Saturday, April 27, 2013

നീലിമ


                 നീലിമ 

നീലിമേ, അനുരാഗപൂർണ്ണിമേ,നീ വരൂ 
നീ വരൂ, രാഗലോലയായെൻ പ്രിയേ.. 

നീലാകാശസമാന,മെൻമാനസേ 
നീ,രാഗപൂർണിമയായി തെളിഞ്ഞിടൂ...  
നീരാടി,വൃശ്ചികക്കുളിരലനല്കിടും,
നീഹാരക്കോടി പുതച്ചീറനായ് വരൂ..


നിൻ മോഹനാകാരഭംഗിയതിലോലമാം 
നിന്നീറൻവസനത്തിനുള്ളിലുംതെളിയുന്നത്‌ 
കാണ്‍കെ,ഞാനനുരാഗലോലനായ് ,നിൻ
ചാരത്തണഞ്ഞിടാനേറെ കൊതിക്കുന്നു.  

കാലമേറെക്കഴിഞ്ഞുവെന്നാകിലും   
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...

നീലിമേ,നിന്റെയോർമകളെൻ ഹൃത്തിൽ 
നീറി,നിൽക്കുന്ന ദാഹമാണെൻ,പ്രിയേ 
കാണുവാൻ,നിന്നെ,യൊരുമാത്ര,കാണുവാൻ
കാലമേറെയായ് ഞാൻ കാത്തു നില്ക്കുന്നു. 

നീ മറഞ്ഞു പോയിട്ടെത്തറകാലമായ് ...
വിഷുകടന്നുപോയ്‌ ,ഓണവും വന്നുപോയ്‌
വിഷുപ്പഷിപോൽ ,കലണ്ടറിൻ താളുകൾ
എത്രയെണ്ണം പറന്നകലേക്കകന്നു പോയ്‌
നിത്യത,തൻ ചില്ലയിൽ ചേക്കേറാൻ ...

നീലിമേ,അനുരാഗപൂർണ്ണിമേ,നീ വരും
കാലവുംകാത്തു ഞാനീ,വന്യഭൂമിയിൽ   
അലയുന്നി,തൊരുതുളളി ദാഹജലത്തിനാ- 
യുഴലുന്നവേഴാമ്പൽ പക്ഷിയായിപ്പോഴും. 

നീലിമേ,യെൻമാനസവിഭ്രാന്തിനല്കിടും 
നിറമുള്ള സ്വപ്നച്ചിറകിലുയർന്നു ഞാൻ 
നീ പാർക്കും സ്വർഗ്ഗലോകെ,പറന്നെത്തി . 
നീ മറഞ്ഞെന്തിന്നു,നിൽക്കുന്നിതെൻ പ്രിയേ 

കാണ്മൂ,ഞാൻ നിന്നാകാരഭംഗിയാ-
ലോലമാം,തിരശീലക്കുള്ളിലായ്...
കാലമേറെക്കഴിഞ്ഞു വെന്നാകിലും      
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...









   

No comments:

Post a Comment