Monday, September 30, 2013

മഹാത്മാ ഗാന്ധി

PEMG1947035009

മഹാത്മാ ഗാന്ധി 


കർത്തവ്യനിഷ്ടാപ്രിയൻ,
ജനസേവകൻ,ബാപ്പുജി 
അധികാരത്തിന്നാർഭാടമമ്പേ
വെടിഞ്ഞന്നേകനായ് 
കലാപബാധിതപ്രദേശേ-
അണഞ്ഞു,പരിക്ഷീണനായ്..  

ഗാന്ധിതൻമൃദുമന്ത്രണം,ജനം 
ശാന്തിതൻ മന്ത്രമാക്കിയോ?
വൈരം വെടിഞ്ഞജനമൊന്നാ
യിഹ,ബാപ്പുവിൻചാരേ, 
 തന്നിടയനോടൊത്തുമേവുന്ന
ശാന്തരാം അജങ്ങളെപ്പോൽ!  
ഈ മനോഹരദൃശ്യം കണ്ടുള്ളം 
തെളിയാത്തവരാരാരുണ്ട് പാരിൽ? 

സാമ്രാജ്യത്വത്തിൻഭീകര 
ഭൂതത്തെയമ്പേയഹിംസാ-
മന്ത്രത്തിനാലാവാഹിച്ചൊരു
കുടത്തിലാക്കിയകറ്റിയ
മാന്ത്രികൻ,മഹാത്മാഗാന്ധി
തൻ,ശിഷ്യർ പോലും
സ്വാർത്ഥരഹിത രാഷ്ട്രസേവന
മാർഗ്ഗമമ്പെവെടിഞ്ഞു
സ്വാർത്ഥലാഭത്തിനുള്ളൊ
രുപാധിയാക്കി "ഗാന്ധിനാമം"

ഒരു വാശിയേറിയ ഫുട്ബാൾ മത്സരം


 ഒരു വാശിയേറിയ ഫുട്ബാൾ മത്സരം 

ഫുട്ബാൾ മത്സര പ്രേമികളുടെ ശ്രദ്ധ 1959 -ൽ ചങ്ങനാശ്ശേരി എസ.ബി. കോളേജിൽ നടന്ന ഒരു ഫുട്ബാൾ മത്സരത്തിലേക്ക് ഞാൻ ക്ഷണിക്കുകയാണ്.അന്ന് കേവലം 12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എന്റെ മനസ്സിൽ പതിഞ്ഞ കാര്യങ്ങൾ ആണ് ഞാൻ എന്റെ ഓർമ്മയിൽ നിന്നും ഇവിടെ പുനരാവിഷ്കരിക്കുന്നത്. പക്ഷെ എന്റെ ഈ ആവിഷ്കാരം ഏറെക്കുറെ സത്യസന്ധമാണെന്നു പറയാൻ എന്നെ അനുവദിക്കുക.
എസ.ബി.കോളേജു മാനജുമെന്റു സംഘാടകരായിരുന്നതും പിന്നീട് നിലച്ചു പോയതുമായ നിരവധി ഫുട്ബാൾ ടൂർണമെന്റുകളിൽ പെട്ടതുമായ ബിഷപ്പ് കുര്യാളശ്ശേരി ട്രോഫി ഓപ്പണ്‍ ടൂർണമെന്റ്. 
ഫൈനൽ മത്സരം.
പങ്കെടുക്കുന്നത് 
കോട്ടയം ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ക്ലബ്ബ് ( H.M.C CLUB, KOTTAYAM ), 
എസ.ബി. ഹൈസ്കൂൾ എന്നീ ടീമുകൾ. 

എസ.ബി.ഹൈസ്കൂൾ ടീം, എസ.ബി.കോളേജു "ബി" ടീമിനെയും എച് .എം.സി. ക്ലബ്ബു,എസ.ബി.കോളജു "എ" ടീമിനെയും തോല്പ്പിച്ചാണ് ഫൈനൽസിൽ എത്തിയിട്ടുള്ളത്. 

എച് .എം.സി. ക്ലബ്ബു, ക്യാപ്ടൻ സംസ്ഥാന ഫുട്ബാൾ ടീം പ്ലെയെർ കമ്മരുദ്ദീൻ ഉൾപ്പെടെയുള്ളവർ കോട്ടയത്തെ പ്രശസ്തമായ മാമ്മൻ മാപ്പിള ട്രോഫി ടൂർണമെന്റിലും മറ്റു പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നരടങ്ങിയതാണ് .

എസ.ബി.ഹൈ സ്കൂൾ ടീമിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു.
ഗോളി സി.എ ആന്റണി (പരിചയ സമ്പന്നനായ ഔസേഫ് ഈപ്പൻ ഇന്ന സ്ഥിരം ഗോളിക്ക് പകരക്കാരനായാണ് ആന്റണി എത്തുന്നതു ) . 

