Tuesday, October 1, 2013

എന്റെ ഗുരുമന്ദിരങ്ങൾ, ഗുരുക്കന്മാർ, സതീർഥ്യർ -ഓർമചിത്രങ്ങൾ

      ഓർമചിത്രങ്ങൾ 
എന്റെ  ഗുരുമന്ദിരങ്ങൾ, ഗുരുക്കന്മാർ, സതീർഥ്യർ 


എന്റെ വിദ്യാരംഭത്തിനു ശേഷം പാണാട്ടിൽ അപ്പായി മാഷിന്റെ കീഴിൽ ഏതാണ്ട് ഒരുവർഷത്തോളം പഠനം തുടർന്നു. അധ്യാപകനായിരുന്ന എന്റെ പിതാവ് സ്കൂളിൽ നിന്ന് മടങ്ങി വന്ന ശേഷം ലായിക്കാട്ടു പള്ളിയുടെ പൂർവഭാഗത്തുള്ള കൃഷിയിടത്തെക്ക് പോകുമ്പോൾ എന്നെ കൂട്ടി അപ്പായി സാറിന്റെ പക്കൽ വിട്ടിട്ടു പോകും.പിതാവ് മടങ്ങി വരുന്നത് വരെ സാർ എനിക്ക് പാഠങ്ങൾ പറഞ്ഞു തരും .പിതാവ് മടങ്ങി വന്നു കഴിഞ്ഞു അവർ സൌഹൃദസംഭാഷണത്തിൽ മുഴുകും.ഞാൻ പതുക്കെ സ്വഭാവ വൈശിഷ്ട്യം കൊണ്ട് "കറുത്ത മാലാഖ" എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന അപ്പായി സാറിന്റെ സഹധർമിണി കറുത്തുമെലിഞ്ഞ മുത്തശിയമ്മയുടെ അടുക്കളയിൽ ചെന്ന് അത്യാവശ്യം വേണ്ട പലഹാരങ്ങൾ കഴിക്കും. ശര്ക്കരയും തേങ്ങയും അകത്തു വച്ച് പുഴുങ്ങിയെടുക്കുന്ന കൊഴുക്കട്ടയായിരുന്നു എനിക്കിഷ്ടപ്പെട്ട പലഹാരം. ഇങ്ങനെ വീണുകിട്ടുന്ന അവസരങ്ങളിലേക്ക് ഒതുങ്ങി ബിരുദാനന്തര പഠനം എന്ന് പറയുന്ന സ്റ്റൈലിലുള്ള എന്റെ "കളരി,അനന്തര പഠന കാലം .
"കറുത്ത മാലാഖ" മുത്തശി പറഞ്ഞു തന്ന ഒരു രസകരമായ കഥ ഓർമ വരുന്നത് കൂടി പറയാൻ എന്നെ അനുവദിക്കൂ ....
ഒരു അപ്പൂപ്പൻ ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽ വിരുന്നു സല്ക്കാരത്തിനു പോയി അവിടെ അദ്ദേഹം കൊഴുക്കട്ട എന്ന വിശിഷ്ട വിഭവം നന്നായി ആസ്വദിച്ചു. വീട്ടില് ചെന്ന് ഭാര്യയോടു ഈ വിശിഷ്ട ഭോജ്യം ഉണ്ടാക്കുവാൻ പറയണമെന്ന് തീര്ച്ചയാക്കി .പലഹാരത്തിന്റെ പേര് "കൊഴുക്കട്ട" "കൊഴുക്കട്ട" എന്ന് പല പ്രാവശ്യം പറഞ്ഞു ഹൃദിസ്ഥമാക്കി.മറന്നു പോകാതിരിക്കാൻ ഇടയ്ക്കിടെ "കൊഴുക്കട്ട" "കൊഴുക്കട്ട" എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. വഴിയിൽ അപ്പൂപ്പന് ഒരു ചെറിയ ഇടത്തോട് ചാടി കടക്കാനുണ്ടായിരുന്നു.തോട് ചാടിയപ്പോൾ അപ്പൂപ്പൻ "ഇന്തത്തെയ്യ്‌ " എന്ന് പറഞ്ഞാണ് ചാടിയത്. കഷ്ടമെന്നു പറയട്ടെ കൊഴുക്കട്ട മറന്നു പിന്നെ അപ്പൂപ്പൻ ഉരുവിട്ടത് ഇന്തത്തെയ്യ്‌ എന്നാണു. വീടിലെത്തുന്നതിനു മുൻപ് അപ്പൂപ്പൻ വഴിയരികിൽ പതിവ് പറ്റുപടി കള്ള് ഷാപ്പിൽ നിന്ന് ചെറുതായിട്ട് ഒന്ന് മിനുങ്ങി.
വീട്ടിൽ എത്തിയ അപ്പൂപ്പനെ അമ്മൂമ്മ സ്നേഹപൂർവ്വം അത്താഴം വിളമ്പി ഉണ്ണാൻ വിളിച്ചു. അപ്പൂപ്പൻ അമ്മൂമ്മയോട് തന്റെ സുഹൃത്തിന്റെ ഭാര്യ ഉണ്ടാക്കി തന്ന "ഇന്തതെയ്യ്‌" എന്ന വിശിഷ്ട പലഹാരം ഉണ്ടാക്കി തരുവാൻ പ്രേമപുരസ്സരം ആവശ്യപ്പെട്ടു. അമ്മൂമ്മ "ഇന്തതെയ്യ്‌ " എന്ന പലഹാരത്തെക്കുറിച്ച് കേട്ടിട്ടേയില്ല. പോരാത്തതിന് സുഹൃത്തിന്റെ ഭാര്യയുടെ വിഭവത്തിന്റെ കൊതിയൂറുന്ന രുചി വർണ്ണന കൂടി കേട്ടപ്പോൾ അമ്മൂമ്മക്ക്‌ ദേഷ്യം വർദ്ധിച്ചു .ചുരുക്കിപ്പറഞ്ഞാൽ അവിടെ ഒരു "ഇടിയോടു" കൂടിയ തുലാവാർഷ ഘോഷം നടന്നു. ഇടികൊണ്ട ,അമ്മൂമ്മ "പതം" പറഞ്ഞു കരഞ്ഞത്രേ !നോക്കൂ മനുഷ്യാ നിങ്ങളുടെ മുതുകൂത്ത് കാരണം എന്റെ മുതുകു കൊഴുക്കട്ട പോലെ വീർത്തു" ഇത് കേള്ക്കുകയും അപ്പൂപ്പൻ "യൂറേക്കാ എന്ന് വിളിച്ച ആർക്കിമിടീസിനെപ്പോലെ  വിളിച്ചു കൂവി, "അതെടി മൂധേവി അത് തന്നെ, കൊഴുക്കട്ട ,കൊഴുക്കട്ട". അപ്പൂപ്പൻ ശ്രുംഗരിച്ചുകൊണ്ട് അമ്മൂമ്മയോട് കെഞ്ചിയത്രേ! കൊഴുക്കട്ട!കൊഴുക്കട്ട.

