ്‍ക‍പോതങ്ങള്‍ ‍
ശാന്തിദൂതരായ്‌ ചിറകുവീശണം .

ഹിംസ്രജന്തുക്കള്‍ പേടമാനൊപ്പം
ഹിംസയെന്യേ,സഹവസിയ്കണം
എകഭാവനാ,വര്‍ണ്ണ ശലഭങ്ങള്‍
മാരിവില്ലൊളി, തൂകിനില്‍ക്കണം

ഇവിടെ, ഭൂമിയില്‍,പണിതുയരണം
സര്‍ഗ്ഗ സൃഷ്ടിതന്‍ പുണ്യമാം ഗൃഹം
ഒരു കുടുംബമായ് ഒത്തു വാഴണം
വസുധ നമ്മുടെ വസതിയാകണം

സഫലമാകണം ജന്മമൂഴിയില്‍
സമയമില്ലഹോ,പാഴിലാക്കുവാന്‍ .
സഫലമാകണം ജന്മമൂഴിയില്‍
സമയമില്ലഹോ,പാഴിലാക്കുവാന്‍ .

(സെന്റെര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ് സ്ടടീസിന്റെ ,ആഭി മുഖ്യത്തില്‍ വര്ഷം തോറും നടത്തുന്ന പ്രൊഫ്‌സര്‍ സി കരുണാകരന്‍( സ്ഥാപക ഡയറക്ടര്‍,സെസ് ) സ്മാരക പ്രഭാഷണ പരമ്പരയുടെ പ്രഥമ സമ്മേളനത്തില്‍ ‍ അവതരിപ്പിച്ചത് )

Friday, August 16, 2013

ഓണസ്മൃതികള്‍

ഓണസ്മൃതികള്‍

















ഓണസ്മൃതികള്‍

ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)

തെങ്ങോലത്തുമ്പത്ത് 
തഞ്ചത്തിലാടുന്ന
മൊഞ്ചുള്ള പൈങ്കിളി 
ചോദിപ്പൂ ...
തിരുവോണക്കാലത്തീമലയാളക്കരതന്നിൽ 
തിരതല്ലുമാഹ്ലാദമെങ്ങേപോയ്‌.
എങ്ങേപോയ്‌... 
എങ്ങേപോയ്‌...

പുത്തനുടുപ്പുമായ് പത്രാസുകാട്ടി
നൃത്തം ചവിട്ടുന്ന പൂത്തുമ്പിയെപ്പോൽ ,
പൂവട്ടിയുമായിപ്പൂമരം തേടുന്ന
ചേലുറ്റ ബാല്യങ്ങളെങ്ങേപോയ്
എങ്ങേപോയ്‌... 
എങ്ങേപോയ്‌...

നനുനനെപ്പെയ്യുന്ന മഴയിൽ നനഞ്ഞിട്ടു 
തുമ്പപ്പൂത്തേനുണ്ടുനിര്‍വൃതിയും നേടി, 
പൊന്നോണവെയിലില്‍തുള്ളിക്കളിക്കുന്ന
നല്ലോമല്‍ചിറകുവിടർത്തിപ്പറക്കുന്ന  
പൊന്നോണതുമ്പികളെങ്ങേപോയ്‌.
എങ്ങേപോയ്‌...
എങ്ങേപോയ്‌...

തുടികൊട്ടിപ്പാടുന്ന പാണനും, പുള്ളുവ-
ക്കുടമേന്തിനില്‍ക്കുന്ന തളിര്പുള്ളോത്തിയും
പുള്ളോത്തിപ്പെണ്ണിന്റെ വായ്ത്താരികേട്ടു  
പള്ളിയുണരുന്നനാട്ടിൻപുറങ്ങളുമെങ്ങേപോയ്...
എങ്ങേപോയ്‌... 
എങ്ങേപോയ്‌...

ഇടവഴിതോറുമലയുന്ന പിള്ളേരും
കടിപിടി കൂടുന്ന പുലികളിസംഘവും
അടിപൊളിമേളം പകരുന്ന ചെണ്ടയും
തിമില,യിടയ്ക്ക,യിലത്താളവുമൊപ്പം
മതിമറന്നാടുന്ന കതിരണിപ്പാടവുമെങ്ങേപോയ്..
എങ്ങേപോയ്‌...
എങ്ങേപോയ്‌...