മുന്നേറ്റനിര 

ജോര്ജുസെബാസ്ത്യൻ, ടി.സി ആന്റണി, എം.ടി.ചാക്കോ (പുല്ലാട് സ്വദേശി, ആലുവാ സെറ്റിൽമെന്റു ഹൈസ്ക്കൂളിൽ നിന്നും മികച്ച കളിക്കാരനെന്ന നിലയിൽ ഇരവിപേരൂർ സ്വദേശിയും എസ.ബി.ഹൈ സ്കൂളിലെ ഡ്രിൽ മാസ്ടരുമായിരുന്ന വർഗീസ്‌ സാർ കണ്ടെത്തിയ കളിക്കാരൻ എസ.ബി.യിൽ ഫ്രീ ബോര്ടിംഗ് സൌകര്യത്തോടെ പഠിക്കുവാൻ വന്നയാൾ ). . 
പ്രതിരോധനിര "മൂര്ഖാൻ" എന്ന വിളിപ്പേർ ഉണ്ടായിരുന്നതും "മണമ" കുടുംബാംഗമായ ഇരുണ്ടു മെലിഞ്ഞഒരു പയ്യൻ. രവീന്ദ്രൻ എന്ന "സ്റ്റൊപ്പെർ ബാക്ക്" ടീമിന്റെ അസിസ്റ്റന്റ്‌ മാനജർ ആയിരുന്ന കെ.ജെ. സെബാസ്ത്യൻ സാറിനോട് (ഇദ്ദേഹം പിന്നീട് അധ്യാപക ജോലി ഉപേക്ഷിച്ചു എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി തേടി) മോശമായി പെരുമാറിയതിന് ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും പകരം ജൂനിയർ ടീമിൽ നിന്ന് പ്രൊമോഷൻ കിട്ടിയ ആളുമാണ് മൂർഖൻ. ബാൾ കിക്ക് എടുക്കുമ്പോൾ ചീറ്റുന്ന സ്വഭാവം ഉണ്ടായിരുന്നതിനാലാണ് ഈ വിളിപ്പെരുണ്ടായതെന്നു സി.എ ആന്റണി സാർ പിന്നീട് എന്നോട് വിശദീകരിച്ചിരുന്നു. മറ്റൊരാൾ "നാഗം" എന്ന് വിളിപ്പേരുള്ള നാകത്തിൽ കുടുംബാംഗമായ ഒരാളായിരുന്നു നാകത്തിൽ ചാക്കോച്ചൻ എന്നയാളുടെ മകനാണെന്ന് നേരിയ ഓര്മ്മ .
ക്രിസ്റ്റി ഫെർനാന്റാസ് (തിരുവനതപുരം സ്വദേശി . സെന്റ്‌ ജോസപ്ഫ്സ് സ്കൂളിൽ നിന്നും കൊണ്ടുവന്ന, ബോർഡിങ്ങിൽ താമസിപ്പിച്ചു പഠിച്ചിരുന്ന നല്ലകളിക്കാരൻ. ഇദ്ദേഹം ഹോക്കി കളിക്കാരൻ കൂടിയായിരുന്നു. തിരുവനന്തപുരത്തു കേശവദാസപുരത്തു സെന്റ്‌ മൈക്കിൾസ് ബേക്കറി നടത്തിയിരുന്നു). 
ടി.സി.സെബാസ്ത്യൻ,ജോര്ജു സെബാസ്ട്യൻ എന്നിവർ പിന്നീട് ഏയർഫോര്സു ടീമിലോ മറ്റോ കളിച്ചിരുന്നുവെന്നു തോന്നുന്നു. കൂടുതൽ വിവരങ്ങൾ മാലൂക്കാവിനടുത്തു താമസിക്കുന്ന സി.എ ആന്റണി സാറിനു അറിയാം അദ്ദേഹം പില്കാലത്ത് എസ.ബി.ഹൈ സ്കൂൾ അധ്യാപകനായിരുന്നു.(പ്രസിദ്ധ ചിത്രകാരനായ അദ്ദേഹം ഗുരുദക്ഷിണ പോലെ 'എന്റെ പിതാമഹിയുടെ "ച്ഛായാചിത്രം" മനോഹരമായി വരച്ചു നല്കിയതും ഞാൻ ഒര്മ്മിക്കുന്നു) 
ടീമിന്റെ മാനേജർമാരായി എന്റെ പിതാവ് "കുഞ്ചായാൻ സാർ" എന്ന് വിളിച്ചിരുന്ന പി.സി.ചാക്കോസാർ, "കൊച്ചുകൂട്ടുമ്മ" എന്ന് വിളിക്കപ്പെട്ടിരുന്ന കൂട്ടുമ്മേൽ ജോര്ജു സാർ എന്നിവരായിരുന്നു. കളി നിയന്ത്രിച്ചിരുന്നത് ഒരു അയ്പ്പുസാറും ടൂർണമെന്റ് ഒഫീഷ്യൽ ഡി.വര്ഗീസ് സാറുമായിരുന്നു.(കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജു മുൻ പ്രിൻസിപ്പൽ, കളി നടക്കുന്ന കാലത്ത് എസ.ബി. കോളേജു ഹിസ്ടറി അധ്യാപകനും സ്പോട്സ് & ഗെയിംസ് വിഭാഗ മേധാവിയും,ഡി.വര്ഗ്ഗീസ് എം. എ എന്നറിയപ്പെട്ടിരുന്ന പ്രശസ്തിയുള്ള നാടകനടനുമായിരുന്നു )

