Wednesday, November 28, 2012

താഴം പൂവേ താലോലം പൂവേ

 താഴം പൂവേ താലോലം പൂവേ

താഴം പൂവേ താലോലം പൂവേ
താഴത്തെ കാട്ടിലെക്കെന്തിനു വന്നു
കാമബാണങ്ങളിലൊന്നായി മാറാന്‍
കാമിച്ചു, ഞാന്‍ പോയി കാമനെതേടി.
കൂട്ടിന്നു വന്നൊരു ഗന്ധര്‍വനെന്നെ
പാട്ടിലാക്കി,വാനില്‍ ചുറ്റിനടന്നു.
പാതി വഴിക്കവനെന്നെ തഴഞ്ഞു
പാട്ടും പാടി പറന്നങ്ങു പോയി 

ഖിന്ന,ഞാന്‍ താഴേക്കു വന്നിടും നേരം
ഖിന്നതയാര്‍ന്ന ബ്രഹ്മാവിനെ കണ്ടു.
ശിവപാദം തേടിയലഞ്ഞ മഹാവിഷ്ണു
ശിവശീര്‍ഷ ദര്‍ശി ബ്രഹ്മാവിന്‍റെ, സാക്ഷി
കള്ളത്തരം ചൊല്ലിയെന്നതിനാല്‍ ഞാന്‍ 

കൊള്ളരുതാത്തവളെന്നു ശപിച്ചു.   
അന്നു തൊട്ടിന്നോളം  ഞാനേകയായി 
വന്നു പെട്ടീ ക്കൈത മുള്ളിന്റെയുള്ളില്‍
പൂജയ്കെടുക്കാതെ പരിത്യക്തയായി 
ആജീവനാന്തം  കഴിയുന്നു ഞാനും. .   
    

  

കാര്‍ത്തിക ദീപങ്ങള്‍


കാര്‍ത്തിക ദീപങ്ങള്‍ 


ആകാശ മുറ്റത്തോരായിരം ദീപങ്ങള്‍
ആരാരുമറിയാതെ തെളിയിച്ചതാരോ
അമ്പിളി പെണ്ണു തന്‍ വീട്ടുമുറ്റത്ത്
കാര്‍ത്തിക ദീപം തെളിയിച്ചതല്ലേ?            

മഹേശ്വരനാം  മഹാ ദീപത്തില്‍നിന്നും
വൃശ്ചികമാസത്തിന്‍കാര്‍ത്തിക നാളില്‍
ആറുപൊന്‍ദീപം കൊളുത്തിയുണ്ടായത്രേ 
ആറുമുഖമുള്ള ശൈവ കുമാരന്‍.

ആറു പേരപ്സര കന്യകമാരവര്‍
ശരവണ പൊയ്കയില്‍ നീന്തിതുടിപ്പവര്‍
പോറ്റിവളര്‍ത്തിയ കാര്‍ത്തികേയനാം
ശൈവ കുമാരന്‍ ശ്രീമുരുകേശന്‍ തന്‍
ജന്മ നാളായിടും വൃശ്ചിക കാര്‍ത്തിക
നന്‍മ തെളിയും പുണ്യ ദിനമല്ലോ   

Tuesday, November 27, 2012

കാലവും ശീലവും

കാലവും ശീലവും
ചക്രം
വെറുമൊരു  ചക്രം
ചക്രത്തിന്മേല്‍ ഉരുണ്ടു നീങ്ങും 

രഥം .

