"പൂഞ്ഞാൻ ഞൊടിച്ചാൽ
വരാലാകുമോ?" എന്ന പഴഞ്ചൊല്ലിലൂടെ പൂഞ്ഞാൻ എന്ന പേരിലും അറിയപ്പെടുന്ന മാനത്തുകണ്ണിയെ നിസ്സാരവൽക്കരിക്കാൻ ചിലർ ശ്രമിക്കാറുണ്ടെങ്കിലും
"മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ"
മനോഹരമായ ഈ വരികളിലൂടെ മലയാള ചലച്ചിത്ര ഗാനശാഖയിൽ വിരിഞ്ഞ മന്ദാരമലരായ പ്രിയ കവി വയലാർ, "അനശ്വരമാക്കിയ മാനത്തു കണ്ണിയെ അത്ര നിസ്സാരനായി കാണാൻ നമുക്കാവുമോ ?
പുതു വർഷം, പുതുവെള്ളം വെള്ളത്തിനു മുകളിൽ തെന്നി തുള്ളിക്കളിക്കുന്ന, നെറ്റിയിൽ വെള്ളാരം കല്ലിന്റെ മുത്തു പതിപ്പിച്ച മാനത്തു കണ്ണികൾ ഇവ മലയാളി ബാല മനസ്സുകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നും ഗൃഹാതുരത്വത്തോടെ തുള്ളിക്കളിക്കുന്നുണ്ടാവും .
മലയാളത്തില്‍ സാധാരണയായി പൂഞ്ഞാന്‍,മാനത്തുകണ്ണി,ചുട്ടൻ,വരയന്‍ പൂഞ്ഞാന്‍, നെറ്റിയില്‍ പൊട്ടന്‍ പൊങ്ങൻചുട്ടി, കണ്ണാംചൂട്ടി, നെറ്റിയേൽ പൊന്നൻ എന്നിങ്ങനെ പ്രാദേശികമായ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്ര നാമം Aplocheilus lineatus, Aplocheilus blockii , Aplocheilus Panchax എന്നൊക്കെയാണ്
ഈ ഇത്തിരിക്കുഞ്ഞൻ മീനിന്റെ പരമാവധി വലിപ്പം 9സെ.മീറ്ററും ശരാശരി വലുപ്പം 5 സെ.മീറ്ററുമാണെന്ന് കണക്കാക്കപ്പെടുന്നു.
ദക്ഷിണേഷ്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് മാനത്തു കണ്ണി കേരളത്തിലെ ചെറുതോടുകളിലും കുളങ്ങളിലുമൊക്കെ ഇവയെ ഞങ്ങളുടെ ബാല്യ കാലത്ത് സമൃദ്ധമായി കാണാമായിരുന്നു .
നെറ്റിയിലെ വെളുത്ത പൊട്ടുകാരണം ഇവയെ പെട്ടെന്നു തിരിച്ചറിയാം.
അനിയന്ത്രിതമായ ജലമലിനീകരണം ,ജലാശയങ്ങളിലെ അനിയന്ത്രിതമായ മണലൂറ്റു മുതലായ കാരണം ഈ ചെറു മീനും നമ്മുടെ ജലാശയങ്ങളിൽ നിന്നും താമസിയാതെ ഇവയും അപ്രത്യക്ഷമാകാനിടയുണ്ട് ..
ഇതു സാധാരണയായി ആരും ഭക്ഷിക്കാറില്ല.
എന്നാൽ അലങ്കാര മത്സ്യമായി അക്വേറിയങ്ങളിൽ വളർത്തുവാൻ ഇവയ്ക്ക് ആവശ്യക്കാരേറെയാണ്
മഴക്കാലത്ത് ,വയലിലെ ഒഴുക്കു വെള്ളത്തില്‍ സമൃദ്ധമായിരുന്ന പൂഞ്ഞാനെ തോർത്തുകൊണ്ട് കോരിയെടുത്തു ഒന്നുരണ്ടു പായൽത്തണ്ടുകളുംഇട്ടു നല്ല സ്ഫടിക പാത്രത്തിൽ സൂക്ഷിച്ചു തനതായ അക്വേറിയം ഉണ്ടാക്കാൻ ശ്രമിക്കാത്ത ബാല്യങ്ങളുണ്ടോ?

No comments:
Post a Comment