ഞാൻ പറഞ്ഞു വരുന്നത് കളിയെക്കുറിച്ചാണല്ലോ. 
അത് തുടരട്ടെ, 
കളിക്ക് മുൻപ് എസ.ബി.യിലെ സാറന്മാരോട് "കമ്മർ" എന്നറിയപ്പെട്ടിരുന്ന കമറുദ്ദീൻ പറയുകയുണ്ടായത്രേ! "നമ്മുടെ കൊച്ചു പിള്ളാരല്ലേ, സാർ, ഒരു മൂന്ന് ഗോളിൽ കൂടുതൽ ഞങ്ങൾ അടിക്കില്ല ".
പക്ഷെ കളി തുടങ്ങിയപ്പോൾ, കളി കാര്യമായപ്പോൾ,കമ്മറിന്റെ വാക്കുകൾ "വീണ്‍ വാക്കുകളായി" മാറിപ്പോയി. മത്സര സമയം കഴിഞ്ഞപ്പോൾ സ്കോർനില 1-1
ആദ്യം ഗോളടിച്ചത് എസ.ബി.യുടെ സെന്റർ ഫോർവേഡ് ടി.സി.സെബാസ്റ്റ്യൻ. എം ടി .ചാക്കോ, ജോര്ജു സെബാസ്ട്യൻ എന്നിവരുടെ മികച്ച പന്തടക്കവും സ്പീഡും ഒരുക്കിയ മുന്നേറ്റത്തിന്റെ അവസാനം ഹെഡ് ചെയ്താണ് ടി.സി. സെബാസ്ട്യൻ ഗോൾ സ്കോര് ചെയ്തത്. അതിൽ "ദൈവത്തിന്റെ കൈ"സഹായം ഉണ്ടായിരുന്നെങ്കിലും എച് .എം. സികാരുടെ പ്രതിഷേധം ഐയ്പു സാർ വക വച്ചില്ല. തുടർന്ന് എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനാണ് വീരവാദം പറഞ്ഞു വന്ന ക്ലബ്ബുകാർ തങ്ങളുടെ മാനം കാത്തത്‌.
കേരള യൂനിവെർസിറ്റി കളിക്കാരനായിരുന്ന കെ.എസ.മാത്യൂ .നായകനായിരുന്ന, എ.എസ. ലൂക്കോസ്, ജോണ്‍ ലൂക്കോസു തുടങ്ങിയ പ്രഗൽഭർ ഉൾപ്പെട്ടിരുന്ന എസ.ബി.കോളേജു ടീമിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോല്പിച്ചാണ് 
എച് .എം.സി.കാർ ഫൈനൽ മത്സരത്തിനു വന്നത് എന്നും ഓർക്കണം .
മത്സരത്തിനു ശേഷം കൊച്ചു സി.എ. ആന്റണിയെ തോളിലേറ്റി എച് .എം.സി. ടീം ഗോളി മൈതാനത്തിൽ വലം വച്ചത് എസ.ബി.ഹൈ സ്കൂളിനെ പിന്തുണച്ച കാണികളിൽ ഒരാളായിരുന്ന ഞാൻ ഓർക്കുമ്പോൾ, ഇപ്പോഴും അഭിമാനപുളകിതനാകുന്നു. ശരിക്കും പറഞ്ഞാൽ മികച്ച ഗോൾ കീപ്പിങ്ങിലൂടെ മത്സരം ജയിപ്പിച്ചത് കൊച്ചു ആന്റണി ആയിരുന്നു.
എസ.ബി.ഹൈസ്കൂളിൽ അധ്യാപകനും പിന്നീട് അരുവിത്തുറ സെന്റ്‌ ജോര്ജു ഹൈസ്കൂളിലെ ഹെഡ് മാസ്റ്റരുമായിരുന്ന ടി.ഡി.ചാക്കോ സാറിന്റെ മകൻ ടി.സി സെബാസ്ത്യനു ആണ് ദൈവത്തിന്റെ കൈ സഹായം കിട്ടിയ ആദ്യ വ്യക്തി) 
മാത്തപ്പൻ എന്ന് വിളിക്കുന്ന ഒരു മാത്യൂ കുട്ടംപേരൂർ, സീ.ജേ എന്ന് വിളിച്ചിരുന്ന ചക്കുപുരക്കൽ കുടുംബാംഗവും ,ഈ ഗ്ലാമർ ടീമിൽ അംഗങ്ങൾ ആയിരുന്നു. 
ഇവരെ പരിശീലിപ്പിച്ചിരുന്നത് എസ.ബി.യുടെ പഴയ കളിക്കാരനും1960 കളിൽ എം.ആർ.സി വെല്ലിംഗ്റ്റൻ, സെർവിസസ് എന്നീ ടീമുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന ശ്രീ ചെറിയാൻ ആണെന്ന് തോന്നുന്നു.

Thursday, September 26, 2013

എട്ടുകാലിയുടെ ആത്മരോദനം



എട്ടുകാലിയുടെ ആത്മരോദനം 

ദിക്കുകളെട്ടിലും തട്ടിപ്പിന്നാശാനെന്നു
ദുഷ്കീർത്തിയുള്ളൊരു പ്രാണിയാം  ഞാൻ
സ്വന്തമായിട്ടൊരു കൂട് നിർമ്മിച്ചതിൻ
മൂലയിൽ ഏകനായി മേവിടുന്നോൻ 
എന്നെയെന്തിന്നിഹ,തേജോവധം 
നിങ്ങൾചെയ്തിടുന്നേറെ നാളുകളായ് 

"എത്ര ചാതുര്യത്തോടെയാണ്  നീ
ചിത്രസുന്ദരമീ വലകൾ നെയ്തീടുക 
മഞ്ഞു തുള്ളികൾ മുത്തു ചാർത്തിയ
മഞ്ജുഗേഹമതിലേകനായ് ...   
ഉലാത്തിടുന്നു നീ ഏകാശാസനാ
ഭാവമാർന്നതിലോലനായ് ... "

