അവിയല്‍ മാഹാത്മ്യം
മലയാളി കൂട്ടത്തിന്‍ സദ്യവട്ടം കൊഴുത്തീടാന്‍
അവിയലോരഭിവാജ്ജ്യഘടകമല്ലോ?
അവിയലില്ലാത്ത സദ്യ, ആനയില്ലാപൂരം പോലെ
മലയാളികള്‍ക്കൊരു പോലെ, രസിക്കയില്ല.
നല്ലരുചി നല്‍കുമോരവിയലുണ്ടാക്കുവാനും
നന്മയുള്ള മലയാളിപ്പെണ്‍കിടാങ്ങളറിയണം.
നലമെഴും നേന്ത്രക്കായ,നീളമുള്ള മുരിങ്ങക്ക,
നന്നായ് മൂത്ത വെള്ളരിക്ക,മൂപ്പില്ലാത്തോരച്ചിങ്ങയും
ആനക്കാലന്‍ നല്ലചേന,ചാരക്കാരന്‍പടവലങ്ങ,
ചീനിയമരക്ക,മറുനാട്ടുകാരന്‍ വന്‍കിഴങ്ങും
ജീവനേകും ജീരകവും,പച്ചയായജീവിതത്തി-
ന്നെരിവും പുളിയുമേകാന്‍ പച്ചമുളകും,
പിന്നെ വാളന്‍പുളിയുംവേണം .
വിഷമവും വിഷാംശവുമൊരുപോലെ നീക്കീടുന്ന
മഞ്ഞളെന്ന ദിവ്യമാം ചേരുവ വേണം.
പാകമായ നാളികേരം ചിരകിയെടുത്തിടേണം.
പാകത്തിന് ചേരുംപോലെ ഉപ്പും ചേര്‍ക്കണം
കാര്യം നേടി കഴിയുമ്പോള്‍തഴയപ്പെടുമെന്നാലും
കറിവേപ്പിലകൂടാതെയുള്ള കറികളുണ്ടോ ?
ഉത്തരേന്ത്യന്‍ ലോബിതന്റെയിഷ്ട ക്കാരി പാമോയിലിന്‍,
ശത്രുവായി, ഭ്രഷ്ട് നേടി, പുറത്തായ വെളിച്ചെണ്ണ,
നല്ല പുളിയില്ലാത്ത കട്ടതൈരും വേണം.
കഴുകിയൊരേ,നീളത്തിലരിയേണം പച്ചക്കറി,
കണൊക്കൊത്തു വെള്ളം ചേര്‍ത്തു വേവിച്ചു വയ്ക്കൂ,
ചിരകിയ തേങ്ങ,മഞ്ഞള്‍ ,പച്ചമുളകിവ,ചേര്‍ത്തു
ചിതമായരച്ചു പതം വന്നോരരപ്പും വേണം.
പച്ചക്കറി,യരപ്പിവ പാകത്തിലുപ്പും ചേര്‍ത്തു
നല്ല മണം നല്‍കും കറിവേപ്പിന്നിലയുമായി ,
നന്നായിട്ടു യോജിപ്പിച്ചു തിളക്കുവാനടുപ്പിലേറ്റൂ ,
നല്ലതുപോൽ ചെറു തീയിൽ മെല്ലെ, മെല്ലെ
തിളയ്ക്കുമ്പോൾ തന്നെ വെളിച്ചെണ്ണയൊഴിച്ചിടൂ
അ ടുപ്പില്‍നിന്നും മെല്ലെ വാങ്ങിവച്ചിടൂ .
രുചിച്ചു നോക്കൂ,നിങ്ങള്‍ കൊതിയേറിമുഴുവനും
കഴിച്ചു തീര്‍ത്തീടല്ലേ, അല്പമെനിക്കും വേണം.
ചേരുവകളെല്ലാമിതു പോലെ,ചേരുംപടി ചേര്‍ത്തു
നല്ലപഴയരിചോറുമൊപ്പമവിയലും കൂട്ടിതന്നെ
പ്രിയമായോരൂണ് നല്കി നോക്കൂ നമുക്കേതു വഴക്കാളിയമ്മായിയേം,
പതുക്കെ, പതുക്കെയങ്ങു വശത്താക്കീടാം,
നല്ല മരുമകളെന്ന ഖ്യാതിയും നേടാം.....
അവിയലിൻ മാഹാത്മ്യം ഇനിയുമറിയുന്നില്ലേൽ
നിങ്ങൾ മലയാളി മങ്കയല്ലെന്നറിഞ്ഞു കൊൾക.
No comments:
Post a Comment