Wednesday, January 16, 2013

ഉപ്പ്



     ഉപ്പ് 

ഉപ്പിനുപ്പുകൂടുമെന്നൊരു പക്ഷം 
ഉപ്പിനുപ്പൊട്ടുമേയില്ലെന്നപരരും. 
ഉപ്പിനുപ്പല്ലാതെയിനിപ്പു-
ണ്ടാകുമോയെന്നിതരരും. 

ഉപ്പോളം വരില്ലുപ്പിലിട്ടതെന്നതു 
സത്യമാണെന്നതുപോലെ, 
ഉറകെട്ടുപയോഗശൂന്യമാ-
മുപ്പു പോലാകരുതു ജീവിതം. 

ഉപ്പുചാക്കിറയത്തു നാം 
തള്ളിടുന്നപോല്‍,ചിലര്‍  
വൃദ്ധരാം പിതാക്കളെ, 
വൃദ്ധമന്ദിരം തന്നിലായ്
തള്ളിടുന്നതു കാണുകില്‍,
ഉപ്പ് പോലലിഞ്ഞിടും,
ശിഷ്ടര്‍ തന്മനമെന്നാലും  
ദുഷ്ടരായിടും മക്കള്‍തന്‍   
മനസ്സലിയുക ദുഷ്കരം.  

ഉപ്പുംകൂട്ടിതന്നെയാണവരന്നം 
കഴിച്ചുവെന്നാകിലോര്‍ത്തിടൂ 
തിന്ന ചോറിനു നന്ദിയേകിടാന്‍   
നായ്ക്കള്‍ പോലും മറന്നിടാ . 

Tuesday, January 15, 2013

സംഭവാമി യുഗേ യുഗേ


സംഭവാമി യുഗേ യുഗേ

അഗ്രജന്‍ യുധിഷ്ടിരന്‍,
ധര്മിഷ്ടന്‍, നൃപശ്രേഷ്ടനാം.
മാരുതിപുത്രന്‍ ഭീമസേനനാം
ദ്വിതീയന്‍, ക്ഷിപ്ര കോപിയാം.
കുന്തി തന്‍ തൃതീയ സന്തതി,
അര്‍ജ്ജുനന്നസ്ത്രവിശാരദന്‍.
നലമിയന്ന ധീര യോദ്ധാക്കള്‍
നകുല, സഹദേവാദികള്‍.
അഞ്ചു പേരവരൊത്തെന്നാല്‍
വെല്ലുവാനാര്‍ക്ക് സാധിക്കും?
പാര്‍ത്ഥസാരഥി കൃഷ്ണനും
പാണ്ഡവര്‍ക്കൊപ്പമാണല്ലോ,
പാര്‍ത്തലത്തിലവരജയ്യരാം
നേരിടാനെളുതാകുമോ ?

ഭിക്ഷ കിട്ടിയതെന്തും തുല്യമായ് 
തന്നെ പങ്കിടാന്‍,കുന്തിയേകിയ 
കല്‍പന, നിശ്ചയം, നിറവേറ്റിടാന്‍, 
അഞ്ചു സോദരര്‍ക്കൊന്നു പോല്‍ 
പാഞ്ചാലീ നാമ ദ്രൗപതി,  
ധര്‍മപത്നിയായ് തീര്‍ന്നല്ലോ?   

കുല ദ്രോഹികള്‍ കൗരവര്‍
കുലത്തിന്‍ പത്നി കൃഷ്ണയെ,  
കേവലം പണയവസ്തുവായ്‌
നേടീ കള്ള ചൂതിനാല്‍.... 

ദുഷ്ടര്‍, ദുശ്ശാസനന്മാരാല്‍  
വിവസ്ത്രിതയായൊരു 
കൃഷ്ണയെപ്പോല്‍ കേഴുന്ന  
ഭാരതാംബയെ രക്ഷിക്കാന്‍
അഭിമാനം കാത്തീടാന്‍,
അണയുവാനിനിയും നീ
അനിരുദ്ധാ,വൈകല്ലെ ? 

കുരുക്ഷേത്ര രണാങ്കണെ,
കുടിലത നിറഞ്ഞോരാ,
കൌരവരെ നശിപ്പിക്കാന്‍
കൌന്തേയര്‍, ധര്മിഷ്ടര്‍തന്‍
തുണയേകാന്‍ പണ്ടു നീ
അവതാരം ചെയ്തപോല്‍
ഇനിയൊട്ടും വൈകാതെ  
കൃഷ്ണാ നീ വരൂ വേഗം .