മോഹൻലാൽ "തന്മാത്രയിൽ" ഉണ്ണിയപ്പം, ഉണ്ണിയപ്പം എന്ന് പറഞ്ഞു തന്റെ കളിക്കൂട്ടുകാരിയെ സമീപിക്കുന്നത് പോലെ ആ രംഗം ഞാൻ എന്റെ ഭാവനയിൽ കാണുന്നു നിങ്ങളും കാണുന്നില്ലേ ?( തുടരും )

അങ്ങനെ പാണാട്ടിൽ അപ്പായി സാറിന്റെ ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ഞാൻ ഏതാണ്ട് അത്യാവശ്യം രണ്ടു വാക്ക് എഴുതാനും കൂട്ടി വായിക്കാനും "ഒന്ന് രണ്ടു" എന്ന് എണ്ണുവാനും പഠിച്ചതായുള്ള "സർറ്റീട്ടു",കിട്ടിയവനായി . "കിട്ടുണ്ണി എലെഫന്റ്റ്‌ ബി.എ" എന്ന്  കൊച്ചിൻഹനീഫ, ഒരു സത്യൻ അന്തിക്കാടൻ സിനിമയിൽ പറയുന്നത് പോലെ ഒരു സർട്ടീട്ടുമായി ഉപരി പഠനാർഥം പെരുന്ന വെസ്റ്റ് ഗവർമെന്റ് എൽ.പി.സ്ക്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. 
പെരുന്ന വെസ്റ്റ് ഗവർമെന്റ് എൽ.പി.സ്കൂൾ 
എന്റെ വീട്ടിൽ നിന്നും ഏകദേശം ഒന്ന് രണ്ടു കിലോമീറ്റർ ദൂരത്തിൽ പെരുന്ന ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ പുരോഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഓലമേഞ്ഞ കെട്ടിടമായിരുന്നു, പെരുന്ന വെസ്റ്റ് ഗവർമെന്റ് എൽ.പി.സ്കൂൾ.എന്റെ വീട്ടിനു ഏറ്റവും അടുത്തുള്ള വിദ്യാലയവും ഇതായിരുന്നു.ഇപ്പോഴാകട്ടെ സെന്റ്‌ ജോസഫ്സ് യു പി സ്കൂൾ ,മേരി റാണി പുബ്ലിക് സ്കൂൾ തുടങ്ങിയവ ലായിക്കാട്‌ പള്ളിയുടെ സമീപം പ്രശസ്ത സ്ഥാപനങ്ങളായിട്ടുണ്ട്. 
ഞാൻ ഒന്നാം ക്ലാസിൽ ചേരുമ്പോൾ എന്റെ ചേട്ടൻ കറിയാച്ചൻ അവിടെ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ടായിരുന്നു. ഞാനും കറിയാച്ചനും പിന്നെ ഒരു പറ്റം കൂട്ടുകാരുമൊത്താണ് സ്കൂളിൽ പോയിരുന്നത്.  സ്കൂളിലെ പഠന സമയം അഞ്ചാം ക്ലാസുകാര്ക്ക് മാത്രമാണ് മുഴുദിന അധ്യയനം ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകാർക്കു രാവിലെയും മൂന്നും നാലും ക്ലാസ്സുകാർക്കു ഉച്ചകഴിഞ്ഞുമായിരുന്നു ഷിഫ്റ്റ്‌ സമ്പ്രദായത്തിലുള്ള ക്ലാസ്സുകൾ ക്രമീകരിക്കപ്പെട്ടിരുന്നത് .എന്നാൽ തന്നെയും ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ക്ലാസിലേക്ക്  വരുന്നവരുമായി വഴിയിൽ സന്ധിക്കുകയും കുശാലാന്വേഷഷണം നടത്തുകയും ചാമ്പങ്ങ, പഴ മാങ്ങ, കശുമാങ്ങ, മയിൽ പീലി, കല്ല്‌ പെൻസിൽ,സ്ലേറ്റു തുടക്കാനുള്ള മഷിത്തണ്ട് ,കള്ളി ചെടിത്തുണ്ട്  തുടങ്ങിയവ പരസ്പരം കൈമാറുകയും ചെയ്തിരുന്നു.ഞങ്ങൾ പതിവായി പരസ്പരം കണ്ടു മുട്ടിയിരുന്ന ചില നിശ്ചിത താവളങ്ങൾ ഉണ്ടായിരുന്നു ഒരുകൂട്ടർ അവിടെയെത്തുമ്പോൾ മറ്റു കൂട്ടർ വന്നെത്തിയില്ലെങ്കിൽ 
ആദ്യം വരുന്ന കൂട്ടുകാർ അവിടെ കാത്തു നിലക്കുമായിരുന്നു.ഏതാണ്ട് ട്രെയിനുകൾ ഒരു സ്റെഷനിൽ മറ്റു ട്രെയിനുകൾക്ക് വേണ്ടി കാത്തു കിടക്കുന്നത് പോലെയായിരുന്നു ഇത് .
ഞാൻ രണ്ടാം ക്ലാസിലേക്ക്  കയറിയപ്പോൾ സഹോദരൻ കറിയാച്ചൻ അഞ്ചാം ക്ലാസ് ജയിച്ചു എസ.ബി.ഹൈ സ്കൂളിലേക്ക് മാറി . ഇനി മുതൽ സ്കൂളിലേക്ക് അല്പം കൂടി സ്വാതന്ത്ര്യത്തോടെ പോകാമെന്നും കൂട്ടുകാരുമൊത്ത് കൂടുതൽ സമയം ചിലവിടാമെന്നുംഞാൻ മന:പായസം കുടിച്ചു.എന്നാൽ എന്റെ പ്രതീക്ഷ പുതുമഴ പെയ്തു നശിച്ചു പോയ മാമ്പൂക്കൾ പോലെ പൊഴിഞ്ഞു പോയി. കാരണം എന്റെ അയലത്ത് പുതുതായി വാടകയ്ക്ക് താമസിക്കാൻ ഒരു കൂട്ടർ കാർത്തിക പള്ളിയിൽ നിന്നും താമസമാക്കി.. അവരുടെ ഇളയ മകൾ അഞ്ചാം ക്ലാസിൽ ചേർന്ന അന്നമ്മയെന്ന പാവാടക്കാരിയുടെ കൂടെ വേണമായിരുന്നു ഞാൻ സ്കൂളിൽ പോകേണ്ടതെന്ന് എന്റെ ഏറ്റവും മൂത്ത സഹോദരൻ ജോയിച്ചായന്റെ കല്പന വന്നു.തുടർന്ന് മനസില്ലാ മനസ്സോടെ അന്നമ്മക്കു അകമ്പടിക്കാരനായി ഞാൻ എന്റെ സ്കൂളിലേക്ക് പോകേണ്ടി വന്നു. അന്നമ്മ എന്ന സി.ബി.ഐ കൂടെയുള്ളതിനാൽ സ്കൂളിലേക്കുള്ള യാത്രയിൽ കൂട്ട് കാരോടോത്തു വലിയ കുണ്ടാമണ്ടികൾ കാട്ടുന്നതിനു സാധ്യത കുറവായിരുന്നു.
