Friday, February 15, 2013

പ്രണയവും ദാമ്പത്യവും ചില ശിഥില ചിത്രങ്ങള്‍


പ്രണയവും ദാമ്പത്യവും ചില ശിഥില ചിത്രങ്ങള്‍ 

പ്രണയം ഉദാത്തമായ ഒരു മൃദുല വികാരം .മനുഷ്യന് മാത്രം അനുഭവേദ്യമാകുന്ന മധുരവികാരം പ്രണയിക്കാത്തവര്‍ വിരളം. പ്രണയ സാഫല്യം നേടിയവരും ചുരുക്കം .പ്രണയം മനുഷ്യന് ഇണയെ നേടുന്നതിനു പ്രകൃതി നല്‍കുന്ന വരം .പ്രണയിച്ചു ദമ്പതിമാരായവരും ദമ്പതിമാരായ ശേഷം പരസ്പരം പ്രണയിച്ചു തുടങ്ങിയവരുമുണ്ട്‌. രണ്ടായാലും ഭദ്രമായ കുടുംബ ജീവിതം പരസ്പരമുളള വിശ്വാസത്തിലും പ്രണയത്തിലും അധിഷ്ടിതമാണ്.
പ്രണയം മാംസനിബദ്ധമല്ല . അത് രണ്ടു മാനസങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധമാണ് .ഒരര്‍ഥത്തില്‍ മാനസിക ബന്ധനമാണ്.ഇങ്ങനെയുള്ള പ്രണയത്തെക്കുറിച്ചും  ജീവിത സാഗരത്തില്‍ പ്രണയം ഒരു കടലാസ് തോണി പോലെ മുങ്ങിതാഴുന്നതും ,മുങ്ങിയും പൊങ്ങിയും മെല്ലെ തീരത്തണയുന്നതും നാം കാണാറുണ്ട്. അത്തരം ചില യഥാര്‍ത്ഥ ജീവിത ചിത്രങ്ങള്‍ ആലേഖനം ചെയ്യുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.

ചിത്രം 1
എന്റെ ഒരു സുഹൃത്ത് .അദ്ദേഹം തന്റെ പ്രണയം  മിശ്രവിവാഹത്തില്‍ക്കൂടി സഫലമാക്കി. ഇരുവരും ഹൈന്ദവര്‍ ആണെങ്കിലും വ്യത്യസ്ത ജാതിക്കാരായിരുന്നു.അവര്‍ സംതൃപ്തമായ ഒരു കുടുംബ ജീവിതം നയിച്ച്‌ വരുന്നു.അവര്‍ക്ക്  ഒരേയൊരു മകള്‍ .പൂമ്പാറ്റയെപ്പോലെ ആരെയും ആകര്‍ഷിക്കുന്ന അംഗ ലാവണ്യവുംസ്വഭാവ ഗുണവുമുള്ള ഒരു കുസൃതിക്കുട്ടി.ഒരു മള്‍ടിനാഷണല്‍  ഐ .ടി കമ്പനിയില്‍  ജോലി. കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി പ്രണയത്തിലായി. പക്ഷെ നമ്മുടെ കുട്ടിയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ പാടെ എതിര്‍ത്തു. കാരണം അവര്‍ വിഭിന്ന മതത്തില്‍ പെട്ടവരും വിഭിന്ന സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നവരുമായിരുന്നു.പെണ്‍കുട്ടി മലയാളിയും ഹിന്ദുമത വിശ്വാസിയും കാമുകന്‍ മിസോറാം പ്രദേശത്തു നിന്നുള്ള ക്രിസ്ത്യാനിയും .
പക്ഷെ അനുരാഗനദി നിര്‍വിഘ്നം ഒഴുകികൊണ്ടിരുന്നു. നമ്മുടെ കുട്ടിയുടെ കാമുകന്‍ ഇതിനിടെ അമേരിക്കയില്‍ എത്തി. പുതിയ ജോലിയില്‍ ഏര്‍പ്പെടുന്നു. തന്റെ കാമിനിക്കും അവിടെ ഒരു ജോലി ശരിയാക്കി..എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ഒരു വാഹനാപകടത്തില്‍  അകപ്പെട്ട  പെണ്‍കുട്ടിയുടെ കാല്‍പാദം മുറിച്ചുമാറ്റപ്പെടേണ്ടിവന്നു.അപകട വിവരം അറിഞ്ഞു കുട്ടിയുടെ കാമുകന്‍ നാട്ടിലെത്തി. തന്റെ പ്രണയിനിക്ക് താങ്ങും തണലുമായി കൂടെ നിന്ന് പരിചരിച്ചു. ആത്മധൈര്യം കൊടുത്ത് അവളെ തന്റെ ജീവിതസഖിയാക്കി.ജയപ്പുര്‍ പാദവുമായിആ കുട്ടിയും പ്രണയ നായകനായ ഭര്‍ത്താവും അമേരിക്കയില്‍  ജോലിയുമായി സംതൃപ്തമായ കുടുംബ ജീവിതം നയിക്കുന്നു.