ചിത്ര ചാതുരിയാർന്ന പാവങ്ങൾ
മിത്രമാം നെയ്ത്ത്കാരു ഞങ്ങൾ  
എത്രയോകാലമായ് നിങ്ങളീഞങ്ങളെ 
"ദുഷ്ടരെന്നു  വിളിച്ചപഹസിപ്പൂ 

"എട്ടുകാലികളവർ കെട്ടും വലയിൽ
പെട്ടിടാതെ നിങ്ങൾ സൂക്ഷിക്കേണം  
പെട്ടുപോയെന്നാൽ മോചനമൊട്ടുമേ 
കിട്ടുകില്ലെന്നുമോർത്തിടെണം ..."
ഇപ്രകാരം ചൊല്ലിയല്ലേ നിങ്ങൾ
നിത്യവും ഞങ്ങളെ അവമതിപ്പൂ 

ഞങ്ങൾ കെട്ടും വലയിലെന്തിനു
നിങ്ങൾ പൂമ്പാറ്റകൾ വീണിടുന്നൂ  
വലയിൽ വീണൊരു പൂമ്പാറ്റയതിനെ
വെറുതെ കളയുവാനായിടുമോ? 

വെബ്‌ ലോകം തീർക്കും വിനാശവലകളെ 
വേണ്ടെന്നു നിങ്ങൾ പറയുന്നുണ്ടോ? 
ചാറ്റിങ്ങു,ചീറ്റിങ്ങായ്  മാറ്റി വിഷം കുത്തും 
ഇരുകാലിജീവികൾ തീർക്കും വലകളിൽ 
അറിയാതെ കുടുങ്ങിപ്പിടയും പൂമ്പാറ്റകൾ 
നിരവധിയായില്ലേ മാലോകരെ ?
അവരെ സമൂലം നശിപ്പിക്കാനാവാത്തവർ 
വെറുതെ,യീഞങ്ങളെ വിട്ടേക്കുക. 

നേരും നെറിയും വേർതിരിച്ചറിയുവാൻ 
നേരായ വഴികൾ കാട്ടിനീയീശ്വരാ  
പൂമ്പാറ്റപോലെ പറക്കാൻ കൊതിക്കുന്ന 
പാവം പെണ്‍കുട്ട്യോളെ രക്ഷിക്കണേ 

മോരും മുതിരയും തിരിച്ചറിയുന്ന,പോൽ നേരിൻ വഴിയേ നടത്തേണമേ  
ദുഷ്ടരെന്നിനിയുംപറയാതെ ഞങ്ങളെ
ശിഷ്ടരായ്‌ മാറ്റാൻ വരമേകണേ ....


Wednesday, September 18, 2013

പിള്ളേരോണം.






ആവണിപ്പിറപ്പിൻ മുന്നെ 
ആർഭാടത്തോടെ നമ്മൾ  
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം. 

തിരുവോണത്തിന്നിരുപത്തേഴു-
നാളുകൾക്ക് മുന്നേ നമ്മൾ 
കളിയാടി വന്നോരോണം 
പിള്ളേരോണം.... 

കർക്കിടകപ്പേമാരിക്കും  
പത്തുനാളൊരു തെളിവുണ്ടേ 
അപ്പോൾ നമ്മളാഘോഷിപ്പൂ 
പിള്ളേരോണം.

തിരുവോണനാളിൻ നാന്ദി
കുറിക്കുവാൻ പണ്ട്,
നമ്മളാചരിച്ചു തുടങ്ങിയ 
പിള്ളേരോണം .

ആർപ്പോ... ഇർറോ, ഇർറോ 
എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

മഴപെയ്തു വെള്ളം പൊങ്ങി, 
പാടമൊക്കെ കായലായി 
വാഴപ്പിണ്ടി ചങ്ങാടത്തിൽ 
തുഴഞ്ഞ കാലം...

പൂവിളിപ്പാട്ടിന്റെ നല്ല 
ശീലുകൾ 
മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും 
  മുഴങ്ങും കാലം. 

പിള്ളേരോണമെന്നു കേൾക്കെ 
അത്ഭുതം കൂറി നിൽപ്പൂ 
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി. 

കൂട്ടുകുടുംബരീതി പാടേ 
ശിഥിലമായതിൽ പിന്നെ 
നാട്ടുനടപ്പുകളൊക്കെ 
കീഴ് മേൽ മറിഞ്ഞു .

പൂവേ പൊലി, പൊലിയെ, 
പൊലി എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

ഇങ്ങിനി വരാത്തവണ്ണം 
കൊഴിഞ്ഞു 
പോയാ ദിനങ്ങൾ 
നന്മയുടെ നറുമലർ 
വിടരും കാലം! 

