Sunday, August 3, 2025

 

വില്ല്


ആംഗലേയത്തിൽ "വില്ലെന്നു പറഞ്ഞെന്നാൽ

ഭാവിയിൽ ചെയ്യേണ്ടുന്നകാര്യത്തെക്കുറിച്ചല്ലോ

വ്യവഹാരഭാഷയിലീവില്ലിനുള്ളർത്ഥം വേറെ

ഒരുവൻ സ്ഥാവരജംഗമവസ്തുക്കളെല്ലാം

ആർക്കൊക്കെകൊടുക്കണം ന്തൊക്കെ ചെയ്യണം

എന്ന് നിഷ്കർഷിച്ചീടുന്നോരിംഗിതപത്രമല്ലോ

********************************************************

വില്ല് നൽകാമർത്ഥമനർത്ഥങ്ങളുമേറെ

വില്ലൊരു ചാപമായാലത് ശാപമായ്ത്തീരുമോർക്കൂ

വില്ല് കുലച്ചതിൽ തൊടുക്കാം വാഗ്‌ശരങ്ങൾ

വല്ലാത്തൊരീർഷ്യയോടെ പൊരുതാം പരസ്പരം

വില്ലിന്മേൽ തൊടുത്തൊരുബാണങ്ങൾ മുറിച്ചിടാം

നല്ലൊരു സൗഹാർദ്ദമാംബന്ധങ്ങൾ ചിരകാലം

വില്ലിലെന്തുണ്ടെന്നൊരന്വേഷണ കുതുകികൾ

അതൊരെലിവില്ലായ് കണ്ടാൽ വല്ലാത്ത ഗതിയാകാം

വില്ലൊരുസംഗീതത്തിന്നുപകരണമായ് മാറ്റി

വില്ലടിച്ചാൻ പാട്ടിൻ തന്ത്രിയായ് താളം നൽകാം

വില്ലടിച്ചാൻ പാട്ടിന് വില്ലിന്മേൽതല്ലിത്താളമേത്തിൽ

വല്ലാതെ പെരുക്കിടും പഴങ്കഥകൾ പാടിത്തുള്ളാം !

 **************************************************************

വില്ലൊരു മഴവില്ലായ് മാറിയെന്നാലെതെത്രയോ

വർണ്ണമനോഹരമാം മായൂരപിഞ്ഛികയായ് !

വില്ലൊരു മാരിവില്ലായ് മാറിയാൽ നമുക്കത്

നോഹയ്ക്ക് ദൃശ്യമായ മഴവില്ലതുപോലെ

ദൈവകൃപാവാഗ്ദാന പ്രതീകമായ് ഭവിച്ചിടും



Tuesday, January 16, 2024

കാവ്യദേവതയോട്



മറഞ്ഞുപോയി സൂര്യനാഴ്ന്നുസാഗരത്തിലെങ്കിലും
നിറഞ്ഞ പുഞ്ചിരിയുമായ്  തെളിഞ്ഞതില്ല പൌർണ്ണമി  
വിരിഞ്ഞതില്ലയംബരത്തിന്നങ്കണത്തിൽ താരകം
കരിഞ്ഞപൂക്കൾപോൽ കൊഴിഞ്ഞുവെന്നോ താരകം 

കടുത്ത ശോകഭാവമാർന്ന , കാർമേഘപാളിപോൽ
കെടുത്തിടാം നിന്റെ സഹജപ്രസന്നഭാവ,മെങ്കിലും
ഇടയ്ക്കിടെ പ്രകാശിതം പൌർണ്ണമിപ്രകാശമായ്
വിടർത്തിനൽകെനിക്കു നിൻ മന്ദഹാസമലരുകൾ

വരദമാം കടാക്ഷമേകിയനുഗ്രഹിക്ക,ദേവതേ!
അരുണകിരണബിന്ദുവാം നിൻ മന്ദഹാസമലരുകൾ
കൊരുത്തൊരുക്കിയൊരീ മാല്യമൊന്നു ചാർത്തുവാൻ , 
കൊതിച്ചിടുന്ന  പാമരനാം ഭക്തനാണെന്നറിയുക 




Tuesday, January 9, 2024

ശ്രീദേവി


സന്ധ്യാംബരത്തിന്നാൽത്തറമുറ്റത്തു
അന്തിവിളക്കിൻ തിരി തെളിഞ്ഞു
ദലമർമ്മരങ്ങളാൽശ്രുതി ചേർത്തിളം കാറ്റ്
മോഹനരാഗമുതിർത്തുനിന്നൂ....

