Wednesday, September 18, 2013

പിള്ളേരോണം.






ആവണിപ്പിറപ്പിൻ മുന്നെ 
ആർഭാടത്തോടെ നമ്മൾ  
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം. 

തിരുവോണത്തിന്നിരുപത്തേഴു-
നാളുകൾക്ക് മുന്നേ നമ്മൾ 
കളിയാടി വന്നോരോണം 
പിള്ളേരോണം.... 

കർക്കിടകപ്പേമാരിക്കും  
പത്തുനാളൊരു തെളിവുണ്ടേ 
അപ്പോൾ നമ്മളാഘോഷിപ്പൂ 
പിള്ളേരോണം.

തിരുവോണനാളിൻ നാന്ദി
കുറിക്കുവാൻ പണ്ട്,
നമ്മളാചരിച്ചു തുടങ്ങിയ 
പിള്ളേരോണം .

ആർപ്പോ... ഇർറോ, ഇർറോ 
എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

മഴപെയ്തു വെള്ളം പൊങ്ങി, 
പാടമൊക്കെ കായലായി 
വാഴപ്പിണ്ടി ചങ്ങാടത്തിൽ 
തുഴഞ്ഞ കാലം...

പൂവിളിപ്പാട്ടിന്റെ നല്ല 
ശീലുകൾ 
മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും 
  മുഴങ്ങും കാലം. 

പിള്ളേരോണമെന്നു കേൾക്കെ 
അത്ഭുതം കൂറി നിൽപ്പൂ 
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി. 

കൂട്ടുകുടുംബരീതി പാടേ 
ശിഥിലമായതിൽ പിന്നെ 
നാട്ടുനടപ്പുകളൊക്കെ 
കീഴ് മേൽ മറിഞ്ഞു .

പൂവേ പൊലി, പൊലിയെ, 
പൊലി എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

ഇങ്ങിനി വരാത്തവണ്ണം 
കൊഴിഞ്ഞു 
പോയാ ദിനങ്ങൾ 
നന്മയുടെ നറുമലർ 
വിടരും കാലം! 

No comments:

Post a Comment