Tuesday, March 1, 2016

നന്മതിന്മയാം സ്വർഗ്ഗ- നരക സങ്കേതങ്ങൾ




ദൈവത്തെ നമ്മളെന്നും ക്രൂരനായല്ലോകാണ്മൂ
ദൈവമൊരു സ്വാർത്ഥനാം രാജാധികാരിയോ ?


ദൈവത്തിന്നാദ്യസൃഷ്ടി മാലാഖമാരല്ലോ
ദൈവത്തിൻ സേവകരായവരെ നിയമിച്ചു
സ്തുതി പാടിയവർ മടുത്തു,വെളിവായി
സ്മൃതിയിൽ ചില ചിന്ത,സമന്മാരല്ലേ നമ്മൾ?
"സ്തുതിപാഠകരാവാൻ തങ്ങളാലാവില്ലല്ലോ    
സ്തുതിക്കാനടിമത്വച്ചങ്ങല ധരിക്കുവാൻ,
സമത്വം കാംഷിക്കുന്ന തങ്ങൾക്കു കഴിയില്ല.
നരകം ചൂണ്ടിക്കാട്ടിദൈവമവരെ പേടിപ്പിച്ചു
സധൈര്യം തന്നെ ദൈവശാസനം നേരിട്ടവർ
ആദ്യവിപ്ലവമുദ്രവാക്യങ്ങൾ മുഴക്കിയോ?
നേതാവു  ലൂസിഫരിൻ വാക്കുകേട്ടവരൊക്കെ
നേരെ പോയ്‌ ദൈവത്തോടെതിർക്കാൻ  മടിച്ചില്ല

"സ്വർഗ്ഗത്തിലടിമയാകുന്നതിൽ ഭേദമല്ലേ ?
നരകത്തിൽ ദുരിതത്തിൽ സമന്മാരാകാമല്ലോ
ദൈവമൊരേകാധിപരാജനായ് മാറിയത്രേ
കൈവെടിഞ്ഞവരെയാനരകദുരിതത്തിൽ ! 

 പാപകർമ്മികളെക്കൊണ്ടു തള്ളുവാൻ
ഭാവനാവിരചിതനരകം ,ഭയാനകം
കെടാത്ത തീയും ചാകാത്ത പുഴുക്കളും
പുഴുക്കൾക്കൊപ്പം ദുഷ്ടരാം മനുഷ്യരും 
നരകം ചൂണ്ടിക്കാട്ടി മതങ്ങളെല്ലാം തന്നെ
മനുഷ്യർ നമ്മെ കൊടും ഭീതിയിലാഴ്ത്തീടുന്നു
സാത്താനും "വീഴ്ത്തപ്പെട്ട മാലാഖമാരും"  നമ്മേ
വീഴ്ത്തിടാമല്ലോ നിത്യദുരിത നരകത്തിൽ

"യഹോവയാം ദൈവം പിതാവു താനല്ലോ"
ദൈവം സ്നേഹമാണെന്നും, സ്നേഹം തന്നെ
ദൈവമെന്നും പഠിപ്പിച്ച നമ്മുടെ സ്നേഹിതൻ
യേശു ചൊല്ലിയതോർമ്മയിൽ സൂക്ഷിക്കാം

നരകമെന്നതൊരു മിഥ്യയാണതു പോലെ
സ്വർഗ്ഗമെന്നതും വെറും മനുജസങ്കൽപ്പമാം
സ്നേഹമീ ഭൂമിയിലൊരുക്കും സ്വർഗ്ഗം നൂനം
സ്വാർഥത തുറന്നീടും നരക കവാടങ്ങൾ
പണ്ട് മഹാകവി ചൊല്ലിയതോർക്കൂ,നമ്മൾ
സ്വർഗ്ഗവും  നരകവും  തീർപ്പതു ഭൂവിലല്ലോ 
നമ്മുടെ കർമ്മത്താലേ തീർക്കുന്നു നമ്മളിന്നും
നന്മതിന്മയാം  സ്വർഗ്ഗ- നരക സങ്കേതങ്ങൾ

No comments:

Post a Comment