ചിത്രം 2
ഒരു കാന്‍സര്‍ ചികിത്സാകേന്ദ്രം .അവിടെ ഒരു ഉമ്മയും ഉമ്മയുടെ മകളും കൊച്ചു കുട്ടിയും . തികച്ചും
പരിക്ഷീണിതരായി തങ്ങളുടെ ഊഴവും കാത്തു പരിശോധനാ മുറിയുടെ മുന്നില്‍ കാത്തിരിക്കുന്നു.കൂടെ സഹായിയായി മറ്റാരുമില്ല.ഉമ്മ മനസ്സ് തുറന്നു. ചെറുപ്പത്തില്‍ തന്നെ വിധവയും അധികം ബന്ധു ജനങ്ങളില്ലാത്തതുമായ  അവര്‍ക്ക്  മകളുടെ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഭീതിയാണ്. നിയമപരമായി പ്രായ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ അതീവ സുന്ദരിയായ മകളെ പ്രായക്കൂടുതലുന്ടെങ്കിലും അവളെ പോറ്റാന്‍ പ്രാപ്തിയുള്ള ഒരുവനെ സമുദായ സ്നേഹികളുടെ സഹായത്താല്‍ നിക്കാഹു കഴിപ്പിച്ചു.സുരക്ഷിതയാക്കി.രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഉമ്മാക്ക് ഒരു ആണ്‍കുഞ്ഞിനെ  പേരക്കുട്ടിയായി  ലഭിച്ചു.പക്ഷെ ഉമ്മയുടെ സന്തോഷം പൊടുന്നനെ സങ്കടമായി. മകള്‍ക്ക് സ്തനാര്‍ബുദം എന്ന രോഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.രോഗവിവരം അറിഞ്ഞു മകളുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു..ഭാര്യാ  പദവിയില്‍ നിന്ന് നിഷ്കാസിതയായെങ്കിലും  പെണ്‍കുട്ടിക്ക് വിവാഹ മോചനം നല്‍കാന്‍ അയാള്‍ക്ക്‌ സമ്മതമല്ല. വിവാഹമോചനം നല്‍കിയാല്‍ മകനെ നഷ്ടപ്പെടുമെന്നു അയാള്‍ ഭയപ്പെടുന്നു.രോഗിയായ ഭാര്യയെ അയാള്‍ക്ക്  ഭയവും വെറുപ്പുമാണ് താനും .  പക്ഷെ ഉമ്മകുട്ടിയെയും മകനെയും സാമ്പത്തികമായി സംരക്ഷിക്കാന്‍ അയാള്‍  തയ്യാറാണ്.(അയാള്‍ സമ്പന്നനും നാട്ടിലെ പ്രമാണിയും , മുന്‍പേ തന്നെ വിവാഹിതനും വേറെ ഭാര്യയു ള്ളവനുമാണത്രേ.പക്ഷെ മറ്റേ ഭാര്യയില്‍ അയാള്‍ക്കുള്ളത് മൂന്നു പെണ്‍കുട്ടികളാണ് )
പ്രാരംഭ ദശയില്‍ തന്നെ വിദഗ്ദ ചികിത്സ ലഭ്യമായതിനാല്‍ ഉമ്മക്കുട്ടിക്ക് ചെറിയ തോതിലുള്ള "ലംപെക്ടമി" എന്ന ശസ്ത്രക്രിയ മാത്രമേ വേണ്ടിവന്നുള്ളൂ. അതിനാല്‍ മകള്‍ക്ക് ഇനിയും സാധാരണക്കാരെ പോലെ കുടുംബജീവിതം നയിക്കാം എന്നാണത്രേ ഡോക്ടര്‍ പറഞ്ഞത്. പക്ഷെ സ്വന്ത ഭര്‍ത്താവു അവള്‍ക്കു ഭര്‍തൃസുഖം നല്‍കുകയുമില്ല, മൊഴി ചൊല്ലുകയുമില്ല, ഭര്‍ത്താവ് മൊഴി ചൊല്ലിയിട്ടില്ലാത്തതിനാല്‍ വേറൊരു വിവാഹം സാധ്യമല്ല. ആ ഉമ്മക്കുട്ടിയുടെ സ്ഥിതി എത്ര ദയനീയമാണെന്നോര്‍ക്കുക.