എനിക്ക് മൂന്നാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ "അന്നമ്മ പോലീസ് " ആറാം ക്ലാസിലേക്ക് ജയിച്ചു പെരുന്ന എൻ.എസ.എസ സ്കൂളിലേക്ക് മാറി.അത് കൊണ്ട് എന്നെ നിരീക്ഷിക്കാൻ ചാരന്മാർ ഇല്ലല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു .ഈ പറഞ്ഞതിൽ നിന്ന് ഞാൻ മഹാ വികൃതിയായ ഒരു വിദ്യാർഥി ആയിരുന്നുവെന്നു ധരിക്കരുത്.ക്ലാസിൽ ഏറെക്കുറെ നല്ല നിലവാരം പുലര്ത്തിയിരുന്ന വിദ്യാർഥികൾ ആയിരുന്നു ,പീ.സീ ചാക്കോ സാറിന്റെ മക്കൾ എല്ലാവരും തന്നെ.കാരണം വളരെ ചെറുപ്പത്തിൽ തന്നെ അധ്യാപകനായ ഞങ്ങളുടെ പിതാവിന്റെ സഹപാഠികളോ ശിഷ്യരോ ആയിരുന്നു ഞങ്ങളെ പഠിപ്പിക്കാൻ വന്നിരുന്ന അധ്യാപകർ എല്ലാം തന്നെ, അത് പ്രൈമറി ക്ലാസ് മുതൽ കോളേജു ക്ലാസ്സുകൾ  വരെ ഞങ്ങൾ എല്ലാ മക്കളും അനുഭവിച്ചതാണ്  അത് കൊണ്ട് ഉഴപ്പന്മാർ ആകണമെന്ന് വിചാരിച്ചാൽ പോലും നടക്കില്ലായിരുന്നു. ഞങ്ങള്ക്ക് കിട്ടിയ ഏറ്റവും വലിയ പൈതൃകവും ചങ്ങനാശ്ശേരിയുടെ അഭിമാനമായിരുന്ന സെന്റ്‌ ബെര്കുമാൻസ് ഹൈസ്കൂളിലെ ബഹുമാന്യനും അതിലുപരി പ്രിയങ്കരനും ആയിരുന്ന ഒരു അദ്ധ്യാപകൻ എന്ന നിലയിൽ എന്റെ പിതാവ് നേടിയിരുന്ന കീര്ത്തിയും ജനസമ്മതിയും ആയിരുന്നു .
ഒരു എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസുകാരാൻ നാല്, അഞ്ചു എന്നീ ക്ലാസ്സുകളിലെ സീനിയെർസിന്റെ ജൂനിയർ ആണെങ്കിലും  ഒന്ന് ,രണ്ടു എന്നീ ക്ലാസ്സുകളിലെ ജുനിയേര്സിന്റെ "സീനിയർ" എന്ന പദവി അത്ര മോശമായിരുന്നില്ല താനും. ഈ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ പഠനത്തെക്കൾ ഏറെ കളിക്കുവാൻ കൂടുതൽ സമയം ലഭിച്ചിരുന്നു.സ്കൂളിലേക്കുള്ള വഴികളിൽ കൂടി നടക്കുമ്പോൾ പ്രകൃതിയെ നാമറിയാതെ തന്നെ നിരീക്ഷിച്ചു പ്രകൃതി പാഠങ്ങൾ സ്വാംശീകരിച്ചിരുന്നു എന്ന് ഇപ്പോൾ എനിക്ക് മനസിലാകുന്നു. ഇത് ഞാൻ പറയാൻ കാരണം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ യൂണിഫോമിൽ ചിട്ടയായി   തൊട്ടടുത്ത സ്കൂളിലേക്ക് പോലും സ്കൂൾ ബസിൽക്കയറി  പോയി വരുന്നതിലാണ്  മാതാ പിതാക്കൾ താത്പര്യപ്പെടുന്നത് .ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് പ്രകൃതി നിരീക്ഷണം പാടെ നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിലാണ് .ഒരിക്കൽ നെല്പ്പാടത്തിന്നരികിൽ കൂടി പോകവേ എന്റെ കൊച്ചു മകൾ നെല് ചെടികൾ കണ്ടപ്പോൾ എന്നോട് ചോദിച്ചു ഇതാണോ ചാച്ചാ "റൈസ് പ്ലാന്റ് " കാരണം അവൾ അന്ന് വരെ നെൽചെടി ചിത്രത്തിൽ മാത്രമേ കണ്ടിരുന്നുള്ളൂ ..
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്  ഐക്യ കേരള സംസ്ഥാനം ,തിരുക്കൊച്ചി സംസ്ഥാനത്തോട്  മലബാർ പ്രവിശ്യയും കൂട്ടി ചേർത്ത് ഐക്യ കേരള സംസ്ഥാനം രൂപം കൊണ്ടത്‌ 1956 നവംബർ ഒന്നാം തീയതി ആയിരുന്നു കേരളപ്പിറവി ആദ്യമായി ആഘോഷിക്കപ്പെട്ടത്‌ .എന്റെ സ്കൂളിൽ നിന്നും എം.സി റോഡു  ജംഗ്ഷൻ വരെ ഘോഷയാത്രയായി ഞങ്ങൾ വന്നത് ഞാൻ ഓർക്കുന്നു. എല്ലാവരും പ്രകീർത്തിക്കുന്നുണ്ടെങ്കിലും സംസാര ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം പൊതുവെ നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണി ഉയർത്തുന്ന വിധം  ഒരു വിപത്തായി മാറുന്നുവോ എന്ന് സംശയിക്കുന്നവരെ  കുറ്റം പറയാനാവില്ല.  പില്കാലത്ത് പ്രാദേശികത എന്ന വികാരം ജ്വലിപ്പിച്ചു പുതിയ പുതിയ സംസ്ഥാനങ്ങൾക്ക് വേണ്ടി മുറവിളി ഉയരുന്നത്  ഒട്ടും തന്നെ ആശാസ്യമായ പ്രവണതയല്ലല്ലോ .

