http://www.thehindu.com/news/national/other-states/hindu-group-observes-republic-day-as-black-day/article8154921.ece
Friday, February 26, 2016
Wednesday, February 24, 2016
മലയാള സിനിമാ സംഗീത ശിൽപ്പികൾ
"നാഴൂരിപ്പാലുകൊണ്ട് നാടാകെ" പാട്ടിന്റെ "മഞ്ഞണിപ്പൂനിലാവ്" പരത്തിയ കവി തന്നെ ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഒരു കുമ്പിൾ കണ്ണീരുപ്പിട്ടു കർക്കിടകത്തിൽ കരിക്കാടി മോന്തുന്ന ശരാശരി മലയാളിയുടെ ദൈന്യതയെക്കുറിച്ചും പാടി . ഗ്രാമീണത ഓളം തുള്ളുന്ന കവിതകൾ എഴുതി ഭാസ്കരൻ മാഷും നാടൻ പാട്ടിന്റെ നാടോടി പാട്ടിന്റെ ശീലുകൾ പകർന്ന രാഘവൻ മാഷും സമ്മേളിച്ചപ്പോൾ "കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കുന്ന" നാടൻ പെണ്ണായി മലയാള ചലച്ചിത്ര ഗാനങ്ങൾ നമ്മുടെ മുന്നില് കാൽ വിരൽ കൊണ്ടൊരു കളം വരച്ചു നാണം കുണുങ്ങി നിന്നു .
Tuesday, February 23, 2016
ഇന്ത്യ മരിക്കില്ല
ഇന്ത്യ മരിക്കില്ലൊരിക്കലും
ഇന്ത്യ ബന്ധുരയല്ലിന്നു സ്വതന്ത്രയല്ലേ
കുരുക്ഷേത്ര യുദ്ധം പലതു കഴിഞ്ഞു
മരിക്കില്ലൊരിക്കലും ഭാരതനാട്
ദുരുപദിഷ്ടമാം ഭരണങ്ങളേറെ
ഭാരത നാട്ടിൽ നടമാടി പണ്ടും
കൌരവരധികം ശക്തരായാലും
പൌരബോധം ജനങ്ങൾക്കേറും
"സംഭവാമി യുഗേ യുഗേ" ചൊല്ലി
ധർമ്മസംസ്ഥാപനാർത്ഥമതല്ലോ
ശ്രീകൃഷ്ണൻ ,കംസന്നന്തകനായി
ഭാരത നാടിൻ സം രക്ഷകനായി
ഇന്ത്യ ബന്ധുരയല്ലിന്നു സ്വതന്ത്രയല്ലേ
കുരുക്ഷേത്ര യുദ്ധം പലതു കഴിഞ്ഞു
മരിക്കില്ലൊരിക്കലും ഭാരതനാട്
ദുരുപദിഷ്ടമാം ഭരണങ്ങളേറെ
ഭാരത നാട്ടിൽ നടമാടി പണ്ടും
കൌരവരധികം ശക്തരായാലും
പൌരബോധം ജനങ്ങൾക്കേറും
"സംഭവാമി യുഗേ യുഗേ" ചൊല്ലി
ധർമ്മസംസ്ഥാപനാർത്ഥമതല്ലോ
ശ്രീകൃഷ്ണൻ ,കംസന്നന്തകനായി
ഭാരത നാടിൻ സം രക്ഷകനായി
Monday, February 22, 2016
ഒരുമ
"ഞാനൊരു പൂവായ്
വിടർന്നുവെന്നാലതിൻ
വരുമോ നീയൊരു
മധുപനായി ?"
"ഞാനൊരു മരമായ്
വളർന്നുയർന്നാൽ
നീയതിൻ തണൽ
തേടിയണയുകില്ലേ ?"
"ഞാനൊരരുവിയായ്
ഒഴുകിയെന്നാലതിൽ
കള,കളാരവമോടെ നീ
ചേർന്നൊഴുകുകില്ലേ ?"
നീഹാര ബിന്ദുവായ്
നീ മാറിയാലതിൽ
മഴവില്ല് തീര്ക്കും
സൂര്യാംശു ഞാൻ..
