Thursday, April 4, 2013

കുറുമ്പനുറുമ്പും കൊമ്പനാനയും

കുറുമ്പനുറുമ്പും കൊമ്പനാനയും 

വമ്പെഴും കുട്ടിക്കുറുമ്പനാനേം,  
കുറുമ്പേറും കറുമ്പനാ,കട്ടുറുമ്പും,
ഒരുനാളാ,കാട്ടിലൊരിക്കലന്നു,  
പലനാളു കൂടിയവര് കണ്ടുമുട്ടി.

കുറുമ്പനുറുമ്പ്‌ പറഞ്ഞു, മെല്ലെ,  
"ചങ്ങാതിയാനേ, കൊമ്പനാനേ, 
എന്നെ നീയൊന്നു പുറത്തേറ്റുമോ?."

അത് കേട്ടരിശംപൂണ്ടാന ചൊല്ലി, 
"ഹമ്പട, ഉറുമ്പേ,എന്തൊരു പൂതി!
ചിലമ്പാതെ നീയൊന്നു വഴി മാറിനില്ല്." 

ഉറുമ്പൊന്നു കെഞ്ചി,"സുന്ദരനാനേ,
തുമ്പിയിലേറ്റി,ചങ്ങാതിയെന്നെ 
നിന്പുറത്തേക്കൊന്നിരുത്തിടാമോ?" 

ആന മൊഴിഞ്ഞു,"നീവെറും പ്രാണി
പ്രാണികളാനയ്ക്ക് ചങ്ങാതിയെന്നോ? 
പ്രാണനുമായി നീ പോയാട്ടെ, ദൂരെ."

കുറുമ്പനുറുമ്പ്‌,കൊമ്പനോടോതി 
"ചങ്ങാതിയാനേ,വീരസ്യം കളയൂ, 
ഞാൻ വെറുമല്പപ്രാണിതന്നെ, 
ഞാൻ നിനച്ചെന്നാലീ നിന്നെപ്പോലും 
കൊമ്പുകുത്തിച്ചീടാമെന്നറിയൂ..  
വാക്കിനെതിർ വാക്കുചൊല്ലിയവര്  
നാക്കും പിഴച്ചു,വക്കാണമായി. 

(മൊഴിഞ്ഞവാക്കും,തൊടുത്തോരമ്പും,   
തിരിച്ചെടുക്കാനാവതുണ്ടോ? )

പിന്നീടൊരു നാളാവഴിതന്നെവന്നു   
വിശന്നുവലഞ്ഞോരാ,കൊമ്പനാന  
തളിരു നിറഞ്ഞ മരത്തിൽ നിന്നും          
തളിരിളംചില്ലയൊടിച്ചു,പിന്നെ 
തുമ്പിയിലേറ്റി,തിന്നാൻ തുടങ്ങി. 
തുമ്പിതന്നുള്ളിലേക്കിലയിൽ നിന്നും 
കുറുമ്പനുറുമ്പും കയറിപ്പറ്റി. 

കുഞ്ഞനുറുമ്പവൻ, കടി തുടങ്ങീ 
കുട്ടിക്കുറുമ്പനോ, മദമിളകി.   
വാലുംചുരുട്ടി,കൊമ്പും കുലുക്കി  
വിറളിപിടിച്ചവൻ പാഞ്ഞുവല്ലോ, 
ആനക്ക് ഭ്രാന്തായെന്നോതിയന്നു,   
മാലോകരാകെ തടിച്ചു കൂടി.  
മയക്കു വെടിവെക്കാനോര്ടരായി   
വെടിയേറ്റോരാനയോ,കൊമ്പുകുത്തി. 

തുമ്പി തന്നുള്ളിലമര്ന്നിരുന്നു, 
കുഞ്ഞനുറുമ്പ്‌ ചിരിച്ചുവത്രെ! 



No comments:

Post a Comment