Wednesday, April 24, 2013

പ്രേമപൂജാരി

              പ്രേമപൂജാരി 

ആദ്യ പ്രണയത്തിൻ ഹൃദ്യമാമോർമ്മകൾ,
നൈവേദ്യമായെൻ ഹൃദയേ,നിറയുമ്പോൾ,
ഹൃദയേശ്വരീ,നിൻ ശ്രീയാർന്നോരാകാരം
പൂജാരൂപമായ് ,മനസ്സിൽ തെളിയുന്നു...

കലാലയജീവിത സായാഹ്നനാളിലായ്  
കമനീയമാകുമെ"ന്നോട്ടോഗ്രാഫ് ബുക്കിൽ"  
കവിത തുളുമ്പും കുറിപ്പിൽ നിൻ പ്രേമത്തെ    
സഖി,നീയറിയിച്ചകഥയോർത്തിടാറുണ്ടോ?

കാവ്യാല്മകം,പ്രണയ ലേഖനമെഴുതി ഞാൻ
കാണാതെയാരും,കാണാതെ,തന്നെ നിൻ
കാലടിപ്പാടുകൾ പിന്തുടർന്നെത്തി,നീ
കോവിലിൽ പോകും വഴിവക്കിൽ നില്ക്കവേ, 
കോവിലിൽ നിൻപ്രിയ ദേവനെകാണാഞ്ഞു
കോപമാർന്നെത്തി നീ കൂവളത്തിൻ,കീഴെ
കാലുഷ്യമേറിയ നിൻ മിഴിപ്പക്ഷികൾ
വേവലാതി,പൂണ്ടിതെന്നെപ്പരതിയോ?

നമ്മുടെ നയനങ്ങൾ തമ്മിലിടഞ്ഞപ്പോൾ, 
മിണ്ടാതെ,മൌനമായ്,നീയന്നുചൊല്ലിയ,
പ്രേമ,മധുരമാം വാക്കുകൾ ഞാനിന്നും
ഗായത്രീ മന്ത്രമായ്  നിത്യവും ചൊല്ലിടും.

കാലപ്രവാഹത്തിൻ കുത്തൊഴുക്കിൽ 
കാണാമറയത്തിതന്യോന്യം കാണാതെ,  
വിഭിന്നമാം,തീരത്തടിയാനിടവന്നു,  
നിത്യഹതഭാഗ്യരായ് നമ്മൾമാറിയോ? .
വിസ്തൃതം,പ്രക്ഷുബ്ദം വിരഹമാം സാഗരം, 
നീന്തിക്കരേറിടാനായില്ലൊരിക്കലും.  

പ്രേമസുരഭിലപുഷ്പങ്ങൾ ചാർത്തി ഞാൻ
പ്രാണേശ്വരീ,നിന്റെ മോഹനരൂപത്തെ   
മാനസക്ഷേത്രത്തിലിന്നും പ്രതിഷ്ഠിച്ചു 
പൂജിച്ചിടും പ്രേമ,പൂജാരിഞാനല്ലോ?




No comments:

Post a Comment