Saturday, March 30, 2013

ആനയുടെ ആത്മഗതം


ഒരാനയുടെ ആത്മഗതം 


അമ്മയെന്നോതുന്നിതാദ്യമായ് പൈതങ്ങൾ,

പിന്നീടിതെൻ നാമം ചൊല്ലുന്നു ഭംഗിയായ്‌,
പുസ്തകത്താളിലേയക്ഷരമാലയ്ക്ക്,
ചിത്രമായ്‌ത്തീർന്നിടും,വൻ,കരിവീരൻ, ഞാൻ.

മസ്തകം തന്നിൽ തിടമ്പേറ്റുവോനിവൻ,

നിത്യവും കുട്ടികൾക്കത്ഭുതമായവൻ,
നാടിനെക്കാത്തിടും ദേവകൾ തന്നുടെ,
കോമളമാകും തിടമ്പുമായ് വീടുകൾ
തേടിനടക്കുന്നിടവഴി തോറുംഞാൻ.

ചുട്ടുപഴുത്തുരുകുന്ന വെയിലത്തും  

കത്തുമുടലും മനസുമായ് ഞങ്ങളോ, 
വർണ്ണക്കുടചൂടിഗംഭീര ഭാവത്തിൽ
തുമ്പിയുമാട്ടി, ക്ഷമയോടെനിന്നിടും.

പൂരപ്പറമ്പിലെ മേളക്കൊഴുപ്പിലും

ആലവട്ടങ്ങളോടൊപ്പം ചെവിയാട്ടി,
താലപ്പൊലിയേന്തി ക്ഷീണിച്ചവശരാം
ബാലികമാരവർക്കൊപ്പം നിസ്സംഗമാം
ഭാവത്തിലെത്രയോലക്ഷം ജനങ്ങൾക്കു
കൗതുകമേറ്റുന്ന  കാഴ്ചയായ്മാറിടും.

തന്ത്രിമാർക്കുത്സവമേളം കൊഴുപ്പിക്കാൻ,

മന്ത്രിപ്രവരർക്കു മാല്യങ്ങളർപ്പിക്കാൻ,
സർക്കസുമേളയിലഭ്യാസിയായിടാൻ,
സർക്കാരിൻകീർത്തിമുദ്രയും ഞാനല്ലോ?
ഓർക്കുക,ഞങ്ങളീയാനകൾ ചെയ്തിടും
മർത്യനുപകാരമേറും പ്രവൃത്തികൾ.

ദേശാടനപക്ഷിക്കൂട്ടം വരുന്ന പോൽ,

ദേശാടനപ്പൂതിയേറി സുഖംതേടി,
ദേശ-ദേശാന്തരങ്ങളിൽ നിന്നുമായീ 
ദേശത്തിലെത്തുന്ന ശീമപ്പരിഷക-
ളമ്പാരിവച്ചെന്റെ  മുതുകത്തുകേറി-
പ്പത്രാസുകാട്ടി ഞെളിഞ്ഞു ഗമിച്ചിടും.

കള്ളുമോന്തീടുവാൻ കാശിനു വേണ്ടിയാ-

ക്കള്ളപ്പരിഷകൾ, പാപ്പാന്മാരെപ്പോഴും
ആനവാൽ മോതിരമുണ്ടാക്കിടാനവർ
എണ്ണിപറിക്കുന്നെൻ വാലിലെ രോമങ്ങൾ

കാട്ടുകള്ളന്മാർക്കൊപ്പം ഫോറെസ്റ്റധികാരി-

യേമാന്മാർ കട്ടു കടത്തും തടിയൊക്കെ,
നാട്ടിലെത്തിക്കുവാൻ ഞങ്ങൾ വിടുപണി
ചെയ്യുന്നിതല്ലെങ്കിൽ ഞങ്ങളെയെമ്പാടും,
കൊല്ലാക്കൊല ചെയ്തു കഷ്ടപ്പെടുത്തിടാൻ, 
തെല്ലും മടിക്കില്ലീ കശ്മലർപാപ്പാന്മാർ.

കുട്ടിക്കുറുമ്പുമായ് ചിന്നം വിളിച്ചങ്ങു,

കാട്ടിലെമ്പാടും വിഹരിച്ചിടുന്നോരെ,
നാട്ടിലിടം കിട്ടാത്ത ദുഷ്ടരാം മാനുഷർ
കാട്ടിലെ രാജാക്കളായി ചമഞ്ഞെത്തി,
കേവലംരണ്ടിളം കൊമ്പുകൾക്കായവർ,
ക്രൂരമായെന്തിന്നു കൊല്ലുന്നു ഞങ്ങളെ ?