Tuesday, September 17, 2013

ലക്ഷ്യസ്ഥാനം

ലക്ഷ്യസ്ഥാനം 

ചുവപ്പ് വെളിച്ചം പ്രസരിപ്പിച്ചു 
"വഴിമാറിത്തരുവിൻ വേഗം "  
ദീനമാം മുറവിളിയോടതാ, 
ആംബുലൻസതിവേഗത്തിൽ 
ചീറിപ്പാഞ്ഞണഞ്ഞീടുന്നു.  
അതുകണ്ട്  പലരും വഴിമാറി,
പക്ഷേ,യൊരുവന്നതിബുദ്ധിമാൻ   
ആംബുലൻസിൻ തൊട്ടുപിന്നാലെ- 
യതിവേഗം തന്നെ ബൈക്കിൽ 
പായുന്നു,പറയുന്നിത്ഥം 
"ബ്ലോക്കില്ലാതെ",വേഗത്തിൽ 
ലക്ഷ്യസ്ഥാനത്തണയുവാൻ  
ഇതു നല്ലോരെളുപ്പവഴി. 
പെട്ടെന്നതിബുദ്ധിമാൻ യാത്രികൻ 
വെട്ടിത്തിരിയുന്നോരാംബുലൻസിൻ 
പിന്നിൽ മുട്ടി, തട്ടിത്താഴെ വീഴുന്നു. 
നാട്ടുകാരോടിയെത്തുന്നു .
ശോണിതത്തിലഭിഷിക്തനാം 
കഷ്ടം!ബൈക്ക് സഞ്ചാരി 
ആംബുലൻസിലേറി തന്നെ 
തൻ ലക്ഷ്യസ്ഥാനത്തതിവേഗം 
എത്തി ചേർന്നത്‌ കണ്ടാലും....  .

സാന്ത്വനം



സാന്ത്വനം 

ചന്ദനഗന്ധിയാം ചിന്തകളെന്റെ
അന്തരംഗത്തിൽ നിറഞ്ഞു കവിയണം
മന്ദഹാസം തൂകുമെന്റെ മൊഴികളോ 
മഴയും നിലാവും പകരും കുളിരിന്റെ
അലകൾ തഴുകുന്നപോലെ മൃദുവായി-
ത്തഴുകിയെന്നോമനെ,നിന്റെ വേദന
യെല്ലാമകറ്റുന്ന  സാന്ത്വനമാകണം.

കാടില്ല മേടില്ല,,നാട്ടിലൊക്കെ മേടകൾ കെട്ടി പൊക്കിടാനും .
ആടയാഭരണങ്ങൾ വാങ്ങിടാനും, മേനി നടിച്ചു കഴിഞ്ഞിടാനും
മലയാള മണ്ണിന്റെ മക്കളൊക്കെ മറുനാട്ടിൽ ജോലി തേടിടുന്നൂ....
മലയാള മണ്ണിൽ പണി ചെയ്യുവാൻ മറുനാട്ടുകാരവർ വന്നിടട്ടെ !



Monday, September 16, 2013

ആർപ്പോ....... ഇർറോ ....


Onam Snake Boat Race

ആർപ്പോ.......  ഇർറോ ....

ആർപ്പോ.......  ഇർറോ ....
ആർപ്പോ .... ഇർറോ .
ആർപ്പുവിളികളുയരട്ടെ! 
കൂട്ടുകാരവരെത്തിപ്പോയ്.... 
പാട്ടുകളോണപ്പാട്ടുകൾ,പാടി 
വാഴ്ത്തിടട്ടെ! മാബലിയെ  
നാട്ടിൽ നന്മകളുണരട്ടെ !    
ആർപ്പോ.......  ഇർറോ ....
ആർപ്പോ .... ഇർറോ .

Saturday, September 14, 2013

ഒരു നാടൻ പാട്ട്

 


ഒരു നാടൻ പാട്ട് 

മണിക്കുട്ടന്  പണി കിട്ടി, 
പണിക്കൊപ്പം പണം കിട്ടി, 
തുണിത്തുമ്പിൽ പണം കിട്ടി,
പണം നല്കി പണ വാങ്ങി,  
പണ വെട്ടി തിന വിതച്ചു, 
തിന തിന്നാൻ കിളിയെത്തി, 
കിളിയാട്ടാൻ പെണ്ണുമെത്തി. 
കിളി തോല്ക്കും മൊഞ്ചത്തി,  
പെണ്ണിനൊപ്പം അണ്ണനെത്തി,
അണ്ണനെ ഞാൻ വശത്താക്കി, 
അവനെ ഞാനളിയനാക്കി .  
       

Tuesday, September 10, 2013

പുകില് തന്നെ വൻപുകില്


kerala women carrying harvest

പുകില് തന്നെ വൻപുകില്

ചിങ്ങമാസക്കാലമായി 
ചമ്പാവ് വിളഞ്ഞുവല്ലോ 
ചിത്തിരക്കണ്ടം കൊയ്യാറായ് 
ചാത്തനെന്റെ കെട്ടിയോന്റെ  
കാവലിലാണീക്കണ്ടം.  
കൊയ്ത്തുകാരി പെണ്ണാള് 
കൊയ്ത്തരിവാൾ രാകിടുന്നേ..  
കൊയ്ത്തു പാട്ടിന്നീണത്തിൽ 
കൊയ്തു, കൊയ്തു മുന്നേറാൻ...  
കതിര് കൊയ്തു, കൊയ്തു കൂട്ടി,
കറ്റകെട്ടി, കളത്തിലാക്കി, 
മെതിച്ചു കൂട്ടി,പൊലി പിടിച്ചു,
കാറ്റിൽ തൂറ്റി, പൊലിയളന്നു
തമ്പുരാന്റെ അറയിലാക്കി.
പതവും വാങ്ങി,പാതിരായ്ക്ക്
കുടിയിലെത്തി,കുത്തിപ്പാറ്റി
കഞ്ഞിവച്ച് വയറു കാഞ്ഞ
ക്ടാങ്ങൾക്കായത് വിളമ്പി.
രണ്ടു വറ്റും നാഴിയുരിയ
കഞ്ഞിവെള്ളം ഉപ്പുകൂട്ടി 
ഞാനുമതു മോന്തിയല്ലോ.