കനകനെല്പാടങ്ങള്‍ കൊയ്തുമുന്നേറുമ്പോൾ 
കലപിലയെന്നു ചിലയ്ക്കും കിളികളും,
കിളികളെ വെല്ലുന്നമധുമൊഴിമാര്‍ചേർന്നു 
മധുരമായ് പാടിയും കൈകൊട്ടിയാടിയും
വിഭവസമൃദ്ധമാംസദ്യയൊരുക്കുവാൻ 
അമ്മായിമാർ പോലുമടുക്കളപൂകുന്ന 
ഉത്രാത്രാടനാളിന്റെ വെപ്രാളവുംചേര്‍ന്ന
തറവാട്ടിന്‍ നടു മുറ്റംതന്നില്‍തകൃതിയായ് 
പൂവിട്ടുയരുന്നോരാര്‍പ്പുവിളികളും,
കൂക്കു വിളികളുമെങ്ങേപോയ്..
എങ്ങേപോയ്‌.. 
എങ്ങേപോയ്‌...

ഒരു നല്ലകാലത്തിന്നോര്‍മ പുതുക്കുന്ന,
ഗതകാലസ്വപ്നത്തിന്‍പുളകങ്ങള്‍ പൂക്കുന്ന, 
മഴയും വെയിലുമൊളിച്ചുകളിയ്ക്കുന്ന,
പുഴയുടെ പുളിനങ്ങള്‍ തേടിയലയുന്ന,
തിരകള്‍തന്‍താരാട്ടില്‍ വീണുമയങ്ങുന്ന,
വല്ലീനികുഞ്ജത്തിലന്തിയുറങ്ങുന്ന,
നിഴലും നിലാവുമിണചേര്‍ന്നുണരുന്ന
പഴമതന്നുന്മാദകഥകള്‍പറയുന്ന
കൗമാരമോഹങ്ങളെങ്ങേപോയ്‌..
എങ്ങേപോയ്‌... 
എങ്ങേപോയ്‌...

അഴല്‍തെല്ലുമില്ലാത്ത മൊഴികളിലൂറുന്ന
നിറപൌര്‍ണമിപോലെ നറുതേന്‍കിനിയുന്ന, അഴകാര്‍ന്നൊരെന്‍പ്രിയനാടിന്റെ സ്വപ്നമേ, 
ഇനിയുംവിരുന്നിനായെത്തുമോ,നിങ്ങൾ 
മലയാളനാട്ടില്‍ നന്മതൻ പുളകങ്ങള്‍
പൂക്കളായ്‌ ,പൂത്തുലഞ്ഞീടാൻ കനിയുമോ? 

തിരുവോണക്കാലത്തീ മലയാളത്തറവാട്ടില്‍
തിരതല്ലുമാഹ്ലാദമെന്നുമുയരട്ടെ !
മലയാളത്തനിമയീ പാരിന്റെനെറുകയിൽ 
കൊടി പാറി നില്‍ക്കട്ടെ മേല്ക്കുമേലെന്നാളും.

ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)

(ഇന്ന്  ചിങ്ങം ഒന്ന്, 

ആവണി മാസാരംഭം, 

മലയാളികളുടെ പുതുവത്സരദിനം 

എല്ലാ സുഹൃത്തുക്കൾക്കും 

പുതുവത്സരാശംസകളോടെ 

ഈ രചന സമർപ്പിക്കുന്നു)   




Sunday, August 11, 2013

പൂക്കാരി

Photo
പൂക്കാരി 

ആടിമാസത്തിമിർപ്പു കഴിഞ്ഞു  
ആടിക്കാർ പെയ്തൊഴിവായി . 
ആവണിപ്പൊന്നിൻ തേരിൽ
ആഹ്ലാദം വിരുന്നു വന്നു. 

പാടങ്ങൾ കൊയ്തൊഴിഞ്ഞു 
നാടാകെ സമൃദ്ധമായി. 
ഓടങ്ങൾ വഞ്ചിപ്പാട്ടിൻ 
താളത്തിൽ തുഴകളെറിഞ്ഞു.
ഓണനിലാവാകാശത്തോ, 
കളിവള്ളം പോലെ തിളങ്ങി.  

ആവണിപ്പാടമതൊക്കെ   
ആമ്പലപ്പൂ മൊട്ടുകളാൽ 
പുളകിത ഗാത്രികളായി, 
പുന്നാരം ചൊല്ലി വിരിഞ്ഞു. 
പൂമാരനെ വരവേറ്റിടുവാൻ  
പൂത്താലമെടുത്തു കഴിഞ്ഞു.  

കളിവഞ്ചിതുഴഞ്ഞുവരുന്നു,   
കരുമാടിക്കുട്ടൻ ഞാനും.   
ഒരുകുമ്പിൾ പൂവുകൾ നുള്ളി 
പൂക്കടയിൽ വിറ്റെന്നാകിൽ 
ഒരുനേരമഷ്ടികഴിക്കാൻ 
ഒരു ചില്ലിക്കാശു ലഭിയ്ക്കാം... 