വംശനാശം വന്നു ഞങ്ങൾ വെറുമൊരു 

പുസ്തകത്താളില് തിളങ്ങുന്ന ചിത്രമായ്‌
മാറിടും ദുർഗ്ഗതി വന്നുഭവിക്കാതെ, 
മാതംഗവംശത്തിൽ  രക്ഷകനായീടും ,  
ഉണ്ണി ഗണപതീ ,കാത്തു രക്ഷിക്ക നീ .. 





    

Thursday, March 14, 2013

ചേലെഴും ചകോരം

 ചേലെഴും ചകോരം 

പാലമരക്കൊമ്പിലിരിക്കും 
ചേലാർന്നോരെൻ  
പ്രിയചകോരമേ, 
തീപാറും നിൻ മിഴികളില്‍ 
നിഴലിക്കുവതെന്തേ? 
തീവ്രമാം ദുഃഖമേകും 
തീഷ്ണമാമേതോഭാവമെന്നു 
ഞാൻ ധരിക്കട്ടെ 
ഇണയെ കാണാതെ,നീ
വിരഹ ദുഃഖം പേറി
ഏകാന്തതയേകും     
കാതരഭാവമാർന്നോ ?
അത്യന്തഖിന്നയായ് നീ
ഇമ വെട്ടാതെയെങ്ങൊ
നോക്കുവതാരെയാണോ ?
നോക്കുവതെന്നെയാണോ? 


കാലുഷ്യമാർന്ന നിന്റെ  
നയന ദ്വയങ്ങളിൽ
കാണ്മൂ ഞാൻ,
കോപിഷ്ടനാം,മാമുനി
ദുർവാസാവിൻ
ശാപമോതുന്ന ഭാവം.

അരുതേ,ശപിക്കല്ലേ?
പക്ഷി,നീ ശപിച്ചെന്നാൽ
അക്ഷികൾ നഷ്ടമായി
ശിഷ്ടജീവിതം ഞാൻ 
കഷ്ടമീയിരുട്ടിൽ താൻ 
കഴിയാൻ ഗതി വരും.


Wednesday, March 13, 2013

സ്ത്രീ ധനം


സ്ത്രീധനമോ,"സ്ത്രീ" ധനമോ   

പെണ്ണിന്നഴക്‌  പൊന്നോ?
പൊന്നിന്നഴകു  പെണ്ണോ? 
പെണ്ണിനാണഴക്‌, പക്ഷെ, 
പൊന്നിനു വിലയേറിടും.  

പെണ്ണണിഞ്ഞില്ലെങ്കില്‍  
പൊന്ന് വെറും മണ്ണ്, 
പൊന്നണിഞ്ഞില്ലെങ്കിലീ, 
പെണ്ണിന് വിലയുണ്ടോ ?  

കല്യാണം വെറുമൊരു 
ക്രയ- വിക്രയമായിതോ?
കഷ്ടം, വില്പന ചരക്കിന്‌ 
വിലയില്ലിവിടെന്നാല്‍, 
വാങ്ങുവാന്‍ വരുവോര്‍ 
കാശിനായ് പേശീടുന്നു ,
വാങ്ങുന്നു, പെണ്ണിനൊപ്പം 
പണവും പൊന്നും പിന്നെ  
കല്യാണ ചിലവതും.    

"സ്ത്രീധന" മില്ലാതെയീ    "
സ്ത്രീ", ധനമായ് മാറി, 
പത്തര മാറ്റുള്ള, തനി 
തങ്കമാം പെണ്ണിന്‍ വില
കുത്തനെ ഉയരുന്ന കാലം
വന്നണയുവതെന്നാണ്, 
അന്നേയീനാട്ടില്‍ "ശ്രീ"
ശ്രീലമായ്‌ വിളയാടൂ ..
.  
               

Tuesday, March 12, 2013

പുതുമ





Roses

                                  പുതുമ തേടി 


പുതു പുത്തന്‍ തുണിത്തരങ്ങള്‍, 
പുതുവര്‍ഷ പുലരിയിലണിയും 
ഉരിഞ്ഞു മാറ്റും നമ്മള്‍,  
ഉടഞ്ഞ വസ്ത്രമതെല്ലാം... 
മുറിച്ചു മാറ്റും നമ്മള്‍, 
മുഷിഞ്ഞ ബന്ധങ്ങളും. 