Thursday, February 18, 2016
ഇടശ്ശേരിക്കവിതകൾ
കാല്പനികതയുടെ അതിഭാവുകത്വം നിറഞ്ഞ മനോഹരമായ പാതയിലൂടെ ഒരു യുവതിയെപ്പോലെ അലസഗമനം നടത്തിയിരുന്ന മലയാള കവിതയെ പരുക്കൻ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കുണ്ടനിടവഴികളിലൂടെ മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ച കവിയാണ് ഇടശ്ശേരി .
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.
എന്ന് പാടിയ കവി
പാശ്ചാത്യ കവിതാസങ്കേതങ്ങളെ ആശ്രയിക്കാതെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ നാം കണ്ടു മുട്ടുന്ന പച്ചയായായ മനുഷ്യനെ അവന്റെ വേദനകളെക്കുറിച്ചെഴുതി അവന്റെ പ്രതീക്ഷകളെ ഉദ്ദീപിപ്പിച്ചു മാറ്റി നിർത്തപ്പെട്ട ആ ഗ്രാമീണ ജീവിതത്തിനു തന്റെ കൃതികളിലൂടെ ശക്തി പകര്ന്നു നല്കി ഇടശ്ശേരി .
"കുഴി വെട്ടി മൂടുക വേദനകള്‍
കുതി കൊള്‍ക ശക്തിയിലേക്കു നമ്മള്‍"
എന്ന് പാടിയ മാനവ ശക്തിയുടെ പ്രതീകമായ കവിയല്ലേ ഇടശ്ശേരി
പൂതപ്പാട്ട് പോലെ മാതൃ സ്നേഹത്തിന്റെ മഹനീയത ഇത്രമേൽ ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചവതരിപ്പിച്ച മറ്റൊരു കൃതിയും ഈ ഭൂമി മലയാളത്തിലെന്നല്ല ,ലോക സാഹിത്യ രചനകളിൽ കൂടി കാണാൻ പ്രയാസമാവും .
കാണാതായ കുട്ടിയെ അന്വേഷിച്ചു ചെന്ന അമ്മയ്ക്ക് കുട്ടിയെ നല്കാതിരിക്കാൻ "ഒരിക്കിളി തോന്നി മാറ് കോരിത്തരിച്ചു മാതൃത്വത്തിന്റെ സുഖാനുഭൂതിയിൽ വിവശയായ പൂതം
ചെപ്പടി വിദ്യകൾ പലതും കാട്ടി, കട്ടിക്ക് പകരം അമ്മയുടെ കണ്ണുകൾ തരപ്പെടുത്തുന്നു .അന്ധയായ അമ്മയ്ക്ക് കുട്ടിക്ക് പകരം നല്കാൻ
"തെച്ചിക്കോല് പറിച്ചു പൂതം
ചേലോടു മന്ത്രം ജപിച്ചൂ പൂതം
മറ്റൊരുണ്ണിയെ നിര്മ്മിച്ചു" . ഇങ്ങനെ മാതൃത്വത്തെ കളിപ്പിക്കാൻ ശ്രമിയ്ക്കുന്ന പൂതത്തെ ആ അമ്മ ശപിക്കാൻ തുടങ്ങുമ്പോൾ മാതൃ സ്നേഹത്തിന്റെ മഹനീയത മനസ്സിലാക്കിയ പൂതം അമ്മയ്ക്ക് അവരുടെ കണ്ണിലുണ്ണിയായ കുഞ്ഞിനേയും ഒപ്പം താൻ ചൂഴ്‌ന്നെടുത്ത കണ്ണുകളും തിരിച്ചു നല്കി പശ്ചാത്താപവിവശയാകുന്ന രംഗം ഭാവനയിൽ ദർശിച്ചു കണ്ണീരണിയാത്ത കണ്ണുകൾ ഉണ്ടാവുമോ ?
Monday, February 15, 2016
ചുംബനം
ചുംബനം ,ഒരു മൃദു ചുംബനം
അമ്മതൻ നിർവൃതി,മണിമുത്തമായ് -
ആദ്യമെൻ നെറ്റിയിൽ ഞാനേറ്റുവാങ്ങിയ
പ്രിയചുംബനം! എത്ര സുഖദായകം !
ദാമ്പത്യവല്ലരി പൂ ചൂടി,നിർവൃതി!