അപ്പോഴതാ,വരണുണ്ട് 
"തമ്പുരാൻപടിക്കൽ"നിന്നും,
കിട്ടിയോരാകാശിനയ്യോ,
കള്ളുമോന്തി,പാട്ടു പാടി  
ആടിയാടി,നാലുകാലിൽ 
കെട്ടിയോനും വന്നു കേറി.
പിന്നെയെന്റെ മാളോരേ,
എങ്ങനെ ഞാൻ ചൊല്ലുമതു
പുകില് തന്നെ വൻപുകില്.
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ്യ്‌ തരികിട തിന്ത തോം ...  


Thursday, September 5, 2013

മില്ലേനിയം മാവേലി




മില്ലേനിയത്തിലെ ഓണനാളില്‍
മലയാളക്കരയാകെ താണ്ടിയിട്ടും
കണ്ടില്ല, മാവേലി കണ്ടതില്ല
തിരുവോണക്കാലപ്പഴമ തെല്ലും.

കാണം വിറ്റുണ്ണണമോണം, പിന്നെ
നാണം കെട്ടും കടം വാങ്ങിടേണം
ലോക ബാങ്ക് ,എ ഡി ബി,നല്കിടുന്ന
"ചരടുള്ള വായ്പകള്‍" വാരിക്കൂട്ടാം .

ഏറും കടത്തിന്‍ പലിശ നല്‍കാ-
നാവതില്ലാതെ,യുഴലുമ്പോഴും
മേനിനടിച്ചു കഴിഞ്ഞിടേണം
മേളങ്ങള്‍ നാട്ടില്‍ തകര്‍ത്തിടേണം.

മാവേലി മന്നനണഞ്ഞിടുമ്പോള്‍
മാലോകരൊന്നായിക്കൂടിടേണം.
മദ്യം, മദിരാക്ഷി, സദ്യയോടെ
ഓണമൊരു പൂരമായ്‌ മാറ്റിടേണം.

ഉത്സവഘോഷത്തില്‍ പങ്കു ചേരാന്‍
ഉത്സാഹിച്ചീടുകെന്‍ നാട്ടുകാരേ
ഉത്സവപ്പിറ്റേന്ന് വാര്‍ത്തയാകാന്‍
കൂട്ടമോരാത്മഹത്യയാകാം
വാര്‍ത്ത‍യായ് ചാനലില്‍ മിന്നിനില്‍ക്കാം
പേര്‍ത്തും സംപ്രേക്ഷണം ചെയ്തിടാനായ്‌.

മില്ലേനിയം നാളില്‍ കേരളത്തില്‍
മിന്നലിന്‍ ‍ വേഗത്തില്‍ സഞ്ചരിക്കാന്‍
"മാരുതി സ്വിഫ്ടു കാറിൽ തന്നെയേറി  
മാവേലി തന്റെ "പ്രസറ്റീജ്" കാത്തു .
മന്ത്രിതന്‍ വേഗത്തില്‍ പാഞ്ഞുവല്ലോ 
പൈലറ്റുകാറുകള്‍ മുന്നിലോടി.
മന്ത്രിയാണെന്ന് കരുതിച്ചിലർ 
തന്ത്രം മെനഞ്ഞങ്ങു കാത്തുനിന്നു 
ചീമുട്ടയാണെന്നൊരുകൂട്ടരും
നാടൻ ബോംബാണെന്നു മറുപക്ഷക്കാർ 
പ്രതിപക്ഷം,മറുപക്ഷം തല്ലുകൂടി 
പ്രതീക്ഷ നശിച്ചു പോയ്‌ മാവേലിക്കും

മാവേലി കണ്ടൊരു കേരളത്തില്‍
പൂവില്ല, പൂക്കളമെങ്ങുമില്ല
നീതി, ന്യായങ്ങളശ്ശേഷമില്ല
നേരും നെറിവുമോ തെല്ലുമില്ല.

അത്തമില്ല,ത്തച്ചമയമില്ല
സത്യത്തിനൊട്ടും വിലയുമില്ല
മലയാളനാടിന്‍ മണിമുറ്റത്ത്‌
മലയാളിമങ്കമാരാരുമില്ല.

തൃക്കാക്കരപ്പനു നേദിച്ചീടാന്‍
തൃത്താപ്പൂ ചൂടിയ കന്നിയില്ല.
തുമ്പി തുള്ളാനില്ല, കുമ്മിയടിക്കുവാന്‍
കുമ്മാട്ടിക്കളിയാടാന്‍ പിള്ളരില്ല.

ചാനല്‍ പ്രളയത്തില്‍ നീന്തിടുന്നോര്‍
മാവേലി വന്നതറിഞ്ഞതില്ല
ചാനലിലോണം തിമിര്‍ത്തിടുമ്പോള്‍
പൂക്കളം തീര്‍ക്കുവാനാര്‍ക്കു നേരം.

അന്തമില്ലാതങ്ങ് നീളുന്ന "സീരിയല്‍"
കണ്ടിടാന്‍ പോലും സമയമില്ല
മാവേലി വന്നതറിഞ്ഞുമില്ല
മാബലിനാടിന്‍ പ്രജകള്‍ നമ്മള്‍.

വന്നതബദ്ധമായ്‌ കണ്ട രാജന്‍
ഖിന്നനായ്‌ മെല്ലെ മടങ്ങിയത്രേ !
പോകും വഴിക്കിഹ, രാജനൊന്ന്
കോളേജ് ക്യാമ്പസിലെത്തി നോക്കി.

