Monday, November 11, 2013

മാവ് പൂക്കും മകരമാസം

മാവ് പൂക്കും മകരമാസം 


മാവ് പൂക്കും മകരമാസം 
മകര മഞ്ഞിൽക്കുളിച്ചീറൻമാറാതെ 
മരുവുമാപ്പുഞ്ചവയലിന്റെയോരത്തു 
കുളിരുമാറ്റുവാൻ ഇളവെയില് കൊള്ളുന്നു   
തളിര് പോലൊരു പെണ്‍കൊടി സുസ്മിതം.. 

മകരസമീരനിലുലയുമളകങ്ങളെ 
കരപല്ലവത്താൽ മെല്ലെയൊതുക്കിയാ-
ക്കോമളാംഗി മേവുന്നലസമായ് ....
മിഴിയിണകളിൽ ഒളിമിന്നി നില്ക്കുന്നു,
മധുരാമാമേതോ സ്വപ്നത്തിന്നാലസ്യം ..

കവികൾ വർണ്ണിക്കും മലയാള ചാരുത 
കവിയുകയാണായുവതി തൻ മിഴികളിൽ 
അവൾ തന്നെയല്ലേ പ്രിയങ്കരിയാമെന്റെ 
കുവലയമിഴിയാളാം  മലയാളം ?   

മകര മഞ്ഞേറ്റു താരും തളിരുമായ്  
മാകന്ദ ശാഖികൾ മാടിവിളിക്കുന്നൂ .. 
മാന്തളിരുണ്ടു മനം കുളിർക്കെപ്പാടാൻ  
കോകില ഗായകരെന്തേ വരുന്നീല ?

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും 
മറന്നുവോ മലയാള നാടും കിളികളും  
ഇനിവരാതെയായെന്നോ മധുമാസം 
ഇവിടെയീനാടിന്നൈശ്വര്യ നാളുകൾ?     

No comments:

Post a Comment