സത്യ,നീതി,ധര്‍മശാസ്ത്രങ്ങള്‍ 
മിഥ്യയായ് തീര്‍ന്നു ഞങ്ങള്‍ക്ക്  
ധര്‍മ പാലകന്‍ വിഷ്ണുവിന്‍  
കര്‍മ സാക്ഷിയാം കാര്‍വര്‍ ണ്ണാ 
പണ്ടു നീ  ഞങ്ങള്‍ക്കായ്.. 
തന്ന വാക്കു മറക്കാമോ? 
"ധര്‍മസംസ്ഥാപനാര്‍ത്ഥം
പാര്‍ത്തലത്തില്‍ യഥാകാലേ
വിഷ്ണുവിന്നവതാരമായ്   
സംഭവാമി യുഗേ യുഗേ.".


      

Monday, January 14, 2013

ഏകന്‍


             ഏകന്‍

അല്ല, ഞാന്‍ കര്‍മ ബന്ധിതനല്ല,ഞാന്‍
തെല്ലുമില്ലെനിക്കു മോഹമൊന്നിനും.
ആശ്രയിക്കുന്നില്ല,ഞാനാരെയുമൊന്നിനും.
ആശയും,നിരാശയും പകുത്തു നല്‍കിടാൻ 
ആവതില്ലെനിക്ക്, ഞാനെന്നുമേകനാം.
ഏകനാണ് ഞാന്‍, നിരാമയനുമാണല്ലോ.

മഹാരഥന്മാര്‍,ചിന്തകരെഴുത്തുകാര്‍

ലോകമന്നു,മിന്നു,മെന്നുമാദരിപ്പവര്‍,
പ്ലാറ്റൊ മുതല്‍ സാത്രേ വരെയുള്ളവര്‍
തീര്‍ത്തുമേകരായി ജീവിതം നയിച്ചവര്‍
ജന്മ -കര്മബന്ധം മുറിച്ചേകാന്തത 
നല്കുമാത്മ സംതൃപ്തി നുകര്‍ന്നവര്‍.

ഏകാന്തതയെ പുല്‍കിയ മനീഷികള്‍ക്കു-

മേറിവന്നു,വന്നൂ ശിഷ്യരേറെയായ്.
ഏകരായി ജീവിതം നയിക്കുവാന്‍  
ആരെയുമീ ലോകമനുവദിക്കില്ലല്ലോ?        

Saturday, January 12, 2013

വീണ്ടും പ്രഭാതം


വീണ്ടും പ്രഭാതം 

വിട പറയുന്നുവോ സൂര്യന്‍ ?
വിതുമ്പുന്നനുരാഗിണി സന്ധ്യ,
വിട പറയുകയല്ല,നാളെ ഞാന്‍ 
ഇനിയും വരുമെന്ന് സൂര്യന്‍.

അര്‍ക്കന്‍ മറഞ്ഞതിന്നാലസ്യ-
മാര്‍ന്നിരുളിന്‍ മറക്കുള്ളിലായി,
സന്ധ്യമയങ്ങാന്‍ കിടന്നു,
മധുരമാം സ്വപ്നത്തില്‍ വീണു .

സാന്ധ്യരാഗം നിറയും മാനത്തു 
ചന്ദനപ്പൊട്ടിട്ട് സുന്ദര മോഹന-
ചന്ദ്രന്‍, മാടി വിളിച്ചവന്‍,കൈ തന്നു,
തന്നെ മാനത്തു മെല്ലെ കരേറ്റി .

ഇരുളു കനക്കുന്നതറിയതെ,സന്ധ്യ 
ചന്ദ്രനുമൊത്തു കഴിഞ്ഞു .
സന്ധ്യ തന്‍ നെറ്റിയില്‍ നിന്നും 
സിന്ധൂരരേണുക്കള്‍ പാറി .

പാടെ മയങ്ങിയ, തന്‍റെ പവിത്രമാം
മാനം കവര്ന്നുവോ ചന്ദ്രന്‍ ?
ഭീതിയോടോടി മറഞ്ഞു സന്ധ്യ.   
മാനം ചുവന്നു തുടുത്തു.