ചക്രം വച്ചൊരു രഥം
രഥത്തില്‍ പൂട്ടിയോരശ്വം     
അശ്വ രഥ്രത്തില്‍ കുതിച്ചു പായും
മര്‍ത്യന്‍ 


വിശ്വം
വിശാലമായൊരു വിശ്വം  
വിശ്വം വെല്ലും ജേതാവാകും
മര്‍ത്യന്‍
മര്‍ത്യപുരോഗതിയെളുപ്പമാക്കിയ  

ചക്രം
ചക്രം
കാല ചക്രം
ചക്രം തിരിയുവതൊപ്പം മാറും
കാലം
കാലം മാറുവതൊപ്പം മാറും
കോലം
കാലോം മാറി ,കോലോം മാറി

പക്ഷെ     
ശീലം  

ശീലം മാറ്റാതെന്തിഹ നമ്മള്‍ചെയ്യും.
ശീല്ക്കുട തന്‍ ശീല മാറും 

പോലെ
ശീലം 
നമ്മുടെ ശീലം, 
നമ്മുടെ ശീലം മാറ്റുകയത്ര-
നിസ്സാരമതാണോ? 

Friday, November 23, 2012

മാ നിഷാദാ"


 മാ നിഷാദാ"

വിഷുപ്പക്ഷി തന്‍ പാട്ട്
കേള്‍ക്കാത്ത പുലരിയും   
വിഷുക്കണി കണ്ടുണരാന്‍
മടിക്കുന്ന  ബാല്യവും   
ഉറച്ചൊന്നു പെയ്യാന്‍
വിതുമ്പുന്ന  വര്‍ഷവും
പതുക്കെയെന്‍ മലയാള-
തനിമയില്ലാതെയായ്..

വയലുകളെല്ലാം
വനങ്ങളായ്‌ മാറിയോ?
ഉയരുന്ന ഫ്ലാറ്റുകള്‍
നിറയും വനങ്ങളായ്‌.

ഒരു ചില്ല പോലുമി
ല്ലില്ലിവിടില്ല,       
ഒരുകിളിക്കുഞ്ഞിനു
ചേക്കേറിടാന്‍...
ഒരുചില്ല തേടിയലയു-
മൊരമ്മക്കിളിയുടെ 
വേദനയാരറിവൂ.. 

മനുജന് പാര്‍ക്കുവാ-
നംബരചുംബിയാം
നിലയങ്ങള്‍ തീര്‍ക്കും
തിരക്കില്‍ നാമേവരും  
കിളികള്‍ തന്‍ രോദന  
നിനദം ശ്രവിക്കുമോ ?

"മാ നിഷാദാ" എന്ന്
ശപിച്ചിടാന്‍ ത്രാണി
യേറുന്ന മാമുനിയില്ലല്ലോ?

"കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും"
അപ്പോളിവിടെ നമുക്കില്ല
താരില്ല, തളിരില്ല ,പൂവില്ല
പൂത്താലമേന്തും വസന്തമില്ല
ഈ മലയാളക്കര തന്നേ
നമുക്കന്യമാകും ദിനം
അനതി വിദൂരമായകലെയല്ല.  
  

Tuesday, November 20, 2012

ചിത്തിര പൈങ്കിളി പെണ്ണേ,

    ചിത്തിര പൈങ്കിളി പെണ്ണേ, 

പൂത്തിരിപോലുള്ള പുഞ്ചിരിയുമായ് , 
ചിത്തിര പൈങ്കിളിപെണ്ണേ,വരികില്ലേ?  
കാത്തിരിപ്പൂ കൂട്ടിലമ്മക്കിളിയിന്നും  
കാട്ടില്‍ മുഴങ്ങും കൂ.. ഹൂ.. വിളിയുമായ്..
*    *    *   *   *   *   *      *     *     * "
മഞ്ഞുകാലം മരം കോച്ചും തണുവുമായ്..
വന്നു ചേര്‍ന്നല്ലോ,ഞാൻ ചൂട് പകര്‍ന്നിടാം... 
എന്നരികില്‍ നിന്നു പോവരുതെന്‍, കുഞ്ഞേ 
വന്നിരിക്കൂ,കൂട്ടിലൊന്നിച്ചിരുന്നിടാം...
മുട്ടിയുരുമ്മിയിരുന്നെന്നാലീകൂട്ടി-
ലിത്തിരിചൂടു പകര്ന്നു ഞാൻ തന്നീടാം.. 

