ദൈവത്തിന്റെ സ്വന്തനാട് ?
ചുര മാന്തിയെത്തുന്നു
മൂരി ശൃംഗാരത്തിൻ
ദുരമൂത്തു നാട്ടിൽ
പകൽ മാന്യന്മാർ.
അവരുടെ ചെയ്തികൾ
കണ്ടു മുഖംപൊത്തി-
ക്കരയുകയല്ലാതെ
നാമെന്തു ചെയ്യും .
കാമശരമേറ്റു
മഹേശ്വരൻ പോലും
കാമപരവശനായ്
മാറിയില്ലേ? രതീ-
ദേവിയെ മോഹിച്ചില്ലേ?
കാമനുണർന്നാലേതു
മാമനും വീഴുമല്ലോ
തെറ്റാത്തവർ പാടെ
തെറ്റിപ്പോയെന്നുംവരാം ..
കാമത്തിൻകോമരങ്ങൾ
ഉറഞ്ഞു തുള്ളുന്നല്ലോ,
നാടിൻ "താക്കോൽ സ്ഥാനമാം"
ഭരണകേന്ദ്രത്തിൽ
പോലുംകഷ്ടം .
"സമ ദൂര"ത്തിലല്ല
"ശരി ദൂര"ത്തിൽ തന്നെ
അവരെയകറ്റുവാൻ
മറന്ന മന്ത്രിമാരോ
ഉപ്പു തിന്നവരായേറെ
വെള്ളവും കുടിക്കുന്നു.
മാദകഭാവമാർന്നു,
വന്നെത്തിശാലീനരാം
മോഹിനിമാരേക്കണ്ടു ,
കാമമോഹിതരായവർ ,
സചിവോത്തമനുടെ
കിങ്കരപരിഷകൾ
കോടികൾ തട്ടീടാൻ .
ഒത്താശ ചെയ്തീടുന്നു.
ആട് ,മാഞ്ചിയം,"ടോട്ടൽ"
തട്ടിപ്പിന്നിരയായോർ
"പോഴന്മാർ" ചിലരിന്നും
കെണിയിൽ വീണീടുന്നു.
(ചൂട് വെള്ളത്തിൽ വീണ
മാർജ്ജാരൻ തന്റെ കഥ
മാതൃകയാക്കൂ നിങ്ങൾ
പോഴരാം നാട്ടുകാരേ... )
ഒച്ചിഴയും പോൽ നീങ്ങും
സർക്കാരിൻ ഗതിവേഗം
മെച്ചമാക്കാന"തിവേഗം,
ബഹുദൂര"മെത്തീടുവാൻ ,
ഭരണശകടത്തിന്നൂർജ്ജവു -
മായെത്തി,ഫോണിൽ
"സരിഗമ" പാടി
കറക്കുകമ്പനിക്കാർ.
സ്വകാര്യം,'സുതാര്യമായി'
നാട്ടുകാരറിഞ്ഞല്ലോ,
മോഹിനിഭാഷണത്തിൽ
മയങ്ങിവീണോരെല്ലാം
മോചനം പ്രതീക്ഷിച്ചു
ജയിലിൽ കിടക്കുന്നു.
പ്രളയക്കെടുതിയും
ആരോഗ്യ പ്രശ്നവുമായ്
ദുരിതമേറീ,ജനം
പരവശരായെന്നാലും
ഭരണ-പ്രതിപക്ഷ
ഭേദമില്ലാതവരൊക്കെ
നിത്യ ഹരിത- സരിത
കോലാഹലങ്ങളുമായി
ചാനലിൽ നിറയുന്നു .
ചർച്ചകൾ,കൊഴുക്കുന്നു.
"ഗോഗ്വാ" വിളിയുമായ്
തെരുവിലണികളോ
അക്രമ സമാരാഗ്നി
കൊളുത്തി സകലതും
തച്ചുടച്ചവരെല്ലാം
തകർത്തു മുന്നേറുന്നു ..
ജ്വലിക്കും സമരാഗ്നി
കെടുത്താൻ പണിപ്പെട്ടു
ജലപീരങ്കിചീറ്റിച്ചെത്രയോ
ജലം സർക്കാർ വൃഥാ
പാഴാക്കികളയുന്നു .
കുടിവെള്ളവും തേടി
നെട്ടോട്ടമോടും ജനം
ദുരിതമേറിയിന്നും
തെരുവിലലയുന്നു.
ഭരണ-സമരാഭാസ .
ദുരിതം പേറാൻ മാത്രം
വിധിയുള്ളവർ നമ്മൾ
സഹികെട്ടലയുന്നു.
മൂല്യം തകരുന്നോരിന്ത്യൻ
കറൻസി പോൽ
വിലകെട്ടവരായ
നമ്മുടെ നേതാക്കന്മാർ .
വിളപ്പിൽശാലതൻ
മാലിന്യത്തെക്കാളേറെ
നാറുന്നോരഴിമതിമാലിന്യ
കൂമ്പാരത്തിൽ പുളച്ചു
മദിക്കുന്ന പുഴുക്കൾ
തന്നെയല്ലേ?
നാറ്റമേറുമശ്ലീലക്കഥയുടെ
മേച്ചിൽപ്പുറങ്ങൾ തേടി
വരാഹ ജന്മം പൂണ്ടെങ്ങും
തിരഞ്ഞു നടക്കുന്നവരല്ലോ
അന്വേഷണാല്മകമാവേശ-
ത്വരയാർന്നൊരു നൂതന
മാധ്യമ ലേഖകന്മാർ.
വിഷം പോലെയുള്ള
"വിഷയ" ദൃശ്യങ്ങൾ
കാണിച്ചു ചാനലിൻ
റേറ്റ് കൂട്ടാൻ നാറ്റക്കഥ
തന്നതിപ്രളയമൊഴുക്കി
ഹീന- സംസ്കാരത്തിൻ
കേദാര ഭൂമിയായി,
കോമള ശ്യാമള കേരളം
മാറിയെന്നോ?പണ്ട്
മാവേലി മന്നൻ വാണ
സ്വർഗ്ഗ തുല്യമാം നാട് ?
ദൈവത്തിൻ സ്വന്ത നാട്.
No comments:
Post a Comment