ആധുനിക കേരളം ചരിത്രത്താളുകളിലൂടെ .....
ഒരോട്ടപ്രദക്ഷിണം
ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിത മാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തുടിക്കണം ചോരനമുക്ക് ഞരമ്പുകളില്‍ ""
"(വള്ളത്തോൾ )
മൂന്നായി നിണം വാർന്ന കേരളത്തിനെപ്പണ്ടേ -
യൊന്നായിബന്ധിച്ചതു ഭാഷയും സംസ്കാരവും"
(വൈലോപ്പിള്ളി)
അറബിക്കടലിനും സഹ്യപര്‍വ്വതത്തിനും ഇടയ്ക്കുള്ള കേരകേദാര കോമള ഭൂമിയാണ് മലയാളികളായ നമ്മുടെ ജന്മ നാടായ കേരളം.
കേരളം 8° 18', 12° 48' എന്നീ ഉത്തരാംക്ഷാംശങ്ങള്‍ക്കും 74° 52', 77° 24' എന്നീ പൂര്‍വ്വരേഖാംശങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നു.
38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കേരളം ഇന്ന് ഇന്ത്യന്‍ ജനാധിപത്യ സ്ഥിതി സമത്വ മതേതരറിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്.
തമിഴ്നാട്, കര്‍ണാടക എന്നിവയാണ് നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ .
മലയാളമാണ് കേരളത്തിന്റെ മാതൃഭാഷ. അതിനാല്‍ 'മലയാളനാട്', എന്നും കേരളം അറിയപ്പെടുന്നു. കേരളീയരെ ,'മലയാളി' എന്നും വിളിക്കാറുണ്ട്.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം.
1498-ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡി ഗാമയും സംഘവും യൂറോപ്പില്‍ നിന്നും കടലിലൂടെ കോഴിക്കോട്, കാപ്പാട് തീരത്ത് എത്തിയതോടെ ആധുനിക കേരളത്തിന്റെ പുതിയ ചരിത്രം ആരംഭിക്കുന്നു.
യൂറോപ്പിനെ ഇന്ത്യയുമായി കപ്പൽ സഞ്ചാര മാർഗ്ഗം വഴി ബന്ധിപ്പിക്കുന്ന ലോകചരിത്രത്തിലെ നൂതനാധ്യായമായിരുന്നു ഈ സംഭവം.
അതിനുശേഷം ഡച്ചുകാരും,ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും,കേരളത്തിലെത്തി ആധിപത്യം സ്ഥാപിച്ചു.
ഇവർ തമ്മിലുള്ള കിടമത്സരത്തിനൊടുവിൽ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ കേരളവും ഇംഗ്ലീഷുകാരുടെ കൊടിക്കീഴിലായി.
കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ 'മലബാര്‍ പ്രവിശ്യ' എന്ന പേരിൽ നേരിട്ടും തിരുവിതാങ്കൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളെ ചില ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രാജ ഭരണത്തിൻ കീഴിൽ നില നിർത്തിയും ബ്രിട്ടീഷുകാർ തങ്ങളുടെ ഭരണാധിപത്യം കേരളത്തിലും അരക്കിട്ടുറപ്പിച്ചു.
ഈ രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാരുടെ പ്രതിനിധിയായി 'റസിഡന്റ്' എന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു.
ഇംഗ്ലീഷുകാര്‍ ഭരണം നിയന്ത്രിക്കുന്നതുവരെ ഏകീകൃതമായ നിയമ- ഭരണ വ്യവസ്ഥ കേരളത്തിലില്ലായിരുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി 1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിയപ്പോൾ . ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയതയുടെ അലയൊലികൾ കേരളത്തിലും ചലനങ്ങൾ സൃഷ്ടിച്ചു
സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു സ്വതന്ത്ര ഭാരതം അതോടൊപ്പം ,ഐക്യകേരളം എന്ന ആശയവും
1931-ൽ ശ്രീചിത്തിരതിരുനാൾ തിരുവിതാന്കൂറിലെ രാജാവായി.
1936-ൽ സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിത്തീർന്നു.
1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപിക്കപ്പെട്ടു. ഉത്തരവാദഭരണപ്രക്ഷോഭണംഎന്ന പേരിൽ രാജ ഭരണത്തിനെതിരായി സമരം ആരംഭിച്ചു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം തിരുവനന്തപുരം തലസ്ഥാനമായി ഉരുത്തിരിയുമെന്ന്. ക്രാന്ത ദര്‍ശി.യായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" വിഭാവനം ചെയ്തു
രാമകൃഷ്ണപിള്ള പുനരുജ്ജീവിപ്പിച്ച "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യസമരത്തോടൊപ്പം ശക്തമായി
1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഐക്യകേരളം എന്ന ലക്ഷ്യം
മുൻനിർത്തി പ്രവര്ത്തനം ആരംഭിച്ചിരുന്നു.
1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു.
ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം ഐ ക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു.