ഭാഗ്യത്തിലാനന്ദാശ്രു,വിലോലരാം
മാതാപിതാക്കളെനിക്കേകി, മുത്തങ്ങൾ
രത്നങ്ങൾ തോല്ക്കുന്ന മണിമുത്തുകൾ!
അച്ഛനുമമ്മയും കൂട്ടായെനിക്കേകി-
യരുമയാം പൊന്നനിയനാം കുഞ്ഞിനെ,
അവനെത്ര ചുംബനപ്പൂക്കൾ ഞാൻ നല്കി-
യെന്നറിയില്ല, കൈയ്യും കണക്കുമില്ല !
കാലം കടന്നു പോയ്,നാണം കൂമ്പുന്ന
പൂവുപോൽ ഞാനോ തരുണിയായ്...
പരിരംഭണത്തിൻ രതിസുഖനിർവൃതി!
ഞാനാകെ കോരിത്തരിച്ചപ്പോളെന്നധര-
മലരിലൊരു കരിവണ്ടിൻ മധുചുംബനം!
നല്ല ചുടു ചുംബനം മോഹ രതിചുംബനം
ഞാനുമൊരമ്മയായ് മാറിയ വേളയിൽ
എന്നോമനക്കുഞ്ഞിനേകിയൊരായിരം
ഉമ്മകൾ! ഒരമ്മതൻ ധന്യതചാർത്തിയ
പവിത്രസ്നേഹത്തിന്നടയാള മുദ്രകൾ !
അന്നൊരുനാളിൽ കോടിപുതച്ചെന്നമ്മ
കണ്ണുമടച്ചുകിടന്ന നേരത്തെന്നുണ്ണി
മുട്ടിലിഴഞ്ഞു ചെന്നമ്മതൻ നെറ്റിയിൽ
മുത്തമേകി,യതന്ത്യചുംബനപ്പൂവുകൾ!
ചുംബനം,നമുക്കിമ്പമേകുമെന്നാകിലും
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !
ചുംബനം,നമുക്കിമ്പമേകുമെന്നാകിലും
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !
(മത്സരത്തിനു പരിഗണിക്കേണ്ടതില്ല )
കഴിക്കുന്നു കാലം പഴിച്ചും പിഴച്ചും
കുഴങ്ങുന്നു ഹാ! പുണ്യപാപങ്ങളാലേ
കിഴിച്ചിട്ടു കൂട്ടീട്ടുമാകെ ഭ്രമത്തിൽ
കഴിഞ്ഞങ്ങു കൂടുന്നു പാരിൽ മനുഷ്യര്‍
ദുര
നിനയ്ക്കുന്നു പലതും, കൊതിയ്ക്കുന്നു
ഞാനെനിയ്ക്കെന്തു കിട്ടും മതി വരുന്നില്ല
ദുരയ്ക്കൊട്ടു ശമനം വരുന്നതുമില്ലാ
പരക്കം പായുന്നളന്നങ്ങെടുക്കാൻ
അസ്തമിക്കും മുൻപേ എത്ര ഞാൻ ഓടും
അസ്തപ്രജ്ഞനായ് വീണല്ലോ ധരണിയിൽ
Saturday, February 6, 2016
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ വന്നെന്റെ
മുറ്റത്തെ തൈ മാവിൻ കൊമ്പത്തിരിപ്പിതാ
ഏറ്റം മധുരമായ് പാടിയിട്ടും ,എന്തേ ?
ഏറ്റു പാടുന്നില്ല നീ കൂട്ടിന്നിണക്കിളീ ?
മാന്തളിരുണ്ടു മതിമറന്നോ നീ ,നിൻ
കാന്തനെ വിട്ടകലേക്ക് പറന്നിതോ ?
പലരുമാ പാട്ട് കേട്ടിരുന്നെങ്കിലും
അലര് വീണാസ്വനമാർന്നൊരു പാട്ടിനു
ഒരു സാന്ത്വനത്തിന്നെതിർ പാട്ട് പാടുവാൻ
അരുമയാർന്ന ചെറുകിടാങ്ങളും വന്നില്ല
ഒറ്റയ്ക്ക് പാടിത്തളർന്നൊരാ പൂങ്കുയിൽ
ചുറ്റും പരതുന്നോരെതിർ പാട്ടു കേള്ക്കുവാൻ
മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?
മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?
Subscribe to:
Posts (Atom)