കാട്ടിലെമ്പാടും കെണിയുമൊരുക്കിയാ- 
വേട്ടക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നറിയുക,
രാക്ഷസ മാനസര്‍ നിന്നെ പിടിച്ചെന്നാല്‍ 
രക്ഷിച്ചിടാനാര്‍ക്കുമാകില്ലെന്നോര്‍ക്കൂ.നീ ..
ശാട്യം വെടിഞ്ഞു നീ  പൊന്കുഞ്ഞേയീകൂട്ടിൽ   
ശാന്തമായ് വന്നു ശയിക്കുക പൈങ്കിളീ". 

ചിത്തിര പൈങ്കിളി, ചിങ്കാരി പൈങ്കിളി 
ഇത്തിരി കോപമാര്‍ന്നിഥം മൊഴിഞ്ഞത്രേ, 
"നിസ്തുലമാകുമീ കാനനത്തിൻ  ഭംഗി,
വിസ്തരിച്ചൊന്നു ഞാന്‍  കണ്ടു മടങ്ങിടാം"
മറുവാക്കു കേൾക്കാന്‍ കാത്തിരിക്കാതവള്‍ 
വെറുതെയലഷ്യമായ്,മെല്ലെ,പറന്നുപോയ്‌

വന്നില്ല, നേരമിരുട്ടിവെളുത്തിട്ടും 
വര്‍ണക്കിളിക്കുഞ്ഞു,ചിത്തിര പൈങ്കിളി. 
കാനനച്ചോലതന്‍ തീരത്തു കണ്ടുവോ ?
കഴുകന്‍ ചവച്ചിട്ട കിളിതന്നിളം മേനി. 

കണ്ടവരുണ്ടോയെന്‍ ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും തിരയുന്നു. 
കണ്ടവരുണ്ടോയെന്‍,ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും കരയുന്നു.

കാട്ടിൽ മുഴങ്ങും കൂ ഹൂ വിളിയുമായ്      
അമ്മക്കിളിയിന്നും തേങ്ങി പറക്കുന്നു  

Sunday, November 18, 2012

ലോകനീതി

  
        ലോകനീതി

മൂവന്തിനേരത്ത്, മുന്നാഴിപ്പൂവുമായ്
ചേമന്തിപ്പെണ്‍കൊടി മാല കോര്‍ത്തു. 
കോവിലില്‍ വച്ചെന്നും കിന്നരിച്ചീടുന്ന 
കോമള രൂപനെ ധ്യാനിച്ചവള്‍,
പൂമാലയേന്തിതന്‍ മാരനേയും തേടി,
കാവിലെ കോവിലില്‍കാത്തു നിന്നു.

മാരന്‍ കനിഞ്ഞില്ല,മാലയും വാങ്ങീല 
പ്രേമാര്‍ദ്ര,മാന്‍പേട സിംഹിയായി. .
കോപകലുഷിത,പൂമാല പൊട്ടിച്ചു
താരാപഥം തന്നിലേക്കാഞ്ഞെറിഞ്ഞു. .

താരാപഥം തന്നില്‍ മിന്നുന്ന മാണിക്യം
താരമോ ചേമന്തി പെണ്ണിന്‍ പൂവോ ?  
ആകാശ ഗംഗയില്‍ നീരാടാനെത്തിയ
ആതിരചന്ദിരന്‍ സംശയിപ്പൂ .  
 
പൂമാല ചൂടുവാനാവേശ,മോഹിതന്‍
പൂന്തിങ്കള്‍ തോണി തുഴഞ്ഞിതെത്തി
താരാപഥത്തിലെ ചേമന്തി
പ്പൂക്കളെ 
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
 
ചന്ദ്രന്റെ മാറില്‍കളങ്കമെന്നോതി നാം
ചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തി
പ്പൂവു കളങ്കമായ് കാണുമീ 
ലോകനീതിന്യായ,മന്യായമല്ലേ  ?

