Friday, January 11, 2013

അറബിക്കല്യാണം


    അറബിക്കല്യാണം

 


അത്തറിന്‍ സുഗന്ധവുമായ്‌ 
വന്നെത്തി, പത്തേമാരി.
തങ്കത്തിന്‍ തിളക്കമേറും 
മലബാറിന്‍ ഹൂറികളായ,  
മൈലാഞ്ചിപ്പെണ്ണും തേടി   
"ഇബിലീസു"കളറബികളെത്തി. 

തേന്‍ നുകരാന്‍ കരിവണ്ടുകള്‍ 

പുതുപൂക്കള്‍ തേടുംപോലെ      
കുടിലുകളില്‍ കൂമ്പിനില്‍ക്കും    
നാലുമണി പൂക്കള്‍ തേടി ,
പണസഞ്ചിക്കിലുക്കമോടെ  
ദല്ലാളുകളോടി നടപ്പൂ .

തുടികൊട്ടി,പാണര്‍ പാടും 
വീരര്‍ തന്‍ കഥകള്‍ പോലെ    
വഞ്ചകരാം ദല്ലാളന്മാര്‍  
മലനാട്ടില്‍ പാടി നടപ്പൂ 
റബികല്യാണത്തിന്റെ  -
അസുലഭ ഭാഗ്യകഥകള്‍.   

അറബിക്കാ,യാര്‍ത്തിയേറി,
വീട്ടുകാര്‍വലയിലതായി.  
മൊഞ്ചത്തിപ്പെണ്‍കുഞ്ഞിനെ 
"മഹറിനു"പകരം നല്‍കി. 

മൊഞ്ചുള്ള കന്യകമാരാം 
മോഹിതര്‍ പെണ്‍കിടാങ്ങള്‍. 
പുയ്യാപ്ലമാരവരൊത്തു  
മറുനാട്ടിലെത്തിച്ചേര്‍ന്നു. 

പുതുമോടി കഴിഞ്ഞുവല്ലോ,  
"പൂതികള്‍" തീര്‍ന്നുവല്ലോ, 
അചിരേണ വെളിവായല്ലോ 
അറബിതന്‍ വിശ്വരൂപം, 
സ്വര്‍ണ്ണത്തിൽപ്പൂശിയെടുത്ത  
ചെമ്പിന്റെ ചേലുക്കായി .  

അറബിതന്‍ മര്‍ദ്ദനമേറി 
അവളുടെ കോലംകെട്ടു  
പെണ്ണിന്റെ കിനാക്കളെല്ലാം
ചില്ലുപോല്‍ ചിന്നിച്ചിതറി. 

"ഗദ്ധാമ"യെന്ന"വിളിപ്പോര്‍  
ഗതിയില്ലാപ്പെണ്‍കിടാങ്ങള്‍  
കഴുതകളായ് ദീനികളായി 
കാതരരായ്  കേണിടുന്നൂ.... 

അവരുടെ ദീനവിലാപം 
കേട്ടില്ലേ മാലോകരേ? 
അതിനോരറുതി വരുത്താൻ 
സമുദായ സ്നേഹികളാകും 
സോദരരൊത്തൊരുമിക്കൂ  
സുല്ലിട്ടു നിർത്തുക നിങ്ങൾ 
ഇമ്മാതിരി ദുരാചാരം. 



No comments:

Post a Comment