ഓണം തകര്‍ക്കുന്ന കാഴ്ച കണ്ടി-
ട്ടാമോദം പൂണ്ടുതാന്‍ മാബലിയും.
വീരപ്പനെപ്പോലൊരുവനെത്താന്‍
മാവേലിയെന്നു നിനച്ചു പിള്ളേര്‍.

ആരോ കരം പിടിച്ചാനയിച്ചു
"സ്റ്റേജി"ന്റെ മദ്ധ്യത്തിലാക്കി, പിന്നെ
കൂവലാല്‍ സപ്തസ്വരങ്ങള്‍ പാടി
താര സമാനനായാദരിപ്പൂ ...

പെട്ടന്നവിടെക്കായാഗമിപ്പൂ..
ദുഷ്ടനാം വാമനന്‍ തന്റെ രൂപം
"ഡ്രസ്സ്‌ കോട"റിയാതെ, മുണ്ടുടുത്തെത്തിയ
മാവേലി വേഷത്തെ, നീ്ചനായി
പ്രഖ്യാപിച്ചീടുന്നു "പ്രിന്സി"യച്ചന്‍
അങ്കക്കലി പൂണ്ട "പ്രിന്സി"യച്ചന്‍.

"മാവേലി" തെല്ലും കുലുങ്ങിയില്ല.
കാട്ടിനാന്‍ തന്നുടെ വിശ്വരൂപം.
മുണ്ടഴിച്ചങ്ങു തലയില്‍ കെട്ടി
വാ തുറന്നഞ്ചാറു ഭള്ളു ചൊല്ലി.
മാബലിയല്ലടാ, വാടക ഗുണ്ട ഞാന്‍"
മാന്യന്‍, ഈ നാട്ടിലെ പൌരനത്രേ !
മില്ലേനിയത്തിലെ പുത്തനാം മാവേലി
മാനവീയത്തിന്‍ ദൃഷ്ടാന്തമായി.

വന്നതബദ്ധമായ്‌ കണ്ട സാക്ഷാല്‍
മാബലിമന്നന്‍ മടങ്ങിയത്രേ !
ഖിന്നനായ്‌ പാതാളലോകം തേടി
മാബലിമന്നന്‍ മടങ്ങിയത്രേ !

ഗുരുവന്ദനം

  ഗുരുവന്ദനം 

jesus christ teaching photo:  jesus_christ_sermon_teaching_mount.png


ഗുരുഭൂതരെ, ഞങ്ങള്‍ സാദരം നമിയ്ക്കുന്നു
ഗുണകാംക്ഷികളല്ലോ,നിങ്ങളീ സുതര്‍ക്കെന്നും.

അറിവിന്‍ നിധിപ്പുര തുറന്നീടുവാനുള്ള 
ചാവികളേന്തീടുന്ന മഹിതാശയര്‍ നിങ്ങള്‍.

സത്യമാം പ്രകാശത്താല്‍,കുരുന്നു മാനസത്തെ
സതതം വഴികാട്ടിനയിച്ചീടുക,നിങ്ങള്‍.

അടിതെറ്റാതെയിവര്‍നിങ്ങള്‍ തന്‍ കരം പിടി-
ച്ചനുപല്ലവിപോലെ മുന്നോട്ടു നടക്കട്ടെ.

നിങ്ങള്‍ തന്‍ മൊഴിയേറ്റംശ്രദ്ധയാല്‍ ശ്രവിപ്പിവര്‍
നിങ്ങള്‍ക്ക്  പിഴച്ചാലോ,യിവര്‍ക്കും പിഴച്ചീടും .

പ്രിയരാം ഗുരുക്കളേ, മാതൃകാവെളിച്ചമായ്‌
നിയതം ശോഭിയ്ക്കട്ടെ, നിങ്ങളേവരുമൊന്നായ്.

ഗുരുക്കന്മാരില്‍ ശ്രേഷ്ഠ ഗുരുവാം യേശുവിന്റെ
കരുണാ കടാക്ഷമീ ഗുരുക്കള്‍ക്കുണ്ടാകട്ടെ .

Wednesday, September 4, 2013

ഗുരുദക്ഷിണ


ഗുരുദക്ഷിണ 




മാനവ ജനതതന്‍ സംസ്കാര കേദാരമാം
ഭാരതഭൂവിന്നന്ത:കരണം വിതുമ്പുന്നു

കാരണം മറ്റൊന്നല്ല ,ചിന്തിക്കൂ സഹജരെ
കാട്ടാളരെപ്പോൽ നമ്മള്‍ കാട്ടിടും വിക്രിയകള്‍

ഭാവിതന്‍ വിധാതാക്കള്‍, നമ്മളീ വിദ്യാര്‍ഥികള്‍
ഭാരതാംബതന്‍ ‍കണ്ണീര്‍ക്കണങ്ങള്‍ക്കവകാശി.

തന്‍വിരല്‍ ഗുരുവിന്നു ദക്ഷിണയേകിയല്ലോ
ചണ്ഡാലബാലന്‍,പക്ഷേ നമ്മളെന്തിഹ ചെയ്‌വൂ

സാദരം നമിക്കേണ്ട ഗുരുക്കന്മാരെ നമ്മള്‍
ശാപവാക്കുകളോതിയധിക്ഷേപിച്ചീടുന്നു.

വിദ്യയെയുപാസിക്കാനണയുന്നവരിന്നു 
വിദ്വേഷം വിതയ്ക്കുന്ന കൌരവപ്പടയല്ലോ?