ഞാൻ അഞ്ചാം ക്ലാസിൽ പഠനം ആരംഭിക്കുമ്പോൾ ആകെയുള്ള കുട്ടികളെ രണ്ടു ഡിവിഷനുകൾ ആയി തരം തിരിച്ചു. ഞങ്ങൾ അഞ്ചു ആണ്‍കുട്ടികളും ബാക്കി പെണ്‍കുട്ടികളും അടങ്ങിയ എ ഡിവിഷനും പ്രായത്തിലും ആകാരത്തിലും മുതിർന്നവരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും  അടങ്ങിയ ബി  ഡിവിഷനുമാണ് ഉണ്ടായിരുന്നത് .എ ഡിവിഷനിൽ എന്നെക്കൂടാതെ, തോപ്പിലെ തമ്പാൻ,എന്ന നമ്പൂതിരി ബാലൻ, മാവേലി വീട്ടിലെ ബാബു,സുകു,പൂവത്ത് നിന്ന് വന്നിരുന്ന ജോയി എന്നീ ആണ്‍ കുട്ടികളും മറ്റുള്ളവർ പെണ്‍കുട്ടികളുംആയിരുന്നു . ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു അമ്പലവും അമ്പലക്കുളവും ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിനു എതിരായി ഒരു പടിപ്പുരയുള്ള വീടുണ്ടായിരുന്നു. അത് ഒരു കുടുമ്മ മുൻപോട്ടു കെട്ടി നടന്നിരുന്ന ഒരു  തിരുമുല്പാടിന്റെ ഇല്ലം ആയിരുന്നുവെന്നാണ് എന്റെ ഓർമ. ആ വീട്ടിലെ നളിനി എന്ന  ഓമനപ്പേരുള്ള നളിനകുമാരി സമർത്ഥയും തിരുവാതിരകളി, കൈകൊട്ടിക്കളി എന്നീ നൃത്തങ്ങൾ അവതരിപ്പിച്ചിരുന്ന സംഘത്തിലെ നായികയുമായിരുന്നു.  നളിനകുമാരി കോയിക്കൽ കൊച്ചുഗോപി എന്ന ഗോവിന്ദപ്പിള്ള,ശ്രീധരൻ നായർ എന്നീ കർഷക പ്രമുഖരുടെ പുത്രികളായ ശ്രീദേവി, ശോഭനകുമാരി,ഓമന കുമാരി, എന്നിവർ ഇപ്പോഴും എന്റെ സ്മൃതിപഥത്തിൽ തെളിഞ്ഞു നില്ക്കുന്നുണ്ട്. "അഖിലാണ്ഡമണ്ഡലം", എന്ന പ്രാർഥനാ ഗാനം ,ദേശീയ ഗാനം എന്നിവ ആലപിക്കുവാൻ  തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ ഗായക സംഘത്തിൽപ്പെട്ടവരായിരുന്നു പ്രസ്താവ്യരായവർ.