പ്രഭാമയനായി വന്നു സൂര്യന്‍ 
പ്രഭാതം പൊട്ടിവിരിഞ്ഞു. 
വീണ്ടും പ്രഭാതം പൊട്ടിവിരിഞ്ഞു 

Friday, January 11, 2013

അറബിക്കല്യാണം


    അറബിക്കല്യാണം

 


അത്തറിന്‍ സുഗന്ധവുമായ്‌ 
വന്നെത്തി, പത്തേമാരി.
തങ്കത്തിന്‍ തിളക്കമേറും 
മലബാറിന്‍ ഹൂറികളായ,  
മൈലാഞ്ചിപ്പെണ്ണും തേടി   
"ഇബിലീസു"കളറബികളെത്തി. 

തേന്‍ നുകരാന്‍ കരിവണ്ടുകള്‍ 

പുതുപൂക്കള്‍ തേടുംപോലെ      
കുടിലുകളില്‍ കൂമ്പിനില്‍ക്കും    
നാലുമണി പൂക്കള്‍ തേടി ,
പണസഞ്ചിക്കിലുക്കമോടെ  
ദല്ലാളുകളോടി നടപ്പൂ .

തുടികൊട്ടി,പാണര്‍ പാടും 
വീരര്‍ തന്‍ കഥകള്‍ പോലെ    
വഞ്ചകരാം ദല്ലാളന്മാര്‍  
മലനാട്ടില്‍ പാടി നടപ്പൂ 
അറബികല്യാണത്തിന്റെ  -
അസുലഭ ഭാഗ്യകഥകള്‍.   

അറബിക്കാ,യാര്‍ത്തിയേറി,
വീട്ടുകാര്‍വലയിലതായി.  
മൊഞ്ചത്തിപ്പെണ്‍കുഞ്ഞിനെ 
"മഹറിനു"പകരം നല്‍കി. 

മൊഞ്ചുള്ള കന്യകമാരാം 
മോഹിതര്‍ പെണ്‍കിടാങ്ങള്‍. 
പുയ്യാപ്ലമാരവരൊത്തു  
മറുനാട്ടിലെത്തിച്ചേര്‍ന്നു. 

പുതുമോടി കഴിഞ്ഞുവല്ലോ,  
"പൂതികള്‍" തീര്‍ന്നുവല്ലോ, 
അചിരേണ വെളിവായല്ലോ 
അറബിതന്‍ വിശ്വരൂപം, 
സ്വര്‍ണ്ണത്തിൽപ്പൂശിയെടുത്ത  
ചെമ്പിന്റെ ചേലുക്കായി .  

അറബിതന്‍ മര്‍ദ്ദനമേറി 
അവളുടെ കോലംകെട്ടു  
പെണ്ണിന്റെ കിനാക്കളെല്ലാം
ചില്ലുപോല്‍ ചിന്നിച്ചിതറി. 

"ഗദ്ധാമ"യെന്ന"വിളിപ്പോര്‍  
ഗതിയില്ലാപ്പെണ്‍കിടാങ്ങള്‍  
കഴുതകളായ് ദീനികളായി 
കാതരരായ്  കേണിടുന്നൂ.... 

അവരുടെ ദീനവിലാപം 
കേട്ടില്ലേ മാലോകരേ? 
അതിനോരറുതി വരുത്താൻ 
സമുദായ സ്നേഹികളാകും 
സോദരരൊത്തൊരുമിക്കൂ  
സുല്ലിട്ടു നിർത്തുക നിങ്ങൾ 
ഇമ്മാതിരി ദുരാചാരം. 



Wednesday, January 9, 2013

വെറുതേ


   വെറുതേ 

അനന്തമാം  വിഹായസില്‍ 
നിരങ്കുശ സ്വതന്ത്രയായി,
ഏകയായി ചിറകുവിരിച്ചു, 
താഴെയുള്ള പ്രപഞ്ചത്തിനേക്കാള്‍   
താനേറെ മുകളിലാണെന്നഹങ്കരിച്ചു, 
ഒരിക്കല്‍ ഒരു താന്തോന്നി പക്ഷി 
പാറി പാറി പറന്നു കൊണ്ടിരുന്നു. 

ഉയരങ്ങളിലേക്ക് ഉയരും തോറും 
അവള്‍ക്കു ആവേശം വര്‍ദ്ധിച്ചു .
അഭിമാന പുളകിത മനസ്സുമായി  
കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് 
അവള്‍ ചിറകുവീശി പറന്നുയര്‍ന്നു.
കഠിനമായ സൂര്യാഘാത മേറ്റ് 
അവള്‍ തളരാന്‍ തുടങ്ങി. 