രാഷ്ട്രീയ തിമിരത്താലന്ധരാം നമ്മള്‍, ജന്മ -
രാഷ്ട്രത്തെ നശിപ്പിക്കും കുലദ്രോഹികളല്ലേ?

കുരുന്നു ജീവിതങ്ങള്‍" ഗുരുതി" കൊടുത്താലെ
വിരിയൂ നൂറു നൂറു രക്ത പുഷ്പങ്ങള്‍ നാട്ടില്‍

രക്തപുഷ്പങ്ങള്‍കാട്ടി വിജയംനേടിടാനായ്‌
രക്ത!രക്ഷസുകള്‍ നാട്ടിലെമ്പാടും വിഹരിപ്പൂ .

രാവിലെ പഠിതാവായ്പ്പോയൊരു കുമാരന്റെ
പ്രേതത്തെ കണ്ടു ജീവ:ശവമായ്‌ തീരുമമ്മ

അമ്മേ, ത്വല്‍പ്പുത്രശോകമഗ്നിയായ്‌ പടരട്ടെ!
അംഗാരമായീടട്ടെ രാഷ്ട്രീയ വേതാളങ്ങള്‍.

കക്ഷിരാഷ്ട്രീയത്തിന്‍ മൂർഖരാം ഭൂതങ്ങളെ
നിത്യമായ് കലാലയം തന്നില്‍ നിന്നൊഴിവാക്കാം.

(ഇന്ന് അദ്ധ്യാപക ദിനം.എല്ലാ ഗുരുക്കന്മാർക്കും  ഗുരുവന്ദനം സമര്പ്പിച്ചുകൊണ്ട്‌ ഈ ഗുരുദക്ഷിണ എന്ന രചന സമർപ്പിക്കട്ടെ! ) 

ദീപമേ നയിച്ചാലും



ദീപമേ നയിച്ചാലും 

ദീപമേ  നീ നയിച്ചാലും 
നീ നയിക്കുക ഞങ്ങളെ 
വിശ്വദീപമേ നീ നയിച്ചിടൂ.... 

ക്ഷണികമാണെങ്കിലും  നിൻ
ജന്മമെത്രയൊ സഫലമാം..   
കുറിയ രൂപമാണെങ്കിലും നീ 
ഇരുള് നീക്കി,പ്രഭ പരത്തിടും  
ഉരുകിടുന്നു നിൻ മേനി,യപ്പോഴും   
കതിരൊളി തൂകും മാനസം .. 

സ്വന്ത ജീവന്നിതരർക്കായ്
ബലിയണച്ചൊരു നാഥൻ തൻ 
സ്തുതികൾ പാടി നീ നിന്നിടും 
ഒരു മെഴുതിരി തൻ ജന്മമായ് ...
അരിയ ദീപമേ മെഴുതിരീ... 
അഖിലലോക പ്രശസ്ത നീ 
ഭക്തർ തന്നകക്കണ്‍ തുറക്കുവാൻ 
കത്തി നില്ക്കുന്നു നീ സദാ....

ദീപമേ  നീ നയിച്ചാലും 
വിശ്വദീപമേ നീ നയിച്ചിടൂ ..


Tuesday, September 3, 2013

അശ്രുപൂജ


അശ്രുപൂജ 





"അമ്മ മരിച്ചു",ആ വാര്‍ത്ത കേട്ടൊരു നാൾ 
മുതൽ  നാം വിങ്ങിക്കരയുകയാണല്ലോ.

തിന്മതന്‍ കൂരിരുള്‍ തിങ്ങിയൊരിപ്പാരില്‍
നന്മതന്‍ പൊന്‍പ്രഭ തൂകിയമ്മ.

ആലംബരഹിതരാം രോഗികള്‍ക്കേകി-
യാരാശ്വാസത്തിന്റെ തലോടലമ്മ .

തന്‍ ഗുരു നാഥനാം യേശുവിന്‍ കല്പന
തന്‍ ജീവിതത്താലെയന്വര്‍ഥമാക്കി.

അന്യരെ സ്നേഹിച്ചു നിര്‍വൃതി കൊണ്ടമ്മ
അന്യര്‍ തന്‍ ദുഃഖങ്ങള്‍ സ്വന്തമാക്കി .

ചേരികള്‍ തോറുമലഞ്ഞു നടന്നമ്മ
സ്നേഹത്തിന്‍ ലോലമാം രൂപമായി.

വേദനയെ വെറും  സ്നേഹമാക്കിയും  
സ്നേഹമെന്നത്  തൻ വേദമാക്കിയും     

സ്നേഹമെന്നതൊരു പ്രഹേളികയാക്കി
മാറ്റി നവസുവിശേഷമേകിയമ്മ 

മാനവർക്കഭിമാനമായോരമ്മയെ 
സാദരം നമുക്കെന്നുമോർത്തിടാം  

ആശ്വാസദായകനേശുവിന്‍ സ്നേഹത്തി-
ന്നാശാകിരണമായ് തീർന്നിതമ്മ   

ആതുരസേവനം തന്റെ മതമാക്കിയോ-
രാനല്ല മഹതിയമ്മതെരേസയ്ക്ക്,

ആയിരമശ്രുപുഷ്പങ്ങളാൽ തീർത്ത
ബാഷ്പാഞ്ജലി പ്രണാമമായര്‍പ്പിക്കാം .

ഉപവി സഹോദരിമാരുടെ ദീപമേ
ഉഷസ്സുപോല്‍ നിറയട്ടെ നിന്‍ പ്രകാശം.