പഴമൊഴി മുത്തുകള്‍

പഴമൊഴി മുത്തുകള്‍

പഠിച്ചതല്ലേ, പാടാന്‍ കഴിയൂ,
വിധിച്ചതല്ലേ ലഭിക്കയുള്ളൂ..
കൊതിച്ചതെല്ലാം ലഭിക്കുമെന്നാല്‍,
ശ്രമിച്ചിടാന്‍ നാം മിനക്കെടുമോ? 

തെളിച്ച വഴി താന്‍ നടന്നിടേണം 
ഒളിച്ചു മാറുക, സ്വയ രക്ഷക്കായ്‌.
ചതിച്ചിടുന്നവര്‍ തന്‍ സഹവാസം
ഒഴിച്ചു നമ്മള്‍ മുന്നേറീടുക . 

ഒഴുക്കുവെള്ളം കുടിക്കയാകാം ,   
ഒഴുക്കിനെതിരെ നീന്തുകയരുത്.
പഴുത്ത കായ്കള്‍ ഭക്ഷിച്ചീടാം,
പുഴുത്തുവെന്നാല്‍ വര്‍ജ്ജിക്കേണം  .

നിനച്ച കാര്യം നിവൃത്തിയാകാന്‍
നിറുത്തിടാതെ ശ്രമിച്ചിടേണം.   
ചെറുത്തു നിന്നാല്‍ കരുത്തു നേടാം 
മറിച്ചിതായാല്‍ മാനം പോകും.

ഒരിക്കല്‍ നേടിയോരനുഭവ പാഠം
മരിക്കുവോളം മറന്നിടായ്ക.
മറന്നുവെന്നാല്‍ വീണ്ടും നമ്മള്‍
പിറന്നു വീണൊരു ശിശു പോലല്ലോ?  
        

Tuesday, November 6, 2012

ഭസ്മാസുര കഥ യോര്‍ക്കം

 ഭസ്മാസുര കഥയോര്‍ക്കാം 

അണു, അത് നല്‍കും  

തനിയൂര്‍ജ്ജം, ചെറുതാണോ?
അനു, അനു നിമിഷം, 

പുകയുന്നോ,ജന മനസ്സില്‍? 
അണുശക്തി, ശരിയായി, 

വിനിയോഗം ചെയ്യാഞ്ഞാല്‍
വരലബ്ധി നേടിയ ഭസ്മാസുര, 
കഥ യോര്‍ക്കാം..
അണുശക്തി നിലയങ്ങള്‍, 
പല നാടും മതിയാക്കി.
അത് നമ്മുടെ രാജ്യത്തില്‍ 

ഇനിയെന്തിനു, ചിന്തിക്കൂ 
വികസിത രാജ്യങ്ങള്‍ 

പുറം തള്ളും കാര്യങ്ങള്‍ 
നാമെന്തിനു നമ്മുടെ 

തലയില്‍ താന്‍ പേറുന്നു.
നമ്മുടെ ജനത തന്‍ 

ജീവന് വിലയില്ലേ ?
ഭോപാല്‍ ദുരന്തത്തിന്‍, 

ഭീകര ദൃശ്യങ്ങള്‍ 
വേഗംമറന്നീടാ-
നാവുമോ,സഹജരെ. 
കൂടംകുളത്തിലെ 
ആണവ നിലയങ്ങള്‍ 
കൂട്ടകുരുതി തന്‍,
ചിതയായി മാറുമോ? 