പുതുമയുടെ "പുതുമ" നശിക്കാന്‍ 
മതിയായ കാലമതുണ്ടോ?
അന്തിക്ക് ചൂടിയ പൂക്കള്‍
പിറ്റേന്ന് വാടിക്കരിയും.


പുതു മോഡല്‍ ബൈക്കില്‍ കേറി, 
അതിവേഗം പോകുന്നല്ലോ, 
പുതിയൊരു  ജീവിതത്തിന്‍,  
ഇഴചേര്‍ത്തവര്‍, താലിച്ചരടാല്‍.   


പുതുതായൊരു ദാമ്പത്യത്തിന്‍ 
പുതുമകള്‍ രുചിച്ചറിഞ്ഞു.. 
രുചിയേറിപ്പോയെന്നായാല്‍    
രുചി,കെട്ടതായിതീരും.


പുതുപുത്തന്‍ മോഡല്‍ വേണം       
അതിവേഗം ചെത്തി നടക്കാന്‍.  


ബൈക്കിന്റെ മോഡല്‍ മാറ്റം  
വൈകുവാന്‍ താമസമില്ല,
കമ്പനി പ്രഖ്യാപിച്ച, 
നാളുകള്‍ വന്നു ചേരാന്‍, 
അക്ഷമരായ് കാത്തിരിപ്പൂ
അചിരേണ ദമ്പതിമാരും . 


പഴകിയ ബൈക്ക് പോലെ, 
പഴകിപോയ്  ദാമ്പത്യവും. 
പുതു മോഡല്‍ തേടീടാനായ് 
ഇരുവരും ധാരണയായി.  


ബൈക്കുകള്‍ പഴയതു നല്‍കി,  
"എക്സ്ചെന്ജു" കിട്ടും പോലെ ,
പുതു പുത്തന്‍ മോഡല്‍ വേണം       
അതിവേഗം ചെത്തി നടക്കാന്‍.  


Monday, March 11, 2013

കളിപ്പാവകള്‍



       കളിപ്പാവകള്‍

ഇന്നിന്‍റെ മോഹങ്ങള്‍ നാളേക്ക് മാറ്റുവാ-
നെന്നും പരിശ്രമിച്ചീടുന്നു ഞാന്‍ സദാ...
നാളത്തെ നന്‍മകള്‍ സ്വപ്നങ്ങളായെന്‍റെ  
മാനസം തന്നില്‍ നിറം ചാര്‍ത്തി നില്‍ക്കവേ..
ഇന്നലെ തന്നുടെ ശപ്തമാമോര്‍മ്മകള്‍
പിന്തുടര്‍ന്നീടുന്നിതെന്‍ നിഴല്‍ പോലെന്നും..

ജീവിതമാം രംഗവേദിയില്‍ ഞാന്‍ വെറും
കോമാളി തന്‍ വേഷമാടിത്തിമിര്‍ക്കുന്നു.
പൊട്ടിച്ചിരിക്കുന്നു, കെട്ടിമറിയുന്നു,
തര്‍ക്കുത്തരം ചൊല്ലി ഗര്‍വിഷ്ടനാകുന്നു.
ഏങ്ങലടിച്ചു കരയും, ഞൊടിക്കുള്ളില്‍
വേവലാതി പൂണ്ടു മണ്ടിനടന്നിടും.

കാലം ചരടുവലിക്കുന്നതിനൊപ്പമാടും 
വിധി തന്‍ കളിപ്പാവയല്ലേ നാം !
അസ്ഥിത്വമില്ലാത്ത മിത്ഥ്യയാണീനമ്മള്‍
വ്യത്യസ്ഥരാവാന്‍ ശ്രമിക്കേണ്ടയാരുമേ...

അനുരാഗ പൂര്‍ണിമ


അനുരാഗ പൂര്‍ണിമ

തിരുവാതിര നോമ്പും നോറ്റു
ധനുമാസ കുളിരില്‍ മുങ്ങി,
തനുവാകെ നനഞ്ഞുവരുന്നോ -
രനുരാഗ ചന്ദ്രികപോലെ-
ന്നകതാരില്‍ മിന്നിവിളങ്ങാ- 
നനുരാഗപൂര്‍ണിമയായി ,
വരൂ ,നീയെന്‍ പ്രിയകാമിനി, 
മൃദുഭാഷിണി, മഞ്ജുള ഗാത്രി. 