ആകാശത്തമ്പിളിവഞ്ചി  
തുഴയുന്നൊരു സുന്ദരിയാളേ,   
നക്ഷത്രപ്പൂക്കളിറുത്തു  
തൻ കൂടയിലാക്കിവരുന്ന     
മാനത്തെ മാന്മിഴിയാളെ,  
പൂവെല്ലാം വട്ടിയിലാക്കി  
"സൂര്യന്റെ" കടയിൽ വിറ്റാൽ 
ഒരു ദിവസം കഴിച്ചു കൂട്ടാൻ 
മതിയായതു നിനക്കു കിട്ടും. 
അതിലല്പമെനിക്കു തരാമോ? 

മാനത്തെ പൂക്കൾ നുള്ളാൻ 
ഞാൻ കൂടി വന്നെന്നാകിൽ, 
നിൻ തോണിയിലെന്നേക്കൂടി   
നിൻ ചാരത്തിരുത്തിടാമോ ? 

Saturday, August 10, 2013

തൊട്ടാവാടി



തൊട്ടാവാടി 


Photo













            

നീയൊരു തൊട്ടാവാടിയാണെന്നോ ?
നിനക്കാല്മധൈര്യമില്ലാതെ പോയോ ? 
നിന്നെവെറുമൊരു മുൾചെടിയാക്കി
എന്തേയകറ്റുന്നു മാലോകരെല്ലാം ?
നിന്റെ മനസ്സിൽ തെളിവാർന്നു നില്പതു   
നീറും വിഷാദത്തിൻ  ചിന്തകളോ? 

പച്ചപ്പട്ടിന്നുടയാടയും ചുറ്റി നീ
പയ്യാരം ചൊല്ലി പര്യമ്പുറങ്ങളിൽ 
പൂക്കളുമായി കുണുങ്ങി നിന്നപ്പോൾ
ഏതോ ദിവാസ്വപ്നമാദക ലഹരിയിൽ
ഏറെ മുഴുകി നടന്നൊരു പഥികനെ 
ആരാരുമറിയാതെ ചുറ്റിപ്പിടിച്ചതും
ആകസ്മികമാം പരിരംഭണത്തിൽ
ആഗതൻ നിന്നെ തലോടിയപ്പോൾ  
നാണത്താൽ കൂമ്പിയൊരിലകളോടെ
ആകെപരവശയായ്ത്തളർന്നുവോ നീ ? 
കാമുകൻ തന്റെ പരിലാളനത്തിൽ
കാതരയായ്  നിൻ മിഴികൾ കൂമ്പിയോ ? 
തൊഴുകയ്യുമായി നീ മുനി കന്യയെപ്പോലെ  
തൊടിയിലനാഥയായ്  നില്പതെന്തേ?
പാതയോരത്തു പരിത്യക്തയായ്,വെറും 
പാഴ് ചെടിക്കൊപ്പം നീ നിൽപ്പതെന്തേ? .
പതിതയെന്നോതിതെരുവിലേക്കെന്തിനു
ചതിയിൽപ്പെടുത്തിയെറിഞ്ഞുനിന്നെ    

കാലിക്കൂട്ടങ്ങൾ യഥേഷ്ടംമേയുന്നു  
കാതരേ നിൻ ജന്മം പാഴിലായോ?. 
നിന്റെ മനോഹരപുഷ്പങ്ങൾ കണ്ടിട്ടും 
നിന്നിലെ നന്മകളൊന്നുമേ,കാണാതെ 
വെറുക്കപ്പെട്ടവെറും മുൾചെടിയായ് 
തിരസ്കൃതമായ് ,ബാലേ, നിന്റെ ജന്മം  

  

Thursday, August 8, 2013

സൗഹൃദം


സൗഹൃദം 

 Photo
സൗഹൃദം 
ഒരു ചെറു പുഞ്ചിരിയാലെ നേടാം,
ഒരുവനെ നല്ല സുഹൃത്താക്കിടാം
നല്ല സുഹൃത്തവരുണ്ടെന്നാകിൽ   
നന്മകൾ പൂക്കുമൊരുദ്യാനമതായ് 
നമ്മുടെ മനസ്സും പൂവണിയില്ലേ ?

ചങ്ങാതി 
ചങ്ങാതി നന്നായാൽ കണ്ണാടിയേ  
വേണ്ടെന്ന ചൊല്ലന്വർതമാക്കിടും 
ചങ്ങാതിയുണ്ടെങ്കിൽ ജീവിതം ധന്യമാം. 
സമ്പത്തു കാലത്തോരായിരം പേർ വന്നു
ചങ്ങാതിമാരായിട്ടൊപ്പമുണ്ടായിടാം.... 
ആപത്തു കാലം വന്നു ഭവിച്ചെന്നാൽ 
ആരുമേയുണ്ടാകില്ലെന്നും ധരിക്കണം