വെറുതേ
അനന്തമാം വിഹായസില്‍
നിരങ്കുശ സ്വതന്ത്രയായി,
ഏകയായി ചിറകുവിരിച്ചു,
താഴെയുള്ള പ്രപഞ്ചത്തിനേക്കാള്‍
താനേറെ മുകളിലാണെന്നഹങ്കരിച്ചു,
ഒരിക്കല്‍ ഒരു താന്തോന്നി പക്ഷി
പാറി പാറി പറന്നു കൊണ്ടിരുന്നു.
ഉയരങ്ങളിലേക്ക് ഉയരും തോറും
അവള്‍ക്കു ആവേശം വര്‍ദ്ധിച്ചു .
അഭിമാന പുളകിത മനസ്സുമായി
കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക്
അവള്‍ ചിറകുവീശി പറന്നുയര്‍ന്നു.
കഠിനമായ സൂര്യാഘാത മേറ്റ്
അവള്‍ തളരാന്‍ തുടങ്ങി.
നേരമേറെ പറന്നു കഴിഞ്ഞപ്പോള്‍
ഈ പറക്കല്‍ അവള്‍ക്കു മടുത്തു.
ഏകാന്തതയെ അവള്‍ വെറുത്തു.
കൂട്ടിനായി തനിക്കു ചുറ്റും നോക്കി.
അവള്‍ അത്യുന്നതങ്ങളിലായിരുന്നു .
മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍
പറ്റാത്ത വിധം, വളരെ വളരെ
ഉയരത്തില്‍... .
അവളുടെ ചിറകുകള്‍ തളര്‍ന്നു.
അവള്‍ താഴേക്കു നോക്കി.
അവശയായ,ചിറകുകള്‍ കരിഞ്ഞ
താന്‍ താഴേക്കു, കുഴഞ്ഞു വീണു
പോകുമോയെന്ന്, ചകിതയായ
ആ കിഷോരി ഭയന്നു വിറച്ചു.
താഴെ, ഭീതിയുളവാക്കുന്നതും
അഗാധവുമായ താഴ്വാര
ഗര്‍ത്തങ്ങളിലേക്ക് തല കുത്തനെ
താന്‍ നിപതിക്കുമെന്നവള്‍ ഭയന്നു.
താങ്ങാകാന്‍, തണലേകാന്‍
ഒരു ചെറുചില്ലയെങ്കിലും
കിട്ടിയിരുന്നെങ്കില്‍'
കിട്ടിയിരുന്നെങ്കില്‍'
ആ പക്ഷി വെറുതെ മോഹിച്ചു.
ആ പക്ഷിയുടെ മോഹം
വെറുതെയാകാതിരുന്നെങ്കില്‍
വെറുതെയാകാതിരുന്നെങ്കില്‍
എന്ന് നമുക്കും
വെറുതേ മോഹിക്കാം .
No comments:
Post a Comment