മരീചിക

                        മരീചിക 


കോറിയിട്ടല്ലോ, നിന്‍ മുഖശ്രീയെഴും ചിത്രം
നീറുന്നൊരോര്‍മകളാം നാരായമെന്‍ മനസ്സില്‍ 
പ്രേമ പാരവശ്യത്താലേ,മോഹിതനെന്‍റെ മുന്നില്‍ 
നീയൊരു മരീചികയായെന്നുമേ,യകലത്തില്‍.
നിന്നിലേക്കടുക്കുവാനാവതില്ലാതെ ഞാനോ 
മനം നീറിയീമരുഭൂവിലേകനായലയുന്നു

ഹേമന്തം പകര്‍ന്നൊരു കുളിരിലലിഞ്ഞു നീ
മോഹപ്പക്ഷിയായ് വന്നെന്‍ മനസ്സില്‍ കൂടു കൂട്ടി.
വാസന്തം വരുന്നൊരു കാലവും കാത്തു നമ്മള്‍
കോകില യുഗ്മങ്ങളായ് പ്രേമഗീതികള്‍ പാടി.

കാതരേ ചൊല്ലുകില്ലേ,എന്തിനായകന്നു നീ ?  
പാതിമെയ്യാകാമെന്ന്, പണ്ട് നീ പറഞ്ഞില്ലേ?
ആയിരം കിനാവുകള്‍ അന്ന് നാം കണ്ടതല്ലേ ?
താരിളം ലതയായ് നീ വന്നെന്നില്‍ പടര്‍ന്നില്ലേ ?
എന്നുള്ളം നിറഞ്ഞു നിന്നൊരു പൂനിലാവേ,
എന്തിനു നീ പോയ്‌ മറഞ്ഞൂ കാര്‍മേഘത്തില്‍.
പുഞ്ചിരിപ്പാല്‍നിലാവായണയൂ പ്രിയ സഖീ
പുഷ്കലമായീടട്ടെ നമ്മുടെ സ്വപ്നമെല്ലാം

Sunday, November 4, 2012

ജീവിത ശൈലി മാറ്റിയെടു ക്കാം


     ജീവിത ശൈലി മാറ്റിയെടുക്കാം 

മില്ലേനിയം ഘോഷിച്ചിട്ടു,
ദശകങ്ങള്‍ കഴിഞ്ഞിട്ടും 
ഇല്ല,നമ്മള്‍,പുരോഗതി

 നേടിയിട്ടില്ല.
 ചില കാര്യം നേടുവാനായ്, 

ഇനിയും 
നാം മുന്നേറണം 
പൊതുജനാരോഗ്യകാര്യം
 പറയാനുണ്ടോ? 
  "രണ്ടായിരാമാണ്ടോടെ,

 പൂര്‍ണാരോഗ്യം
 ജനങ്ങള്‍ക്ക്‌" 
 മുഴങ്ങിയ മുദ്രാവാക്യം 
ഓര്‍മയിലില്ലേ ?
 ജനങ്ങള്‍ക്ക്‌ മുഴുവനും

പൂര്‍ണാരോഗ്യം 
നേടാന്‍, നമ്മള്‍
ശരിയായി ചില കാര്യം
 ശീലിച്ചിടേണം. 
പോഷകമൂല്യമേറും 

ആഹാരം നാം 
ഭക്ഷിക്കേണം 
പോഷിപ്പിക്ക,ശരീരത്തെ
 വ്യായാമ ത്താലെ,
രോഗം വരാതിരിക്കുവാന്‍, 

കരുതലെടുത്തീടേണം,
പ്രതിരോധ കുത്തി വെയ്പ്പു -
മെടുത്തീടേണം.
രോഗം വന്നാല്‍ 
ചികിത്സിച്ചു ഭേദമാക്കാന്‍, 
മരുന്നുകള്‍
ലോപമെന്യേ, കഴിക്കേണം, 
മുറപ്രകാരം.
വീടുമതിന്‍, പരിസ്സര 
പ്രദേശവു- 
മെന്നുമെന്നും,
മോടിയായി സൂക്ഷിക്കാന്‍ 
കഴിഞ്ഞിടേണം. 
പാതവക്കില്‍ മാലിന്യ-
ങ്ങളെറിയുവാന്‍ 
തുനിയല്ലേ?
പാതയോരം, മരം നട്ടു, 