എൻറെയേകാന്തമാം സ്വപ്നപഥങ്ങളിൽ
മന്ദസ്മിതംതൂകി നീ വന്നണയൂ
ആരെയും ഭാവനാലോലയാക്കുന്ന നിൻ
ചാരുകടാക്ഷംകൊതിച്ചു പോയ്‌ ഞാൻ

നിൻമൊഴിമുത്തുകൾ കോർത്തു ഞാൻ
നല്ലോരുകീർത്തനഗാനം രചിച്ചീടാം
നിൻസ്തുതിഗീതങ്ങൾ ആലപിച്ചീടുവാൻ
എന്നാളുമെന്നേയനുഗ്രഹിക്കൂ ...

Tuesday, December 5, 2023

സപ്തതി

 സപ്തതി

ഒന്ന്, രണ്ടു, മൂന്ന്
സാറ്റ് കളി തുടങ്ങാം
കണ്ണടച്ചു നില്ക്കാം
നൂറുവരേയെണ്ണാം
പത്തുവരേയെണ്ണി
ഒളിച്ചൊന്നുനോക്കി
കൺ ചിമ്മുന്നതുപോൽ
ബാല്യമെങ്ങോയൊളിച്ചൂ

അടുത്തപത്തിൽ നിന്നും
എടുത്തു ചാടിയെത്തി
കൗമാരകാലം
പിന്നിട്ടു വേഗം
അനാഗതശ്‌മശ്രു
കരിയാൽ മിനുക്കീ
യുവകോമളൻ ഞാൻ
തലയൊന്നുയർത്തി
പലകുറിനോക്കി
പ്രതിബിംബം നന്ന്

മുപ്പതിലെത്തും
മുൻപേ വന്നെത്തീ
മുനികന്യയൊരുവൾ
മമവാമഭാഗേ,
മധുവിധു കാലം
കൊതി തീരും മുൻപേ
അവനിങ്ങു വന്നു
അവകാശിയായി .

അരുമയായൊരുവൾ
കിശോരിയായെത്തി
അവർക്കൊപ്പം കണ്ടു
ജീവിതമാസ്വാദ്യം

കാലമാം രഥത്തിൻ
ചക്രമങ്ങുരുണ്ടു
പഞ്ചാംഗത്താളിൽ
ജന്മദിനം പലതായി
ഇന്നിവിടെത്തീ
സപ്തതി നിറവിൽ
സത് പുത്രനായി ,
സത് പതിയായി,
മുത്തച്ഛനായി
മുജ്ജന്മ പുണ്യം

കളി തുടർന്നോളൂ,
എണ്ണിത്തുടങ്ങൂ
നൂറെത്തിയാലേ
കൺ തുറക്കാവൂ

മുന്നേറി നീയീ
ജീവിതപന്ഥാവിൽ
ജേതാവിനെപ്പോൽ !
നിൻ ജൈത്രയാത്ര
നിർവൃതിയോടെ
കണ്ടവർ ഞങ്ങൾ
നൽകുന്നൊരായിരം
ആശംസാപ്പൂക്കൾ !









അത്തം


അത്തം പിറന്നൊരു കൊച്ചു പെണ്ണേ
ചിത്തം തെളിഞ്ഞു ചിരിക്കൂ പെണ്ണേ
പെണ്ണത്തം പൊന്നത്തമെന്നാണ് ചൊല്ല് 
അത്തം നാൾ സ്ത്രീകൾക്കുത്തമം താൻ
പുത്രസമ്പത്തേറി നിങ്ങൾ ഭൂവിൽ 
ഉത്തമസ്ത്രീരത്‌നമായി വാഴും

കവിത

 