ഒരു നല്ല ഗാനം പാടാന്‍ 
വരൂ, നീയെന്‍ ചേതന തന്നില്‍,  
നിറദീപം പോലെന്‍ ഹൃത്തില്‍ 
നിറയട്ടെ നിന്‍റെ പ്രകാശം. 
അനുരാഗപൂര്‍ണിമയായി, 
അചിരേണ വന്നെന്‍ മനസ്സില്‍,
കമനീയ ശലഭങ്ങള്‍ പോല്‍ നീ .... 
കവിതകളായ്  നര്‍ത്തനമാടൂ...   

നോക്കിന്‍ കടാക്ഷമലരായ്,നീ 
പൂക്കൂ, മമഭാവന തന്നില്‍ 
നറുമലരിന്‍ നവമുകുളത്താല്‍ 
നിറയുകയായ് മാനസവാടി.
വാക്കിന്‍ പ്രവാഹമായ്,നീ  
ഒഴുകെട്ടെന്‍ തൂലികതന്നില്‍.  


നിറമാര്‍ന്നോരെൻ മോഹങ്ങൾ 
നിറവേറും ദിനവും കാത്തു 
ഇനിയെത്ര നാളുകളെണ്ണി 
കഴിയണമീയൂഷര ഭൂവില്‍. 
നുരാഗപൂര്‍ണിമയായി,
അണയൂ നീ കാവ്യാംഗനയാള്‍      
വരൂ ,നീയെന്‍ പ്രിയകാമിനി, 
മൃദുഭാഷിണി, മഞ്ജുള ഗാത്രി. 










Thursday, March 7, 2013

മാനത്തെ പൂരാഘോഷം


മാനത്തെ പൂരാഘോഷം   



File:ThrissurPooram-Kuda.jpg



മാനത്തെ പൂരാഘോഷം   


വടക്കും നാഥന്റെയങ്കണം തന്നില്‍ 
പൂരത്തിനാനകളണിയായിനിന്നൂ...    
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം  
കാഴ്ചയിതെത്ര മനോഹര,മോർക്കൂ... 


കാര്‍മുകിലാനകള്‍ വാനില്‍ നിരന്നൂ.. 

മാനമൊരുപൂരപ്പറമ്പിന്റെ ചേലില്‍... .  
തിടമ്പേറ്റിനില്‍ക്കും ഗജവീരനെപ്പോല്‍ 

കാര്‍മുകില്‍മേലേറി,പാര്‍വണ ചന്ദ്രന്‍ 
വെള്ളി നക്ഷത്രക്കുരുന്നുകള്‍ നീളെ,
വെഞ്ചാമരം വീശി മിന്നിത്തിളങ്ങി.



പുതുമഴയേറ്റു തളിര്‍ ചൂടി നില്‍ക്കും 
ഇലഞ്ഞി മരക്കൊമ്പു കുമ്പിട്ടു നിന്നൂ.. 
താലപ്പൊലിയുമായ്‌ തരുണീ മണികള്‍ 
നാണത്താൽ കൂമ്പി നില്പതുപോലെ..  



വര്‍ണ്ണക്കുടമാറ്റ സൂചന നല്കാൻ ,
സന്ധ്യക്ക്‌ മുൻപേ മഴവില്ലുയര്‍ന്നൂ..   

മാകന്ദശാഖികള്‍ മലര്‍മൊട്ടു ചൂടി 
മാനത്തു പൂക്കുട വിരിയിച്ചു നില്പൂ 

ഇലഞ്ഞിത്തറമേള നാന്ദി കുറിച്ചൂ   
മാനത്തു ദുന്ദുഭീ ഘോഷം തുടങ്ങീ .
മിന്നല്‍ പിണരുകള്‍ മാനത്തു മിന്നി 
പൂര വെടിക്കെട്ട്‌ നേരത്തെയായോ?


വടക്കും നാഥന്റെ തിരുമുറ്റം തന്നില്‍ 

പൂരത്തിനാന നിരന്നു വരുമ്പോല്‍   
കാര്‍മുകില്‍ മെല്ലെ നിരക്കുന്നു വാനില്‍  
മാനമൊരുപൂരപ്പറമ്പിന്റെ ചേലിൽ .  
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം  
കാഴ്ചയിതെത്ര മനോഹര,മോർക്കൂ... 



