മറഞ്ഞുപോയി സൂര്യനാഴ്ന്നുസാഗരത്തിലെങ്കിലും
നിറഞ്ഞ പുഞ്ചിരിയുമായ് തെളിഞ്ഞതില്ല പൌർണ്ണമി
വിരിഞ്ഞതില്ലയംബരത്തിന്നങ്കണത്തിൽ താരകം
കരിഞ്ഞപൂക്കൾപോൽ കൊഴിഞ്ഞുവെന്നോ താരകം
കടുത്ത ശോകഭാവമാർന്ന , കാർമേഘപാളിപോൽ
കെടുത്തിടാം നിന്റെ സഹജപ്രസന്നഭാവ,മെങ്കിലും
ഇടയ്ക്കിടെ പ്രകാശിതം പൌർണ്ണമിപ്രകാശമായ്
വിടർത്തിനൽകെനിക്കു നിൻ മന്ദഹാസമലരുകൾ
വരദമാം കടാക്ഷമേകിയനുഗ്രഹിക്ക,ദേവതേ!
അരുണകിരണബിന്ദുവാം നിൻ മന്ദഹാസമലരുകൾ
കൊരുത്തൊരുക്കിയൊരീ മാല്യമൊന്നു ചാർത്തുവാൻ ,
കൊതിച്ചിടുന്ന പാമരനാം ഭക്തനാണെന്നറിയുക