Tuesday, October 16, 2012

ഞങ്ങള്‍ ഖേദിയ്ക്കുന്നു

  ഞങ്ങള്‍ ഖേദിയ്ക്കുന്നു

ജാലിയന്‍ വാലാബാഗില്‍  
കുരുതിക്കളംതീര്‍ത്തോര്‍
കാലമേറെ കഴിഞ്ഞേറ്റം
വിലപിയ്ക്കുന്നത് കേള്‍ക്കൂ
ഞങ്ങള്‍  ഖേദിച്ചീടുന്നു

നാഗസ്സാക്കിയില്‍,ഹിരോഷിമ-
യിലണുബോംബിന്‍
തീമഴവര്‍ഷിച്ചവര്‍
പിന്നെയുമേറ്റുചൊല്ലി
ഞങ്ങള്‍  ഖേദിച്ചീടുന്നു

വിയറ്റ്നാം വയലുകള്‍
മനുഷ്യനിണംകൊണ്ട്
നനച്ചിട്ടവര്‍ചൊല്ലി
പിന്നെയുമതേ വാക്യം
ഞങ്ങള്‍  ഖേദിച്ചീടുന്നു

ക്യു‌ബയി,ലാഫ്രിക്കയില്‍
പാലസ്തീന്‍ മരുഭൂവില്‍
കിഴക്കന്‍ യുറോ‌പ്പതില്‍ ,
ടിയാനന്‍ സ്ക്വയറിലും
മനുഷ്യക്കുരുതി തന്‍
മാമാങ്കം നടത്തുവാന്‍
മത്സരം നടത്തിയ
കശ്മലരേറ്റ് പാടി
പല്ലവിയത് തന്നെ
ഞങ്ങള്‍  ഖേദിച്ചീടുന്നു

കുരിശു യുദ്ധങ്ങളില്‍
ജിഹാദ് വിളിച്ചവര്‍
കുരുന്നു ജീവിതങ്ങള്‍
കശക്കിയെറി‌ ഞ്ഞവര്‍
ചൊല്ലുന്നു,ലജ്ജയെന്യേ
പല്ലവിയതുതന്നെ,
ഞങ്ങള്‍  ഖേദിച്ചീടുന്നു

ശാസ്ത്രത്തെ സത്യമായി
കാണുവാന്‍ പഠിപ്പിച്ച
മിഥ്യ തന്‍ കോട്ടകളെ
തകര്‍ക്കാന്‍ പ്രയത്നിച്ച
ശാസ്ത്രജ്ഞ പ്രമുഖരെ   
സാത്താന്‍റെ സന്തതിയായ്
ചാപ്പ കുത്തി, പിന്നെ , 
മതത്തിന്‍ ചട്ടക്കൂടാം‍
തടങ്കല്‍ പാളയത്തില്‍
മരണം വിധിചിട്ടവര്‍,
ഖിന്നതയോടെ ചൊല്ലി
ഞങ്ങള്‍  ഖേദിച്ചീടുന്നു

സത്യ,ധര്‍മ,നീതി
ശാസ്ത്രങ്ങള്‍
പുലര്‍ത്തുവാന്‍
മര്‍ത്ത്യരെ പഠിപ്പിച്ച
ശ്രേഷ്ടമാം സംസ്കാരത്തിന്‍
കപടപ്രചാരകര്‍
കൊളുത്തും പകയുടെ
ചിതയില്‍മനുഷ്യരെ
ഹോമിയ്ക്കാന്‍ മടിയ്ക്കാത്ത
മതഭ്രാന്തരും ചൊല്ലും
പൊള്ളയാമതെ വാക്യം
ഞങ്ങള്‍  ഖേദിച്ചീടുന്നു

പ്രത്യയ ശാസ്ത്രമതി-
ന്നന്ധത ബാധിച്ചവര്‍,
ഹത്യയാലധികാരം
നേടുവാന്‍ പ്രയത്നിപ്പോര്‍
നിഷ്ടൂരം സനാതന
സത്യത്തെ ഹനിപ്പവര്‍
മര്ത്യരാം കാപാലികര്‍
പറയുന്നതെ വാക്യം
ഞങ്ങള്‍  ഖേദിച്ചീടുന്നു

എത്രയോകാലമായ്‌ നാം
കേള്‍ക്കുന്നോരീ വായ്ത്താരി
ഞങ്ങള്‍ ഖേദിച്ചീടുന്നെന്ന 
പൊള്ളയാം ജല്‍പ്പനങ്ങള്‍
നിര്‍ലജ്ജമുരുവിടും
സൃഗാല  ന്യയോക്തികള്‍
മര്‍ത്യന്‍റെ കാപട്യത്തെ              
മറയ്ക്കും മുഖം മൂടി .


No comments:

Post a Comment