ചിത്രം 3
ഉത്തര കേരളത്തിലെ ഒരു കൊച്ചു ഗ്രാമം .ആ ഗ്രാമത്തിലെ ശാലീനസുന്ദരിയായ പെണ്‍കുട്ടി.അവളുടെ വിവാഹം ബന്ധുക്കള്‍ തീരുമാനിക്കുന്നു. പ്രവാസിയായ വരന്‍. വീട്ടുകാരുടെ ആഗ്രഹം പോലെ നടക്കട്ടെ,പക്ഷെ വിവാഹം തന്റെ  നഴ്സിംഗ് പഠനം പൂര്‍ത്തിയായ ശേഷം മാത്രമെന്ന്  പെണ്‍കുട്ടി  ശഠിക്കുന്നു.ബന്ധുക്കള്‍ക്ക് അത് അത്ര സമ്മതമായില്ലെങ്കിലും വരന്‍ സമ്മതിക്കുന്നു.ഒരു വര്‍ഷത്തിനു ശേഷം വിവാഹം എന്ന് എല്ലാവരും കൂടി തീര്‍ച്ചയാക്കുന്നു.വരന്‍ മടങ്ങി പോകുന്നു.
നേരത്തെയുള്ള തീരുമാന പ്രകാരം വിവാഹത്തിനായി വരന്‍ നാട്ടിലെത്തി. എന്നാല്‍ വിട്ടുമാറാത്ത ഒരു ചുമയുടെ ചികിത്സാര്‍ത്ഥം  ഡോക്ടറെ കാണുന്നു.വിദഗ്ദ പരിശോധനയില്‍   അയാള്‍ക്ക്‌ "ലിംഫോമ"( ഒരു തരം  കാന്‍സര്‍)രോഗമാണെന്ന് തീര്‍ച്ചയാകുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹ നിശ്ചയത്തില്‍ നിന്നും പിന്‍മാറുവാന്‍ തീരുമാനിക്കുകയും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.പെണ്‍കുട്ടി അതിനു സമ്മതിക്കുന്നില്ല. .പെണ്‍കുട്ടി തന്റെ പ്രതിശ്രുതനോട് താന്‍ ഇപ്പോഴും വിവാഹത്തിനു തയ്യാറാണെന്ന് അറിയിക്കുന്നു.അവള്‍ പറഞ്ഞ ന്യായീകരണം ഇങ്ങനെയായിരുന്നു.വിവാഹ ശേഷമാണ് രോഗമുണ്ടെന്ന്  അറിയുന്നെങ്കില്‍ താന്‍ എന്ത് ചെയ്യുമായിരുന്നു അത് തന്നെയാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതും .അയാള്‍ തന്റെ രോഗാവസ്ഥയില്‍ സഹതാപം തോന്നിയാണു പെണ്‍കുട്ടി ഇപ്രകാരം ചിന്തിക്കുന്നതെന്നും അതിനാല്‍ വിവാഹത്തിനു തനിക്കു സമ്മതമല്ലെന്ന് പറഞ്ഞെങ്കിലും  പെണ്‍കുട്ടി മറ്റൊരു വിവാഹം തനിക്കുണ്ടാകില്ലെന്നു ശഠിച്ചപ്പോള്‍  മറ്റൊന്നും ചിന്തിക്കാതെ യുവാവ്, സുഹൃത്തുക്കളുടെ സഹായത്തോടെ അവളെ ജീവിത സഖിയാക്കി.
തുടര്‍ന്ന് രോഗാതുരനായ ഭര്‍ത്താവിനെ ശുശ്രൂഷിച്ചു അവള്‍ സംത്രുപ്തയായി.രോഗം പൂര്‍ണമായി ഭേദപ്പെട്ടു. പെണ്‍കുട്ടിയുടെ ജോലിയും  സുഹൃത്തുക്കളുടെ സഹായത്തോടെ ഭര്‍ത്താവു തുടങ്ങിയ ചെറിയ വ്യാപാരവുമായി അവര്‍ ജീവിതം നയിക്കുന്നു. ഭര്‍ത്താവിന്റെ ചികിത്സക്ക് വേണ്ടി വന്ന ഋണബാധ്യതക്ക് ആശ്വാസം നേടാന്‍ വേണ്ടി ഒരു ചാനല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വന്ന ആ പ്രണയജോഡി പറഞ്ഞ അവരുടെ കഥയുടെ സാരംശമാണ്  ഇവിടെ ഞാന്‍ നല്‍കിയത്.

(ഈ മൂന്നു  ചിത്രങ്ങളും  തികച്ചും സാങ്കല്പികമല്ല.യാഥാര്‍ത്യത്തിന്റെ മിന്നല്‍ വെളിച്ചവും ഈ രൂപ രേഖയില്‍ നിഴലിക്കുന്നുണ്ട്. )


No comments:

Post a Comment