"അഖിലാണ്ട  മണ്ഡലം  അണിയിച്ചൊരുക്കി ....
അതിനുള്ളിൽ  ആനന്ദ  ദീപം  കൊളുത്തി .....
പരമാണു  പൊരുളിലും സ്ഫുരണമായ്  മിന്നും ....
പരമ  പ്രകാശമേ  ശരണം  നീ  എന്നും ....
സമരാദി  തൃഷ്ണകൾ  ആകവേ  നീങ്ങി ......
സമതയും  ശാന്തിയും  ക്ഷേമവും  തിങ്ങി ......
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിത  സൌഭാഗ്യത്തിൻ ഗീതം മുഴങ്ങി ....
നരലോകം  എപ്പോഴും  ആനന്ദം  തേടി ....
വിജയിക്ക! നിൻ  തിരു നാമങ്ങൾ  പാടി .......".

ശ്രീ പന്തളം കെ.പി. രാമൻ പിള്ള  രചിച്ച ഈ ഗാനം അക്ഷര സ്ഫുടതയോടെ ചൊല്ലുവാൻ കഴിയുന്നവരെയാണ്  പാട്ടുകാരായി തിരഞ്ഞെടുത്തത് . "സ്ഫുരണമായ് ", "തൃഷ്ണകൾ"  എന്ന് പാടുക പലർക്കും ദുഷ്കരമായിരുന്നു താനും.അതിനാലാണ് അവർ ഇന്നും ഓർമ്മയിൽ തെളിഞ്ഞു നില്ക്കുന്നത്. അഞ്ചാം ക്ലാസിൽ നിന്ന് ജയിച്ച ശേഷം ഇവരിൽ ആരെയും പിന്നെ കണ്ടിട്ടില്ല എന്നത് മറ്റൊരു പ്രത്യേകത. കാരണം ഇവരിൽ ഞാൻ  ഉപരിപഠനം നടത്തിയത് എസ.ബി.ഹൈസ്ക്കൂളിലും മറ്റുള്ളവർ പെരുന്ന എൻ.എസ് . എസ് . ഹൈസ്കൂളിലുമായിരുന്നു.