മോടിയാക്കിടാം.  
പോളിത്തീന്‍ ബാഗുകളെ 

കഴിവതുമൊഴിവാക്കൂ 
 ചാക്ക്സഞ്ചിയെടുത്തീടാം . 
പകരമായി. 
വെള്ളം കെട്ടി കിടക്കുന്ന-
തൊഴിവാക്കാന്‍ 
ശ്രദ്ധിക്കേണം
വെള്ളം കെട്ടി  കിടന്നാലോ 
കൊതുകുണ്ടാകാം.   
കൊത്കും, ഈച്ചകളും,
എലികളും 
പെരുകിയാല്‍ 
മാരകമാം രോഗം നാട്ടില്‍ 
സംക്രമിച്ചീടും.
ഡെന്‍ഗുപ്പനി,ചിക്കുന്‍‌ഗുന്യ,

എലിപ്പനി,
എന്നുവേണ്ടമുഴങ്ങുന്നൂ,
ജനങ്ങള്‍ തന്‍, 
മരണമണി.
    എയിഡ്സ് രോഗത്തെപോലും,

ഭീതിയെന്യേ-
യൊഴിവാക്കാം,
മൂല്യമേറും ലൈന്ഗീക
ജീവിതത്താലെ..
      ലഹരി വസ്തുക്കളെല്ലാംതന്നെ,

            കാളകൂടവിഷമല്ലോ?              
പാടെ,നമ്മളവയൊക്കെ,

വര്‍ജ്ജിച്ചീടേണം
രോഗങ്ങളെ ചെറുത്തീടൂ,
പ്രിയരകും ജനങ്ങളെ
രോഗികളെ ഒരിക്കലും 

ശപിച്ചീടല്ലേ  ?
 രോഗങ്ങളെ ചെറുക്കുവാനുതകുന്ന 
രീതിയില്‍ നാം
ജീവിത ശൈലി തന്നെ 

മാറ്റിയെടുക്കൂ..             

(ഇന്ന് ലോകാരോഗ്യ ദിനം എല്ലാവര്ക്കും ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു )

          
       
   
     
        

Friday, November 2, 2012

നഗര വികസനം


  
നഗര വികസനം

അനന്തപുരിയുടെ 

വീഥികളില്‍

അരികു ചേര്‍ന്നരുമയായ് 

നിന്നിരുന്നു

അഴകുറ്റ ചോലമരങ്ങള്‍ 

നീളെ

അലസമായ്‌ ചാമരം 

വീശി നിന്നു.

ചെറുതായ നഗരം 

വലുതായപ്പോള്‍

നഗര വികസനം 

മുന്നില്‍ കണ്ട്

പുതുപുത്തന്‍ പദ്ധതീ 

രൂപരേഖ

നഗരസഭ തന്നില്‍ 

ചര്‍ച്ചയായി.

വീഥികള്‍ വിസ്തൃതമാ-

ക്കിടേണം 

കോടാലി വയ്ക്കു,
മരങ്ങളാകെ

വെട്ടിമാറ്റിയെന്നാല്‍, 

കിട്ടുമല്ലോ

"വെട്ടുമേനി"യായി 

പത്തുപണം.

ഉടനെയൊരു 
കുട്ടി-

നേതാവിന്റെ 
തലയിലോരാശയം 
പൊന്തിവന്നു

വലുതായ വീഥിതന്‍ 

കവലതോറും

നമ്മുടെയമ്പോറ്റി 

നേതാക്കള്‍ തന്‍

പൂര്‍ണകായ 

പ്രതിമവെയ്ക്കാം

ഈര്‍ക്കി
ല്‍,പാർട്ടി തൻ 
നേതാക്കള്‍ക്കും    

പാര്‍ക്കുണ്ടാക്കി, 
പ്രതിമ വെയ്ക്കാം .

