മാനത്തെ പൂരാഘോഷം
മാനത്തെ പൂരാഘോഷം
വടക്കും നാഥന്റെയങ്കണം തന്നില്‍
പൂരത്തിനാനകളണിയായിനിന്നൂ...
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം
കാഴ്ചയിതെത്ര മനോഹര,മോർക്കൂ...
കാര്‍മുകിലാനകള്‍ വാനില്‍ നിരന്നൂ..
മാനമൊരുപൂരപ്പറമ്പിന്റെ ചേലില്‍... .
തിടമ്പേറ്റിനില്‍ക്കും ഗജവീരനെപ്പോല്‍
കാര്‍മുകില്‍മേലേറി,പാര്‍വണ ചന്ദ്രന്‍
വെള്ളി നക്ഷത്രക്കുരുന്നുകള്‍ നീളെ,
വെഞ്ചാമരം വീശി മിന്നിത്തിളങ്ങി.
പുതുമഴയേറ്റു തളിര്‍ ചൂടി നില്‍ക്കും
ഇലഞ്ഞി മരക്കൊമ്പു കുമ്പിട്ടു നിന്നൂ..
താലപ്പൊലിയുമായ് തരുണീ മണികള്‍
നാണത്താൽ കൂമ്പി നില്പതുപോലെ..
വര്‍ണ്ണക്കുടമാറ്റ സൂചന നല്കാൻ ,
സന്ധ്യക്ക് മുൻപേ മഴവില്ലുയര്‍ന്നൂ..
മാകന്ദശാഖികള്‍ മലര്‍മൊട്ടു ചൂടി
മാനത്തു പൂക്കുട വിരിയിച്ചു നില്പൂ
ഇലഞ്ഞിത്തറമേള നാന്ദി കുറിച്ചൂ
മാനത്തു ദുന്ദുഭീ ഘോഷം തുടങ്ങീ .
മിന്നല്‍ പിണരുകള്‍ മാനത്തു മിന്നി
പൂര വെടിക്കെട്ട് നേരത്തെയായോ?
വടക്കും നാഥന്റെ തിരുമുറ്റം തന്നില്‍
പൂരത്തിനാന നിരന്നു വരുമ്പോല്‍
കാര്‍മുകില്‍ മെല്ലെ നിരക്കുന്നു വാനില്‍
മാനമൊരുപൂരപ്പറമ്പിന്റെ ചേലിൽ .
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം
കാഴ്ചയിതെത്ര മനോഹര,മോർക്കൂ...
No comments:
Post a Comment