ചുംബനം ,ഒരു മൃദു ചുംബനം
അമ്മതൻ നിർവൃതി,മണിമുത്തമായ് -
ആദ്യമെൻ നെറ്റിയിൽ ഞാനേറ്റുവാങ്ങിയ
പ്രിയചുംബനം! എത്ര സുഖദായകം !
ദാമ്പത്യവല്ലരി പൂ ചൂടി,നിർവൃതി!
ഭാഗ്യത്തിലാനന്ദാശ്രു,വിലോലരാം
മാതാപിതാക്കളെനിക്കേകി, മുത്തങ്ങൾ
രത്നങ്ങൾ തോല്ക്കുന്ന മണിമുത്തുകൾ!
അച്ഛനുമമ്മയും കൂട്ടായെനിക്കേകി-
യരുമയാം പൊന്നനിയനാം കുഞ്ഞിനെ,
അവനെത്ര ചുംബനപ്പൂക്കൾ ഞാൻ നല്കി-
യെന്നറിയില്ല, കൈയ്യും കണക്കുമില്ല !
കാലം കടന്നു പോയ്,നാണം കൂമ്പുന്ന
പൂവുപോൽ ഞാനോ തരുണിയായ്...
പരിരംഭണത്തിൻ രതിസുഖനിർവൃതി!
ഞാനാകെ കോരിത്തരിച്ചപ്പോളെന്നധര-
മലരിലൊരു കരിവണ്ടിൻ മധുചുംബനം!
നല്ല ചുടു ചുംബനം മോഹ രതിചുംബനം
ഞാനുമൊരമ്മയായ് മാറിയ വേളയിൽ
എന്നോമനക്കുഞ്ഞിനേകിയൊരായിരം
ഉമ്മകൾ! ഒരമ്മതൻ ധന്യതചാർത്തിയ
പവിത്രസ്നേഹത്തിന്നടയാള മുദ്രകൾ !
അന്നൊരുനാളിൽ കോടിപുതച്ചെന്നമ്മ
കണ്ണുമടച്ചുകിടന്ന നേരത്തെന്നുണ്ണി
മുട്ടിലിഴഞ്ഞു ചെന്നമ്മതൻ നെറ്റിയിൽ
മുത്തമേകി,യതന്ത്യചുംബനപ്പൂവുകൾ!
ചുംബനം,നമുക്കിമ്പമേകുമെന്നാകിലും
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !
ചുംബനം,നമുക്കിമ്പമേകുമെന്നാകിലും
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !
(മത്സരത്തിനു പരിഗണിക്കേണ്ടതില്ല )
കഴിക്കുന്നു കാലം പഴിച്ചും പിഴച്ചും
കുഴങ്ങുന്നു ഹാ! പുണ്യപാപങ്ങളാലേ
കിഴിച്ചിട്ടു കൂട്ടീട്ടുമാകെ ഭ്രമത്തിൽ
കഴിഞ്ഞങ്ങു കൂടുന്നു പാരിൽ മനുഷ്യര്‍
ദുര
നിനയ്ക്കുന്നു പലതും, കൊതിയ്ക്കുന്നു
ഞാനെനിയ്ക്കെന്തു കിട്ടും മതി വരുന്നില്ല
ദുരയ്ക്കൊട്ടു ശമനം വരുന്നതുമില്ലാ
പരക്കം പായുന്നളന്നങ്ങെടുക്കാൻ
അസ്തമിക്കും മുൻപേ എത്ര ഞാൻ ഓടും
അസ്തപ്രജ്ഞനായ് വീണല്ലോ ധരണിയിൽ

No comments:
Post a Comment