കവിത രചിക്കാൻ കരവിരുതല്ലാ
കാവ്യാത്മകമാം ഭാവന വേണം
ഭാവനവേണമതിനൊപ്പംതന്നെ
ഭാഷയിൽ നല്ലവഗാഹംവേണം
ഭാഷയതങ്ങനെ ഭേഷായെഴുതാൻ
ഭോഷനെനിക്കവഗാഹമതുണ്ടോ?
അക്ഷരങ്ങൾ അമ്മാനമാടുവാൻ
അല്പമെങ്കിലും വ്വ്യുല്പത്തിവേണ്ടയോ
അക്ഷരങ്ങൾ പദങ്ങളാകുമ്പോൾ
അവയർത്ഥപൂർണ്ണമാതാകണം നിജം
അർത്ഥസമ്പുഷ്ഠമീയക്ഷരങ്ങളെ
കൃത്യമായങ്ങടുക്കിയെഴുതുവാൻ
വൃത്തശാസ്ത്രനിപുണനാവണം
വൃത്തമെന്നതൊട്ടറിയുകില്ലെങ്കിൽ
വ്യർത്ഥമാകില്ലാ, താളമുണ്ടെങ്കിൽ
താളവും സ്വരലയവുമുണ്ടെങ്കിൽ
താവക രചന കവിതയായ് വരും
താമരപ്പൂ സമാന മോഹിതം..

Monday, December 4, 2023

പാഞ്ചാലീ ശപഥം


അഷ്ടലക്ഷ്മിയാം വിജയലക്ഷ്മിതന്നംശമായ്
അഗ്നിയിൽ നിന്നുയർന്നുവന്ന ദേവിയാൾ
ദ്രുപതരാജശപഥപൂർത്തീകരണത്തിനായ് 
ദ്രൗപതി,പാർത്ഥന്റെ പ്രതിശ്രുതവധുവായി. 

ഭിക്ഷയായ് കിട്ടിയതൊന്നിച്ചുതുല്യമായ്
ഭക്ഷിക്കുവാനമ്മചൊന്നതിനാലല്ലോ
ഇഷ്ടപത്‌നിയായ്പാണ്ഡവർക്കേവർക്കും 
ശിക്ഷപോലെ കൃഷ്ണ, പാഞ്ചാലിയായത്രേ!

പാഞ്ചാലീസ്വയംവരവേദിയിൽ കർണ്ണനും
പാരിഹാസ്യരായ് ഇന്ദ്രപ്രസ്ഥേയാകൗരവർ
പാഞ്ചാലിതൻ പൊട്ടിച്ചിരി കേട്ട് സുയോധനൻ
പരിഹാരാർത്ഥമുഗ്രശപഥമെടുത്തത്രേ!

ചൂതുകളിയിലാകെതോറ്റപ്പോൾ ധർമ്മജൻ 
ഏതുമില്ല,പണയമേകിടാനെന്നായപ്പോൾ 
പാതിമെയ്യായകൃഷ്ണയെപ്പോലുമവരന്ന്
ചൂതിനുപണയവസ്തുവായ് നൽകി പോൽ !

കള്ളച്ചൂതിലതിവൈഭവർ,കൗരവർ
തുള്ളിയാർത്തു ജയഭേരിയിൽ, കൃഷ്ണയെ
ഭള്ളുവിളിച്ചപഹസിച്ചെന്നതുമല്ല,വളുടെ
വെള്ളവസ്ത്രങ്ങളോരോന്നായഴിച്ചല്ലോ 

നഗ്നയാക്കപ്പെടുവതറിഞ്ഞൊരു കൃഷ്ണയോ 
ഭഗ്നയായ്‌,മാനം രക്ഷിപ്പതിന്നായവൾ
കൃഷ്‌ണാ,കൃഷ്ണായെന്നു വിലപിക്കയാൽ
കൃഷ്ണനന്നവൾക്കേകി സംരക്ഷണം

"കെട്ടഴിഞ്ഞ മുടി കെട്ടിവയ്ക്കണമെങ്കിൽ 
വെട്ടിപ്പിളർത്തണം ദുശാസനനെഞ്ചകം
നെഞ്ചകം തന്നില് നിന്നുമൊഴുകുന്ന 
ചെഞ്ചോരയെന്റെ മുടിയിൽ പുരട്ടണം"
ഇത്ഥം ശഠിച്ച പാഞ്ചാലി പ്രതികാരത്തിൻ
മൂർത്തമാം രൂപമായി ഭവിച്ചല്ലോ 
കീർത്തിതമായവൾ സ്ത്രീതന്നഭിമാന 
പാത്രമായെന്നുമാദരണീയയായ്!