ഒന്നാം ക്ലാസ്സുമുതൽ എന്റെ ക്ലാസ് ടീച്ചർമാർ യഥാക്രമം കൌസല്യാമ്മടീച്ചർ, ഭാരതിയമ്മടീച്ചർ പയ്യംപള്ളി തങ്കമ്മ ടീച്ചർ,മുരളി സാർ, തങ്കമ്മ ടീച്ചർ വാഴപ്പള്ളി എന്നിവരായിരുന്നു.ഹെഡ് മിസ്ട്രെസ്സ് വാഴപ്പള്ളി തങ്കമ്മ ടീച്ചർ സ്ഥൂല ശരീരിയും, പയ്യമ്പള്ളി തങ്കമ്മ ടീച്ചർ കൃശഗാത്രിയുമായിരുന്നു.

സ്കൂളിലേക്കുള്ള സഞ്ചാരപഥവും സഹയാത്രികരും 

സ്കൂളിലേക്കുള്ള എന്റെ യാത്രയിൽ അനുയാത്രികരായിരുന്നവരിൽ കൌസല്യാമ്മ ടീച്ചറിന്റെ മകൻ രാമചന്ദ്രൻ,രാമചന്ദ്രന്റെ കസിൻ രവി,എന്നിവർ എഴിഞ്ഞില്ലത്തുനിന്നും ടീച്ചറിന്റെ ഒപ്പം വന്നിരുന്നവരാണ്. ലായിക്കട്ടുനിന്നും കാട്ടുപറമ്പിൽ വിശ്വൻ,ചെറ്റക്കാട്ട്  ജോണ്‍ (ഇടക്ക് ഞങ്ങൾക്ക് ജോണിന്റെ അപ്പൻ വണ്ടി മാണി ചേട്ടൻ അദ്ദേഹത്തിന്റെ കാളവണ്ടിയിൽ ചിലപ്പോൾ ഒരു ഫ്രീ ലിഫ്റ്റും നല്കാറുണ്ടായിരുന്നു). കണിയാമ്പറമ്പിൽ കുട്ടപ്പൻ,കൊച്ചുപുരയിൽ ശ്രീകുമാർ, എന്നിവരുമായി സംഘം എം.സി.റോഡിൽ നിന്നും അമ്പലം റോഡിലേക്ക് കയറുന്നു.അപ്പോൾ തോപ്പിലെ തമ്പാൻ ഒപ്പം കൂടും. അവിടെനിന്നു ഞങ്ങൾ ഇടക്കുള്ള ഒരു പീടികയിൽ കാത്തു നില്കുന്നവരോടൊപ്പം സ്കൂളിലേക്ക് വച്ച് പിടിക്കും.അക്കൂട്ടത്തിൽ രഘു, ഗോപാല കൃഷ്ണൻ,ശശി എന്നിവരെയും ഞാൻ ഒര്മ്മിക്കുന്നു.
സുബ്രമണ്യസ്വാമി ക്ഷേത്ര നടയിൽ നിന്ന് ഇടത്തേക്കുള്ള വഴി തെക്ക് ഭാഗത്ത് കൂടിയുള്ളതാണ് .ആ വഴി സാമാന്യം നല്ലവഴിയായിരുന്നു.ആ വഴി പടിഞ്ഞാറേ നടയിലേക്കു ക്ഷേത്രം ചുറ്റു മതിലിനോട് ചേർന്ന് വരുമ്പോൾ അവിടെ ഒരു കാവുണ്ടായിരുന്നു. അവിടെ കയറിയാൽ ഞാറ,തെച്ചി,കുളമാങ്ങ പാണൽ,തുടങ്ങി മറ്റൊരിടത്തും കിട്ടാത്ത കാട്ടുപഴങ്ങൾ ധാരാളം പറിക്കാമായിരുന്നു.  കാവിനു എതിരായി ക്ഷേത്ര മതിലിനോടു ചേർന്ന് റോഡിൽ  ഏതോ മനുഷ്യ രൂപം കൊത്തിയ ഒരു കല്ല്‌ ഉണ്ടായിരുന്നു. അത് ശാപഗ്രസ്തയായ ഏതോ ദുർദേവതയാണെന്നായിരുന്നു സങ്കല്പം. അതിലെ പോകുമ്പോൾ കുട്ടികൾ ആ കല്ലിന്മേൽ തുപ്പുകയുംമറ്റു ചെയ്തു,പരമാവധി നിന്ദിക്കാറുണ്ടായിരുന്നു.ചില വിരുതന്മാർ അതിന്മേൽ മൂത്രക്ഷാളനം ചെയ്യാനും മടിച്ചിരുന്നില്ല. കാവിൽ ചെന്ന് പാണലിന്റെ ഇലയിട്ടു അന്ന് തല്ലു കിട്ടുമോ എന്ന് പ്രവചിക്കാൻ കഴിയുന്ന വീരന്മാരും ഉണ്ടായിരുന്നു.