1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി
എന്നാൽ തിരുവിതാംകൂറിലെ സ്ഥിതി ഐക്യകേരളത്തിനെതിരായിരുന്നു . ഇവിടെ രാജാവിനെക്കാൾ ശക്തനായി സ്വയം അവരോധിച്ച ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ "സ്വതന്ത്ര തിരുവിതാംകൂർ" എന്ന ആശയം പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു.
1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. സര്‍. സി.പി നാട് വിട്ടു .
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു.
1947സെപ്റ്റംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണം അനുവദിച്ചുകൊണ്ടും ഇതിനുവേണ്ടി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഭരണഘടന നിര്‍മാണസഭ രൂപീകരിക്കാനും ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടി. ഈ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭരണഘടന നിര്‍മാണസഭയെ നിയമനിര്‍മാണസഭയാക്കാന്‍ മഹാരാജാവ് തീരുമാനിച്ചു. അങ്ങനെ പട്ടംതാണുപിള്ള പ്രധാനമന്ത്രിയും, സി. കേശവന്‍, ടി.എം. വര്‍ഗീസ് എന്നിവര്‍ മന്ത്രിമാരുമായി തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയമന്ത്രിസഭ 1948 ഒക്ടോബര്‍ 22ന് അധികാരത്തില്‍ വന്നു.
ഐക്യകേരളരൂപീകരണത്തിന്റെ നാന്ദിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും സംയോജിപ്പിച്ചു.
1949 ജൂലായ് ഒന്നാം തീയതി ഭാരത സര്‍ക്കാരിന്റെ തീരുമാനാനുസൃതം തിരുക്കൊച്ചി സംസ്ഥാനം രൂപീകൃതമായി.
തിരുവിതാങ്കൂർ മഹാരാജാവിന് രാജപ്രമുഖൻ എന്ന് ഗവർണ്ണർക്ക് തുല്യമായ പദവി നല്കി .എന്നാൽ കൊച്ചീ രാജാവായ പരീക്ഷിത്ത് തമ്പുരാൻ യാതൊരു പദവിയും ആവശ്യപ്പെട്ടില്ല എന്നാൽ ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയിൽ ആയിരിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.
തിരുകൊച്ചി സംസ്ഥാന രൂപീകരണം കൊണ്ട് മലയാളികള്‍ തൃപ്തരായില്ല.
1953 ഡിസംബറില്‍ സയ്യദ് ഫസല്‍ ആലി അധ്യക്ഷനായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ ഇന്ത്യാ ഗവണ്മെന്റ് നിയോഗിച്ചു. പണ്ഡിറ്റ് ഹൃദയനാഥ് കുല്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ .
മലയാളം സംസാരിക്കുന്ന മറ്റ് ഭൂവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിക്കണമെന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മലബാര്‍ ജില്ലയും തെക്കന്‍ കാനറയിലെ കാസര്‍കോടും തിരുകൊച്ചിയോട് ചേര്‍ത്തു. തിരുകൊച്ചിയിലെ തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിനോട് ചേര്‍ത്തും ആണ് ഐക്യകേരളം രൂപീകരിച്ചത്
പട്ടം താണു പിള്ളയുടെ നേതൃത്വത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ ഗ്രസ്സ് കക്ഷിയിലെ നല്ലൊരു വിഭാഗവും സമൃദ്ധമായ നമ്മുടെ നാഞ്ചിനാട് ഭൂ പ്രദേശം വിട്ടുകൊടുത്തുകൊണ്ടുള്ള ഐക്യ കേരള രൂപീകരണത്തിന് എതിരായിരുന്നു.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ നേതാക്കൾ തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളെ അവഗണിക്കുന്നതായി സംശയിച്ച് 1947-ൽ രൂപം കൊണ്ട നേശമണിയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ തമിഴ്നാടു കോൺഗ്രസ് എന്ന സംഘടനഈ രൂപീകരണത്തെ ശക്തമായി പിന്താങ്ങി (ഇപ്പോൾ അവിടെയുള്ളവർ തെക്കൻജില്ലകളോടുള്ള തമിഴരുടെ അവഗണനയിൽ ആകുലപ്പെടുന്നുണ്ടാവാം )
1956 നവംബര്‍ ഒന്നിനായിരുന്നു പുതിയ സംസ്ഥാനത്തിന്റെ ഉദ്ഘാടനം. രാജപ്രമുഖന്റെ ഉപദേഷ്ടാവ് ആയിരുന്ന പി.എസ്. റാവു ആക്ടിംഗ് ഗവര്‍ണറായി.
പിന്നീട് ഡോ. ബി. രാമകൃഷ്ണറാവു ഗവര്‍ണറായി എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വതന്ത്രര്‍ക്കും ആയിരുന്നു ഭൂരിപക്ഷം. 1957 ഏപ്രില്‍ 5ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാർ അധികാരമേറ്റു
No comments:
Post a Comment