കിളികള്‍ക്ക് ചേക്കേറാ
ൻ  
ചില്ലയില്ല,      

മരമായ, മരമൊക്കെ 

വെട്ടിമാറ്റി

പകരം പ്രതിമകള്‍ 

നാട്‌ നീളെ,

പുതിയ പരിഷ്കാരം 

കേമമായി .

മരമൊന്നു വെട്ടിയാല്‍ 

കീശവീര്‍ക്കും

പ്രതിമ സ്ഥാപിച്ചാലും 

കീശവീര്‍ക്കും

വെടിയൊന്നു,കിളി രണ്ട് 

കയ്യിലാക്കാം

നഗര വികസനം തിരു- 

തകൃതിയായ്

ത്വരിതമായ് നാട്ടില്‍ 

നടന്നിടട്ടെ

ജനനന്മ മാത്രം 

നമുക്കു പഥ്യം

അറിയുക, നിങ്ങള്‍ 

പരിസ്ഥിതിക്കാര്‍

വെറുതെ തടസ്സമായ് 

നില്‍ക്കരുതേ ...
 
പൂമരമോരോന്നായ് 
വെട്ടി മാറ്റാൻ 
രാഷ്ട്രീയകോമരം 
കലിതുള്ളി 
   നില്‍ക്കയല്ലേ ?

Thursday, November 1, 2012

. നിന്റെയിഷ്ടം പോലെ ഭവിക്കട്ടെ....

നിന്റെയിഷ്ടം പോലെ ഭവിക്കട്ടെ....

കല്ലിനും പുല്ലിനും
മാമര ചാര്‍ത്തിനും
കല്ലോല മാലിയ്ക്കും
വാര്‍മഴവില്ലിനും
നെല്ലോമല്‍ പൈങ്കിളി, 
നല്ലോണ തുമ്പിക്കും
നല്ലൊരു വര്‍ണങ്ങള്‍
ശോഭകള്‍ നല്‍കിടും,
    നന്മ സ്വരൂപനും     
ചിന്മയനുമാകും 
ശ്രീയേശു നാഥനാം 
നല്ലയിടയന്റെ 
കൂട്ടം,തെറ്റിയലഞ്ഞ 
കുഞ്ഞാട് ഞാന്‍  
കാണാതെ പോയൊരു
കുഞ്ഞാടാമെന്നെ നീ 
മാപ്പുനല്‍കിയെന്നും  
ചേര്‍ത്തു നിര്‍ത്തേണമേ..
നിന്റെ കൃപാവരമെന്നും 
ചൊരിഞ്ഞെന്നെ   
  നിന്റെ  രാജ്യത്തിന്ന-     
വകാശിയാക്കണേ ...
നീയാണ് സത്യവും,
ജീവനും, മുക്തിയും. 
 നിന്റെയിഷ്ടം പോലെ     
തന്നെ ഭവിക്കട്ടെ....

മലയാള മാമാങ്കം

       മലയാള മാമാങ്കം   
ഒരു പാട്ട് പാടുവാന്‍ ആവതില്ലെങ്കിലും
പ്രകൃതിയെ നോവിക്കും കാഴ്ച കണ്ടാല്‍
ഒരുമിന്നല്‍പ്പിണറായിട്ടവിടെയെത്തും
പരിക്ഷീണിതയെങ്കിലും സുഗത ടീച്ചര്‍
പ്രകൃതി സംരക്ഷക, ടീച്ചറെ കൂട്ടാതെ
മലയാള മാമാങ്കമാര്‍ക്ക് വേണ്ടി ?
ഒരുപറ്റം ബ്യുരോക്രാട്ടുകളവര്‍കൊട്ടും
താളത്തില്‍ തുള്ളുന്ന മന്ത്രിമാരും  
ചേര്‍ന്നോരുക്കുന്നോരീ വേതാള മാമാങ്കം
അവതാളമാക്കുന്നി താര്‍ക്കു വേണ്ടി?  
ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞെന്നാലും "സുഗത പക്ഷി "