നേരമേറെ പറന്നു കഴിഞ്ഞപ്പോള്‍  
ഈ പറക്കല്‍ അവള്‍ക്കു മടുത്തു. 
ഏകാന്തതയെ അവള്‍ വെറുത്തു.
കൂട്ടിനായി തനിക്കു ചുറ്റും നോക്കി.
അവള്‍ അത്യുന്നതങ്ങളിലായിരുന്നു .
മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ 
പറ്റാത്ത വിധം, വളരെ വളരെ 
ഉയരത്തില്‍... .

അവളുടെ ചിറകുകള്‍ തളര്‍ന്നു.
അവള്‍ താഴേക്കു നോക്കി. 
അവശയായ,ചിറകുകള്‍ കരിഞ്ഞ 
താന്‍ താഴേക്കു, കുഴഞ്ഞു വീണു 
പോകുമോയെന്ന്, ചകിതയായ 
ആ കിഷോരി ഭയന്നു വിറച്ചു.  

താഴെ, ഭീതിയുളവാക്കുന്നതും    
അഗാധവുമായ താഴ്വാര 
ഗര്‍ത്തങ്ങളിലേക്ക്‌ തല കുത്തനെ 
താന്‍ നിപതിക്കുമെന്നവള്‍ ഭയന്നു. 

താങ്ങാകാന്‍, തണലേകാന്‍  
ഒരു ചെറുചില്ലയെങ്കിലും 
കിട്ടിയിരുന്നെങ്കില്‍' 
കിട്ടിയിരുന്നെങ്കില്‍' 
ആ പക്ഷി വെറുതെ മോഹിച്ചു.   

ആ പക്ഷിയുടെ മോഹം 
വെറുതെയാകാതിരുന്നെങ്കില്‍   
വെറുതെയാകാതിരുന്നെങ്കില്‍ 
എന്ന് നമുക്കും 
വെറുതേ മോഹിക്കാം . 

Monday, January 7, 2013

കട്ടുറുമ്പിന്റെ ചങ്ങാതി


കട്ടുറുമ്പിന്റെ ചങ്ങാതി 

കൊച്ചു നാളിന്‍ ഞാനെന്‍ 
സ്കൂളില്‍ പോയിരുന്ന നാള്‍ ,
നിത്യവും കാണുമൊരപ്പൂപ്പന്‍, 
നരച്ച താടിക്കാരന്‍. 
നരച്ച താടിയുഴിഞ്ഞവശനെ-
ന്നാകിലും ചിരിച്ചു കളിച്ചിടും, 
കുട്ടികള്‍ക്കിഷ്ടക്കാരന്‍.
"ഉറുമ്പുറുമ്പ്‌" എന്ന് പറഞ്ഞു 
കളിക്കുന്ന കുരുന്നു പയ്യനാകും 
അപ്പൂപ്പന്‍ പലപ്പോഴും.
"കട്ടുറുമ്പ് " എന്നു  നല്ല 
വിളിപ്പേര്‍ നല്‍കീ ഞങ്ങള്‍  
കുട്ടിത്തം മാറാത്തോരാ 
ചങ്ങാതിയപ്പൂപ്പന്. 
ഒരുനാളപ്പൂപ്പനെ കാണാതെ 
വിഷണ്ണരായ്‌ പരതിനടന്നല്ലോ 
കുട്ടികള്‍ പല ദിക്കില്‍. 
അവിടെ മരച്ചോട്ടില്‍ 
സുഖ നിദ്രയിലാണ്ടു 
ചുരുണ്ട് കിടക്കുന്നു 
കുട്ടികള്‍ക്കിഷ്ടതോഴന്‍ .
കട്ടുറുമ്പപ്പൂന്റെ  
മേനിയിലുടനീളം 
കട്ടുറുമ്പരിക്കുന്നൂ 
അപ്പൂപ്പന്‍ ചിരിക്കുന്നൂ .              
   
