നിറവിന്റെ നേരോര്‍മ
വരളുന്നെൻ ചിന്താ സരണിയിന്നെൻ മനം വരളുന്നോരൂഷര,ഭൂമിയായി.
തളരുന്നിതെന്‍ ദേഹം,വെയിലത്ത് വാടുന്ന
തളിരിളംചീര തന്‍ തണ്ടുപോലെ .
നിറയുന്ന കണ്ണുനീര്‍,കവിയുന്ന കണ്ണുകള്‍
കരകവിഞ്ഞൊഴുകുന്നൊരരുവികളായ്.
കരകവിഞ്ഞൊഴുകുന്ന ദുഃഖമാം പ്രളയത്തെ
ചിറകെട്ടി നിര്‍ത്തുവാന്‍ കഴിയുന്നില്ല.
മറയുന്നിതെന്നോര്‍മ്മ, മറയുന്നിതന്തിയില്‍
മറുകര തേടുന്ന സൂര്യനെപ്പോല്‍.
മറവി തന്‍ മാറാപ്പില്‍ നിന്നുമിടെയ്ക്കിടെ
നിറവിന്റെ നേരോര്‍മയായ് നീ വരും.
നിറകതിര്‍ചിന്നും മദ്ധ്യാഹ്ന സൂര്യനെ,
ഗ്രഹണം വിഴുങ്ങുന്ന പോലെയല്ലോ
നിറയൗവ്വനത്തിന്റെ പൂര്‍ണിമയില്‍നിന്നും
മരണം നിന്നെയും കൊണ്ടുപോയി .
കരിയുന്നു മുകുളങ്ങൾ ഗ്രീഷ്മാമായാൽ , വീണ്ടും
വിരിയുന്നു പുതു വര്‍ഷ പുളകങ്ങളായ്.
പ്രിയതമേ, നീ വന്നു,ചിരി തൂകിയെന്‍ മന
മുകുരത്തിലതുപോല്‍ തെളിഞ്ഞിടില്ലേ ?
No comments:
Post a Comment