ക്ഷേത്രത്തിന്റെ വലത്ത് ഭാഗത്ത് ക്ഷേത്രക്കുളത്തോട് ചേർന്ന്  ചെറിയ  വഴിയായിരുന്നു. ഈ വഴി മലമൂത്ര വിസര്ജ്ജന കേന്ദ്രമായിരുന്നു.കാവിന്റെയും യക്ഷിയുടെയും സാന്നിധ്യമുള്ള തെക്കേ വഴിയിലൂടെ കൂട്ടുകാരുമൊത്ത് പോകുമ്പോൾ സഞ്ചരിക്കാൻ മാത്രമേ ഞങ്ങൾക്കു ധൈര്യ മുണ്ടായിരുന്നുള്ളൂ.അതിനാൽ തനിച്ചു പോകുമ്പോൾ ഗത്യന്തരമില്ലാതെ വടക്കേ വഴിയിൽ കൂടിയും ചിലപ്പോൾ പോകേണ്ടിയിരുന്നു.വടക്കേ വഴി പടിഞ്ഞാറേനടയിൽ എത്തുന്നിടത്തു ഒരു വാര്യരുടെ വീടായിരുന്നു. ആ വാര്യത്തുള്ള കൃഷ്ണകുമാർ എന്ന കുട്ടിയും ഞങ്ങളുടെ കൂടെ പഠിച്ചിരുന്നുവെന്ന്  തോന്നുന്നു. പടിഞ്ഞാറെ നട കടന്നു ചെല്ലുമ്പോൾ, പെരുന്നയിൽനിന്നും പൂവത്തെക്കുള്ള പൊതുവഴി മുറിച്ചു കടന്നു അല്പം കൂടി പോയാൽ പെരുന്ന വെസ്റ്റ്‌ ഗവർമെന്റ്  ലോവർ പ്രൈമറിസ്കൂളിൽ, എന്റെ പ്രഥമ സരസ്വതീ ക്ഷേത്രത്തിൽ നാം എത്തിച്ചേരും.
പെരുന്ന സ്കൂളിലെ പഠനകാലത്ത്‌ ചങ്ങനാശ്ശേരി മുനിസിപ്പൽ മൈതാനത്ത് നടന്നിരുന്ന വമ്പിച്ച ഗാട്ടാ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രശസ്തരായ ഫയൽവാന്മാർ താമസിച്ചിരുന്നത് "വള്ളിക്കളം" കെട്ടിടത്തിലായിരുന്നു. അവർ പരിശീലനത്തിൽ എര്പ്പെടുന്നത് ഞങ്ങളുടെ കുട്ടിപ്പട്ടാളം കണ്ടാസ്വദിക്കുകയും അതിന്റെ പുനരാവിഷ്കരണം സ്കൂളിൽ നടത്തുകയും ചെയ്യുമായിരുന്നു. ഒരു ദിവസം സ്കൂളിൽ വളരെ നേരത്തെ എത്തിയ തങ്കമ്മട്ടീച്ചർ  മല്ലയുദ്ധം നേരിൽ കാണുകയും യുദ്ധ വീരന്മാരെ ചൂരൽപ്രയോഗത്താൽ  സമ്മാനിതരാക്കുകയും ചെയ്തു .
മറ്റൊരു പ്രധാന കാര്യം  ശ്രീ പി.ടി പോത്തൻ പ്രക്കാടാൻ വാടകയ്ക്ക് കൊടുത്തിരുന്ന മാടപ്പാടി എന്ന് അറിയപ്പെട്ടിരുന്ന ഞങ്ങളുടെ അയൽ വീട്ടിൽ തമ്പടിച്ചിരുന്ന "ദി ഗ്രെയിറ്റ് ഈസ്ടെൻ സർക്കസ് " കാരുടെ പരിശീലനമാണ് .സുന്ദരിമാരെ അവിടെയുള്ള തെങ്ങിന്മേൽ ചാരി നിർത്തി കത്തിയേറു പരിശീലിക്കുന്നത് ഞങ്ങൾ വീടിന്റെ അതിരിൽ ഒളിച്ചു നിന്ന് കാണുകയും സർക്കസുകാരുടെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും കൂട്ടി കൂട്ടുകാരോട് വീമ്പടിച്ചു ഖ്യാതി നേടാൻ ശ്രമിക്കുകയും ചെയ്തിരുന്നു ആ സർക്കസുകാരിൽ അഭ്യാസികളായ ഗോരക് പൂരി ,ലല്ലു എന്നിവരുമായി ഞങ്ങൾ ചങ്ങാത്തം കൂടി ഫ്രീ പാസ്സ് വാങ്ങി സര്ക്കസു കാണാൻ പോയതും ഓർമ്മയിൽ തെളിഞ്ഞു വരുന്നു.

