ഓണസ്മൃതികള്‍
ഓണസ്മൃതികള്‍
ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)
തെങ്ങോലത്തുമ്പത്ത്
തഞ്ചത്തിലാടുന്ന
മൊഞ്ചുള്ള പൈങ്കിളി
ചോദിപ്പൂ ...
തിരുവോണക്കാലത്തീമലയാളക്കരതന്നിൽ
തിരതല്ലുമാഹ്ലാദമെങ്ങേപോയ്.
എങ്ങേപോയ്...
എങ്ങേപോയ്...
പുത്തനുടുപ്പുമായ് പത്രാസുകാട്ടി
നൃത്തം ചവിട്ടുന്ന പൂത്തുമ്പിയെപ്പോൽ ,
പൂവട്ടിയുമായിപ്പൂമരം തേടുന്ന
ചേലുറ്റ ബാല്യങ്ങളെങ്ങേപോയ്
എങ്ങേപോയ്...
എങ്ങേപോയ്...
നനുനനെപ്പെയ്യുന്ന മഴയിൽ നനഞ്ഞിട്ടു
തുമ്പപ്പൂത്തേനുണ്ടുനിര്‍വൃതിയും നേടി,
പൊന്നോണവെയിലില്‍തുള്ളിക്കളിക്കുന്ന
നല്ലോമല്‍ചിറകുവിടർത്തിപ്പറക്കുന്ന
പൊന്നോണതുമ്പികളെങ്ങേപോയ്.
എങ്ങേപോയ്...
എങ്ങേപോയ്...
തുടികൊട്ടിപ്പാടുന്ന പാണനും, പുള്ളുവ-
ക്കുടമേന്തിനില്‍ക്കുന്ന തളിര്പുള്ളോത്തിയും
പുള്ളോത്തിപ്പെണ്ണിന്റെ വായ്ത്താരികേട്ടു
പള്ളിയുണരുന്നനാട്ടിൻപുറങ്ങളുമെങ്ങേപോയ്...
എങ്ങേപോയ്...
എങ്ങേപോയ്...
ഇടവഴിതോറുമലയുന്ന പിള്ളേരും
കടിപിടി കൂടുന്ന പുലികളിസംഘവും
അടിപൊളിമേളം പകരുന്ന ചെണ്ടയും
തിമില,യിടയ്ക്ക,യിലത്താളവുമൊപ്പം
മതിമറന്നാടുന്ന കതിരണിപ്പാടവുമെങ്ങേപോയ്..
എങ്ങേപോയ്...
എങ്ങേപോയ്...
കനകനെല്പാടങ്ങള്‍ കൊയ്തുമുന്നേറുമ്പോൾ
കലപിലയെന്നു ചിലയ്ക്കും കിളികളും,
കിളികളെ വെല്ലുന്നമധുമൊഴിമാര്‍ചേർന്നു
മധുരമായ് പാടിയും കൈകൊട്ടിയാടിയും
വിഭവസമൃദ്ധമാംസദ്യയൊരുക്കുവാൻ
അമ്മായിമാർ പോലുമടുക്കളപൂകുന്ന
ഉത്രാത്രാടനാളിന്റെ വെപ്രാളവുംചേര്‍ന്ന
തറവാട്ടിന്‍ നടു മുറ്റംതന്നില്‍തകൃതിയായ്
പൂവിട്ടുയരുന്നോരാര്‍പ്പുവിളികളും,
കൂക്കു വിളികളുമെങ്ങേപോയ്..
എങ്ങേപോയ്..
എങ്ങേപോയ്...
ഒരു നല്ലകാലത്തിന്നോര്‍മ പുതുക്കുന്ന,
ഗതകാലസ്വപ്നത്തിന്‍പുളകങ്ങള്‍ പൂക്കുന്ന,
മഴയും വെയിലുമൊളിച്ചുകളിയ്ക്കുന്ന,
പുഴയുടെ പുളിനങ്ങള്‍ തേടിയലയുന്ന,
തിരകള്‍തന്‍താരാട്ടില്‍ വീണുമയങ്ങുന്ന,
വല്ലീനികുഞ്ജത്തിലന്തിയുറങ്ങുന്ന,
നിഴലും നിലാവുമിണചേര്‍ന്നുണരുന്ന
പഴമതന്നുന്മാദകഥകള്‍പറയുന്ന
കൗമാരമോഹങ്ങളെങ്ങേപോയ്..
എങ്ങേപോയ്...
എങ്ങേപോയ്...
അഴല്‍തെല്ലുമില്ലാത്ത മൊഴികളിലൂറുന്ന
നിറപൌര്‍ണമിപോലെ നറുതേന്‍കിനിയുന്ന, അഴകാര്‍ന്നൊരെന്‍പ്രിയനാടിന്റെ സ്വപ്നമേ,
ഇനിയുംവിരുന്നിനായെത്തുമോ,നിങ്ങൾ
ഈമലയാളനാട്ടില് നന്മതൻ പുളകങ്ങള്‍
പൂക്കളായ് ,പൂത്തുലഞ്ഞീടാൻ കനിയുമോ?
തിരുവോണക്കാലത്തീ മലയാളത്തറവാട്ടില്‍
തിരതല്ലുമാഹ്ലാദമെന്നുമുയരട്ടെ !
മലയാളത്തനിമയീ പാരിന്റെനെറുകയിൽ
കൊടി പാറി നില്‍ക്കട്ടെ മേല്ക്കുമേലെന്നാളും.
ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)
No comments:
Post a Comment