വെളിച്ചം ദു:ഖമാണുണ്ണീ
നിങ്ങളറിഞ്ഞാലും
പകലാണെങ്കിലും
ഇവിടെയിരുട്ടാണ്.
നാട്ടിലെങ്ങുംതിങ്ങും
ഇരുളാണ് ,ഇരുട്ടാണ്.
കൊടിയ തമസ്സാണ്..
കൊടിയ വേനലിൽ
വൈദ്യുതിക്ഷാമം
നല്കുമിരുട്ടല്ലിതു,
ജീവിതനൈരാശ്യ
മേകുമിരുട്ടാണ്.
നാടിൻ വികസനം
പാടെ തകർക്കും
ബന്ദും,ഹർത്താലും,
മാസം തോറും
അമാവാസിയായ് ,
മലയാളികൾക്കു മാത്രം
ലഭിക്കുമിരുട്ടാണ്.
നാശം വിതച്ചു,നാം
കൊയ്യുമിരുട്ടാണ് .
വിശന്നവശരായവർതൻ
കണ്ണിൽ,കരളിൽ നിറഞ്ഞു
ഉറയുന്നോരിരുട്ടാണ്.
വിശ്വാസ,മന്ധവിശ്വാസമായ്
സത്യത്തെ ബലിയേകി
"സത്യമേവതേ ജയ"യെന്ന്
മുദ്രാവാക്യത്തിലൊതുക്കി
നാം തീർക്കുമന്ധത തൻ
കൊടിയോരിരുട്ടാണ്..
വെളിച്ചം പകരേണ്ട
ശ്രേഷ്ഠമതങ്ങൾ
തൻ വെളിച്ചപ്പാടുകൾ
വിതക്കും
വിദ്വേഷത്തിന്നിരുട്ടാണ്,
കൊടിയ
തമസ്സാണിവിടെ-,
യിരുട്ടാണ്.
സ്വാർത്ഥരാം രാഷ്ട്രീയ
നേതൃത്വമേകുന്ന,
വ്യർത്ഥ വാഗ്ദാന
പൊലിമയിലാന്ധ്യം-
ഭവിച്ചോരണികൾ
തൻ കുടിപ്പകയതിൽ
ഉരുകും മനസ്സോടെ
യുവചേതനകളും,
തകരുന്നോരാലംബ-
രഹിതരവരുടെ,
ചിതറും കുടുംബത്തിൽ
നിന്നുയരും നെടുവീർപ്പിൻ
കൊടും കാറ്റുളവാക്കും
കൊടിയോരിരുട്ടാണ്.
സാക്ഷരകേരള
നാട്ടിലെവിടെ വെളിച്ചം?
അക്ഷരാർത്ഥത്തിലിവിടെ
തിങ്ങുമിരുട്ടാണ്.
അറിയുക, മക്കളെ,
നിങ്ങളറിഞ്ഞാലും,
പകലാണെങ്കിലുമിവിടെ
യിരുട്ടാണ്.കൊടിയ,തമസ്സാണ്
ഇവിടീ നാട്ടിൽ തിങ്ങുമിരുട്ടാണ്.
മുഖം മൂടിയണിഞ്ഞക -
ക്കണ്ണടച്ചവർ,കാമാന്ധർ,
തീർത്ത ചതി തൻ
ചിലന്തിവലക്കുള്ളിൽ,
പിടയും പൂമ്പാറ്റ തൻ
പീഡനകഥയുമായ്
സൂര്യനെല്ലികൾ,
പഴയ വാർത്തയായെങ്കിലും
തുടർകഥയായാവർത്തിക്കും,
കിളിരൂർ,കവിയൂർ പറവൂർ
നിറയുന്നൂ ചൂടുളള വാർത്തയായ് .
അഭിനവപൂജാരിമാർ,
അഭിഷേകം
"കരിയോയിലു"പൂശി
നടത്തുമവരല്ലോ,
കേരള നാടിൻ,
മാതൃകാ പുരുഷന്മാർ?
ഇരുട്ടിൻ മക്കളവർ,
വെളിച്ചം നല്കുവോരെ
തുരത്താനപവാദം
പരത്തുമിരുട്ടാണ്.
അറിയുക, മക്കളെ,
നിങ്ങളറിഞ്ഞാലും
പകലാണെങ്കിലു,
മിവിടെയിരുട്ടാണ്.
ഈ ഇരുട്ടിലൊരു
ദീപം തെളിക്കാൻ
ശ്രമിക്കാതെ,
കറുത്തകണ്ണട ചൂടി,
കൈ ചൂണ്ടിയന്യോന്യം,
പഴിച്ചിട്ടാർത്തു നമ്മൾ
വിളിച്ചു കൂവീടുന്നു,
ഇവിടെ ഇരുട്ടാണല്ലോ
കൂരിരുളാണിരുട്ടാണ് ,
കൊടിയ തമസ്സാണ്.
കറുത്തകണ്ണട വയ്ക്കാം,
ചുറ്റുമിരുട്ടുപരത്തീടാം
ഉറക്കെയേറ്റു പാടാം,
അക്കിത്ത മഹാകവി
കുറിച്ച പ്രസിദ്ധമാം
വരികളേറ്റു ചൊല്ലാം
"വെളിച്ചം ദു:ഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം"
No comments:
Post a Comment