ഞാൻ അഞ്ചാം ക്ലാസ് പരീക്ഷ എഴുതിയ  ശേഷം ഉച്ചക്ക്  മടങ്ങി വരുമ്പോൾ ഞങ്ങളുടെ പണിപ്പുലയനായിരുന്ന പൈലിയാശാന്റെ അനിയൻ കുട്ടൻ ഒരു സൈക്കിളിൽ പാഞ്ഞു "കല്യാണകൃഷ്ണൻ തമ്പുരാൻ ജയിച്ചേ" എന്നുറക്കെ പറഞ്ഞു കൊണ്ട് വരുന്നത് കണ്ടു.1957 മാർച്ചിൽ നടന്ന കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ കമ്മുണിസ്റ്റു പാർട്ടി ജയിച്ചു .ഏപ്രിൽ 5-നു അധികാരത്തിൽ വരികയും ചെയ്തു.ചങ്ങനാശ്ശേരിയിലെ ജയ ഘോഷത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം കേരളത്തിന്റെ വത്തിക്കാനും ഞങ്ങൾ പിടിച്ചെടുത്തു എന്നായിരുന്നു.

അഞ്ചാം ക്ലാസിലെ പരീക്ഷാ ഫലം അറിയുവാൻ പോയപ്പോൾ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയുണ്ടായി .എല്ലാ പൂർവ വൈരാഗ്യങ്ങളും തമ്മിലടിച്ചു തീർക്കുന്ന ദിവസമാണല്ലോ സ്കൂളിലെ അവസാന ദിവസം.അന്ന് കൃഷ്ണൻകുട്ടി,പുരുഷു എന്ന് വിളിക്കുന്ന പുരുഷോത്തമൻ ഇവർ  തമ്മിലുള്ള കുടിപ്പക തീർക്കുന്ന ദിവസം ആയിരുന്നു.ഇവർ രണ്ടുപേരും താഴെയുള്ള ക്ലാസുകളിലും തോറ്റു തോറ്റു പഠിച്ചാണ്  അഞ്ചാം ക്ലാസിൽ എത്തിയത് .അതിനാൽ അവര്ക്ക് സാമാന്യം നല്ല പ്രായവും അതിനൊത്ത്  ശാരീരിക വളര്ച്ചയുമുള്ളവരായിരുന്നു. ഇവർ വഴക്കിട്ടതും പണ്ട് കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ കാമിനിയെ  ചൊല്ലിയായിരുന്നു.കാമിനിയും സാമാന്യ ശാരീരിക വളർച്ചയുള്ള  പെണ്‍കുട്ടിയായിരുന്നു. വഴക്ക് തീർത്തു അവരെ പിരിച്ചു വിട്ടത്  സ്കൂളിനു തൊട്ടടുത്തുള്ള
ഞാലിയിൽ അപ്പച്ചൻ എന്ന കാരണവരായിരുന്നു.
മറ്റൊരു സംഭവം ഒരു നായര് കുട്ടി തന്റെ കൂട്ടുകാരനുമായി വഴക്കിടുകയും കല്ലെറിഞ്ഞു അയാളുടെ നെറ്റി പൊട്ടി ചോരവരികയും ചെയ്തു .ഇതുകണ്ട് പേടിച്ച നായരു കുട്ടി ക്ഷേത്രത്തിനുള്ളിലേക്ക് ഓടി ഒളിക്കുകയും ചെയ്തു. കൂട്ടുകാരൻ കുട്ടി പിന്നാലെ പാഞ്ഞു ക്ഷേത്രത്തിനുള്ളിൽക്കയറി  എറിഞ്ഞവനെ പിടികൂടി കിഴക്കേ നടയിലെത്തി. നെറ്റി പൊട്ടിയ കുട്ടി ക്രിസ്ത്യാനി ആയിരുന്നു. അഹിന്ദു ക്ഷേത്രത്തിൽ കയറിയെന്നു പറഞ്ഞു കല്ലെറിഞ്ഞ കുട്ടി താൻ ചെയ്ത തെറ്റില് നിന്ന് രക്ഷപ്പെടുവാൻ ഒരടവെടുത്തു.ഇവർ രണ്ടും ചെന്ന് ചാടിയത് ചന്തുകുട്ടൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരൻ നായർ - അദ്ദേഹം ദീർഘകാലം ചങ്ങനാശ്ശേരി മുനിസിപ്പൽ കൌണ്‍സിലിൽ പന്ത്രണ്ടാം വാർഡിലെ കൌണ്‍സിലർ ആയിരുന്നു- എന്ന മാന്യ വ്യക്തിയുടെ മുൻപിലാണ്‌.  അഹിന്ദു കുട്ടിയെ
ശിക്ഷിക്കുന്നതിനു പകരം  അക്രമം കാട്ടിയ നായരു കുട്ടിയെ അദ്ദേഹം ശാസിക്കുകയാനുണ്ടായത്







No comments:

Post a Comment