            
                


Sunday, January 6, 2013

അവിയല്‍ മാഹാത്മ്യം


അവിയല്‍ മാഹാത്മ്യം 

മലയാളി കൂട്ടത്തിന്‍ സദ്യവട്ടം കൊഴുത്തീടാന്‍
അവിയലോരഭിവാജ്ജ്യഘടകമല്ലോ? 
അവിയലില്ലാത്ത സദ്യ, ആനയില്ലാപൂരം പോലെ 
മലയാളികള്‍ക്കൊരു പോലെ, രസിക്കയില്ല.   
നല്ലരുചി നല്‍കുമോരവിയലുണ്ടാക്കുവാനും   
നന്മയുള്ള മലയാളിപ്പെണ്‍കിടാങ്ങളറിയണം. 

നലമെഴും നേന്ത്രക്കായ,നീളമുള്ള മുരിങ്ങക്ക,  
നന്നായ്‌  മൂത്ത വെള്ളരിക്ക,മൂപ്പില്ലാത്തോരച്ചിങ്ങയും 
ആനക്കാലന്‍ നല്ലചേന,ചാരക്കാരന്‍പടവലങ്ങ,
ചീനിയമരക്ക,മറുനാട്ടുകാരന്‍ വന്‍കിഴങ്ങും 
ജീവനേകും ജീരകവും,പച്ചയായജീവിതത്തി-
ന്നെരിവും പുളിയുമേകാന്‍ പച്ചമുളകും,
പിന്നെ വാളന്‍പുളിയുംവേണം .      

വിഷമവും വിഷാംശവുമൊരുപോലെ നീക്കീടുന്ന 
മഞ്ഞളെന്ന ദിവ്യമാം ചേരുവ വേണം. 
പാകമായ നാളികേരം ചിരകിയെടുത്തിടേണം.  
പാകത്തിന് ചേരുംപോലെ ഉപ്പും ചേര്‍ക്കണം 

കാര്യം നേടി കഴിയുമ്പോള്‍തഴയപ്പെടുമെന്നാലും
കറിവേപ്പിലകൂടാതെയുള്ള കറികളുണ്ടോ ? 
ഉത്തരേന്ത്യന്‍ ലോബിതന്റെയിഷ്ട  ക്കാരി പാമോയിലിന്‍,
ശത്രുവായി, ഭ്രഷ്ട് നേടി, പുറത്തായ വെളിച്ചെണ്ണ,
നല്ല പുളിയില്ലാത്ത കട്ടതൈരും വേണം.    

കഴുകിയൊരേ,നീളത്തിലരിയേണം പച്ചക്കറി,  
കണൊക്കൊത്തു വെള്ളം ചേര്‍ത്തു വേവിച്ചു വയ്ക്കൂ,
ചിരകിയ തേങ്ങ,മഞ്ഞള്‍ ,പച്ചമുളകിവ,ചേര്‍ത്തു
ചിതമായരച്ചു പതം വന്നോരരപ്പും വേണം.   

പച്ചക്കറി,യരപ്പിവ പാകത്തിലുപ്പും ചേര്‍ത്തു
നല്ല മണം നല്‍കും കറിവേപ്പിന്നിലയുമായി ,
നന്നായിട്ടു യോജിപ്പിച്ചു തിളക്കുവാനടുപ്പിലേറ്റൂ ,
നല്ലതുപോൽ ചെറു തീയിൽ  മെല്ലെ, മെല്ലെ 
തിളയ്ക്കുമ്പോൾ തന്നെ വെളിച്ചെണ്ണയൊഴിച്ചിടൂ 
അ ടുപ്പില്‍നിന്നും മെല്ലെ വാങ്ങിവച്ചിടൂ  .  
രുചിച്ചു നോക്കൂ,നിങ്ങള്‍ കൊതിയേറിമുഴുവനും 
കഴിച്ചു തീര്‍ത്തീടല്ലേ, അല്പമെനിക്കും വേണം.         

ചേരുവകളെല്ലാമിതു പോലെ,ചേരുംപടി ചേര്‍ത്തു
നല്ലപഴയരിചോറുമൊപ്പമവിയലും കൂട്ടിതന്നെ 
പ്രിയമായോരൂണ്  നല്കി നോക്കൂ നമുക്കേതു വഴക്കാളിയമ്മായിയേം, 
പതുക്കെ, പതുക്കെയങ്ങു വശത്താക്കീടാം, 
നല്ല മരുമകളെന്ന ഖ്യാതിയും നേടാം.....  

അവിയലിൻ മാഹാത്മ്യം ഇനിയുമറിയുന്നില്ലേൽ 
നിങ്ങൾ മലയാളി മങ്കയല്ലെന്നറിഞ്ഞു കൊൾക.