Wednesday, March 6, 2013

മാതൃത്വം..... എത്ര മഹനീയം

image

മാതൃത്വം..... എത്ര മഹനീയം! 

മാതൃത്വം..... എത്ര മഹനീയം
പ്രകൃതി കനിഞ്ഞു സ്ത്രീകള്‍ക്ക് മാത്രമായി നല്‍കുന്ന വരദാനം
ഇതൊരു സ്ത്രീയും അമ്മയാകുന്നുവെന്നറിയുന്ന ആ നിമിഷം,അസുലഭ നിമിഷം.
അതുളവാക്കുന്ന അത്ഭുതം, ആനന്ദം.
അനിര്‍വാച്യവും, വിസ്മയകരവുമായ ഒരു അനുഭൂതി .
ദാമ്പത്യം നല്‍കുന്ന അമൂല്യമായ ഒരു സമ്മാനം .
ഏതൊരു പെണ്ണും താന്‍ ജനിച്ചത് അമ്മയാകാന്‍ വേണ്ടിയാണെന്ന് കരുതുന്ന അനര്‍ഘ നിമിഷങ്ങള്‍ .
ആദ്യത്തെ കണ്മണിക്ക്  വേണ്ടിയുള്ള കാത്തിരിപ്പ് .
തയ്യാറെടുപ്പുകള്‍.
കുട്ടിയുടുപ്പുകള്‍ തുന്നിക്കൂട്ടുന്നു.
കളിപ്പാട്ടങ്ങള്‍ വാരിക്കൂട്ടുന്നു.
താരാട്ട് പാട്ടുകള്‍ ശേഖരിച്ചു പഠിക്കുന്നു.
ഇടവിട്ടിടവിട്ടുള്ള വൈദ്യ പരിശോധനകള്‍ .
പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള ആകാംഷാഭരിതമായ കാത്തിരിപ്പുകള്‍ .
മരുന്നുകള്‍ ടോണിക്കുകള്‍ വ്യായാമം .പോഷകാഹാരങ്ങള്‍.
അവസാനം സമയം സമാഗതമാകുന്നു.
ആശുപത്രിയിലേക്ക്, വീണ്ടും പരിശോധനകള്‍.
സമയം അതിക്രമിക്കുന്നു.പ്രസവ മുറിയുടെ വാതിലുകള്‍ തുറക്കുന്നു.പ്രധാന ഡോക്ടര്‍ വരുന്നു.
ശസ്ത്രക്രിയ വേണ്ടി വരുമെന്നറിയിക്കുന്നു.
ഭര്‍ത്താവ് നിശ്ചിത സമ്മത പത്രങ്ങള്‍ പൂരിപ്പിച്ചു നല്‍കുന്നു.
ശസ്ത്രക്രിയാമുറിയിലേക്ക്  പോകാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.
കൂട്ടത്തില്‍  പ്രായം കൂടിയ നേഴ്സ് പെണ്‍ കുട്ടിയോട് ഒരമ്മയുടെ വാത്സല്യത്തോടെ പറയുന്നു.
ഒന്നുകൂടി ശ്രമിക്കൂ,മോളെ ,
"പുഷ്, പുഷ്,"
ഭയചകിതയായ പെണ്‍കുട്ടിയുടെ കഠിനമായ ശ്രമത്തിനിടെ വലിയ ഒരു നിലവിളിയോടെ
അവള്‍ ബോധരഹിതയാകുന്നു.
ഉത്കണ്ടാഭരിതമായ നിമിഷങ്ങള്‍...... .
"ഇല്ളെ ,ഇല്ളെ" എന്ന കുഞ്ഞി കരച്ചില്‍ അവളിലെ അമ്മയെ ഉണര്‍ത്തുന്നു.
പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ കുഞ്ഞിനെ തേടുന്നു.
കുഞ്ഞിനെ അവള്‍ തന്റെ മാറോടു ചേര്‍ത്ത് പുണരുന്നു.
ഇവിടെ ഒരമ്മ കൂടി കുഞ്ഞിനോടൊപ്പം ജനിക്കുന്നു.
അതോടൊപ്പം വീണ്ടും അമ്മയാകാനുള്ള ഒരു പെണ്‍ കുഞ്ഞു കൂടി ജനിക്കുന്നു.
മാതൃത്വം എത്ര മഹനീയം!