Thursday, May 30, 2013

ശ്രേഷ്ഠ മലയാളം

ശ്രേഷ്ഠ മലയാളം

ചെന്തമിഴ് തായ് മൊഴിയിൽ

നിന്നുണ്ടായചന്തമിയ-

ന്നൊരു,ഭാഷയെൻ ഭാഷ 

മലയാളം.


തുഞ്ചത്തെയാചാര്യനാം  

എഴുത്തച്ഛൻ,മഹാശയൻ  

തൻശാരികപ്പൈതലൊപ്പം   

വളർത്തിയെടുത്തൊരു

കിളിക്കൊഞ്ചലിൻ 

തേനൂറും ഭാഷ- 

യെൻ ഭാഷ 

മലയാളം.


ചെറുശ്ശേരി നമ്പൂതിരി 

പാടിയ കൃഷ്ണഗാഥയാം 

താരാട്ടുപാട്ടുംകേട്ട് 

ഉറങ്ങി,യുണർന്നൂ,

ശ്രീയാർന്ന ശിശുവാം 

മലയാളം . 


കുഞ്ചന്റെ തുള്ളൽപ്പാട്ടിൻ  

ദ്രുതതാളത്തിനൊത്തു 

തുള്ളിക്കളിച്ചു 

കുമാരിയായ് വളർന്നൂ 

മലയാളം.  


ആശാന്റെ ലീലാവിലാസമേറും 

കാവ്യങ്ങൾ    

ആശയോടെയവൾ 

കേട്ടു പഠിച്ചതും, 

ഉള്ളൂരിൻ പാണ്ഡിത്യമേറും 

പദാവലി 

ഉള്ളിലാക്കാൻ 

മന:പാഠം പഠിച്ചതും,  

വള്ളത്തോളിൻ തൂലിക 

പടവാളായെഴുതി-

യൊരുള്ളിൽ തട്ടും 

ദേശീയഗാനം പാടി,

ഭാരത നാടിൻ മോചന

രണാങ്കണം,തന്നിൽ

ആവേശം തുടിക്കും 

മനമോടരാടിയതും 

മറക്കാൻ കഴിയുമോ?  


വൈലോപ്പള്ളിയും 

ചങ്ങമ്പുഴയുമെഴുതിയ 

വിപ്ലവകവിതതൻ 

മാസ്മര ലഹരിയിൽ  

നവയുഗലോകപ്പിറവി

കാണാനുൾപുളകത്തോ-

ടെയവൾ യുവത്വം 

തുടിക്കും കരളുമായ്‌ 

കാത്തിരുന്നതും  

വിസ്മരിച്ചീടാമോ? 



ബഷീറും,ദേവും,പിന്നെ 

എം.ടി.യുമൊക്കെക്കൂടി     

വികസ്വരമാക്കി ,

മലയാളത്തനിമ

യെഴുന്നോരു പുതു   

നോവൽ,കഥാ

സാഹിതീശാഖ,

ഭാഷ -ഭാഷാന്തരം ചെയ്തു 

വിശ്വഭാഷകൾക്കൊപ്പം   

പടർന്നുപന്തലിച്ചു 

വളർന്നതറിയില്ലേ ?


അടൂരും,അരവിന്ദനും 

കൂട്ടുകാരും ചേർന്നു  

നിർമ്മിച്ചോരഭ്രകാവ്യങ്ങൾ 

വിശ്വപ്രസിദ്ധിനേടിയില്ലേ ? 


ഭാസ്കരൻ മാഷും പിന്നെ 

വയലാർ,

ഓയെൻവീയും

സാഹിത്യ ഭംഗിയാർന്നതി-

ലളിതസുന്ദരമാം, 

പദവിന്യാസമേറും 

ഭാവഗാനങ്ങളാൽ തീർത്ത 

സിനിമാഗാനമെന്ന, 

ജനകീയമായൊരു നവ 

കവിതാശാഖയെൻ 

ഭാഷയ്ക്ക് മുതൽക്കൂട്ട് .



ഭാഷയിതെന്റെ,ഭാഷ

യമ്മിഞ്ഞപ്പാലുപോൽ 

ഞാൻ നുകർന്നൊരു

തേനൂറും മലയാളം 

ശ്രേഷ്ഠമാം ഭാഷയായി,

കീർത്തിയാർജ്ജിച്ച  

സദ് വാർത്ത കേട്ടിന്നു 

നമ്മൾ സാദരം നമിക്കുക!

മലയാണ്മയ്ക്ക്  ജന്മം നല്കി,

വളർത്തിവലുതാക്കാൻ 

അക്ഷീണ,മഹോരാത്രം 

പ്രയത്നിച്ചോരാ 

പൂർവ സൂരികളാകും 

പ്രതിഭാധനന്മാരെ! 

നമുക്കെന്നും സ്മരിക്കാം 
      
സാദരം നമിച്ചിടാം! 
    



No comments:

Post a Comment